യു.ഡി.എഫ് പ്രവേശനം: അന്‍വറിന് കടമ്പകള്‍ ബാക്കി

JANUARY 6, 2025, 7:34 PM

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ.യുടെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തില്‍ തന്നെ. വരുന്ന രാഷ്ട്രീയദശകളൊക്കെ വന്നപോലെതന്നെ പോകുന്നതാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത്.

എല്‍.ഡി.എഫില്‍ നിന്ന് പുറത്തായപ്പോള്‍ ഡി.എം.കെ, തൃണമൂല്‍ തുടങ്ങി ഇന്ത്യാ മുന്നണിയിലെ ഏതെങ്കിലും പാര്‍ട്ടിയുടെ കേരള ഘടകമായി മാറി യു.ഡി.എഫിലേക്ക് ഒരു ലാറ്ററല്‍ എന്‍ട്രിക്ക് കിണഞ്ഞു ശ്രമിച്ചിരുന്നു. പക്ഷേ അത് അത്രയ്ക്ക് ഫലിച്ചില്ല. യു.ഡി.എഫ് പ്രവേശനമല്ലാതെ സുരക്ഷിതമായ ഒരു രാഷ്ട്രീയഭാവി അത്രയെളുപ്പവുമല്ല. എന്നാല്‍ മുമ്പ് മഞ്ഞളാംകുഴി അലി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എല്‍.ഡി.എഫ് വിട്ടു വന്നതുപോലെ അത്രയെളുപ്പമല്ല അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം എന്നതാണ് സത്യം.

വലിയ പൊലീസ് സന്നാഹത്തോടെ വീട് വളഞ്ഞ് രാത്രി വൈകി അറസ്റ്റ് ചെയ്ത് എം.എല്‍.എ.യെ ജയിലിലടച്ച നടപടിയോട് യു.ഡി.എഫ്. നേതാക്കള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു രാത്രിയെങ്കിലും അന്‍വറിനെ ജയിലിലടയ്ക്കണം എന്ന പൊലീസിന്റെ വാശി നടപ്പാക്കുകയായിരുന്നു എന്നാണ് അന്‍വറിനോട് ആഭിമുഖ്യമില്ലാത്ത ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാര്‍ നടപടിയോടുള്ള എതിര്‍പ്പ് ഉച്ചത്തില്‍ ഉന്നയിക്കുമ്പോഴും അതിനപ്പുറം അന്‍വറിനോടുള്ള അനുഭാവമായി അത് മാറുന്നില്ല.

അന്‍വര്‍ കോണ്‍ഗ്രസിലേക്കോ യു.ഡി.എഫിലേക്കോ വരുന്ന കാര്യത്തില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് മലപ്പുറത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. വരണമെന്നോ വരേണ്ടെന്നോ തീരുമാനിച്ചിട്ടില്ല. പല കാര്യങ്ങളിലും പരസ്പര വിയോജിപ്പുകളുള്ള മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷവും അന്‍വറിന്റെ കാര്യത്തില്‍ ഏതാണ്ടൊരേ നിലപാടുകാരാണ്.

മുസ്ലിംലീഗാണ് ഇക്കാര്യത്തില്‍ കുറേക്കൂടി തുറന്ന സമീപനം പ്രകടിപ്പിച്ചിട്ടുള്ളത്. അന്‍വറിന്റെ കാര്യത്തില്‍ അടുത്ത യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് തിങ്കളാഴ്ച പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പക്ഷേ കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം വന്ന് ഒട്ടും വൈകാതെ വി.ഡി സതീശന്‍ എതിര്‍പ്പറിയിച്ചിരുന്നു. യു.ഡി.എഫ്. ചെയര്‍മാനായ താന്‍ ഇക്കാര്യമൊന്നും അറിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

മലപ്പുറത്തെ ഒരു നിയമസഭാമണ്ഡലത്തില്‍ പോലും നിര്‍ണായക ശക്തിയാകാന്‍ വേണ്ട ജനപിന്തുണ അന്‍വറിനില്ല എന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. അതേസമയം ഏറനാട്, നിലമ്പൂര്‍ മേഖലകളില്‍ വലിയൊരുവിഭാഗം പ്രാദേശിക യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും അന്‍വറിനെ ഒപ്പം കൂട്ടാന്‍ താത്പര്യപ്പെടുന്നുണ്ട്. ലീഗില്‍ ചില നേതാക്കള്‍ അന്‍വറിനെ തുറന്നെതിര്‍ക്കുന്നവരാണ്. എന്നാല്‍ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും അന്‍വര്‍ വരട്ടെ എന്ന താത്പര്യമുണ്ട്. അന്‍വറിനു വേണ്ടി വാദിക്കുന്നവരുമുണ്ട്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയിലോ തിരുവമ്പാടിയിലോ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി അന്‍വര്‍ മത്സരിക്കുക എന്ന ലക്ഷ്യത്തില്‍ ചില ചര്‍ച്ചകള്‍ അനൗദ്യോഗികമായി നടന്നിട്ടുണ്ട്. അത് യു.ഡി.എഫിലെ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടാകണോ, സ്വതന്ത്രനായി വേണോ, ഡി.എം.കെ.യെ പാര്‍ട്ടിയാക്കി മാറ്റി യു.ഡി.എഫിനൊപ്പം നിന്നു വേണോ എന്ന മട്ടിലൊക്കെ ചില സംസാരങ്ങള്‍. മുസ്ലിംലീഗ് എടുക്കുന്ന നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam