വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ യോഗ്യതയുള്ള ഒരു നേതാവിനെ കണ്ടെത്തും വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അതിനിടെയാണ് വെനസ്വേലയുടെ ആക്ടിംങ് പ്രസിഡന്റായി സ്വയം അവരോധിച്ചിരിക്കുന്നു സാക്ഷാൽ ട്രംപ്.
ഡൊണാൾഡ് ട്രംപ് വീണ്ടും വാർത്തകളിൾ നിറയുകയാണ്. അദ്ദേഹമിപ്പോൾ അമേരിക്കൻ പ്രസിഡന്റ് മാത്രമല്ല, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ യുഎസ് സൈന്യം തടവിലാക്കിയതിന് പിന്നാലെ, താൻ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ് ' ആണെന്ന് കൂടി ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
തീർന്നില്ല, നോബേൽ സമ്മാനം കിട്ടാത്തതിന്റെ ചൊരിക്ക് ഇനിയും തീർന്നിട്ടുമില്ല. ഒന്നല്ല എട്ട് നോബേൽ സമ്മാനത്തിന് താൻ അർഹനാണെന്ന് വിളിച്ചു കൂകാനും ടിയാന് യാതൊരു മടിയുമില്ല. മാത്രമല്ല, ബറാക്ക് ഒബാമയ്ക്ക് എന്തിനിവർ നോബേൽ കൊടുത്തു എന്നുകൂടി അദ്ദേഹം ചോദിച്ചിരിക്കുന്നു. സമീപകാലത്തായി എട്ടു യുദ്ധങ്ങളാണ് താൻ മുൻകൈ എടുത്ത് അവസാനിപ്പിച്ചത് എന്നതിനാലാണ് എട്ട് നോബേലിൽ കാര്യം ഒതുക്കാമെന്നുപോലും വച്ചത്.
നമ്മേ സംബന്ധിച്ച് അതിൽ ഏറ്റവും പ്രധാന കാര്യം പഹൽഗാം ആക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്ഥാൻ യുദ്ധം അദ്ദേഹം അവസാനിപ്പിച്ചെടുത്തു എന്നതാണ്. നോബേലില്ലെങ്കിലും ഇന്ത്യ ഒരു ഗാന്ധി പുസ്‌ക്കാരമെങ്കിലും ട്രംപിന് കൊടുക്കേണ്ടതാണ്. ഒരു വശത്തിങ്ങനെ സമാധാനം ഒക്കെ പറയുമെങ്കിലും പലരാജ്യങ്ങളുടേയും സമാധാനം കെടുത്തുന്ന പണിയാണ് ഇദ്ദേഹം എടുത്തുകൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻ ലാൻഡ് പിടിക്കാൻ വട്ടം കൂട്ടുകയാണിപ്പോൾ.! ഏതാണ്ട് 80% മഞ്ഞു മൂടിയ, വർഷത്തിൽ രണ്ട് മാസം മാത്രം സൂര്യപ്രകാശമെത്തുന്ന ഭൂരിഭാഗം മേഖല. ഒപ്പം പ്രകൃതിവിഭവങ്ങളുടെ അപൂർവ കലവറ. ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിലേക്ക് ട്രംപ് വലയെറിഞ്ഞ് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
വെനസ്വലയിലെ കടന്നുകയറ്റത്തിന് ശേഷം ലഭിച്ച ആത്മവിശ്വാസത്തിൽ തന്റെ പ്രശ്‌നക്കാരായ അയൽക്കാരുടെ പട്ടികയിൽ ഗ്രീൻലാൻഡിനേയും ഉൾപ്പെടുത്തിയിരിക്കുകയാണ് ട്രംപ് ഇപ്പോൾ. എന്നാൽ ഈ നീക്കത്തെ യുഎസിലെതന്നെ മുതിർന്ന സൈനീക ഉദ്യോഗസ്ഥർ തള്ളിയതായാണ് റിപ്പോർട്ട്. നിയമപരവും രാഷ്ട്രീയമായ കാരണങ്ങളാലുമാണ് അവർ ആ നിർദ്ദേശത്തോട് മുഖം തിരിച്ചതത്രെ.
കൊളംബിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ ഉണ്ടെങ്കിലും ആദ്യ ലക്ഷ്യം ഗ്രീൻലാൻഡാണെന്നു പറഞ്ഞുകേൾക്കുന്നു. താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ സൈനിക നടപടിയെ നേരിടാൻ തയ്യാറായിക്കൊള്ളാനാണ് ഭീഷണി. ഇങ്ങനെയൊക്കെ പറയാനും മാത്രം ധൈര്യം വെനിസ്വേലയിലെ നടപടി വഴി കൈക്കലാക്കിയിരിക്കുന്നു ട്രംപ്. അതുപോലെ തന്നെ വെനിസ്വേലയ്ക്ക് പിന്നാലെ അമേരിക്ക ഇറാനെ ലക്ഷ്യമിടുന്നതായി ഒട്ടേറെ അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അമേരിക്കൻ പോർവിമാനങ്ങൾ മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയതായും റിപ്പോർട്ടുകളുണ്ട്. യുഎസിന്റെ സൈനിക വിമാനങ്ങൾ ബ്രിട്ടനിൽ ലാൻഡ് ചെയ്തതായും മാധ്യമ റിപ്പോർട്ടുകളിൽ കാണുന്നു. ഇറാനിലെ ഇപ്പോഴത്തെ ആഭ്യന്തര പ്രക്ഷോഭം മുതലെടുക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം (പ്രത്യേകിച്ച് നിത്യോപയോഗ സാധനങ്ങൾക്ക്), പാശ്ചാത്യ ഉപരോധങ്ങൾ, വർധിച്ചുവരുന്ന ജനരോഷം എന്നിവയുടെ ഫലമാണ് ഇറാൻ ഇന്നു നേരിടുന്ന കടുത്ത വെല്ലുവിളി. ഇറാനിലെ പ്രക്ഷോഭകർക്കെതിരെ നടപടി എടുത്താൽ ഇറാനെ ആക്രമിക്കുമെന്ന് കട്ടായം പറയുകയാണ് ട്രംപ്.
ഇങ്ങനെ ഏറ്റവും ഭീകരമായ ഘട്ടത്തിലേക്കു ട്രംപ് കടന്നിട്ടും ലോകത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു കാര്യം. പണ്ട് യൂറോയിൽ ഓയിൽ വിൽക്കാൻ ശ്രമിച്ച സദ്ദാം ഹുസൈനെ അമേരിക്ക വകവരുത്തി. ആഫ്രിക്കൻ കറൻസിയിൽ വിൽപനക്കു ശ്രമിച്ച ഗദ്ദാഫിയെയും അമേരിക്ക കൈകാര്യം ചെയ്തു. ഇപ്പോൾ, ചൈനീസ് കറൻസിയായ യുവാൻ വഴി ഇന്ധന വിൽപ്പന വിജയകരമായി നടപ്പിലാക്കിത്തുടങ്ങിയ നിക്കോളാസ് മഡൂറോയെ അമേരിക്ക തട്ടിക്കൊണ്ടു പോയി ജയിലിലടച്ചു. ഡോളറിനെ ഒരു ആയുധമായി പരസ്യമായിത്തന്നെ ഉപയോഗിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഇത് ലോകരാഷ്ട്രീയത്തെ എങ്ങനെ മാറ്റിമറിക്കുന്നു...? രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേൽ എന്തു ഭീഷണിയാണ് ട്രംപിന്റെ അമേരിക്ക ഉയർത്തിക്കൊണ്ടിരിക്കുന്നത്...?
അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുന്ന വെനസ്വേലൻ ലഹരിക്കടത്തിന്റെ പേരിലാണ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ ട്രംപ് നടപടി ആരംഭിച്ചതു തന്നെ. വെനസ്വേലയിലെ ലഹരിമരുന്ന് ഭീകരവാദത്തിനെതിരേ അമേരിക്ക ഏറെക്കാലമായി ഉയർത്തുന്ന ഭീഷണികൾക്ക് ശേഷമായിരുന്നു ജനുവരി മൂന്നിലെ ട്രംപിന്റെ നടപടി. ഇതിന് ഔദ്യോഗികമായി ട്രംപ് നൽകുന്ന വിശദീകരണം ലഹരിമരുന്ന് കടത്താണ്.
മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകി അമേരിക്കൻ ജനതയെ നശിപ്പിക്കാൻ ശ്രമിച്ചെന്ന 'നാർക്കോടെററിസം' കുറ്റമാണ് മഡൂറോയുടെയും ഭാര്യയുടെയും മേൽ യുഎസ് ചുമത്തിയിരിക്കുന്നത്. ടൺകണക്കിന് കൊക്കെയ്ൻ, ഫെന്റനൈൽ എന്നിവ അമേരിക്കയിലേക്ക് കടത്താൻ ഗൂഢാലോചന നടത്തി. ഇതായിരുന്നല്ലോ ഇവരുടെ പേരിലുള്ള കേസ്.
വെനിസ്വേലയിലെ യുഎസ് മേൽനോട്ടം: യുഎസ് എത്ര കാലം രാജ്യം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നുവെന്ന് പ്രത്യേകമായി പറയാൻ ട്രംപ് വിസമ്മതിക്കുകയാണ്. എന്നാൽ ട്രംപിനോട് വെനിസ്വേലയിലെ പ്രശ്‌നംതീരാൻ മാസങ്ങളോ, വർഷം തന്നെയോ വേണ്ടിവരുമോ എന്ന് ന്യൂയോർക്ക് ടൈംസ് ചോദിക്കുകയുണ്ടായി.
'താൻ കൂടുതൽ സമയം വേണം എന്നുപറയും' എന്നാണ് ട്രംപ് മറുപടി നൽകിയത്. എന്തായാലും ഈ പ്രശനങ്ങൾക്കു ശേഷം 'സമാധാനം ഉറപ്പുവരുത്തുമെന്നു ബോധ്യപ്പെടുത്താൻ വേണ്ടിയാണെങ്കിലും ഒട്ടേറെ വെനിസ്വേലൻ പൗരന്മാരെയും വിദേശികളെയും അവരുടെ ജയിലുകളിൽ നിന്ന് മോചിപ്പിച്ചിരുന്നു.
1800കളുടെ മധ്യത്തിൽ സ്പാനിഷ് കൊളോണിയലിസത്തിൽ നിന്ന് ലാറ്റിൻ അമേരിക്കൻ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ വെനിസ്വേലൻ സൈനിക ഉദ്യോഗസ്ഥനായ സൈമൺ ബൊളിവാറിന്റെ പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ദാരിദ്ര്യം കുറയ്ക്കുന്നതിനും രാജ്യത്ത് സമത്വം കൊണ്ടുവരുന്നതിനും കാരണമാകുമെന്ന് അദ്ദേഹം വിശ്വസിച്ച നിരവധി സാമൂഹിക പരിഷ്‌കാരങ്ങൾ ഷാവേസ് അവതരിപ്പിച്ചു.
1930കളുടെ മദ്ധ്യം വരെ വെനിസ്വലയുടെ കയറ്റുമതി കാപ്പിയായിരുന്നു. എന്നാൽ 90കളുടെ തുടക്കത്തിൽ എണ്ണ ഖനനം തുടങ്ങിയതോടെ രാജ്യത്തിന്റെ ഗതി മാറ്റിമറിച്ചു. പ്രധാന ഉൽപ്പന്നം എണ്ണയായിമാറി. ലോകത്തിന്റെ സമ്പത് വ്യവസ്ഥയിലെ ഏറ്റവും മികച്ച പത്ത് എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് വെനിസ്വല. ലോകത്തിലെ തന്നെ മൊത്തം എണ്ണനിക്ഷേപത്തിൽ 18 ശതമാനവും ഈ രാജ്യത്തു നിന്നാണ് ലഭിക്കുന്നത്. അത്രതന്നെ ധാതു സമ്പത്തും അവിടെയുണ്ട്. ഇതിനു മുകളിൽ ആധിപത്യം ഉറപ്പിക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. ഇതിനിടെ വെനിസ്വലയിൽ ഒമ്പതു ലക്ഷം കോടി നിക്ഷേപിക്കാൻ അമേരിക്കൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ട്രംപ്.
