മയക്കുമരുന്ന് ഭീകരത ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും തമ്മില്‍ ദീര്‍ഘകാലമായി സംഘര്‍ഷമാണ്. ഇതിന്റെ വിചാരണയ്ക്കായാണ് ഈ മാസം മൂന്നിന് മഡൂറോയെയും ഭാര്യയെയും അവരുടെ കാരക്കാസിലെ വസതിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പിടിച്ച് കൊണ്ടു വന്നത്.
എന്നാല്‍ കാരണം എന്തായാലും ഒരു പരമാധികാര രാജ്യത്തിന്റെ അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അവിടെ കടന്ന് കയറി മറ്റൊരു നാട്ടിലേക്ക് വിചാരണയ്ക്കായി പിടിച്ച് കൊണ്ടു പോകുന്നത് ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര നിയമങ്ങളുടെയും ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള രാജ്യാന്തര ബന്ധങ്ങളേയും പാലിക്കേണ്ട ചട്ടങ്ങളുടെയും നിയവാഴ്ചയുടെയും സ്വതന്ത്ര രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കണമെന്ന വ്യവസ്ഥകളുടെയും ലംഘനം തന്നെയാണെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
അമേരിക്കയുടെ സുരക്ഷയെ ബാധിക്കും വിധം മഡൂറോയ്ക്ക് മയക്കുമരുന്ന് ഭീകരതയുമായി ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ അദ്ദേഹത്തിന് മറ്റ് നിയമ നടപടികള്‍ അഭിമുഖീകരിക്കേണ്ടിയും അറസ്റ്റ് ചെയ്യപ്പെടേണ്ടിയും വന്നേക്കാം. ഒരു രാജ്യത്തിനും രാജ്യാന്തര പൊലീസുകാരന്റെയോ ജഡ്ജിയുടെയോ നിലയിലേക്ക് സ്വയം മാറി ഏകപക്ഷീയമായി സൈനിക നടപടിയടക്കമുള്ള ഇത്തരം നിലപാടുകളിലേക്ക് പോകാനാകില്ല.
മറ്റൊന്നുളളത് തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള മാര്‍ഗമായി സൈന്യത്തെ ഉപയോഗിക്കുക എന്നത് ഒരു രീതിയായി മാറിയിരിക്കുന്നു എന്നതാണ്. അര്‍മേനിയക്ക് നേരെയുണ്ടായ അസര്‍ബെയ്ജാന്‍ അധിനിവേശം, ഉക്രെയാനെതിരെ റഷ്യ നടത്തുന്ന സൈനിക നടപടി, ഇസ്രയേല്‍ ഹമാസിനെതിരെ നടത്തുന്ന ആക്രമണം, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തുന്ന ബോംബ് വര്‍ഷം തുടങ്ങിയവ ഇതില്‍ ചിലതാണ്.
കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലേക്ക് ലോകം പോകുകയാണെങ്കില്‍ സൈനിക ശേഷി കുറഞ്ഞ ചെറു രാജ്യങ്ങളുടെ സ്ഥിതി അതിദയനീയമാകും. അവര്‍ക്കെന്നും ഭയത്തിന്റെ മേലാപ്പ് പുതച്ചേ ഉറങ്ങാനാകൂ. വെനിസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തോട് ലോകനേതാക്കള്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് നടത്തിയത്. റഷ്യ, ചൈന, ഇറാന്‍, ബ്രസീല്‍, ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവ അമേരിക്കയുടെ നടപടിയെ അപലപിച്ചു. എന്നാല്‍ അമേരിക്കയുടെ യൂറോപ്പിലെ സുഹൃത്തുക്കള്‍ കുറച്ച് കൂടി മയത്തിലാണ് പ്രതികരിച്ചത്. അപ്പോഴും പക്ഷേ രാജ്യാന്തര നിയമങ്ങള്‍ പാലിക്കേണ്ടതില്‍ പുലര്‍ത്തേണ്ട ജാഗ്രതയെ കുറിച്ച് അവര്‍ ഓര്‍മ്മിപ്പിച്ചു. അമേരിക്കയെ തള്ളിപ്പറയാന്‍ തയാറാകാതിരുന്ന യൂറോപ്യന്‍ യൂണിയന്‍ മഡുറോയെ ഭര്‍ത്സിക്കാന്‍ പക്ഷേ മറന്നില്ല.
