അത്ഭുത രോഗശാന്തിക്കായി ബേത്സഥാ കുളത്തിൽ ജലമിളകുന്നത് 38 വർഷം നിരന്തര പ്രതീക്ഷയോടെ കാത്തു കിടന്ന നിസ്വനു മേൽ അവിചാരിത മോചനത്തിന്റെ തിരുക്കരം നീട്ടി യേശു. വനിതാ സിവിൽ പോലീസ് ഓഫീസർ നിയമനത്തിനായി കേരള പി.എസ്.സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന്റെ ബേത്സഥാ പടവിൽ കിടന്ന ഉദ്യോഗാർത്ഥികൾ അത്തരത്തിലൊരു കരുണാർദ്ര കടാക്ഷം ഈസ്റ്റർ കാലത്ത് ഇടതു സർക്കാരിൽ നിന്നു വെറുതേ മോഹിച്ചു. പക്ഷേ, പതിച്ചത് ആഴമേറിയ നിരാശാ ഗർത്തത്തിലേക്ക്; തൊഴിലാളികൾക്കു ഭൂമിയിൽ സ്വർഗ്ഗമൊരുക്കാൻ കഷ്ടപ്പെടുന്ന സി.പി.എം നേതാക്കളിൽ നിന്ന് ഇവർക്കു നേരെ ഉതിർന്നതാകട്ടെ കടുത്ത ആക്ഷേപവും.
വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ 18 ദിവസത്തെ രാപ്പകൽ സമരം വിഫലമായതോടെ, കണ്ണുതുറക്കാൻ കൂട്ടാക്കാതിരുന്ന സർക്കാരിനു മുന്നിൽ നിന്നു കണ്ണീരോടെയുള്ള അവരുടെ മടക്കം കേരള ജനതയെ അങ്ങേയറ്റം വേദനിപ്പിക്കുന്നതായി. റാങ്ക് ലിസ്റ്റ് റദ്ദായി ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെ, തൊഴിൽ തേടുന്നവരുടെ സ്വപ്‌നത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമെന്നു വിശേഷിപ്പിക്കാവുന്ന ഹാൾ ടിക്കറ്റും റാങ്ക് ലിസ്റ്റും അവർ കത്തിച്ചു ചാരമാക്കി.
റാങ്ക് ലിസ്റ്റ് റദ്ദാക്കി നിരവധി പേരുടെ ജോലിയെന്ന ചിരകാല സ്വപ്‌നത്തെ ചാമ്പലാക്കിയ ഇടതു സർക്കാരിന്റെ ഏറ്റവും ഒടുവിലത്തെ ഈദൃശ നടപടി. അതുംപോരാഞ്ഞ്, തങ്ങൾക്ക് അർഹതയുള്ള ജോലിക്കു വേണ്ടി സർക്കാരിനു മുന്നിൽ കെഞ്ചിയവരെ അപമാനിക്കാനും മന്ത്രിമാർ ഉൾപ്പെടെ രംഗത്തുവന്നു. വിപ്ലവ വഴിയിലെ തൊഴിൽ നിഷേധവും അധിക്ഷേപവും ജനങ്ങൾ വിസ്മയത്തോടെ കണ്ടു.
കഷ്ടപ്പാടിനൊടുവിൽ കൈയെത്തും ദൂരത്ത് എത്തിയ ജോലിക്കു വേണ്ടി സമരം ചെയ്തത് പാർട്ടിക്കു സുഖിച്ചില്ല. റാങ്ക് ലിസ്റ്റ് പാഴായി മാറുന്നതു സംബന്ധിച്ച പ്രശ്‌നങ്ങൾ പറയാൻ നേതാക്കളെ സമീപിച്ചപ്പോഴുണ്ടായ ദുരനുഭവങ്ങൾ ഉദ്യോഗാർത്ഥികൾക്കു കണ്ണീരോടെ മാത്രമേ വെളിപ്പെടുത്താൻ കഴിയുമായിരുന്നുള്ളൂ. ഭരണത്തിനു ചുക്കാൻ പിടിക്കുന്ന സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റി മുതൽ എ.കെ.ജി സെന്റർവരെ കയറിയിറങ്ങി ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിനു ശേഷം നേതാക്കളോട് സഹായം തേടിയിരുന്നു.
