കഴിഞ്ഞ നാലര വർഷമായി സി.പി.എം നൽകാതെ കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴങ്ങൾ ഓരോന്നായി മാണി ഗ്രൂപ്പിനെ തേടി എത്തുകയാണ്. നിയമസഭയിൽ സി.പി.എം ഇത്രയേറെ അധിക്ഷേപിച്ച മറ്റൊരു ധനമന്ത്രിയില്ല. ഇപ്പോൾ അതേ സി.പി.എം മാണി പ്രീണനത്തിന്റെ പിന്നാലെയാണ് കെ.എം. മാണിക്ക് സ്മാരകം പണിയാൻ തലസ്ഥാന നഗരിയിൽ 25 സെന്റ് ഭൂമി വിട്ടുകൊടുക്കാനാണ് ബുധനാഴ്ച ചേർന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചത്. ജോസ് മോനെ സോപ്പിടാനാണോ എന്തോ കെ.എം.മാണിയുടെ ബജറ്റ് പ്രസംഗങ്ങൾ സർക്കാർ ചെലവിൽ പുസ്തകമാക്കി പ്രകാശനം ചെയ്തത് കഴിഞ്ഞയാഴ്ചയിലാണ്. പുസ്തക പ്രകാശനച്ചടങ്ങിലെ അധ്യക്ഷനായി ജോസിനെ നിശ്ചയിച്ചിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല.
കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് യു..ഡി.എഫി.ലെത്തമോ? ഈ ചോദ്യത്തിനു പിന്നാലെയാണിപ്പോൾ രാഷ്ട്രീയ കേരളം. വിദേശയാത്ര കഴിഞ്ഞ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി പാലായിലെ വീട്ടിൽ വിശ്രമിച്ച ശേഷമാണ് ഇന്ന് (ബുധൻ) ജോസ്‌മോൻ കോട്ടയത്തെ വാർത്താ സമ്മേളനത്തിനെത്തിയത്. കോട്ടയത്തുണ്ടായിരുന്ന മന്ത്രി റോഷി അഗസ്റ്റിനാകട്ടെ, വാർത്താസമ്മേളനത്തിനെത്തിയില്ല.
ഭരണം എവിടെയണ്ടോ, അവിടെ മാണിഗ്രൂപ്പുണ്ടാകുമെന്നു ജോസ് കെ.മാണി പറയുന്നു. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തുടർഭരണമെന്നത് അസാധ്യമായിരിക്കെ, ജോസ്.കെ.മാണി ഇത്തരമൊരു പ്രസ്താവനയ്ക്ക് തുനിഞ്ഞതിനു പിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
ഇടത് നൽകിയ രാഷ്ട്രീയ ഗിഫ്റ്റുകൾ
2020 ഒക്‌ടോബർ 14നാണ് മാണിഗ്രൂപ്പ് ഇടതുമുന്നണിയിൽ ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളാണ് സി.പി.എം. മാണിപുത്രന്റെ പാർട്ടിക്ക് നൽകിയത്. എന്നാൽ പല സീറ്റിലും യോഗ്യതയുള്ള സ്ഥാനാർത്ഥികളെ പോലും കണ്ടെത്താൻ ജോസ് കെ. മാണിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് മൽസരിച്ച 13 സീറ്റിൽ 5 എണ്ണത്തിൽ മാത്രമാണ് മാണിഗ്രൂപ്പിന് ജയിക്കാൻ കഴിഞ്ഞത്.
പാലായിൽ ജോസിന്റെ അപ്രതീക്ഷിത തോൽവി, റോഷി അഗസ്റ്റിന് ഗുണമായി. റോഷി അങ്ങനെ മന്ത്രിയായി. മന്ത്രി സമാനമായ ബത്തയും മറ്റ് അലവൻസും കൊടിവച്ച കാറുമെല്ലാം കിട്ടുന്ന ചീഫ് വിപ്പ് സ്ഥാനം എൻ.ജയരാജിനും കിട്ടി. ഇതോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് വാങ്ങിയെടുക്കുകയാണ് പിന്നീട് ജോസ് ചെയ്തത്. സംസ്ഥാന മന്ത്രിപദം സ്വപ്‌നം കണ്ട ജോസിന് മനസ്സില്ലാമനസ്സോടെ ആ 'സിംഹാസനം' റോഷി അഗസ്റ്റിന് വിട്ടുകൊടുക്കേണ്ടി വന്നത് മാണിഗ്രൂപ്പിലെ ജോസിന്റെ അനിഷേധ്യ നേതൃത്വത്തിന് വിനയായെന്നാണ് പിന്നീടുള്ള ദിവസങ്ങൾ തെളിയിച്ചത്.
