അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. പ്രതിഷേധവുമായി ജനങ്ങള്‍ ജമ്മുവിലും ശ്രീനഗറിലും തെരുവിലിറങ്ങി. ഈ ചോര വീഴ്ത്തല്‍ മറക്കില്ലെന്ന് രാജ്യം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. സമാധാനത്തിന്റെ നാളുകളും ഭൂമിയിലെ സ്വര്‍ഗം കാണാനെത്തുന്നവരുടെ എണ്ണം കൂടിയതും കശ്മീര്‍ ജനതക്ക് സ്വാസ്ഥ്യജീവിതമെന്ന പ്രതീക്ഷ കുറച്ചൊന്നുമല്ല നല്‍കിയിരുന്നത്. അതാണ് ഒരൊറ്റ ദിവസം കൊണ്ട് തകിടം മറിഞ്ഞത്.
പുല്‍വാമക്ക് ശേഷം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം
ബൈസരണ്‍വാലിയെന്ന സുന്ദര സ്ഥലം ഇനി ബാക്കി വെക്കുക വന്ന് പോയ അസംഖ്യം വിനോദസഞ്ചാരികളുടെ സന്തോഷവും ആവേശവും അല്ല. മറിച്ച് ചോരയും കണ്ണീരുമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് കശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയവരാണ് മരിച്ച് വീണത്. ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ ആത്മാവിനെ തന്നെയാണ് ഭീകരവാദികള്‍ മുറിവേല്‍പ്പിച്ചത്.
ഇടപ്പള്ളിക്കാരന്‍ രാമചന്ദ്രനും ബംഗാളിലെ ബിതന്‍ അധികാരിയും ഒക്കെ അവരുടെ പ്രിയപ്പെട്ടവരുടെ മുന്നില്‍ വെച്ചാണ് വെടിയേറ്റ് വീണത്. കല്യാണം കഴിഞ്ഞ് കയ്യിലെ മൈലാഞ്ചി മായുന്നതിന് മുമ്പ്, ആഴ്ച ഒന്ന് തികയും മുമ്പ് കൃത്യമായി പറഞ്ഞാല്‍ പുതുജീവിതത്തിന്റെ ആറാം നാള്‍ ഹിമാന്‍ഷി വാവിട്ട് കരഞ്ഞു. ഭര്‍ത്താവ് വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികിലെ ഹിമാന്‍ഷിയുടെ വേദനയുടെ മരവിപ്പ് നിറഞ്ഞ ഇരിപ്പ് എല്ലാ കാലവും രാജ്യത്തിന് മുറിപ്പാടായി തുടരും. ഹരിയാന സ്വദേശിയായ വിനയ് കൊച്ചിയിലാണ് ജോലി ചെയ്തിരുന്നത്. നാവികസേനയില്‍. കല്യാണ മധുരം നുകരാന്‍ പറഞ്ഞുവിട്ട കൂട്ടുകാരന്റെ മരണം കൊച്ചിയിലെ നാവികസേന ആസ്ഥാനത്തും കശ്മീര്‍ നല്‍കിയ വേദന പടര്‍ത്തി.
ആരാണ് കസൂരി?
രാജ്യമെമ്പാടും വേര്‍പാടിന്റെ വേദനയും അമര്‍ഷവും പടര്‍ത്തിയ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ സെയ്ഫുള്ള ഖാലിദ് എന്ന ലഷ്‌കര്‍ ഇ ത്വയ്ബക്കാരന്‍ ആണ്. കസൂരി എന്നും അറിയപ്പെടുന്ന ഭീകരവാദി, തികഞ്ഞ ഇന്ത്യ വിരുദ്ധന്‍. ലഷ്‌കറിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ അഥവാ ഡെപ്യൂട്ടി ചീഫ് പദവിയാണ് കസൂരിക്കുള്ളത്. പെഷവാര്‍ ആസ്ഥാനത്തിന്റെ തലവന്‍. ലഷ്‌കര്‍ സഹസ്ഥാപകന്‍ ഹാഫിസ് സയീദുമായി അടുത്ത ബന്ധം.
വിദ്വേഷ പ്രസംഗത്തിന് മിടുക്കന്‍. വെറുപ്പ് പടര്‍ത്തുന്ന വാക്കുകളിലൂടെ വിദ്വേഷം കുത്തി നിറച്ച് അക്രമത്തിന്റെ പാതയിലേക്ക് , ലഷ്‌കര്‍ ക്യാമ്പുകളിലേക്ക് ചെറുപ്പക്കാരെയും കുട്ടികളെയും എത്തിക്കുന്നതില്‍ പാടവം ഉള്ളയാള്‍. ഇന്ത്യന്‍ സൈനികരെ കൊന്നാല്‍ ദൈവം നേരിട്ട് പ്രതിഫലം എത്തിക്കുമെന്നൊക്കെ പറയും. പുണ്യത്തിന്റെ പ്രതിഫലം പറ്റാന്‍ യുവാക്കളെ ക്ഷണിച്ച് തോക്കും ബോംബുമൊക്കെ പിടിക്കാനും പ്രയോഗിക്കാനും പഠിപ്പിക്കും.
