മനോരമയുടെ കഴിഞ്ഞ തിങ്കാഴ്ചത്തെ ബിസിനസ് പേജിൽ ചൈനയിൽ ഇപ്പോൾ ജനപ്രീതിയാർജ്ജിക്കുന്ന ടു മിനിറ്റ് മൈക്രോ ഡ്രാമയെക്കുറിച്ചുള്ള പി.കിഷോറിന്റെ പരാമർശം കണ്ടു. പാവപ്പെട്ടവർ പെട്ടെന്ന് പണക്കാരായി മാറുന്ന തീമുകളമാണത്രെ മൈക്രോ ഡ്രാമയുടെ പ്രമേയം. ഒരു തരത്തിൽ പറഞ്ഞാൽ പഴയ മുട്ടത്തുവർക്കിയുടെ പൈങ്കിളി നോവലുകളുടെ പ്രമേയമുള്ള 'ഇത്തിരി കുഞ്ഞൻ' കഥകളാണ് അവ.
കേരളത്തിലെ ഇടതുസർക്കാർ ഇപ്പോഴും ചൈനയുടെ നയങ്ങളെ വാഴ്ത്തുന്നവരാണ്. നല്ലത്. പക്ഷെ, ചൈനീസ് സർക്കാർ പോലും ഇഷ്ടപ്പെടാത്ത കുറുക്കുവഴിയിലൂടെ ആഗ്രഹ സാഫല്യമെന്ന മൈക്രോ ഡ്രാമയാണ് ഇപ്പോൾ പിണറായി രണ്ടാമന്റെ സർക്കാർ ജനസമക്ഷം അവതരിപ്പിക്കുന്ന നാലാം വാർഷികാഘോഷങ്ങളെന്ന് ചിലർക്ക് പരാതിയുണ്ട്.
പാർട്ടി പത്രം തന്നെ ധൂർത്തിന്റെ ഈ പെരുനാൾ ദിനങ്ങളെ വെള്ള പൂശിക്കൊണ്ടിരിക്കുകയാണ്. എത്ര വെള്ള പൂശിയാലും വെളുക്കാത്തവിധം പാവങ്ങളുടെ കണ്ണീർച്ചാലുകൾ ഈ ഭരണകൂടത്തിന്റെ മുഖത്ത് പാടുകൾ വീഴ്ത്തുന്നുണ്ട്.
കാലി ഖജനാവും കാലിക്കടവും
കാസർകോട്ടുള്ള കാലിക്കടവ് എന്ന സ്ഥലത്തു വച്ചാണ് പിണറായിയുടെ രണ്ടാം സർക്കാരിന്റെ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിയും നാല് മന്ത്രിമാരും പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിന് ജനങ്ങളുടെ പ്രാതിനിധ്യം ശൂഷ്‌ക്കമായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ ഒരു വിദ്വാന്റെ വിവരണമുണ്ട്. പക്ഷെ ആ വാർത്ത ശരിയാണോ തെറ്റാണോ എന്ന് നമുക്കറിയില്ല, എങ്കിലും, സി.പി.എമ്മിന്റെ കോട്ടയെന്നു വിശേഷിപ്പിക്കാവുന്ന കാസർകോട് ജില്ലയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിന് വലിയ 'ഗുമ്മൊന്നു' മുണ്ടായിരുന്നില്ലെന്നും, മുഖ്യധാരാ മാധ്യമങ്ങൾ ഇനി കിട്ടാനുള്ള ആണ്ടു നേർച്ച പോലെയുള്ള സർക്കാർ പരസ്യങ്ങളെ ഓർത്ത് മൗനം പാലിച്ചുവെന്നും കരുതാൻ ഏറെ ന്യായമുണ്ട്.
'ചുക്കില്ലാത്ത കഷായം,' 'നിങ്ങളില്ലാതെ എനിക്ക് എന്ത് ആഘോഷം' തുടങ്ങിയ ബനാന ടോക്കുകളോട് ഉപമിക്കാമെങ്കിൽ ഈ വാർഷിക പൂരാഘോഷത്തിനും 'ഊരാളുങ്കൽ' ഇല്ലാതെ എങ്ങനെയെന്ന്. ആരും ചോദിച്ചു പോകും. കാരണം, രാജ്യാന്തര നിലവാരത്തിലുള്ള എയർ കണ്ടീഷൻഡ് ചെയ്ത ആഡംബര പന്തലിന്റെ കരാർ ലഭിച്ചിട്ടുള്ളത് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണത്രെ.