വേണം, ഒരു സൈക്കോളജിക്കൽ വിജയം
മാണിഗ്രൂപ്പിന്റെ സ്റ്റിയറിംഗ് കമ്മിറ്റി വെള്ളിയാഴ്ച കോട്ടയത്തു നടക്കുമ്പോൾ, പാർട്ടിയിലുള്ള റോഷിയെയും ഗ്രൂപ്പിനെയും നാട്ടകം സരേഷിന്റെ നേതൃത്വത്തിലുള്ള കോട്ടയം ഡി.സി.സിയെയും കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം എം.പി. ഫ്രാൻസിസ് ജോർജിനെയും ജോസിന് ശത്രുക്കളായി തന്നെ കാണേണ്ടിവരും. അതിനർത്ഥം, ജോസഫ് ഗ്രൂപ്പിനെയും കോൺഗ്രസ് പാർട്ടിയിലുള്ള മാണിഗ്രൂപ്പ് വിരുദ്ധരെയും മനഃശാസ്ത്രപരമായെങ്കിലും തോൽപ്പിച്ചതിന്റെ ഓലപ്പടക്കമെങ്കിലും പാർട്ടിയണികൾക്കു മുമ്പിൽ ജോസിന് അന്ന് പൊട്ടിച്ചു കാണിക്കേണ്ടിവരും.
ജോസഫ് ഗ്രൂപ്പിന്റെ സ്ഥിരം തട്ടകമായ തൊടുപുഴ, മുഖ്യശത്രുവായി മാറിയ മാണി സി. കാപ്പന്റെ പാലാ തുടങ്ങിയ സീറ്റുകൾ കിട്ടിയാൽ ശത്രുക്കളുടെ മേൽ വിജയം നേടിയതായി ജോസിന് അണികൾക്കു മുമ്പിൽ അവതരിപ്പിക്കാനാകും. എന്തായാലും ജോസഫ് ഗ്രൂപ്പ് യു.ഡി.എഫ്. വിടില്ലെന്ന ആത്മവിശ്വാസത്തിലാണ് സതീശനും കൂട്ടരും. കേരളാ കോൺഗ്രസുകൾ ഒന്നായി നിന്ന് സമുദായത്തിന്റെ അവകാശങ്ങൾ പിടിച്ചുപറ്റണമെന്ന് ഇരു ഗ്രൂപ്പുകൾക്കും ഇതിനകം ചില സഭാ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബി.ജെ.പി.യ്‌ക്കൊപ്പം നിന്ന് ഇടതുഭരണം ക്രൈസ്തവസമുദായത്തെ ഞെരുക്കുന്നതായി ഇപ്പോൾ തന്നെ പരാതിയുണ്ട്. കേരളത്തിനു പുറത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ക്രൈസ്തവർക്കെതിരെയുള്ള ആക്രമങ്ങളും സഭാനേതൃത്വം ആശങ്കയോടെയാണ് കാണുന്നത്. ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തോടൊപ്പമാണ് ഇരു കേരളാ കോൺഗ്രസുകളും. എന്നാൽ റബർ കർഷകരുടെയും മലയോര ജനതയുടെയും പ്രശ്‌നങ്ങളിൽ ഈ രാഷ്ട്രീയ നേതൃത്വം ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾ
വിദ്യാഭ്യാസമായാലും വനമായാലും ഇടതു മന്ത്രിമാരുടെ ട്രാക്ക് റെക്കോർഡ് വട്ടപ്പൂജ്യമാണെന്ന അഭിപ്രായം സഭാ നേതാക്കൾക്കുണ്ട്. പാർട്ടി പിൻവാതിലിലൂടെ ക്രൈസ്തവ കലാലയങ്ങളിൽ കയറ്റിയ അധ്യാപകർ ഇപ്പോൾ തന്നെ പ്രശ്‌നങ്ങൾ തുടങ്ങിവച്ചിട്ടുണ്ട്. അധ്യാപകനിയമനം, ഭിന്നശേഷി സംവരണം, ഉച്ചക്കഞ്ഞി പ്രശ്‌നം എന്നിവയിലെല്ലാം ഇടതു സർക്കാർ നീതിക്ക് നിരക്കാത്ത സമീപനങ്ങൾ കൈക്കൊള്ളുന്നുണ്ട്.
