കൊച്ചി : കൊച്ചിയിൽ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവൻ അറസ്റ്റില്‍. മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്.മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ചായിരുന്നു മർദനം. ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായി യുവതി മരട് സ്റ്റേഷനിൽ ഹാജരായി. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
യുവതി അഞ്ചു വര്‍ഷമായി ഗോപുവിനൊപ്പം താമസിച്ച് വരികയായിരുന്നു.ഇക്കാലയളവിലെല്ലാം ഇയാൾ യുവതിയെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. പീഡനം സഹിക്കാനാകാതെ ഇന്നലെ പെൺകുട്ടി വീട് വിട്ടിറങ്ങി പോയിരുന്നു. തുടർന്ന് ഗോപു പൊലീസ് സ്റ്റേഷനിൽ യുവതിയെ കാണാനില്ലെന്ന് പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പെൺകുട്ടിയെ ബന്ധപ്പെടുകയും ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തത്.
സ്റ്റേഷനിലെത്തിയ യുവതി മുതുകിലും കൈ കാലുകളിലും ഉൾപ്പെടെ അടികൊണ്ട് പൊട്ടിയ പാടുകൾ വെളിപ്പെടുത്തി.ചാർജർ വയർ പൊട്ടുന്നതു വരെ തല്ലി. എന്തിനാണ് മർദിക്കുന്നതെന്ന് പോലും പറയാറില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.നേരത്തെയുള്ള വിവാഹത്തിൽ യുവതിക്ക് രണ്ട് കുട്ടികളുണ്ട്.മർദനവിവരം പുറത്തു പറഞ്ഞാൽ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഗോപു ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു.
യുവതി മൊഴി നല്‍കിയതിന് പിന്നാലെ ഗോപുവിനെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തു.അറസ്റ്റ് ചെയ്ത ഗോപു പരമശിവനെ ചോദ്യം ചെയ്തതിന് ശേഷം വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
