ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്റെ പ്രത്യേക സുഹൃത്ത് എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിക്കാറുള്ളത്. ട്രംപിനെ സന്തോഷിപ്പിക്കാൻ മോദി പലവിധ വിദ്യകൾ പയറ്റിയിട്ടുമുണ്ട്. സ്വന്തം തട്ടകമായ അഹമ്മദാബാദിൽ ട്രംപിനെ കൊണ്ടുവന്നു ഗംഭീരറാലി നടത്തി അദ്ദേഹത്തെ പുകഴ്ത്തി. ഇരുവരും സംയുക്തമായി അമേരിക്കൻ ഇന്ത്യക്കാരെ അണിനിരത്തി ന്യൂയോർക്കിലും നടത്തി അത്തരമൊരു റാലി. തെരഞ്ഞെടുപ്പിൽ അമേരിക്കൻ ഇന്ത്യക്കാരുടെ പിന്തുണ ട്രംപിനു ഉറപ്പാക്കുന്നതിൽ മോദി നടത്തിയ ശ്രമങ്ങൾ ചെറുതല്ല. അതിന്റെ നേട്ടം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനു കൈവന്നിട്ടുമുണ്ട്. പുതിയ ഭരണകൂടത്തിൽ ഉന്നത പദവികളിൽ ധാരാളം ഇന്ത്യൻ വംശജരെ ട്രംപ് നിയമിച്ചിട്ടുമുണ്ട്.
എന്നാൽ സൗഹൃദം വേറെ, കച്ചവടം വേറെ എന്നതാണ് മുൻനിര റിയൽ എസ്റ്റേറ്റ് ബിസിനസ്സ് കുടുംബത്തിൽ പിറന്ന ട്രംപിന്റെ നയം. കാശിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അതിനാലാണ് കഴിഞ്ഞ ഏപ്രിൽ രണ്ടിന് വൈറ്റ് ഹൗസ് മുറ്റത്തു നടത്തിയ മാധ്യമസമ്മേളനത്തിൽ ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങൾക്കും കനത്ത വ്യാപാരചുങ്കം പ്രഖ്യാപിച്ച സമയത്തു അദ്ദേഹം മോദിയുമായുള്ള സൗഹൃദം അനുസ്മരിച്ചു കൊണ്ടുതന്നെ ഇന്ത്യൻ വ്യവസായികളുടെ പുറത്തു ചുങ്കക്കത്തി കൊണ്ട് ആഞ്ഞുകുത്തിയത്. അമേരിക്കൻ ഉത്പന്നങ്ങളെ ഇന്ത്യക്കാർ നാട്ടിൽ കയറ്റുന്നില്ല എന്നാണ് ട്രംപ് പറഞ്ഞത്. അതിനായി അവർ വമ്പിച്ച ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹം പറഞ്ഞ കണക്കു പ്രകാരം ഇന്ത്യൻ അധികൃതർ അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഇറക്കുമതി ചുങ്കം 52 ശതമാനമാണ്. എന്നാൽ അമേരിക്കയാകട്ടെ, രണ്ടോ മൂന്നോ ശതമാനം ചുങ്കം മാത്രമാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾക്ക് ചുങ്കമായി ചുമത്തുന്നത്. അതിനാൽ ഇന്ത്യ മാത്രമല്ല, ചൈനയും വിയറ്റ്‌നാമും ബംഗ്ലാദേശും അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളും ആഫ്രിക്കയിലെ പല രാജ്യങ്ങളും കാനഡയും മെക്‌സിക്കോയും യൂറോപ്യൻ യൂണിയനും ഒക്കെ അവരുടെ ചരക്കുകൾ അമേരിക്കൻ വിപണിയിൽ കൊണ്ടുവന്നു തള്ളുകയാണ്. അവരുടെ ഉത്പന്നങ്ങൾക്ക് വിപണിയിൽ വില കുറവ്. അതിനാൽ അമേരിക്കൻ ഉല്പന്നങ്ങൾക്ക് ആവശ്യക്കാരില്ല. അമേരിക്കയിൽ നിർമാണമേഖല നാശോന്മുഖമായി. മുമ്പൊക്കെ പല തരത്തിലുള്ള വ്യവസായ സംരംഭങ്ങൾക്ക് പേരുകേട്ടിരുന്ന പല അമേരിക്കൻ നഗരങ്ങളും ഇന്ന് കനത്ത പ്രതിസന്ധിയിലാണ്.