കഴിഞ്ഞമാസം 19ന് എ.കെ.ജി സെന്ററിൽ ചെന്ന ഉദ്യോഗാർത്ഥികളോട് ഒരു മുതിർന്ന നേതാവ്, 'നിങ്ങൾ മരത്തിൽ തൂങ്ങിയാലും റോഡിൽ പെട്രോളൊഴിച്ചു മരിച്ചാലും പാർട്ടിക്കു പ്രശ്‌നമില്ലെ'ന്ന് പറഞ്ഞതായി വെളിപ്പെടുത്തലുണ്ടായി. യുവജന നേതാവായ ഒരു എം.പിയെ അവർ കണ്ടപ്പോൾ ആർ.പി.എഫ്, സി.ആർ.പി.എഫ് തുടങ്ങിയവയിൽ നിയമനം ലഭിക്കാത്തതിനെ കുറിച്ചു സംസാരിക്കാത്തതെന്തേ എന്നുള്ള മറുചോദ്യമാണുയർന്നത്.
റാങ്ക് ലിസ്റ്റിൽ ഇടംനേടിയ മിടുക്കരെ ദുർവാശിക്കാർ എന്നാണു പാർട്ടി നേതാവ് പി.കെ. ശ്രീമതി വിശേഷിപ്പിച്ചത്. ഒരു മന്ത്രിയാകട്ടെ കുറേക്കൂടി 'പ്രയോഗികത' പ്രകടമാക്കി. ഉദ്യോഗാർത്ഥികളോട് മീൻ വിറ്റ് ജീവിക്കാൻ ഉപദേശിച്ചു ആ വിപ്ലവ പാർട്ടി മന്ത്രി. സർക്കാരിന്റെ ഔദാര്യത്തിനു വേണ്ടിയുള്ള സമരം ആയിരുന്നില്ല ഉദ്യോഗാർത്ഥികളുടേത്. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സമീപനമത്രയും ഈയൊരു ഭാവത്തിലുള്ളതായിരുന്നു. ഒരു ജോലിയെന്നത് സാധാരണക്കാരെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ സ്വപ്‌നമാണെന്നു തിരിച്ചറിയാതെയുള്ളതായിപ്പോയി സർക്കാർ സമീപനം.
ഉദ്യോഗാർത്ഥികൾക്കു ദുർവാശിയാണെന്നു പറഞ്ഞ പി.കെ.ശ്രീമതിയോട് നിങ്ങൾക്കും കുഞ്ഞുങ്ങളില്ലേ എന്നൊരു ചോദ്യം മാത്രമാണ് ഉദ്യോഗാർത്ഥികൾക്ക് ഉന്നയിക്കാനുണ്ടായിരുന്നത്. ജോലി ചെയ്തു ജീവിക്കാനും കുടുംബം പുലർത്താനും ആഗ്രഹിക്കുന്ന സാധാരണക്കാർക്കു മാത്രമേ ഒരുപക്ഷേ ഈയൊരു ചോദ്യത്തിന്റെ അർത്ഥം മനസിലാകൂ. അതു മനസിലാകുന്ന ഒരാൾ പോലും പിണറായി വിജയൻ സർക്കാരിന്റെ ഭാഗത്ത് ഉണ്ടാകാതെ പോയത് കേരളത്തിന്റെ നിർഭാഗ്യമാണെന്ന് കരുതുന്നു പൊതുസമൂഹം.
പതിനെട്ടു ദിവസത്തോളം മഴയും വെയിലും സഹിച്ചു സമരം ചെയ്തവരെ കാണാൻ പോലും മുഖ്യമന്ത്രിയടക്കമുള്ളവർ കൂട്ടാക്കിയില്ല. അർഹതയില്ലാത്തവർക്കു ജോലി കിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അവരെ അപമാനിക്കുന്നതിനു തുല്യമാവുകയും ചെയ്തു. 967പേർ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റിൽനിന്ന് 259 പേർക്കാണു നിയമന ശിപാർശ ലഭിച്ചത്. ഏപ്രിൽ രണ്ടു മുതൽ 45 ഉദ്യോഗാർത്ഥികൾക്കു കൂടി അഡൈ്വസ് മെമ്മോ ലഭിച്ചു. സമരം ചെയ്ത മൂന്ന് പേർക്ക് ഉൾപ്പെടെയാണ് അഡൈ്വസ് നൽകിയത്.