സി.പി.എമ്മിന്റെ ദേശീയ, സംസ്ഥാന സമ്മേളനങ്ങളിലെല്ലാം അവതരിപ്പിക്കപ്പെട്ടത് ഇടതുസർക്കാരിന്റെ അദ്ഭുത നേട്ടങ്ങളായിരുന്നു. നികുതിപിരിവിൽ വൻവർധന, കേന്ദ്രം തരാതിരുന്നിട്ടും വികസന പദ്ധതികളുടെ തടസ്സമില്ലാത്ത പൂർത്തീകരണം തുടങ്ങി ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഖാക്കൾക്കു മുമ്പിൽ അവതരിപ്പിച്ച കേരളത്തിന്റെ ഇപ്പോഴത്തെ ബ്യൂട്ടി അവതരിപ്പിക്കാൻ ഏ.സി. പന്തലുകൾ, തന്നെ വേണമെന്ന നിർദ്ദേശം എന്തായാലും 'കിടുക്കി'!
'മലപ്പുറം' മോഡൽ സൂചനയാണോ?
എറണാകുളം ജില്ലയിലെ വൈപ്പിൻകരയിലെ മാലിപ്പുറത്ത് 2025 ഫെബ്രുവരി 2ന് നടന്ന മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സി.പി.ഐ. സഖ്യം ജയിച്ചത് വലിയ വാർത്തയൊന്നുമായിരുന്നില്ല. സി.പി.എമ്മിന്റെ എം.എൽ.എ.യുള്ള മണ്ഡലമായിരുന്നിട്ടും സി.പി.ഐ.യെ ഒപ്പം നിർത്താൻ കഴിയാതെ പോയി. ഒറ്റയ്ക്ക് ജയിക്കും ഞങ്ങൾ ഭരിക്കും എന്ന പ്രാദേശിക നേതാക്കളുടെ പിടിവാശി തെരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടാൻ കാരണമായി. 60 ശതമാനം വോട്ടുകൾ നേടിയാണ് കോൺഗ്രസ് സി.പി.ഐ. മുന്നണി ഇവിടെ ജയിച്ചത്.
എളങ്കുന്നപ്പുഴയിലുള്ള സംഘം തെരഞ്ഞെടുപ്പിലും 'വല്യേട്ടൻ' വച്ചു നീട്ടിയ മൂന്നു സീറ്റുകൾ വേണ്ടെന്നുവച്ചായിരുന്നു സി.പി.ഐ. കോൺഗ്രസുമായി ചേർന്ന് ഇവിടെയും സംഖ്യമുണ്ടാക്കിയത്. സി.പി.എം. ഇവിടെയും പരാജയമേറ്റുവാങ്ങി. ഇപ്പോൾ മന്ത്രിസഭയുടെ നാലാം വാർഷികമാഘോഷിക്കവേ, മുന്നണിയിലുള്ള സി.പി.ഐ.യുടെ തൊഴിലാളി വിഭാഗമായ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ സെക്രട്ടറയേറ്റിനു മുമ്പിൽ സരമം തുടങ്ങിയതും ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ദുഃസ്സൂചനയാണ്. അഞ്ഞൂറോളം അംഗങ്ങൾ മാത്രമേ ഈ യൂണിയനിലുള്ളൂവെങ്കിലും ആ തൊഴിലാളികൾ വിളിച്ചു പറയുന്ന സത്യങ്ങൾ ഏതൊരാളെയും അലോസരപ്പെടുത്തുന്നതാണ്.
അഞ്ഞൂറ് വിദ്യാർത്ഥികൾക്ക് ഒരു പാചകത്തൊഴിലാളി എന്നാണ് കണക്ക്. 600 മുതൽ 675 വരെയാണ് ഇവരുടെ ദിവസവേതനം. 2013ൽ യു.ഡി.എഫ്. സർക്കാർ സ്‌കൂൾ പാചകത്തൊഴിലാളികളെ മിനിമം വേതന പരിധിയിൽ ഉൾപ്പെടുത്തി 2016ൽ സർക്കാർ വിജ്ഞാപനവുമിറക്കി. പിണറായിയുടെ തൊഴിലാളിപക്ഷ സർക്കാർ ഈ ഉത്തരവ് റദ്ദാക്കുക മാത്രമല്ല ചെയ്തത്. പ്രതിവർഷം വേതനത്തിൽ 10 ശതമാനം വർധന വരുത്തുന്ന രീതിയും ഇടതുസർക്കാർ അവസാനിപ്പിച്ചു. മാത്രമല്ല, രണ്ട് മാസത്തെ കുടിശ്ശിക തൊഴിലാളികൾക്ക് ലഭിക്കാനുമുണ്ട്. സി.പി.ഐയുടെ വകുപ്പ് മന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന വിധം റവന്യൂ വകുപ്പിൽ ചില സംഭവങ്ങളുണ്ടാകുന്നതിലും, അത് വാർത്തയാക്കുന്നതിലും ചില കള്ളക്കളികളുണ്ടെന്ന് സി.പി.ഐയിലെ ഒരു വിഭാഗത്തിനു ചിന്തയുണ്ട്.