അടുത്ത ഫെബ്രുവരിക്ക് മുമ്പ് കശ്മീര്‍ പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യമെന്നും അതിന് വേണ്ടി പറ്റാവുന്നതെല്ലാം ചെയ്യുമെന്നും പ്രസംഗിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ വെച്ച്. പാക് പഞ്ചാബിലെ കങ്കണ്‍പൂരില്‍ സൈനികര്‍ക്ക് ആവേശം നല്‍കാന്‍ പ്രസംഗിക്കാന്‍ പാക് കേണല്‍ സാഹിദ് സരീന്‍ ഘട്ടക്ക് കസൂരിയെ ക്ഷണിച്ചു കൊണ്ടുപോയതും അധികം പഴക്കമില്ലാത്ത വാര്‍ത്ത. ഇപ്പോള്‍ ആക്രമണവുമായി ഒരു ബന്ധമില്ലെന്ന് പറയുന്നുണ്ട് പാകിസ്ഥാന്‍ എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. കസൂരി പാക് സൈന്യത്തിന്റെ പൊന്നോമന ആയിട്ടാണ് അറിയപ്പെടുന്നത് എന്നതും.
ലഷ്‌കറിന്റെ നിഴല്‍, ടിആര്‍എഫ്
പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റെസിസ്റ്റന്‍സ് ഫ്രണ്ട് അഥവാ ടിആര്‍എഫ് പ്രവര്‍ത്തിക്കുന്നത് ലഷ്‌കറിന്റെ പിന്തുണയോടെയാണ്. ലഷ്‌കര്‍ ആസൂത്രണം ചെയ്ത പദ്ധതി ടിആര്‍എഫ് ഏറ്റെടുത്ത് നടപ്പാക്കിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്. കസൂരി പാകിസ്ഥാനിലെ കേന്ദ്രത്തില്‍ നിന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നാണ് കരുതുന്നത്. ഐഎസ്ഐ ആക്രമണത്തെ പിന്തുണച്ചെന്നും ഏജന്‍സികള്‍ കരുതുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ആറംഗ സംഘത്തില്‍ ഉള്‍പെട്ട ആസിഫ് ഹൗജി മുന്‍ പാക് സൈനികനാണെന്ന കാര്യം ആ ആലോചനക്ക് ബലം പകരുന്നുമുണ്ട്.
ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ ഉദയം ചെയ്ത സംഘടനാണ് ടിആര്‍എഫ്. കശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിന് ലഷ്‌കര്‍ നല്‍കിയ പ്രാദേശിക മേല്‍വിലാസം. 2019 ഒക്ടോബറില്‍ രൂപം കൊണ്ടതെന്ന് കരുതുന്ന ടിആര്‍ഫിന്റെ ആദ്യ നേതാക്കള്‍ ഷേഖ് സജ്ജദ് ഗുലും ബാസിത് അഹമ്മദ് ദാറുമാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെയും ലഷ്‌കറിന്റെയും അണികളില്‍ നിന്നാണ് ടിആര്‍എഫിലേക്ക് ആളെത്തിയത്.
2023 ജനുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ ബാബര്‍ ഖാദ്രി, രസതന്ത്രജ്ഞന്‍ മഖന്‍ലാല്‍ പണ്ഡിത, സ്‌കൂള്‍ പ്രിന്‍സിപ്പാളായിരുന്ന സുപീന്ദര്‍ കൗര്‍ എന്നിവരെ ഒക്കെ വധിച്ചത് ടിആര്‍എഫ് ആണ്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഗന്‍ഡെര്‍ബാള്‍ ജില്ലയില്‍ ഏഴ് പേരെ കൊന്നതാണ് പഹല്‍ഗാമിന് മുമ്പുള്ള ആക്രമണം. ബാസിത് ദാര്‍ കഴിഞ്ഞ മേയ് മാസവും മറ്റൊരു നേതാവ് അബ്ബാസ് ഷേഖ് 2021 ഓഗസ്റ്റിലും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍
കൊല്ലപ്പെട്ടിരുന്നു.