എത്ര കഷ്ടപ്പെട്ടു പഠിച്ചാലും നാട്ടിൽ രക്ഷയില്ലെന്നു കാലഹരണപ്പെടുന്ന ഒരോ റാങ്ക് ലിസ്റ്റും യുവതീ, യുവാക്കളെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തി കെണ്ടേയിരിക്കുന്നു. ജോലിക്കുവേണ്ടി കഷ്ടപ്പെടുന്നവരെ അവഗണിക്കുന്ന ഇതേ സർക്കാർ തന്നെ ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി പിൻവാതിൽ തുറന്നിട്ടിരിക്കുന്നുവെന്നതു വേറെ കാര്യം. സർക്കാരിന്റെ ഈയൊരു ഇരട്ടത്താപ്പിനെതിരേ കാര്യക്ഷമമായി പ്രതികരിക്കാൻ പ്രതിപക്ഷം പോലും രംഗത്തില്ലെന്നതും ഖേദകരം തന്നെ. ഉദ്യോഗാർത്ഥികളെ കേൾക്കനോ അവരുടെ സങ്കടം അറിയാനോ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരാളും ഉണ്ടായില്ലെന്നതു തികച്ചു മനുഷ്യത്വരഹിതവും ഉത്തരവാദിത്വമില്ലായ്മയുമാണ്.
കഠിനാദ്ധ്വാനത്തിന്റെ ദീർഘ വഴികൾ താണ്ടിയാലേ ഒരു കുട്ടിക്കു റാങ്ക് ലിസ്റ്റിൽ സ്ഥാനം നേടാൻ കഴിയൂ എന്ന വസ്തുത പാർട്ടി നേതാക്കൾ കാണുമെന്നു കരുതാവുന്ന സാഹചര്യമല്ല കേരളത്തിലേത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ബന്ധമുള്ളവർ അങ്ങനെയല്ലാതെ കാര്യം കാണുന്നതായുള്ള കഥകൾ ജനങ്ങൾ വിശ്വസിക്കുന്നു. ഇതിനിടെയാണ് ഉയർന്ന കട്ട് ഓഫ് മാർക്ക് വാങ്ങി ജോലി സാധ്യതയിൽ മുന്നിൽ വന്നാൽ പോലും സംസ്ഥാനത്തെ യുവതീ, യുവാക്കൾക്കു രക്ഷയില്ലെന്ന് ഒരിക്കൽകൂടി സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. തൊഴിലിനു വേണ്ടിയുള്ള അവരുടെ കഠിന ശ്രമങ്ങളെ പിന്തുണയ്ക്കാൻ സർക്കാരിന് ഒരു രീതിയിലും കഴിയുന്നില്ല.
ഈയൊരു അവഗണനയാണു ബഹുഭൂരിപക്ഷം വിദ്യാർഥികളെയും കേരളം വിടാൻ പ്രേരിപ്പിക്കുന്ന മുഖ്യഘടകമെന്ന് വിദ്യാഭ്യാസ വിദഗ്ധരും കരിയർ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
വേണ്ടവർക്ക് യഥേഷ്ടം
മുണ്ടുമുറുക്കാനും നിയമനങ്ങൾ മരവിപ്പിക്കാനും വികസനമേഖലയിലടക്കം ചെലവുകൾ വെട്ടിച്ചുരുക്കാനും ധനവകുപ്പ് നിർദ്ദേശങ്ങൾ ആവർത്തിക്കുമ്പോഴും പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും വാരിക്കോരി ശമ്പളം നൽകാൻ സർക്കാർ മടിക്കുന്നില്ലെന്നത് ഇതിനിടെ ചർച്ചാവിഷയമായതു സ്വാഭാവികം. പി.എസ്.എസ്.സി ചെയർമാന്റെയും അംഗങ്ങളുടേയും വേതനം വർധിപ്പിക്കാൻ രണ്ടു മാസം മുമ്പ് മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടിരുന്നു. ഇതോടെ ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർടൈം സ്‌കെയിലിലെ ശമ്പളമാണ് ലഭിക്കുക. ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് ശമ്പളം പി.എസ്.സി അംഗങ്ങൾക്ക് ലഭിക്കും. പി.എസ്.സി വിജ്ഞാപനങ്ങളും റാങ്കുപട്ടികയിൽ നിന്നുള്ള നിയമനങ്ങളും കുറയുകയും പി.എസ്.സിയിൽ വൻ ശമ്പളം നൽകുകയും ചെയ്യുന്ന വിരോധാഭാസമാണ് അരങ്ങേറുന്നത്.
