ന്യൂഡെല്‍ഹി: മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സംസ്ഥാനം ഭരിക്കുന്ന ഡിഎംകെക്ക് ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നാല്‍, ഈ കോഴ്‌സുകള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാ വിവാദത്തെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
അഴിമതിയില്‍ നിന്ന് പൊതുജനശ്രദ്ധ തിരിക്കാനാണ് ഡിഎംകെ ഭാഷാ വിവാദം കുത്തിപ്പൊക്കിയിരിക്കുന്നതെന്ന് ഷാ ആരോപിച്ചു. ഹിന്ദി ഒരു ഭാഷയുമായും മത്സരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഹിന്ദി ഒരു ദേശീയ ഭാഷയുമായും മത്സരിക്കുന്നില്ല. ഹിന്ദി എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും കൂട്ടാളിയാണ്. ഹിന്ദി എല്ലാ ഇന്ത്യന്‍ ഭാഷകളെയും ശക്തിപ്പെടുത്തുന്നു, എല്ലാ ഇന്ത്യന്‍ ഭാഷകളും ഹിന്ദിയെയും ശക്തിപ്പെടുത്തുന്നു' അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാഷയുടെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നവരെന്ന് ഡിഎംകെയെ ഷാ ആക്ഷേപിച്ചു. ഔദ്യോഗിക ഭാഷാ വകുപ്പിന് കീഴില്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ സ്ഥാപിച്ച ഇന്ത്യന്‍ ഭാഷാ വിഭാഗം തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, പഞ്ചാബി, ആസാമീസ്, ബംഗാളി അടക്കം എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ദക്ഷിണേന്ത്യന്‍ ഭാഷകളെ ബിജെപി എതിര്‍ക്കുന്നു എന്ന ആരോപണത്തെ ഷാ തള്ളി. 'ഞാന്‍ ഗുജറാത്തില്‍ നിന്നാണ് വരുന്നത്, നിര്‍മ്മല സീതാരാമന്‍ തമിഴ്നാട്ടില്‍ നിന്നാണ്. നമുക്ക് ഇതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയും?' അദ്ദേഹം ചോദിച്ചു.
ഭാഷയുടെ പേരില്‍ വിഷം പരത്തുന്നവര്‍ക്ക് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഭാഷകള്‍ ഇഷ്ടമാണെന്നും പക്ഷേ ഇന്ത്യയുടെ ഭാഷ ഇഷ്ടമല്ലെന്നും ഷാ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്