അന്യനാട്ടുകാര്‍ വന്ന് കശ്മീരില്‍ താമസമുറപ്പിക്കുന്നു, കശ്മീരികള്‍ ഓടേണ്ട അവസ്ഥ വരുന്നു, ടൂറിസ്റ്റുകളായി എത്തുന്നവര്‍ നാട്ടുകാരായി രൂപം മാറുന്നു, ഇതൊന്നും അനുവദിക്കാന്‍ പറ്റില്ല എന്നാണ് ടിആര്‍ഫ് നിലപാട്. 85,000ലധികം പേരാണ് കശ്മീരില്‍ വന്ന് കയറി ഇവിടെ തന്നെ കൂടിയതെന്നാണ് ആക്ഷേപം. കശ്മീരിന്റെ ജനസംഖ്യാപരമായ ഘടന മാറ്റിമറിക്കാനാണ് ശ്രമമെന്ന് കുറ്റപ്പെടുത്തുന്നു ആ സംഘടന.
ആ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കശ്മീരില്‍ വന്ന് സ്ഥിരതാമസമാക്കാമെന്ന് കരുതി ആരെങ്കിലും വന്നാല്‍ കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി. ആക്രമണങ്ങള്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വെച്ചാണ് ആശയങ്ങളും ഭീഷണിയും പങ്കുവെക്കുന്നതും പുതിയ അണികളെ തേടുന്നതും.
നിര്‍ണായക സമയത്തെ ആക്രമണം
പ്രധാനമന്ത്രി സൗദിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ, അമര്‍നാഥ് യാത്രക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെ, കശ്മീരിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ആക്രമണം നടത്തുക വഴി ടിആര്‍എഫ് ലക്ഷ്യം വെക്കുന്നത് വ്യക്തമായ മുന്നറിയിപ്പ് നല്‍കാനാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കുക എന്നത് തന്നെ.
നാളിതു വരെ ഇല്ലാത്ത വിധം ടൂറിസ്റ്റുകളെ വകവരുത്തിയതും അതുകൊണ്ട് തന്നെ. ഏത് പ്രതിസന്ധി കാലത്തും അതിഥികളെ വരവേല്‍ക്കുന്നതാണ് കശ്മീരിന്റെ ചരിത്രം. അതിനാണ് ഇപ്പോള്‍ മുറിവേറ്റിരിക്കുന്നത്. മിനി സ്വിറ്റ്സര്‍ലാന്‍ഡ് എന്ന് അറിയപ്പെടുന്ന ബൈസരണ്‍ താഴ്വരയില്‍ നടന്ന ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ പറയുന്നു. ലോകത്ത് എവിടെ നടക്കുന്ന ഏതൊരു തരം തീവ്രവാദ പ്രവര്‍ത്തനത്തെയും പാകിസ്ഥാന്‍ എതിര്‍ക്കുന്നുവെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പഹല്‍ഗാം ആക്രമണവാര്‍ത്തയോട് പ്രതികരിച്ചത്.
പക്ഷേ അത് പൂര്‍ണമായും വിശ്വസിക്കുന്നതെങ്ങനെ എന്ന മറുചോദ്യം ഉയരുന്നതിന് കാരണം പാക് കരസേനാ മേധാവി കഴിഞ്ഞ ആഴ്ച നടത്തിയ പ്രസ്താവനയാണ്. ജനറല്‍ സയ്യിദ് അസിം മുനീര്‍ അഹമ്മദ് ഷാ, ഏപ്രില്‍ 16ന് ഇസ്ലാമാബാദില്‍ നടന്ന പരിപാടിയില്‍ പറഞ്ഞത് ഇങ്ങനെ-നമ്മുടെ നിലപാട് വ്യക്തമാണ്. കശ്മീര്‍ നമ്മുടെ പ്രധാനസിരയായിരുന്നു, അത് ഇപ്പോഴും ഇനിയും നമ്മുടെ പ്രധാന സിരയാണ്. നമ്മള്‍ അത് മറക്കില്ല.
എന്തായിരുന്നു പാക് സേനാ മേധാവിയുടെ പ്രകോപനം? പഹല്‍ഗാം വിരല്‍ ചൂണ്ടുന്നത് നിരാശ പൂണ്ട പാകിസ്ഥാന്റെ രണ്ടും കല്‍പിച്ചുള്ള നീക്കമാണോ? കശ്മീരിന്റെ വിനോദസഞ്ചാരമേഖലക്ക് ഉണ്ടായ ഉണര്‍വ്, അടുത്ത കാലത്തുണ്ടായ സമാധാനപ്രതീക്ഷകള്‍ ഇതും രണ്ട് തകര്‍ക്കുക, കശ്മീര്‍ വീണ്ടും ആഗോളശ്രദ്ധയിലെത്തിക്കുക ഇതായിരുന്നോ ലക്ഷ്യം? അതോ ബലൂചിസ്ഥാനിലെ അശാന്തിയില്‍ നിന്നും രാജ്യത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കുക എന്നതോ? ടിആര്‍എഫിന് ആരുടെയൊക്കെ എന്തൊക്കെ പിന്തുണ കിട്ടി? അന്വേഷണത്തില്‍ എല്ലാം വെളിപ്പെടട്ടെ...
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്