രോഗം മറയാക്കിയുള്ള ക്രിമിനൽ നാടകം വിലക്കി കോടതി

JANUARY 14, 2026, 10:08 AM

ക്രിമിനൽ കേസിൽ ഉൾപ്പെടുന്ന വിഐപികൾക്ക് അടിയന്തിര വിദഗ്ധ ചികിൽസ ലഭ്യമാക്കാൻ ഐസിയുവും സിസിയുവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കോടതിയോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കേണ്ട കാലമെത്തിയോ? കുറ്റകൃത്യം തെളിഞ്ഞ് തടവു ശിക്ഷ നേരിടുന്നവർക്ക് അന്തസ്സാർന്ന വേതനം ഉറപ്പാക്കാനുള്ള തീരുമാനത്തോടൊപ്പം 'ഐസിയു അറ്റാച്ച്ഡ് കോർട്ട് 'എന്ന ആവശ്യവും ഉയരേണ്ടതായിരുന്നുവെന്ന നിരീക്ഷണം അപ്രസക്തമല്ല.

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ആരോഗ്യം തകരാറിലായെന്ന പേരിൽ അറസ്റ്റ് ചെയ്യാത്തതിൽ രൂക്ഷവിമർശമാണ് അന്വേഷണ ഏജൻസിക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായത്. സ്വർണമോഷണക്കേസിൽ ദേവസ്വം ബോർഡ് അംഗമായ ശങ്കരദാസിന് ഉത്തരവാദിത്വമുണ്ടെന്ന് നേരത്തേ ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ നിരീക്ഷിച്ചിരുന്നു. ശങ്കരദാസിന്റെ മകൻ ഹരിശങ്കർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്ത് ഡി.ഐ.ജിയാണിപ്പോൾ. ഇതാണ് അറസ്റ്റ് നടപടിയിൽ നിന്ന് അന്വേഷണ ഏജൻസിയെ പിന്തിരിപ്പിക്കുന്നതെന്നാണ് കോടതിയുടെ സന്ദേഹം.

'കേസിൽ പ്രതിചേർത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുകയാണ് ശങ്കരദാസ്. ഇയാളുടെ മകൻ എസ്.പി ആയതിനാലാണോ അറസ്റ്റ് ചെയ്യാത്തത്? പ്രതിക്ക് സ്വർണക്കസേര ഇട്ടുകൊടുക്കുകയാണോ?' കോടതി ചോദിച്ചു. എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പരിഭവിച്ചു ഹൈക്കോടതി. ഇതിനോട് കോടതിക്ക് യോജിക്കാനാകില്ലെന്നും ജസ്റ്റിസ് എ. ബദ്‌റുദ്ദീൻ പറഞ്ഞു. പ്രതിചേർത്തതിനു പിന്നാലെയാണ് ശങ്കരദാസ് പക്ഷാഘാതത്തിന് ചികിത്സ തേടി ആശുപത്രിയെ സമീപിച്ചത്.

vachakam
vachakam
vachakam

അതേസമയം ശങ്കരദാസ് യഥാർഥത്തിൽ രോഗബാധിതനാണോ അതോ അഭിനയമാണോ എന്നറിയാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നുമാണ് പോലീസ് ഭാഷ്യം. എങ്കിലും കോടതി ചൂണ്ടിക്കാട്ടിയതു പോലെ ആശുപത്രിയിൽ കിടക്കുന്നയാളെ അറസ്റ്റ് ചെയ്യുന്നതിനോ അവിടെ പോലീസിന്റെ സുരക്ഷാ വലയത്തിൽ നിർത്തുന്നതിനോ നിയമപരമായി തടസ്സമില്ലെന്നിരിക്കേ പോലീസ് കാണിക്കുന്ന അമിതമര്യാദ സംശയാസ്പദമാണെന്ന് നിയമജ്ഞരും മുൻ പോലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.