അവിടെയുള്ള വ്യവസായങ്ങൾ പലതും പൂട്ടിപ്പോയി. പലരും ഉത്പാദനം നിർത്തി കമ്പനികൾ വിദേശങ്ങളിലേക്ക് കടത്തിക്കൊണ്ടു പോയി. അങ്ങനെ അമേരിക്കൻ കമ്പനികൾ പലതും ഏഷ്യയിലും മറ്റു പ്രദേശങ്ങളിലും വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്തു. കാറുകളും ഫോണും കമ്പ്യൂട്ടറും അടക്കമുള്ള ഉത്പന്നങ്ങൾ ഇന്നു അമേരിക്കൻ കമ്പനികൾ വിദേശത്തു നിർമിച്ചു അമേരിക്കയിലേക്ക് കൊണ്ടുവന്നു കൊള്ളലാഭം നേടുകയാണ്. അതുപോലെ വിദേശ കമ്പനികളും അമേരിക്കയുടെ ഉദാരമായ ചുങ്കം വ്യവസ്ഥകളെ ദുരുപയോഗം ചെയ്തു ലാഭമടിക്കുന്നു. അമേരിക്കൻ ഉല്പാദകരും തൊഴിലാളികളും പ്രതിസന്ധിയിലാണ്. അമേരിക്കയിൽ തൊഴിലുകൾ നഷ്ടമാവുന്നു; അവരുടെ ചെലവിൽ വിദേശരാജ്യങ്ങൾ നേട്ടം കൊയ്യുന്നു. ഇതാണ് ട്രംപിന്റെ പ്രധാന ആരോപണം. അതിനാൽ വിദേശ ഉത്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കാൻ കനത്ത ചുങ്കം ചുമത്തുക മാത്രമാണ് പോംവഴി.
അതുവഴി രാജ്യത്തിന്റെ നികുതി വരുമാനം വർധിക്കും. വിദേശ ഉത്പന്നങ്ങൾ വാങ്ങാനുള്ള താല്പര്യം ജനങ്ങൾക്കിടയിൽ കുറയും. ഭാവിയിൽ ഉത്പാദകർ തങ്ങളുടെ വ്യവസായ സംരംഭങ്ങൾ അമേരിക്കയിലേക്ക് വീണ്ടും പറിച്ചു നടും ഇതാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. വിദേശ ഉത്പന്നങ്ങൾ അമേരിക്കൻ വിപണി കയ്യടക്കുന്നു എന്ന ആരോപണത്തിൽ സത്യമുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കൻ വിപണിയിലെ ഉത്പന്നങ്ങൾ എവിടെനിന്നു വരുന്നു എന്നതിനെക്കുറിച്ചു സി.എൻ.എൻ ചാനൽ ഒരു വിശകലനം നൽകിയിരുന്നു. ഒരു വൻകിട ഹൈപ്പർ മാർക്കറ്റിൽ റിപ്പോർട്ടർ കണ്ട സാധനങ്ങളിൽ മഹാഭൂരിപക്ഷവും വിദേശത്തു നിർമിച്ചു അമേരിക്കയിൽ വിപണനം ചെയ്യുന്നവയാണ്. ഉപ്പുതൊട്ടു കർപ്പൂരം വരെ എന്നു പറയുന്ന മാതിരി ഉടുപ്പുകളും അലങ്കാര സാധനങ്ങളും നിത്യോപയോഗ സാധനങ്ങളും ആഡംബര ഇനങ്ങളും എന്തെടുത്താലും അവയിൽ അധികവും മേഡ് ഇൻ ചൈന ലേബലോടെയാണ് കാണപ്പെട്ടത്.
ഇന്ത്യൻ ഉത്പന്നങ്ങൾ താരമ്യേന കുറവാണ്. അമേരിക്കയുടെ വിദേശ വ്യാപാരത്തിൽ ഏതാണ്ട് മൂന്നു ശതമാനം മാത്രമാണ് ഇന്ത്യയുമായുള്ളത്. ഇന്ത്യയെ സംബന്ധിച്ച് അമേരിക്ക പ്രധാന വിപണിയാണ്; പക്ഷേ അമേരിക്കയെ സംബന്ധിച്ച് ഇന്ത്യ ചൈനയെപ്പോലെ അത്ര വലിയ ഒരു ഭീഷണിയല്ല. ഒരുപക്ഷേ അതുകൊണ്ടാവാം ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങൾക്കും മേൽ ചുമത്തിയ അധിക ചുങ്കം മൂന്നു മാസത്തേക്ക് ട്രംപ് പിൻവലിച്ചത്. എന്നാൽ എല്ലാ രാജ്യങ്ങൾക്കും മിനിമം ചുങ്കം പത്തു ശതമാനമായി നിജപ്പെടുത്തിയിട്ടൂണ്ട്. അതായതു അമിത നിരക്ക് പിൻവലിച്ചുവെങ്കിലും നിലവിലെ ചുങ്കനിരക്ക് നേരത്ത അമേരിക്ക ചുമത്തിയ നിരക്കിന്റെ മൂന്നിരട്ടിയാണ്.