വല്യേട്ടന്റെ എ.കെ.ജി. സെന്റർ രണ്ട് പോലെയല്ലെങ്കിലും, സി.പി.ഐ.യുടെ എം.എൻ.സ്മാരകവും ആകെ ചുവന്നു തുടുത്ത് തിരുവനന്തപുരത്തുണ്ട്. ആ നവീകരിച്ച മന്ദിരത്തിൽ ബുധനാഴ്ച മുതൽ സി.പി.ഐ.യുടെ നേതൃയോഗങ്ങൾ അരങ്ങേറുകയാണ്. കാനം രാജേന്ദ്രന്റെ പേരിലാണ് ഇവിടെയുള്ള ഓഡിറ്റോറിയം നിർമ്മിച്ചിട്ടുള്ളത്. 150 വർഷത്തിനുശേഷമാണത്രെ ദേശീയ കൗൺസിലിന് തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്നത്. ചണ്ഡീഗഢിലാണ് ഇത്തവണ സി.പി.ഐയുടെ പാർട്ടി കോൺഗ്രസ് നടക്കുക. ഇതിനായുള്ള രാഷ്ട്രീയ പ്രമേയത്തിനായുള്ള പ്രാഥമിക ചർച്ചകൾ ഈ ദിവസങ്ങളിലുണ്ടാകും.
ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നുവോ?
തൊഴിൽ തേടി വിദേശത്തു പോകാൻ ഗതിയില്ലാത്തവരാണ് ഇപ്പോഴും കേന്ദ്രസംസ്ഥാന സർക്കാർ ജോലികൾക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പി.എസ്.സി. റാങ്ക് ലിസ്‌റ്റെന്നെത് വലിയ കോമഡിയാണിപ്പോൾ. റെയിൽവേയിൽ 10 ലക്ഷം ഒഴിവുകളുണ്ടായിട്ടും കേന്ദ്രം അനങ്ങുന്നില്ല. കേരളത്തിൽ അങ്ങനെയല്ല. പി.എസ്.സി. റാങ്ക് ലിസ്റ്റ് നിർവീര്യമാക്കി പാർട്ടിയണികളിൽ നിന്നുള്ളവരെ പിൻവാതിൽ വഴി തിരുകിക്കയറ്റുകയാണിപ്പോൾ. ഒരു തരത്തിൽ, കേരളത്തിൽ ആര് ഭരിക്കാൻ വന്നാലും, സർക്കാർ ലാവണങ്ങളിലുള്ള ഇടതു ചായ്‌വുള്ളവരുടെ ഭൂരിപക്ഷം പ്രശ്‌നമുണ്ടാക്കാമെന്നു ചുരുക്കം.
ഭരണപരിഷ്‌ക്കാര കമ്മീഷൻ ഏതായാലും പിൻവാതിൽ നിയമനം അവസാനിപ്പിക്കണമെന്ന് സർക്കാരനോട് ആവശ്യപ്പെട്ടതായി വാർത്ത കണ്ടു. 25 ലക്ഷം പേർ സർക്കാർ ജോലിക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ തസ്തികകളുടെ ഒഴിവ് കണക്കുകൾ നോക്കുമ്പോൾ, ഈ നാട്ടിലെ തൊഴിൽരഹിതരെ സർക്കാർ കബളിപ്പിക്കുകയല്ലേയെന്ന് കരുതണം.
2022-23 മുതൽ അധ്യാപകരുടെ ഒഴിവുകളിലോ പഞ്ചായത്തുകളിലെ താത്ക്കാലിക കരാർ തസ്തികകളിലോ സർക്കാർ നിയമനം നടത്തിയിട്ടില്ല. രണ്ട് വിഭാഗങ്ങളിലുമായി 20,0000 തസ്തികകൾ ഒഴിഞ്ഞു കിടപ്പുണ്ട്. രണ്ടാം പിണറായി സർക്കാർ 2021 മെയ് 20 മുതൽ 2024 മെയ് 31 വരെയുള്ള കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ 323 ഉം തദ്ദേശസ്ഥാപനങ്ങളിൽ 1200ഉം തസ്തികകളിൽ മാത്രമാണ് നിയമനം നടന്നത്. നവകേരളത്തിന്റെ പുതുവഴികൾ തൊഴിലില്ലാത്തവർക്ക് സമ്മാനിക്കുന്നത് പെരുവഴിയാണോ?