വർഷങ്ങളായി ശമ്പളം നിഷേധിക്കപ്പെടുന്ന ക്രൈസ്തവ മാനേജ്‌മെന്റ് കലാലയങ്ങളിലെ അധ്യാപകർ മൂലം കുടുംബങ്ങളുടെ നിലനിൽപ്പ് പോലും അപകടത്തിലാകുന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും റിട്ടയർമെന്റ് തുകയുമെല്ലാം വർഷങ്ങളായി അധ്യാപകർക്ക് കുടിശ്ശികയാണ്. എന്തിന് പരീക്ഷാ ജോലിയിൽ ഏർപ്പെട്ട അധ്യാപകരുടെ പ്രതിഫലം, ഉച്ചക്കഞ്ഞി വിതരണത്തിനായുള്ള സർക്കാർ വിഹിതം തുടങ്ങി സർക്കാർ നൽകേണ്ട പല സാമ്പത്തിക തുകകളും മാസങ്ങളായി കുടിശ്ശികയാണ്. വനംവകുപ്പ് ഭരിച്ച് കുളമാക്കിയ എൻ.സി.പി.യുടെ നേതാവ് എ.കെ.ശശീന്ദ്രന് ഇത്തവണയും എലത്തൂർ സീറ്റ് നൽകുമ്പോൾ, ഇടതുമുന്നണി ഏറ്റെടുക്കുന്നത് ഈ കണ്ണൂർക്കാരൻ മന്ത്രിയുടെ കെടുകാര്യസ്ഥതയുടെ വലിയ ഭാണ്ഡക്കെട്ടാണ്.
തീവ്രത കുറഞ്ഞ റേപ്പും, കൂടിയ 'റേപ്പും'
രാഹുൽ മാങ്കൂട്ടത്തിലിനെ നാടുമുഴുവൻ എഴുന്നള്ളിച്ച് ഒരു പെണ്ണുകേസിന്റെ ബലത്തിൽ ശബരിമല കൊള്ളയും മറ്റും മൂടിവയ്ക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ ഇപ്പോൾ നയിക്കുന്നത് ഏതോ പി.ആർ.ടീമാണ്. അവരുടെ ഉപദേശപ്രകാരം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്തെത്തിയപ്പോൾ ഒരു കോൺഗ്രസ് എം.എൽഎ.യെ 'ഊടുപാട് ഓടിച്ചിട്ട് പിടിച്ചുകെട്ടി' മേനി നടിക്കാൻ പിണറായി പ്രകടിപ്പിച്ച രാഷ്ട്രീയ തന്ത്രം വളരെ വിലകുറഞ്ഞതായി.
സോഷ്യൽ മീഡിയയിലെ സി.പി.എം.ന്റെ മാങ്കൂട്ടത്തിലിനോടുള്ള കലിപ്പിന് ഒരാൾ നൽകിയ വിശേഷണം, ഒരു കോഴിയുള്ള ഒരൊറ്റ വീടും, കോഴി ഫാം തന്നെ നടത്തുന്ന ചില പാർട്ടികളുമെന്നായിരുന്നു! നാട്ടിലെ നീതിപീഠത്തിനു മുമ്പിൽ കുറ്റവാളികളെ എത്തിക്കുന്നതിന് കേരളാ പോലീസ് നടത്തുന്ന 'പാതിരാ റെയ്ഡ്' എങ്ങനെ ന്യായീകരിക്കാനാകും? രാഹുൽ കുറ്റക്കാരനെങ്കിൽ അത് കോടതി കണ്ടെത്തണം, ശിക്ഷിക്കണം. ഏതായാലും പാർട്ടിയിലെ ഈ ലൈംഗികാതിക്രമക്കേസുകൾ അന്വേഷിക്കാൻ പാർട്ടിക്കുള്ളിൽ സമാന്തര സംവിധാനമുണ്ടെന്ന് കോൺഗ്രസ് പാർട്ടി പറഞ്ഞില്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.