രാജ്യത്തിന്റെ ഊർജ്ജ മേഖലയിൽ ജലവൈദ്യുതിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു, പ്രധാനമായും ഗയാന ഹൈലാൻഡ്‌സിൽ നിന്നുള്ള ഉറവിടമായ പ്രതിശീർഷ ജലവൈദ്യുത ഉൽപാദനത്തിൽ വെനിസ്വേല ഉയർന്ന സ്ഥാനത്താണ് അത് കൂടാതെ അയൺ ബോക്‌സയിറ്റ് സ്വർണ്ണം എന്നിവ മാറ്റ് ലാറ്റിനമേരിക്കൻ രാജങ്ങളെക്കാൾ കൂടുതൽ വെനിസ്വലയ്ക്കുണ്ട്. കേവലം ഒരു ബസ്‌ഡ്രൈവറായിരുന്ന മഡൂറോ ട്രേഡ് യൂണിയൻ നേതാവെന്ന നിലയിലാണ് പൊതുരംഗത്തെത്തിയത്. 1992ൽ അട്ടിമറിശ്രമത്തിനിടെ ചാവേസ് അറസ്റ്റിലായപ്പോൾ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുൻനിരയിൽ മഡുറോ ഉണ്ടായിരുന്നു.
അമേരിക്കൻ നയങ്ങളുടെ നിശിത വിമർശകനായ അദ്ദേഹം ചാവേസ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ ആറ് വർഷത്തോളം വിദേശകാര്യമന്ത്രിയായി. 2012 ഒക്ടോബറിൽ മഡൂറോയെ വൈസ് പ്രസിഡന്റായി ചാവേസ് നാമനിർദ്ദേശം ചെയ്തു. ഡിസംബറിൽ ക്യൂബയിലേക്ക് നാലാമത്തെ ശസ്ത്രക്രിയയ്ക്ക് പോകും മുൻപ് തന്റെ പിൻഗാമിയായി മഡൂറോയെ ചാവേസ് പ്രഖ്യാപിച്ചിരുന്നു.
എന്തായാലും പല കാരണങ്ങളാൽ അവിടെ തടവിൽ കിടന്നവരെ ട്രംപ് മോചിപ്പിച്ചിരിക്കുകയാണ്. 2025 ഡിസംബർ 29 വരെ വെനിസ്വേലയിൽ 863 പേരെ 'രാഷ്ട്രീയ കാരണങ്ങളാൽ' തടവിലാക്കിയിട്ടുണ്ടെന്നറിയുന്നു. പ്രതിപക്ഷ നേതാക്കളുടെയും വിമർശകരുടെയും മോചനം വെനിസ്വേലയുടെ പ്രതിപക്ഷത്തിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സർക്കാരിന്റെയും ദീർഘകാല ആവശ്യമായിരുന്നു.
2024ലെ പ്രക്ഷുബ്ധമായ തിരഞ്ഞെടുപ്പിനെത്തുടർന്ന് കൂട്ട തടങ്കലിൽ വച്ചിട്ടും, 'രാഷ്ട്രീയ തടവുകാർ' ഉണ്ടെന്ന് വെനിസ്വേല സർക്കാർ നിഷേധിക്കുകയും മഡുറോയുടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതായി കസ്റ്റഡിയിലെടുത്തവരെ ആരോപിക്കുകയും ചെയ്തിരുന്നു.
നിരവധി തടവുകാരെ പാർപ്പിച്ചിരിക്കുന്ന വെനിസ്വേലയിലെ ഏറ്റവും ശ്രദ്ധേയമായ ജയിലുകളിൽ ഒന്നിന് പുറത്ത് തൽക്കാലത്തേക്കെങ്കിലും ഒരു ഉത്സവ പ്രതീതി ഉണ്ടാക്കാൻ കഴിഞ്ഞിരിക്കുന്നു.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