പണമടയ്ക്കാം, സേവനം വട്ടപ്പൂജ്യം!
സർക്കാർ വകുപ്പുകൾ പണം വകമാറ്റി ചെലവഴിക്കുന്നതിൽ ഏറെ മിടുക്ക് കാണിക്കുന്നുണ്ട്. ഉദാഹരണം നോക്കാം. മോട്ടോർ വാഹനവകുപ്പിന്റെ എറണാകുളം ആർ.ടി.എ. മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം ഖജനാവിൽ അടച്ചത് 765.99 കോടി രൂപയാണ്. സർക്കാർ നിശ്ചയിച്ച ടാർജറ്റ് 669.01 കോടിയായിരുന്നു. എന്നാൽ ആർ.സി. ബുക്കിനുമായി പണമടച്ച 10 ലക്ഷം പേർക്ക് ഇനിയും പ്രിന്റ് ചെയ്ത കോപ്പി ലഭിച്ചിട്ടില്ല.
21 കോടി രൂപ കുടിശ്ശികയടച്ചാൽ ആർ.സി. ബുക്ക് പ്രിന്റ് ചെയ്തു കിട്ടും. അത് കൊടുക്കാതെ പിടിച്ചുവച്ചിരിക്കുകയാണ് ധനവകുപ്പ്. ഡിജിറ്റലിലേക്ക് മാറുന്നതു കൊണ്ട് ആർ.സി. ബുക്കിന്റെ ഹാർഡ് കോപ്പി നൽകില്ലെന്നോ, അതിനാൽ അടച്ച പണം തിരിച്ചു തരാമെന്നോ സർക്കാരിന് പറയാമായിരുന്നു. ഒന്നും ഇതുവരെ നടന്നിട്ടില്ല. ആണ്ടാഘോഷമെല്ലാം കഴിഞ്ഞ് എന്തെങ്കിലും ശേഷിച്ചാൽ ആർ.സി. ബുക്കോ അടച്ച പണമോ കിട്ടുമായിരിക്കാം. ഉറപ്പില്ല കേട്ടോ. ഇതെല്ലാം 'തുടരും' എന്നാണല്ലോ പുതിയ മുദ്രാവാക്യം!
അൻവർ 'ജാൻവർ' ആകാതെ നോക്കണേ
ജാൻവർ എന്നതിന്റെ ഹിന്ദിയിലെ അർത്ഥം പറയുന്നില്ല. പക്ഷെ രാഷ്ട്രീയ അതിജീവനത്തിനായി എന്തിനും തയ്യാറായിട്ടാണ് അൻവറിക്കയുടെ നിൽപ്പ്. ഇന്ന് (ബുധൻ) നടന്ന യു.ഡി.എഫുമായുള്ള ചർച്ചയിൽ അൻവർ രണ്ടടി പിന്നാക്കം പോയിട്ടുണ്ട്. യു.ഡിഎഫിന്റെ സ്ഥാനാർത്ഥിയാരാലും 'പിണറായിസം തുലയാൻ വേണ്ടി' പിന്തുണയ്ക്കുമെന്നാണ് അൻവർ പറഞ്ഞിട്ടുള്ളത്.
ഇതോടെ ആര്യാടൻ ഷൗക്കത്തായിരിക്കും നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയെന്നു കരുതാം. 'ഞങ്ങടെ മുത്താണ് ജോയ്' എന്ന കോൺഗ്രസിലെ ചിലരുടെ വാഴ്ത്തു പാട്ട് തൽക്കാലം ഇനി ഉയരാനിടയില്ല. ഗ്രൂപ്പു നോക്കാതെയും, കക്ഷി നോക്കാതെയും ആര്യാടന്റെ മകൻ നിയമസഭയിലെത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.
ലീഗിന്റെ പഴയ ശത്രു ആര്യാടൻ മുഹമ്മദിന് തന്റെ മകനിലൂടെ വീണ്ടുമൊരു സ്വീറ്റ് റിവഞ്ച് ! അത്രമാത്രമേ ഒരു വർഷക്കാലത്തെ എം.എൽ.എ. സ്ഥാനം കൊണ്ട് പ്രതീക്ഷിക്കാൻ കഴിയൂ.
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്