എന്താവും ഇതിന്റെ ആത്യന്തികഫലം എന്ന് പറയാനാവില്ല. വാണിജ്യയുദ്ധം നേരിട്ടുള്ള ആയുധ പ്രയോഗമായി മാറിയ അനുഭവങ്ങൾ ലോകത്തുണ്ട്. ചൈന വിദേശികളെ അകത്തേക്ക് കടത്താതെ അവരുടെ വാണിജ്യം നിരോധിച്ച സമയത്തു ബ്രിട്ടനും മറ്റു യൂറോപ്യൻ രാജ്യങ്ങളും ഗൺബോട്ട് നയതന്ത്രമാണ് പ്രയോഗിച്ചത്. അതായതു പീരങ്കികൾ പ്രയോഗിച്ചു വിപണി നിർബന്ധിച്ചു തുറപ്പിച്ചു. അവർ കൊണ്ടുവന്ന് വിറ്റ സാധനം പ്രധാനമായും കറുപ്പ് പോലുള്ള മയക്കുമരുന്ന് ഉത്പന്നങ്ങളായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന ഈ കടന്നാക്രമണ യുദ്ധത്തെ ചരിത്രത്തിൽ വിശേഷിപ്പിക്കുന്നത് കറുപ്പുയുദ്ധങ്ങൾ എന്നാണ്. ചൈന ഇന്നും അതിന്റെ ഓർമ്മകൾ നിലനിർത്തുന്നു. അവരുടെ പാഠപുസ്തകങ്ങളിൽ നൂറുകൊല്ലം നീണ്ടുനിന്ന പാശ്ചാത്യ അടിമത്തത്തിന്റെ കാലത്തെക്കുറിച്ചുള്ള വിവരണങ്ങൾ പ്രധാനമാണ്.
അതിനാൽ ഉയർന്ന ചുങ്കം ചുമത്തി ചൈനയെ നേരിടാമെന്ന ആഗ്രഹം നടക്കാനിടയില്ല. കാരണം അതിനെ നേരിടാനുള്ള പല തന്ത്രങ്ങളും ചൈനയ്ക്കു കരഗതമാണ്. ഒരു ഭീഷണിക്കും തങ്ങൾ വഴങ്ങുകയില്ല എന്നു അവർ പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. അമേരിക്കൻ വിപണിയിൽ തങ്ങളുടെ ഉത്പന്നങ്ങൾ തിരസ്‌കരിക്കപ്പെടുകയാണെങ്കിൽ അവർ മറ്റു വിപണികൾ തേടും. അതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച അദ്ദേഹം ഏഷ്യയിലെ വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ പല രാജ്യങ്ങളും സന്ദർശിച്ചു സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഇനി ഏഷ്യയിലെ മറ്റു പ്രദേശങ്ങളും ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളിലും അവർ കൂടുതൽ ശ്രദ്ധ കൊടുക്കും എന്നും ഉറപ്പ്.
അത്തരമൊരു മുന്നേറ്റത്തിൽ ചൈനയ്ക്ക് അനുകൂലമായ നിരവധി ഘടകങ്ങളുണ്ട്.
ഒന്നാമത്തെ കാര്യം, അവരുടെ ഉത്പന്നങ്ങളുടെ ഗുണമേന്മയാണ്. ഒന്നാന്തരം സാധനങ്ങൾ, വില താരമ്യേന പരിമിതം. അത്യുന്നത സാങ്കേതികവിദ്യ. മെച്ചപ്പെട്ട സേവനങ്ങൾ. കടമായി വാങ്ങാനുള്ള സംവിധാനം. ഇതൊക്കെ ചൈനയ്ക്കു അനുകൂലമായ കാര്യങ്ങളാണ്. സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങൾ ചൈനയുടെ വിറ്റഴിക്കൽ വില്പനയിൽ നേട്ടം കണ്ടെത്തും എന്നതിൽ സംശയം വേണ്ട.