ഇതിനിടെ തീവ്രത കൂടിയ ഭൂകമ്പവും കുറഞ്ഞ ഭൂകമ്പവുമെന്ന രീതിയിൽ ഒരു ഇടതു വനിതാ നേതാവ് നടത്തിയ അവകാശവാദവും കേട്ടിരുന്നു. റേപ്പിനുമുണ്ടോ, തീവ്രതയുടെ അളവുകോൽ? മറുപടി പറയേണ്ടത്, അങ്ങനെ എക്‌സ്പീരിയൻസുള്ള ഏതെങ്കിലും ഒരു വനിതാ നേതാവായിരുന്നാൽ നന്ന് എന്ന മട്ടിലുള്ള അഭിപ്രായങ്ങളും കേട്ടു. നടൻ മുകേഷിന്റെ റേപ്പ് തീവ്രത കുറഞ്ഞതാണെന്ന സി.പി.എം. വനിതാ നേതാവിന്റെ അവകാശവാദം ഇത്തരം പെണ്ണുകേസുകളെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അതേ നേതാക്കൾ പുലർത്തേണ്ട ജാഗ്രതയെ ഓർമ്മിപ്പിക്കുന്നു.
കടം വേണം, അതിനും ഉപവാസം!
ഈയിടെ കേരളാ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതു നേതാക്കളും തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ഉപവാസ സമരം ഏതായാലും നാട് കണ്ട ഏറ്റവും രസകരമായ മിമിക്രിയായി മാറി. മുഖ്യമന്ത്രി കേന്ദ്രസഹായം ലഭിക്കുന്നില്ലെന്നു പറഞ്ഞതിനെ ബി.ജെ.പി. പ്രസിഡന്റ് ചന്ദ്രശേഖർ നേരിട്ടത് കണക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു.
10 വർഷം ഭരിച്ച് കസേര വിടാൻ ഒരുങ്ങുമ്പോൾ കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളാ സർക്കാരിന്റെ ആവശ്യത്തെ ഖണ്ഡിക്കാൻ ചന്ദ്രശേഖർ ഉദ്ധരിച്ചത് സി.എ.ജി. റിപ്പോർട്ടുകളായിരുന്നു. 2004-2014 കാലഘട്ടത്തിൽ യു.പി.എ. ഭരണകൂടം കേരളത്തിന് നൽകിയത് 72000 കോടി രൂപയാണെന്നു ചന്ദ്രശേഖർ പറയുമ്പോൾ, അന്ന് കേന്ദ്രത്തിന്റെ വകയായുള്ള ജി.എസ്.ടി. കൊള്ളയുണ്ടായിരുന്നില്ലെന്ന കാര്യം അദ്ദേഹം തന്ത്രപൂർവം മറച്ചുവച്ചു. യു.ഡി.എഫ്. ഭരണം അവസാനിച്ച 2016ൽ 10 വർഷം ഭരിച്ച പിണറായി സർക്കാരിന്റെ കടം 5 ലക്ഷം കോടി രൂപ. 2014-25ൽ മോദി ഭരണകൂടം കേരളത്തിന് നൽകിയത് 3.2 ലക്ഷം കോടി രൂപയാണ്.
10 വർഷം കൊണ്ട് കേന്ദ്രത്തിൽ നിന്ന് മൊത്തമായി കിട്ടിയ 7 ലക്ഷം കോടി രൂപ എവിടെ പോയെന്ന് ചന്ദ്രശേഖർ ചോദിക്കുന്നു. ഭരണനേട്ടങ്ങൾ പറയുന്ന പിണറായി സർക്കാർ ഇനിയും സ്വന്തമായി കിടപ്പാടമില്ലാതെ ചേരികളിൽ കഴിയുന്ന 45000 പേരെക്കുറിച്ച് മൗനമാണ്. 54 ലക്ഷം വീടുകളിൽ ഇനിയും കുടിവെള്ളമെത്തിയിട്ടില്ല. കോൺട്രാക്ടർമാർക്ക് നൽകാനുള്ള 6000 കോടി അടക്കം നിരവധി ക്ഷേമപദ്ധതികളിലെ ആനുകൂല്യങ്ങൾ നൽകാതെയാണ് ഈ സർക്കാർ പടിയിറങ്ങാൻ പോകുന്നത്.
