അക്ഷയ്കുമാർ നായകനായ കേസരി 2ന്ന ചിത്രം ഇന്ന് രാഷ്ട്രീയ രംഗത്ത് ചർച്ചകളിലൂടെ ഹിറ്റാണ്. ആ കഥയിലെ വീരനായകൻ മലയാളിയായ ചേറ്റൂർ ശങ്കരൻ നായരാണ്. ചരിത്രമറിയാവുന്ന കേരളീയന് എന്നും അഭിമാനിക്കാവുന്ന സർഗ പ്രതിഭ. എല്ലാ അർത്ഥത്തിലും വീര നായക പരിവേഷം ചാർത്തപ്പെട്ട പാലക്കാട്ടുകാരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവിയിൽ എത്തിയ ആദ്യ മലയാളി. ആധുനിക ഇന്ത്യ പിറക്കും മുന്നേ വിട പറഞ്ഞ രാഷ്ട്രീയ അതികായൻ, സർ സി.ശങ്കരൻനായർ എന്ന ചേറ്റൂർ.
ബ്രിട്ടീഷ് ഭരണകൂടത്തിലെ വൈസ്രോയിയുടെ കൗൺസിൽ അംഗവും പ്രശസ്ത ബാരിസ്റ്ററുമായിരുന്ന സി. ശങ്കരൻ നായരുടെ കഥയാണ് ഈ സിനിമ. ദ്ദേഹത്തെക്കുറിച്ച് പ്രപൗത്രൻ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്നെഴുതിയ 'ദ കേസ് ദാറ്റ് ഷുക്ക് ദ എംപയർ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷുകാർ ആദ്യം നിയോഗിച്ചത് അദ്ദേഹത്തെയാണ്. അവർ പ്രതീക്ഷിച്ചത് അവർക്ക് അനുകൂലമായ ഒരു റിപ്പോർട്ടായിരുന്നു.
അമൃത്‌സറിൽ നിരായുധരായ സാധാരണക്കാരെ ജനറൽ റെജിനാൾഡ് ഡയർ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിട്ടതാണെന്ന ഭയാനകമായ സത്യം നായർ കണ്ടെത്തുമ്പോൾ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ താൽപര്യത്തെ വെല്ലുവിളിച്ച്, വംശഹത്യയ്‌ക്കെതിരെ കിരീടത്തിനും ഡയറിനുമെതിരെ കേസെടുക്കാൻ അദ്ദേഹത്തിന്റെ മനസ്സാക്ഷി അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു.
ആരുടെ ചേറ്റൂർ
കേസരി ചാപ്റ്റ്ർ 2 ഇറങ്ങിയ ശേഷം കോൺഗ്രസും ബി.ജെ.പിയും ഇതിലെ ഇതിവൃത്തത്തിൽ നിന്ന് അകന്ന് അതിനെ ഒരു രാഷ്ട്രീയ ആയുധമാക്കാൻ മത്സരിക്കുകയാണ്. കേരളത്തിൽ ഇക്കളിയിൽ നേട്ടത്തിന് കൊതിക്കുന്നത് ബി.ജെ.പി തന്നെ. കോൺഗ്രസുകാർ മറന്നു പോയ അവരുടെ നേതാവിനെ തങ്ങൾ കണ്ടെത്തി ആദരിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാൻ സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് 'ചേറ്റൂർ ഓപ്പറേഷൻ'.
കോൺഗ്രസ് ചേറ്റൂർ ശങ്കരൻ നായർക്ക് വേണ്ടത്ര പരിഗണന കൊടുത്തിട്ടില്ല. അവഗണിച്ചു. വേണമെങ്കിൽ അതിനൊരു ചരിത്ര പശ്ചാത്തലം കണ്ടെത്തി കോൺഗ്രസ് നേതൃത്വത്തിന് തടിതപ്പാം. പക്ഷെ ബി.ജെ.പി വിഷയം കൈവിടാൻ ഒരുക്കമല്ല. 1897ൽ അമരാവതിയിൽ കൂടിയ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ്. വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇൻഡ്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു.
1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ദേശസ്‌നേഹിയായ ചേറ്റൂർ വൈസ്രോയിയുടെ എക്‌സിക്യൂട്ടിവ് കൗൺസിലിൽ നിന്നു രാജിവച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിക്കുകവരെ ചെയ്തു. എന്നാൽ ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോൺഗ്രസിൽ നിന്നും അകന്നു. ഗാന്ധിജിയുടെ നിലപാടുകളെ, പ്രത്യേകിച്ച് നിസ്സഹകരണ പ്രസ്ഥാനങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു.
ഇക്കാരണം കൊണ്ടാണ് തങ്ങൾ ചേറ്റൂരിന് വേണ്ടത്ര പരിഗണന നൽകാതിരുന്നത് എന്ന് വാദിക്കാൻ ഇന്ന് കോൺഗ്രസ് നേതൃനിരയിൽ ആരാണുള്ളത് ? അങ്ങനെയൊക്കെ വാദിക്കാൻ അവർക്ക് എവിടെയാണ് സമയം. അത് പഠിച്ച് ചേറ്റൂരിന്റെ ജന്മനാടായ മങ്കരയിലെ ജനങ്ങളെയെങ്കിലും ബോധ്യപ്പെടുത്താൻ കെ. സുധാകരനും കൂട്ടർക്കും കഴിയുമോ? പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളും പിൽക്കാലത്ത് കോൺഗ്രസിലെ ശാക്തിക സംതുലനത്തിലുണ്ടായ വ്യത്യാസങ്ങളും ശങ്കരൻ നായർ വിസ്മരിക്കപ്പെടാൻ കാരണമായി. 'ഗാന്ധിയും അരാജകത്വവും' എന്ന പുസ്തകത്തിൽ ഗാന്ധിയൻ സമരരീതികളെ വിമർശിച്ചതായിരുന്നു വലിയൊരു കാരണം.
നിസ്സഹകരണ പ്രസ്ഥാനത്തെ അദ്ദേഹം എതിർത്തു. അത് സമൂഹത്തിൽ ആക്രമവും അരാജകത്വവും പടർത്താൻ കാരണമാകും എന്ന് അദ്ദേഹം വാദിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന് അദ്ദേഹം എതിരായിരുന്നു, അത് മതത്തെ രാഷ്ട്രീയവത്ക്കരിച്ചുവെന്നും ഹിന്ദുമുസ്ലിം സംഘർഷത്തെ വളർത്താൻ ഒരു പരിധിവരെ കാരണമായെന്നും അദ്ദേഹം കരുതി. ഈ കാഴ്ചപ്പാടുകൾ അദ്ദേഹത്തെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അകറ്റി.
1920കളിൽ ഗാന്ധി വലിയൊരു ജനനായകനായി മാറിക്കഴിഞ്ഞിരുന്നു,
രാജ്യമാകെ ഗാന്ധി തരംഗമായി. അപ്പോൾ കെളോണിയൽ ഭരണഘടനയെ പിന്താങ്ങുന്ന ആൾ എന്ന നിലയ്ക്ക് ശങ്കരൻ നായർക്ക് പാർട്ടി പ്രവർത്തകർക്കിടയിൽ ജനപ്രീതി കുറഞ്ഞു. നിയമപരവും ജനാധിപത്യപരവുമായ മാർഗങ്ങളായിരുന്നു അദ്ദേഹത്തിന് താല്പര്യം. ബ്രിട്ടീഷുകാരുമായി സഹകരിച്ചു പ്രവർത്തിച്ച പശ്ചാത്തലവും തിരിച്ചടിയായി. നിയമപരവും ഭരണഘടനാപരവുമായ മാർഗങ്ങളിലൂടെ വേണം രാജ്യത്തിന് സാമന്തരാജ്യ പദവി നേടേണ്ടത് എന്നായിരുന്നു അദ്ദേഹം കരുതിയത്.
ആറ്റിക്കുറുക്കിയാൽ ചേറ്റൂരിന്റെ ജീവിതരേഖ ഇപ്രകാരമാണ്
1857 ജൂലായ് 11ന് ശങ്കരൻ നായർ ജനിച്ചു. ബ്രിട്ടീഷ് സർക്കാരിൽ തഹസിൽദാരായിരുന്ന ഗുരുവായൂർ മമ്മായിൽ രാമുണ്ണിപ്പണിക്കരും ചേറ്റൂർ പാർവ്വതിയമ്മയുമായിരുന്നു മാതാപിതാക്കൾ. കോഴിക്കോട്ടും മദ്രാസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1879ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻഡ്യൻ യൂണിവേഴ്‌സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാനുള്ള ഇൻഡ്യൻ സെൻട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1904ൽ കമാൻഡർ ഓഫ് ഇൻഡ്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912ൽ സർ പദവിയും നൽകി.
ഇത്രയും പകിട്ടുള്ള ആ വ്യക്തിത്വമാണ് പിന്നീട് തങ്ങളുടെ ദേശീയ അദ്ധ്യക്ഷനായതെന്ന് ഓർമ്മിക്കാൻ ഒരോ കോൺഗ്രസുകാരനേയും പ്രേരിപ്പിക്കുന്നതാണ് ബി.ജെ.പി ഉയർത്തുന്ന ചേറ്റൂർ സ്‌നേഹം.