ഇത്തരം നയങ്ങൾ അമേരിക്കയ്ക്ക് ഗുണമോ ദോഷമോ ഉണ്ടാക്കുക എന്നതിനെപ്പറ്റി ചർച്ചകൾ പലതും നടക്കുന്നുണ്ട്. ഒരുകാര്യം തീർച്ച. ഏറ്റവും വലിയ അടി കിട്ടാൻ പോകുന്നത് അമേരിക്കയിലെ സാധാരണക്കാർക്കാണ്. കാരണം അവർ വാങ്ങുന്ന ഓരോ സാധനത്തിനും കൂടുതൽ ഉയർന്ന വില വിപണിയിൽ നൽകണം.
വിദേശ ഉല്പന്നമായാലും അമേരിക്കൻ നിർമിത സാധനമായാലും വിലക്കയറ്റം ഉറപ്പ്. ഇക്കാര്യം എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഒരേപോലെ അംഗീകരിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യം പോലും വന്നേക്കാം എന്നും ചിലർ പറയുന്നു. തുടക്കത്തിൽ കയ്ക്കും; പിന്നെ മധുരിക്കും എന്നാണ് ട്രംപ് പോലും തന്റെ നയങ്ങളുടെ ആഘാതത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. എന്തായിരിക്കും ഇന്ത്യൻ വ്യവസായികളെ സംബന്ധിച്ച് ഇതിന്റെ ഫലം എന്നാണ് ഇനി ആലോചിക്കാനുള്ളത്. ഉയർന്ന ചുങ്കം നൽകി അവർ വിപണി പിടിക്കണം. അതിനായി ഉത്പന്നസേവനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കണം. അത് ഒരു നിലക്കു നല്ലതാണ്. കാരണം ഇത്തരം പ്രതിസന്ധികൾ ഇന്ത്യൻ വ്യവസായ ലോകത്തെ ആഗോള മത്സരത്തിൽ വിജയിക്കാനുള്ള ശേഷി കൈവരിക്കാൻ സഹായിക്കും. 1991ൽ ഇന്ത്യൻ വിപണി ആഗോള മത്സരത്തിന് തുറന്നിട്ട കാലം മുതലുള്ള അനുഭവം അതാണ്.
ഇന്ത്യ അതിനുശേഷം വൻതോതിൽ മുന്നേറിയിട്ടുണ്ട്. ഒരുകാലത്തു അംബാസഡർ എന്നൊരു ചടാക്കുവണ്ടി മാത്രമാണ് കാർ എന്നപേരിൽ ഇന്നാട്ടിൽ ഓടിയിരുന്നത്. ഇന്ന് ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുള്ള വാഹനവും ഇവിടെ ഉണ്ട്. മറ്റു ഉത്പന്നസേവനങ്ങളുടെ കാര്യവും അതുപോലെതന്നെ. അതിനാൽ ട്രംപിന്റെ വെല്ലുവിളി ഇന്ത്യക്കു മുന്നിൽ ഒരുപാടു പുതിയ സാദ്ധ്യതകൾ തുറന്നുവെക്കുന്നുണ്ട്. ചൈന അമേരിക്കൻ വിപണയിൽ നിന്ന് പിൻവാങ്ങിയാലും അമേരിക്കൻ ഉല്പാദകർ ചൈനയിൽ നിന്നും കളം മാറ്റിയാലും അത് ഇന്ത്യക്കു പുതിയ അവസരങ്ങൾ ഒരുക്കുന്നുണ്ട്.
അതിനാൽ അമേരിക്കയുമായി ഏറ്റുമുട്ടലിനു പോകാതെ നിശ്ശബ്ദമായി പുതിയൊരു വ്യാപാര ഉടമ്പടിയിൽ ഒപ്പുവെക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി അമേരിക്കൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യൻ വിപണി തുറന്നിടാൻ രാജ്യം നിർബന്ധിതമാകും. അത്തരം ഉല്പന്ന സേവനങ്ങൾക്ക് നിലവിലുള്ള ഉയർന്ന ചുങ്കം കുറയ്ക്കാനും ഇന്ത്യ നിർബന്ധിതമാകും. ഇന്ത്യ ചുങ്കം കുറിക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് അമേരിക്കയും ചുങ്കം കുറയ്ക്കും. അതിനാൽ ദീർഘകാല കാഴ്ചപ്പാടിൽ നോക്കിയാൽ പുതിയൊരു വാണിജ്യക്കരാർ ഇരുകൂട്ടർക്കും ഗുണകരമാകും എന്നാണ് അനുമാനിക്കേണ്ടത്.
എൻ.പി. ചെക്കുട്ടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്