വെനിസ്വേലയിലെ സംഭവ വികാസങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ഇതില്‍ സൂചിപ്പിച്ചിരുന്നു. വെനിസ്വേലയയിലെ ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഇന്ത്യ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ചര്‍ച്ചകളിലൂടെ സമാധാനപരമായി വിഷയം പരിഹരിക്കണമെന്ന് എല്ലാവരോടും ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കണമെന്നും ഇന്ത്യ അഭ്യര്‍ത്ഥിച്ചു.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അമേരിക്കയെ തള്ളാന്‍ ഇന്ത്യ തയാറായില്ല. രാജ്യാന്തര ചട്ടങ്ങള്‍ അമേരിക്ക ലംഘിച്ചു എന്ന് പോലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് അഭിപ്രായം ഉയര്‍ന്നില്ല. എല്ലാവരും ചര്‍ച്ചയിലൂടെ സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്ന നിര്‍ദ്ദേശത്തിലൂടെ, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നടത്തുന്ന സൈനിക നടപടിക്ക് നാം എതിരാണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. ഇന്ത്യാ അമേരിക്ക ബന്ധം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്ക് പിഴചുങ്കം ഏര്‍പ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സ്വതന്ത്ര വാണിജ്യ കരാറും സന്നിഗ്ദ്ധ ഘട്ടത്തില്‍ ആക്കിയിരിക്കുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അമേരിക്കയും വെനിസ്വേലയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും അമേരിക്ക വെനിസ്വേലയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം എടുത്ത് കളയുകയും ചെയ്താല്‍ ഇന്ത്യക്ക് ഊര്‍ജാവശ്യങ്ങളില്‍ അത് പുത്തന്‍ അവസരങ്ങള്‍ തുറന്ന് തരികയാകും ചെയ്യുക. വെനിസ്വേലയുടെ വിപണിയിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ക്ക് പുനപ്രവേശനം സാധ്യമാകും.
അമേരിക്കയുടെ വെനിസ്വേലിയന്‍ അധിനിവേശത്തിലേക്ക് മാത്രം കാര്യങ്ങള്‍ പരിമിതപ്പെടുന്നില്ല. വെനിസ്വേലയിലെ കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനുള്ള ചെലവുകള്‍ വെനിസ്വേലയുടെ എണ്ണ വിഭവങ്ങളില്‍ നിന്ന് കണ്ടെത്താമെന്നുമാണ് അമേരിക്കയുടെ നിലപാട്.
കോളനിവത്ക്കരണത്തിലേക്ക് മടങ്ങുന്നുവോ?
വെനിസ്വേലന്‍ നടപടിയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത് മഡൂറോയുടെ കള്ളക്കടത്ത് ബന്ധമാണ്. ഇത് തങ്ങളുടെ ദേശസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്നും അമേരിക്ക ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതിനപ്പുറം ചില കാരണങ്ങള്‍ കൂടിയുണ്ട്. വെനിസ്വേലയുടെ വമ്പന്‍ എണ്ണ ശേഖരത്തിലാണ് അമേരിക്കയുടെ കണ്ണ്. ഇതിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ സമ്പത്താണ് വെനിസ്വേലയുടേത്.
ചൈനീസ് നാണയത്തില്‍ ചൈനയ്ക്ക് എണ്ണ വില്‍ക്കുന്നതില്‍ ട്രംപിന് അസംതൃപ്തിയുണ്ട്. ആഗോള സമ്പദ്ഘടനയില്‍ ഡോളറിനെ തള്ളുന്നതിനോട് ട്രംപിന് താത്പര്യമില്ല. ബ്രിക്സ് രാജ്യങ്ങള്‍ അവരുടെ കറന്‍സി കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പ്രാദേശിക കറന്‍സിയില്‍ അവര്‍ വാണിജ്യം നടത്തുന്നതിനെയും ട്രംപ് എതിര്‍ക്കുന്നു. ഇങ്ങനെ വരുന്നത് ആഗോള വിപണിയില്‍ അമേരിക്കന്‍ ഡോളറിന്റെ ആധിപത്യത്തെ തകര്‍ക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.
ലാറ്റിനമേരിക്കയിലെ ചില അയല്‍രാജ്യങ്ങളെയും ട്രംപ് ഇതേ കാരണത്താല്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. 1823ലെ മണ്‍റോ തത്വങ്ങളുടെ വീണ്ടെടുപ്പും പശ്ചിമ അര്‍ദ്ധഗോളത്തില്‍ അമേരിക്കന്‍ ആധിപത്യം ഉറപ്പാക്കാനായി കൊണ്ടുവന്ന സുപ്രധാന ഡോണ്‍റോയ് തത്വങ്ങളുടെ പുനര്‍ബ്രാന്‍ഡിങുമാണിത്. ചുരുക്കത്തില്‍ വെനിസ്വേലില്‍ അമേരിക്ക നടത്തിയ സൈനിക അധിനിവേശം തന്നെയാണ് രാജ്യാന്തര ബന്ധത്തില്‍ മറ്റ് രാജ്യങ്ങളുമായി അമേരിക്ക പിന്തുടരാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം.
എന്തെങ്കിലും ശക്തമായ നിലപാടുകള്‍ പ്രത്യേകിച്ച് അമേരിക്കന്‍ നടപടിയെ അപലപിക്കല്‍ പോലുള്ളത് കൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമില്ലെന്നതാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. മറിച്ച് ഇതിനകം തന്നെ വഷളായ ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ എന്നും ഇന്ത്യ ആശങ്കപ്പെടുന്നു. അതുകൊണ്ട് തന്നെ യുദ്ധത്തിലേക്ക് പോകാതെ സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുക എന്ന മൃദു സമീപനം തന്നെയാണ് ഇന്ത്യയുടെ നയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