രോഗം സാധാരണമാണ്. രോഗ ബാധിതരെ ആശുപത്രികൾ ചികിത്സിക്കുക തന്നെ വേണം. അതേസമയം രോഗം നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള കവചമായി മാറുമ്പോൾ അത് സമൂഹത്തോടുള്ള വഞ്ചനയായി മാറുന്നു. ആശുപത്രിയിൽ കിടക്കുന്നുവെന്ന ഒറ്റക്കാരണത്താൽ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കുന്നത് നിയമത്തിനു മുമ്പിലെ സമത്വമെന്ന അടിസ്ഥാന തത്ത്വത്തെ തന്നെ ചോദ്യം ചെയ്യലാണ്. ആശുപത്രികൾ രോഗചികിത്സയ്ക്കുള്ള ഇടമാണ്. നിയമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒളിത്താവളങ്ങളല്ല. ആരോഗ്യം സംരക്ഷിക്കപ്പെടണം. അതിന്റെ മറവിൽ അന്വേഷണം അട്ടിമറിക്കാൻ അനുവദിക്കപ്പെടുന്നതിനു ന്യായീകരണമില്ല. ശങ്കരദാസിന്റെ കാര്യത്തിൽ ഹൈക്കോടതി നടത്തിയ കടുത്ത പരാമർശങ്ങൾ ഈ പ്രവണതയുടെ ആഴം വ്യക്തമാക്കുന്നു. നിയമം അതിന്റെ വഴിക്കു നീങ്ങുമ്പോൾ അത് തടയാൻ മെഡിക്കൽ സർട്ടിഫിക്കറ്റുകളെ കവചമാക്കുന്നത് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

ആശുപത്രികൾക്കുമുണ്ട് ഇക്കാര്യത്തിൽ ധാർമികമായ ചില ഉത്തരവാദിത്വങ്ങൾ. രോഗിയെ ചികിത്സിക്കേണ്ടത് ഡോക്ടർമാരുടെ ബാധ്യതയാണെങ്കിലും കുറ്റവാളികൾക്ക് നിയമത്തിൽ നിന്ന് ഒളിച്ചോടാൻ വ്യാജ റിപ്പോർട്ടുകൾ നൽകുന്നത് വൈദ്യശാസ്ത്ര ധർമത്തിന് നിരക്കുന്നതല്ല. രോഗികൾക്ക് സുഖപ്രദമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനും അന്വേഷണ ഏജൻസികളെ അകറ്റിനിർത്താനും നീതി അട്ടിമറിക്കാനും ആശുപത്രികൾ സഹായിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറക്കാൻ ഇടയാക്കുകയും തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഇത്തരം കേസുകളിൽ സ്വകാര്യ ആശുപത്രി റിപ്പോർട്ടുകളെ മാത്രം ആശ്രയിക്കാതെ, സർക്കാർ നിയോഗിക്കുന്ന സ്വതന്ത്ര മെഡിക്കൽ ബോർഡിന്റെ പരിശോധന നിർബന്ധമാക്കേണ്ടതാണ്. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ നിയമത്തിൽ ഉൾപ്പെടുത്താനും സംവിധാനമാവശ്യം.