ചേറ്റൂർ സ്‌നേഹം
മങ്കര പഞ്ചായത്ത് ഭരിക്കുന്നതു പോലും കോൺഗ്രസാണ്. എന്നിട്ടും ചേറ്റൂരിന് ഉചിതമായ ഒരു സ്മാരകം തീർക്കാൻ അവർക്കു കഴിഞ്ഞില്ല എന്ന ആക്ഷേപമാണ് ബി.ജെ.പിയുടെ തുറുപ്പു ചീട്ട്. ഒറ്റപ്പാലത്തെ ചേറ്റൂരിന്റെ വീട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചത് ഈ വിഷയത്തിൽ ബി.ജെ.പിയുടെ മനസ് വ്യക്തമാക്കുന്ന നടപടിയായിരുന്നു. അതിനിടെ,സിനിമ ഒരു നിമിത്തം മാത്രമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ചേറ്റൂരിനെ പ്രശംസിച്ചു രംഗത്ത് വന്നതോടെ ദേശീയ തലത്തിൽ വിഷയം അവതരിക്കപ്പെട്ടു. വിദ്യാർത്ഥികൾ ചേറ്റൂരിന്റെ ചരിത്രം അറിഞ്ഞിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബി.ജെ.പി നേതാക്കൾ ഈ വിഷയത്തിൽ സംസ്ഥാന തലത്തിൽ പ്രചാരണം നടത്തുകയും ചെയ്തു. എന്നാൽ ദേശീയതലത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളാരും ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജയറാം രമേശ് അതിനെ അവഗണിക്കേണ്ട വിഷയമായി ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ ശങ്കരൻ നായരുടെ സംഭാവനകൾ ആധുനിക ഇന്ത്യാചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടതിൽ ഖേദവും അദ്ദേഹത്തിന്റെ ജീവിതകഥ സിനിമയാവുന്നതിൽ സന്തോഷവും ശശിതരൂർ പ്രകടിപ്പിച്ചിരുന്നു. ഒരു ഇംഗ്ലീഷ് ചാനലിനു നൽകിയ അഭിമുഖത്തിൽ, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളുടെ കുത്തൊഴുക്കിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കേരളത്തിനു പുറത്ത് വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയെന്നും തരൂർ പറഞ്ഞു.
എന്നാൽ, സർദാർ പട്ടേൽ അടക്കമുള്ള ദേശീയ നേതാക്കളെ ബി.ജെ.പി ഏറ്റെടുത്ത കാഴ്ച കണ്ടു നിൽക്കനേ കോൺഗ്രസിന് കഴിഞ്ഞുള്ളു എന്നത് സമീപകാല ചരിത്രം. പട്ടേൽ പ്രതിമ വഴി പതിറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച കോൺഗ്രസിന് ബി.ജെ.പി സമ്മാനിച്ചത് ഇതേ പ്രതിയോഗ രാഷ്ട്രീയമാണ്. ചേറ്റൂരിന്റെ കാര്യത്തിൽ കോൺഗ്രസ് അവഗണന കാണിച്ചുവെന്ന് ചേറ്റൂരിന്റെ കുടുംബത്തെക്കൊണ്ട് പറയിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞതോടെ പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ പ്രതിരോധത്തിലായി. ചേറ്റൂരിന്റെ ചരമദിനത്തിൽ അനുസ്മരണ പരിപാടി നടത്താനും അവർ തയാറായി.
സാമൂഹികമാധ്യമങ്ങളുടെ ഇക്കാലത്ത് ഒരോ നിമിഷവും അതിപ്രധാനമാണ്. ജനപ്രിയമാധ്യമങ്ങളെല്ലാം ഉപയോഗിച്ച് തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് അനുകൂലമായ ആഖ്യാനങ്ങൾ നിരന്തരം സൃഷ്ടിക്കുകയാണ് ബി.ജെ.പിയും വലതുപക്ഷവും. കോൺഗ്രസ് നേരേ തിരിച്ചും. ബോസിനും പട്ടേലിനും അംബേദ്കറിനും ശേഷം മറ്റൊരു അതികായനെ കൂടി വലതുപക്ഷം ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണ്.
യുഗപ്രഭാവനായ ചേറ്റൂർ ശങ്കരൻനായരുടെ കാര്യത്തിൽ ഈ ഏറ്റെടുക്കൽ എത്രത്തോളം വിജയകരമാവും എന്നതാണ് പുതിയ രാഷ്ട്രീയ ചോദ്യം.
പ്രിജിത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്