രാഷ്ട്രീയക്കാർക്ക് വലിയൊരു കറവപ്പശുവായ കേരളത്തിലെ പി.എസ്.സിയിൽ അംഗങ്ങളായി 20 പേരാണുള്ളത്. ചെയർമാനും സെക്രട്ടറിയും അടക്കം 21 പേരടങ്ങുന്നതാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. മറ്റു സംസ്ഥാനങ്ങളിലെ പി.എസ്.സി അംഗങ്ങളുടെ സേവന വേതന വ്യവസ്ഥകൾ പരിഗണിച്ചാണ് വർധനയെന്നാണ് സർക്കാർ ഭാഷ്യം. ചെയർമാന്റെ അടിസ്ഥാന ശമ്പളം 76000 രൂപയാണ്. എന്നാൽ മറ്റ് അലവൻസുകൾ ഉൾപ്പെടെ 2.26 ലക്ഷം രൂപയാണ് ഒരു മാസം ചെയർമാന് ലഭിക്കുക. അംഗങ്ങൾക്ക് അടിസ്ഥാന ശമ്പളം 70000 രൂപയാണ്. എന്നാൽ അലവൻസ് ഉൾപ്പെടെ 2.30 ലക്ഷം രൂപ ലഭിക്കും.
പി.എസ്.സി ചെയർമാൻ, അംഗങ്ങൾ എന്നിവരെ നിയമിക്കുന്നത് രാഷ്ട്രീയ പരിഗണനകൾ വച്ചാണ്. മുന്നണി അടിസ്ഥാനത്തിൽ പി.എസ്.സി അംഗങ്ങൾ വീതം വച്ച് എടുക്കുന്നതാണ് പതിവ്. ഘടകകക്ഷികൾക്കടക്കം പി.എസ്.സി അംഗത്വം നൽകിയിട്ടുണ്ട്. പി.എസ്.സി അംഗങ്ങളുടെ കാലാവധി ആറ് വർഷമാണ്. വൻ തുക ശമ്പളമായി ലഭിക്കുമെന്നതിനാലാണ് പി.എസ്.സി അംഗത്വത്തിനായി നിരവധിപേർ ഭരണകക്ഷി പാർട്ടികളിൽ സമ്മർദ്ദം ചെലുത്തുന്നത്. പി.എസ്.സി അംഗത്വം വിൽപ്പന നടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. ചെയർമാനും അംഗങ്ങൾക്കും ജീവിതകാലം മുഴുവൻ പെൻഷനും ലഭിക്കും.
ചെയർമാന് നാല് ലക്ഷവും അംഗങ്ങൾക്ക് 3.75 ലക്ഷവും വേതനമായി നൽകണമെന്നായിരുന്നു പി.എസ്.സി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സി ചെർമാന്റെയും അംഗങ്ങളുടേയും സേവന വേതന വ്യവസ്ഥകൾ പരിഗണിച്ചാണ് ഈ വർധനയെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പബ്ലിക് സർവീസ് കമ്മീഷനാണ് കേരളത്തിലേതെന്ന് സൗകര്യപൂർവം മറച്ചുവെച്ചു. തമിഴ്‌നാട് പി.എസ്.സിക്ക് 14 അംഗങ്ങളും കർണ്ണാടക പി.എസ്.സിക്ക് 13 അംഗങ്ങളും യു.പി പി.എസ്.സിക്ക് ഒൻപത് അംഗങ്ങളുമാണുള്ളതെന്നും കേരള സർക്കാർ പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയില്ല.
കാറും വീട്ടുവാടകയും മറ്റും അടക്കം വൻ തുകയാണ് പി.എസ്.സി അംഗങ്ങൾക്കും ചെയർമാനുമായി സർക്കാർ ചെലവഴിക്കുന്നത്. ചെയർമാന് ഫലത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ തുല്യമായ ആനുകൂല്യങ്ങൾ ലഭിക്കും. പി.എസ്.സി അംഗങ്ങളുടെ പെൻഷനിലും ഈ വർധനയുണ്ടാവും. തിങ്കളാഴ്ച കമ്മിഷന്റെ സിറ്റിംഗ്, ചൊവ്വാഴ്ച കമ്മിറ്റി ചേരൽ. അഭിമുഖങ്ങൾ, ഫയൽ നോക്കൽ തുടങ്ങിയവയാണ് ഇവരുടെ ജോലി.
പലരും ലക്ഷങ്ങൾ കോഴ നൽകിയാണ് പി.എസ്.സി അംഗങ്ങളായതെന്നാണ് അണിയറ സംസാരം. ഇതിനെ ന്യായീകരിക്കുന്നതാണ് സർക്കാർ തീരുമാനമെന്ന ആരോപണവും ശക്തം. പക്ഷേ, ചെലവ് വെട്ടിച്ചുരുക്കാനുള്ള ത്വരയിൽ വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് ചവറ്റുകൊട്ടയിലായി. സമരത്തീയിലൂടെ ജ്വലിച്ചുയർന്ന പാർട്ടിക്കാകട്ടെ ഇവരുടെ പ്രതിഷേധത്തോടും പുച്ഛം.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്