എന്നെ അറസ്റ്റ് ചെയ്യൂ, ജയിലിലടയ്ക്കൂ
അറസ്റ്റ് ചെയ്യപ്പെട്ട് ലോക്കപ്പിൽ കയറിപ്പറ്റാൻ വേണ്ടി ഒരു പഴയ സിനിമയിൽ (ജൂനിയർ മാൻഡ്രേക്കെന്നാണ് ഓർമ്മ) ജഗതി ശ്രീകുമാർ നടുറോഡിൽ പായവിരിച്ചു കിടക്കുന്നതും, യാതൊരു കാര്യമില്ലാതെ മറ്റുള്ളവരുടെ 'മെക്കിട്ട് കയറി' കേസുണ്ടാക്കുന്നതും നാം കണ്ടിട്ടുണ്ട്. കേരളത്തിൽ ഇനി അങ്ങനെയും സംഭവിക്കാം. കാരണം, അത്രയേറെ ആകർഷകമാണ് ഇപ്പോൾ ജയിൽ ജീവിതം. ഇന്ന് മനോരമ നൽകിയ ഈ വാർത്ത നവമാധ്യമങ്ങളിൽ നേരത്തെ വന്നിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽപെട്ടവരുടെ ദിവസവേതനം 369 രൂപയാണെങ്കിൽ, തടവുകാർക്ക് പിണറായി പുതിയതായി കൽപ്പിച്ചു നൽകിയ ദിവസക്കൂലി 620 രൂപയാണ്.
10 വർഷം ജയിലിൽ കിടന്നാൽ 22.5 ലക്ഷം രൂപയോടെ തിരിച്ചിറങ്ങാമെന്നാണ് ഒരു വിരുതന്റെ ഫേസ്ബുക്ക് പോസ്റ്റ്. തടവുകാരിൽ അധികവും ചില രാഷ്ട്രീയ പാർട്ടികളിൽപെട്ടവർ മാത്രമായതുകൊണ്ട് അവരിൽ നിന്നും 'പാർട്ടി ലെവി' പിരിക്കാൻ കഴിയുമെന്ന് ചില നേതാക്കൾ കണക്കുകൂട്ടുന്നുണ്ടോ ആവോ? കശുവണ്ടി തൊഴിലാളികളേക്കാളും സ്വകാര്യ സുരക്ഷാ ജീവനക്കാരെക്കാളും ആശാവർക്കർമാരെക്കാളും തൊഴിലുറപ്പ് തൊഴിലാളികളെക്കാളും തടവുകാർക്ക് വേതനം കൂട്ടാൻ സർക്കാർ തീരുമാനിച്ചത് ഭരിക്കുന്നവർ ജനങ്ങളോട് വിശദീകരിക്കേണ്ടതാണ്.
ജോസൂട്ടന്റെ മുന്നറിയിപ്പുകൾ
ഈ ആഴ്ചക്കുറിപ്പ് എഴുതിത്തുടങ്ങിയത് ജോസ് കെ.മാണിയുടെ രാഷ്ട്രീയ വിശേഷങ്ങൾ പറഞ്ഞുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ കോളം എഴുതിത്തീർക്കുന്നതും അതേ വിഷയത്തെ പരാമർശിച്ചുകൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമുള്ള രണ്ട് ഇടതുമുന്നണി യോഗങ്ങളിൽ ജോസ് കെ. മാണിയോ, മാണിഗ്രൂപ്പിന്റെ പ്രതിനിധിയോ പങ്കെടുത്തില്ല. മന്ത്രി റോഷി അഗസ്റ്റിൻ ഇടതിനോടൊപ്പമാണെന്നു പറയുന്നുണ്ടെങ്കിലും യു.ഡി.എഫുമായി 'രഹസ്യ വിലപേശൽ' നടത്തുന്നുണ്ടോയെന്ന് സംശയിക്കുന്നവരുണ്ട്.
കേരള സഭയുടെ കർഷക കൂട്ടായ്മയായ ഇൻഫാമിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു. കട്ടപ്പനയിൽ നടന്ന ഈ യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തിരുന്നു. രണ്ടിലയിൽ ഒരെണ്ണം മതിയെന്ന തന്ത്രമാണ് സി.പി.എം. പയറ്റുന്നത്. എന്നാൽ യു.ഡി.എഫിലേക്കാണെങ്കിൽ 'രണ്ടില' യും ഒരുമിച്ച് വരണമെന്ന് കോൺലീഗ് നേതൃത്വങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എന്തായാലും, ഇടതുമുന്നണിയുടെ ജനപിന്തുണ ഒലിച്ചുപോയെന്നു കരുതുന്ന മണ്ണിൽ രണ്ടില കുത്തിയാലും ഒരു കൊമ്പ് തന്നെ കുത്തിയാലും വേര് പിടിക്കുമോയെന്ന് കണ്ടറിയണം.
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