vachakam
vachakam
vachakam

പിള്ള തെളിച്ച വഴി

ശങ്കരദാസിന്റെ കാര്യത്തിൽ സത്യാവസ്ഥ എന്തായാലും കുറ്റവാളിയുടെ നേരെ നിയമത്തിന്റെ കൈകൾ നീളുമ്പോൾ പെട്ടെന്ന് രോഗം പിടിപെടുകയോ രോഗം കൂടുകയോ ചെയ്യുന്നത് പരിചിത കാഴ്ചയാണ്. 1999 ൽ ഇടമലയാർ അഴിമതിക്കേസിൽ കൊച്ചിയിലെ വിചാരണക്കോടതി ശിക്ഷ പറഞ്ഞതിന് തൊട്ടുപിന്നാലെ കോടതിയിൽ മോഹാലസ്യപ്പെട്ടുവീണ് തൽക്കാലം ആശുപത്രി വാസത്തിലേക്കു രക്ഷപ്പെട്ട മുൻമന്ത്രി ആർ. ബാലകൃഷ്ണ പിള്ളയാണ് അനാരോഗ്യത്തെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത് തടവറ വാസത്തിൽ പരമാവധി ഇളവു നേടിയ വിഐപി. പിന്നീടു ബാലകൃഷ്ണപിള്ളയെ പലരും അനുകരിച്ചതിനു കോടതികൾ പിന്നീടു സാക്ഷ്യം വഹിച്ചു.

വി.എസ്. അച്യുതാനന്ദൻ നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടത്തിനൊടുവിലായിരുന്നു പിള്ളയുടെ കൈയിൽ വിലങ്ങ് വീണത്. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ വി.എസ്.അച്യുതാനന്ദൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ബാലകൃഷ്ണ പിള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഒരു വർഷത്തെ കഠിനതടവും 10000 രൂപ പിഴയും വിധിച്ചു. ബാലകൃഷ്ണ പിള്ളയ്ക്ക് പുറമേ കരാറുകാരൻ പി.കെ. സജീവൻ, മുൻ കെ.എസ്.ഇ.ബി ചെയർമാൻ രാമഭദ്രൻ നായർ എന്നിവരേയും കോടതി ശിക്ഷിച്ചു. മൂന്നുപേർക്കും ഒരേശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.

vachakam
vachakam
vachakam

കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭയിൽ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ആർ. ബാലകൃഷ്ണപിള്ള ഇടമലയാർ ജലവൈദ്യുത പദ്ധതിയിൽ കരാർ കൊടുത്തതിൽ കൃത്രിമത്വം നടത്തിയെന്നായിരുന്നു ആരോപണം. ഇടമലയാർ ടണൽ നിർമാണത്തിനായി നൽകിയ ടെണ്ടറിൽ ക്രമക്കേടുകൾ ഉണ്ടെന്നും മൂന്നുകോടിയിൽ കൂടുതൽ തുക സർക്കാരിന് നഷ്ടമുണ്ടായെന്നായിരുന്നു വിജിലൻസ് കേസിലെ ആരോപണം. ജസ്റ്റിസ് കെ.സുകുമാരൻ കമ്മീഷന്റെ ശുപാർശയെ തുടർന്നായിരുന്നു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

1990 ഡിസംബർ 14ന് പ്രത്യേക വിജിലൻസ് സംഘം കൊച്ചിയിലെ ഇടമലയാർ പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകി. കേസിൽ ആകെ 22 പ്രതികൾ ഉണ്ടായിരുന്നു. ചില പ്രതികൾ മരിച്ചുപോകുകയും ചിലരെ കോടതി ഒഴുവാക്കുകയും ചെയ്തതോടെ പ്രതികളുടെ എണ്ണം 11 ആയി. വിചാരണ ആരംഭിക്കാനും തടസങ്ങളുണ്ടായി. കുറ്റപത്രം റദ്ദാക്കാൻ പിള്ള ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയും സുപ്രീം കോടതിയും കയറിയിറങ്ങി. പക്ഷേ വിജയിച്ചില്ല. ഒടുവിൽ 1997ൽ കേസിന്റെ വിചാരണ തുടങ്ങി.

വിചാരണ കോടതി ബാലകൃഷ്ണപിള്ള കുറ്റക്കാരനെന്ന് കണ്ടെത്തി. പിള്ളയ്ക്കും മറ്റ് രണ്ട് പേർക്കും അഞ്ച് വർഷം ശിക്ഷയും വിധിച്ചു. എന്നാൽ 2003 ഒക്ടോബർ 31ന് ഈ വിധി ഹൈക്കോടതി റദ്ദാക്കി. പിള്ളയുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും കോടതി തള്ളി. തുടർന്നാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകാത്തതിനെ തുടന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാൽ കാലാവധി പൂർത്തിയാകും മുൻപ് ബാലകൃഷ്ണപിള്ള ജയിൽ മോചിതനായി. കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാർക്കൊപ്പം അതിഗുരുതര രോഗമെന്ന കാരണവും പറഞ്ഞ് ശിക്ഷായിളവ് നൽകി പിള്ളയെ വിട്ടയക്കുകയായിരുന്നു. 60 ദിവസം മാത്രമായിരുന്നു അദ്ദേഹം ജയിലിൽ കഴിഞ്ഞത്. 75 ദിവസം പരോളും അദ്ദേഹത്തിന് ലഭിച്ചു. രോഗമെന്നത് നാട്യമായിരുന്നെന്ന് തുടർന്നുള്ള കാലത്തു ജനങ്ങൾ കണ്ടറിഞ്ഞു.

'അസുഖ പരമ്പര'

പണവും സ്വാധീനവുമുള്ളവർ രോഗമഭിനയിച്ച് കോടതികളെ കബളിപ്പിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലെയും കഴ്ചയാണ്. 25 പേരുടെ മരണത്തിനിടയായ ഗോവയിലെ നിശാക്ലബ് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ക്ലബിന്റെ സഹഉടമ അജയ്ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയപ്പോൾ, രോഗത്തിന്റെ പേരിൽ ആശുപത്രിയിൽ അഡ്മിറ്റ് നേടുകയായിരുന്നു പ്രതി. നട്ടെല്ലിന് പ്രശ്‌നമുണ്ടെന്നു പറഞ്ഞാണ് ഡൽഹി ലജ്പത് നഗറിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബ്രെയിൻ ആൻഡ് സ്‌പെയിനിൽ എത്തിയത്. ഇത് വ്യാജമാണെന്നും അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും മനസ്സിലാക്കിയ ഗോവ പോലീസ് ആശുപത്രിയിൽ നിന്ന് അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്രപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമൻ പയറ്റിയതും ഇതേ തന്ത്രമായിരുന്നു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഈ ഐ.എ.എസ് വീരൻ പ്രവേശനം തരപ്പെടുത്തിയത്.

ചോദ്യം ചെയ്യലോ അറസ്‌റ്റോ അടുത്താൽ ആശുപത്രിവാസം ആരംഭിക്കുന്ന 'അസുഖപരമ്പര' അന്വേഷണത്തെ അട്ടിമറിക്കാനും അറസ്റ്റിൽ നിന്നൊഴിവാകാനുമുള്ള സ്ഥിരം തന്ത്രമായി മാറിയിരിക്കുന്നു. ഇതിനെതിരെ കോടതികൾ മുന്നറിയിപ്പ് നൽകുമ്പോഴും അന്വേഷണ ഏജൻസികളുടെ അയഞ്ഞ സമീപനം ഈ പ്രവണതയ്ക്ക് വളമാകുകയാണ്. ഒരു സാധാരണക്കാരൻ കുറ്റാരോപിതനാകുമ്പോൾ, അയാളുടെ രോഗം അവഗണിച്ച് കസ്റ്റഡിയിലെടുക്കുകയും ജയിലിലടക്കുകയും ചെയ്യാറുണ്ട് പോലീസ്. ഉന്നത സ്ഥാനത്തിരിക്കുന്നവരോ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ളവരോ പ്രതിചേർക്കപ്പെടുമ്പോൾ ആശുപത്രി അവരുടെ സുരക്ഷിത വീടായി മാറുകയും ചെയ്യുന്നു. ചോദ്യം ചെയ്യലിന് നോട്ടീസ് വന്നാൽ ആശുപത്രിയിൽ പ്രവേശനം. അറസ്റ്റിനുള്ള നീക്കമായാൽ ഐ.സി.യുവിൽ. കസ്റ്റഡി ആവശ്യപ്പെട്ടാൽ രോഗം ഗുരുതരം. ഈ പ്രവണത പലപ്പോഴും കോടതികൾ തന്നെ ചൂണ്ടിക്കാട്ടിയതാണ്.

ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾ അടിച്ചുമാറ്റി, പകരം ചെമ്പുപാളികൾ പിടിപ്പിച്ച സൂത്രപ്പണി പുറത്തു വന്നപ്പോൾത്തന്നെ ഭക്തർ തുടർ നാടകങ്ങൾ പ്രതീക്ഷിച്ചിരുന്നു. അയ്യപ്പന്റെ യോഗദണ്ഡിലെയും പ്രഭാ വിളക്കിലെയും വരെ സ്വർണം വെളുപ്പിച്ചെന്ന വിവരം പിന്നാലെ പുറത്തുവന്നു. രണ്ട് മുൻ ദേവസ്വം പ്രസിഡന്റുമാരും കമ്മിഷണറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെ ജാമ്യം കിട്ടാതെ അഴിയെണ്ണുകയാണ്. ക്ഷേത്രത്തിലെ തന്ത്രി അയ്യപ്പന്റെ സ്വർണം കട്ട് കടത്താൻകൂട്ടുനിന്നു എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് റിമാൻഡിലായി. മൂക്കത്തു വിരൽവച്ച് നിൽക്കുന്നു ഭക്തകോടികൾ.

ശ്രീകോവിൽ വാതിലിന്റെയും കട്ടിളപ്പാളികളുടെയും അറ്റകുറ്റപ്പണിക്കും അയ്യപ്പന്റെ അനുജ്ഞ നൽകിയത് 'അയ്യപ്പന്റെ പ്രതിനിധിയായ' തന്ത്രിയാണത്രേ. നിശ്ചിത ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കി അവ പുന:സ്ഥാപിക്കാമെന്ന് 'മേലാളന്മാർ' പ്രതിജ്ഞയെടുത്തത് തന്ത്രിയുടെ മുമ്പാകെ. അറ്റകുറ്റപ്പണികൾ ക്ഷേത്രത്തിൽ വച്ചുതന്നെ നടത്തണമെന്ന നിയമം ലംഘിച്ചും, ഹൈക്കോടതിയെ പോലും അറിയിക്കാതെയും സ്വർണപ്പാളികളും മറ്റും ഇളക്കി കേരളത്തിനു പുറത്തേക്ക് കൊണ്ടുപോയപ്പോഴും തിരികെയെത്തിക്കാൻ ഒന്നര മാസത്തോളം വൈകിയപ്പോഴും തന്ത്രി മൗനം പാലിച്ചത് എന്തുകൊണ്ടെന്ന സംശയം ഭക്തർക്കു നേരത്തെ തന്നെയുണ്ടായിരുന്നു.

അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കുടുങ്ങുമോയെന്ന ചോദ്യം വ്യാപകം. പക്ഷേ, ക്ഷേത്രത്തിന്റെയോ ദേവസ്വം ബോർഡിന്റെയോ കാര്യങ്ങളിൽ നിയമപരമായി വകുപ്പു മന്ത്രിക്ക് റോളില്ല.മന്ത്രിയെ കേസിൽ കുടുക്കുക അത്ര എളുപ്പമല്ലെന്ന് സാരം. പക്ഷേ, വാതിൽപ്പാളികളും മറ്റും ഇളക്കി സ്വർണം പൂശാൻ കൊണ്ടു പോയത് സർക്കാരിന്റെയും മന്ത്രിയുടെയും അറിവോടെയാണെന്ന് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. കോടതിക്കു മുന്നിൽ അസുഖ പരമ്പര ഇനിയും അരങ്ങേറാനുള്ള സാധ്യത തള്ളാനാകില്ലെന്നു സാരം.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam