ഇറാന് ഭരണകൂടം ആടിയുലഞ്ഞ് മുങ്ങിത്താഴുന്ന അവസ്ഥയിലാണ്. സാമ്പത്തിക സമ്മര്‍ദ്ദവും പണപ്പെരുപ്പവും ഉപരോധങ്ങളും ജനജീവിതത്തെ ബാധിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ്. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും അപൂര്‍വവും അസാധാരണവുമായ ഒരു സാമ്പത്തിക യാഥാര്‍ത്ഥ്യം ആരാലും ശ്രദ്ധിക്കപ്പെടാതെ ഉണ്ട്. മറ്റ് രാജ്യങ്ങളില്‍ കറന്‍സികള്‍ സ്വര്‍ണക്കട്ടികളാലോ വിദേശ നാണയ ശേഖരങ്ങളാലോ പിന്തുണയ്ക്കപ്പെടുമ്പോള്‍, ഇറാന്‍ ഇന്നും തന്റെ കറന്‍സിയുടെ വിശ്വാസ്യതയ്ക്ക് അടിത്തറയാക്കുന്നത് രാജകീയ ആഡംബരത്തിന്റെ പ്രതീകങ്ങളായ കിരീടാഭരണങ്ങളെയാണ്.
മ്യൂസിയം വസ്തുക്കളായോ ചരിത്ര സ്മാരകങ്ങളായോ മാത്രമല്ല മറിച്ച് ഒരു സാമ്പത്തിക കരുതല്‍ ആസ്തിയായി തന്നെയാണ് ഇറാന്‍ ഈ അമൂല്യ രത്‌ന ശേഖരത്തെ കാണുന്നത്. ആധുനിക ലോകത്ത് ഇത് അപൂര്‍വമായൊരു മാതൃകയാണ്. ബ്രിട്ടന്റെ കിരീടാഭരണങ്ങള്‍ ലണ്ടന്‍ ടവറില്‍ വിനോദസഞ്ചാര ആകര്‍ഷണമായി നിലനില്‍ക്കുമ്പോള്‍, റഷ്യയുടെയും യൂറോപ്യന്‍ രാജവാഴ്ചകളുടെയും ആഭരണങ്ങള്‍ ചരിത്രത്തിന്റെ ഗ്ലാസ് കേസുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നു.
എന്നാല്‍ ഇറാനില്‍ ഈ ആഭരണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പണം എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ടെഹ്റാനിലെ സെന്‍ട്രല്‍ ബാങ്കിന്റെ ആഴത്തിലുള്ള നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ശേഖരം, രാജ്യത്തിന്റെ കറന്‍സിയായ റിയാലിന് പിന്നിലെ അവസാന പ്രതിരോധരേഖയായാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്നത്തെ ഭൂരിഭാഗം രാജ്യങ്ങളും ഫിയറ്റ് കറന്‍സി സംവിധാനമാണ് പിന്തുടരുന്നത്. അതായത് പണത്തിന്റെ മൂല്യം സര്‍ക്കാര്‍, സമ്പദ്‌വ്യവസ്ഥ, സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള വിശ്വാസത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഒരു നോട്ടിന് പിന്നില്‍ ഇത്ര ഗ്രാം സ്വര്‍ണ്ണമുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇറാന്റെ കാര്യത്തില്‍, ഈ പഴയ സ്വര്‍ണ്ണ മാനദണ്ഡത്തിന്റെ ഒരു ആധുനിക രൂപമാണ് കാണുന്നത്. സ്വര്‍ണ്ണക്കട്ടികള്‍ക്ക് പകരം, രാജ്യം തന്റെ കിരീടാഭരണങ്ങളെയാണ് കരുതല്‍ ശേഖരമായി കണക്കാക്കുന്നത്.
അതേസമയം ഈ ആഭരണങ്ങള്‍ ഒരിക്കലും വില്‍ക്കില്ല, ഒരിക്കലും ലേലത്തിന് വയ്ക്കില്ല, ഒരിക്കലും ധരിക്കുകയുമില്ല. എന്നിരുന്നാലും, അവയുടെ അസ്തിത്വം തന്നെ റിയാലിന് ഒരു മാനസികവും സ്ഥാപനപരവുമായ പിന്തുണ നല്‍കുന്നു. അമിതമായി പണം അച്ചടിക്കപ്പെടുന്ന സാഹചര്യങ്ങളില്‍, ''രാജ്യത്തിന് പിന്നില്‍ യഥാര്‍ത്ഥ മൂല്യമുള്ള ഒരു ശേഖരമുണ്ട്'' എന്ന ഓര്‍മ്മപ്പെടുത്തലായി ഇവ പ്രവര്‍ത്തിക്കുന്നു. ഇത് നേരിട്ട് വിനിമയനിരക്കിനെ നിയന്ത്രിക്കുന്നില്ലെങ്കിലും, കറന്‍സിയുടെ അടിത്തറ പൂര്‍ണമായും ശൂന്യമല്ലെന്ന സന്ദേശമാണ് നല്‍കുന്നത്.
ഇറാന്റെ കിരീടാഭരണങ്ങള്‍ ലോകത്ത് ഇതുവരെ ശേഖരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതും വിലപ്പെട്ടതുമായ അമൂല്യ രത്‌നശേഖരങ്ങളില്‍ ഒന്നാണ്. വജ്രങ്ങള്‍, മരതകങ്ങള്‍, മാണിക്യങ്ങള്‍, മുത്തുകള്‍, സ്വര്‍ണ്ണ വസ്തുക്കള്‍, രത്‌നങ്ങള്‍ പതിച്ച സിംഹാസനങ്ങള്‍, കിരീടങ്ങള്‍ അഞ്ച് നൂറ്റാണ്ടിലേറെ നീളുന്ന പേര്‍ഷ്യന്‍ ചരിത്രത്തിന്റെ അടയാളങ്ങളാണ് ഈ ശേഖരത്തില്‍ അടങ്ങിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പിങ്ക് വജ്രങ്ങളില്‍ ഒന്നായ ദാര്യ-ഇ-നൂര്‍ (പ്രകാശത്തിന്റെ കടല്‍) മുതല്‍ ആയിരക്കണക്കിന് രത്‌നങ്ങള്‍ പതിച്ച സ്വര്‍ണ്ണ ഗോളം വരെ, ഓരോ വസ്തുവും വെറും സൗന്ദര്യത്തിന്റെ ഉദാഹരണമല്ല, ചരിത്രവും അധികാരവും സമ്പത്തും ഒരുമിച്ച് ചേരുന്ന ചിഹ്നങ്ങളാണ്. ഈ ആഭരണങ്ങള്‍ സാമ്പത്തിക കരുതല്‍ ശേഖരമായി മാറിയത് യാദൃശ്ചികമായിരുന്നില്ല.
1937 ല്‍ പഹ്ലവി രാജവംശത്തിന്റെ സ്ഥാപകനായ റെസ ഷാ പഹ്ലവി രാജകീയ ഖജനാവിനെ കൊട്ടാര നിയന്ത്രണത്തില്‍ നിന്ന് മാറ്റി, ബാങ്ക് മെല്ലിയിലേക്ക് ഇന്നത്തെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇറാന്റെ മുന്‍ഗാമിയിലേക്ക് കൈമാറാന്‍ ഉത്തരവിട്ടതോടെയാണ് വഴിത്തിരിവുണ്ടായത്. അതോടെ ആഭരണങ്ങള്‍ രാജാവിന്റെ സ്വകാര്യ സ്വത്തല്ലാതായി. അവ രാഷ്ട്രത്തിന്റെ ആസ്തികളായി. നിയമപരമായും സാമ്പത്തികമായും സ്വര്‍ണ്ണശേഖരങ്ങളെയും വിദേശനാണയ ശേഖരങ്ങളെയും പോലെ തന്നെ അവ കരുതല്‍ ആസ്തികളായി പുനര്‍വര്‍ഗ്ഗീകരിക്കപ്പെട്ടു.
1979 ലെ ഇസ്ലാമിക വിപ്ലവം രാജവാഴ്ചയെ അട്ടിമറിച്ചപ്പോള്‍, രാജകീയ ആഡംബരത്തിന്റെ പല ചിഹ്നങ്ങളും നശിപ്പിക്കപ്പെടുകയോ ഇല്ലാതാകുകയോ ചെയ്തു. എന്നാല്‍ കിരീടാഭരണങ്ങള്‍ അതിജീവിച്ചു. കാരണം അവ രാജവാഴ്ചയുടെ പ്രതീകങ്ങളായിരുന്നില്ല, മറിച്ച് അത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായിരുന്നു. രാജകീയ ചിഹ്നങ്ങളെ സംശയത്തോടെ കണ്ട ഇസ്ലാമിക് റിപ്പബ്ലിക് പോലും ഈ ക്രമീകരണം നിലനിര്‍ത്തിയത്, ഈ ശേഖരത്തിന്റെ തന്ത്രപ്രധാന മൂല്യം മനസ്സിലാക്കിയതുകൊണ്ടാണ്.
ഈ രത്‌നശേഖരത്തിന്റെ ചരിത്രം പതിനാറാം നൂറ്റാണ്ടിലെ സഫാവിദ് ഭരണാധികാരികളിലേക്കും, പതിനെട്ടാം നൂറ്റാണ്ടില്‍ നാദിര്‍ ഷായുടെ കാലത്തേക്കും എത്തിപ്പെടുന്നു. 1739-ല്‍ ഡല്‍ഹി ആക്രമണത്തില്‍ നിന്ന് കൊണ്ടുവന്ന അപാര സമ്പത്താണ് ഈ ശേഖരത്തെ ലോകത്തിലെ ഏറ്റവും സമ്പന്നമായവയില്‍ ഒന്നാക്കി മാറ്റിയത്. പിന്നീട് ഖജര്‍, പഹ്ലവി ഭരണകാലങ്ങളില്‍, നയതന്ത്രം, വാങ്ങലുകള്‍, പുനര്‍രൂപകല്‍പ്പനകള്‍ എന്നിവയിലൂടെ ഈ ശേഖരം തുടര്‍ച്ചയായി വികസിപ്പിക്കപ്പെട്ടു.
ഇന്ന്, ഈ ആഭരണങ്ങള്‍ക്ക് കൃത്യമായ വിപണി മൂല്യം പോലും നിശ്ചയിച്ചിട്ടില്ല. അവ ഇന്‍ഷുറന്‍സ് ചെയ്തിട്ടില്ല, ലേലത്തിന് വച്ചിട്ടില്ല, അളക്കാന്‍ കഴിയാത്തത് എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കപ്പെടുന്നത്. അനൗദ്യോഗിക കണക്കുകള്‍ 20 മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെ മൂല്യം കണക്കാക്കുന്നുണ്ടെങ്കിലും, പല വിദഗ്ധരും അതിനേക്കാള്‍ വളരെ ഉയര്‍ന്ന മൂല്യമുണ്ടെന്ന് വിശ്വസിക്കുന്നു.
അതേസമയം മറ്റൊരു രാജ്യവും ഈ മാതൃക പിന്തുടരാത്തതിന്റെ കാരണം രാഷ്ട്രീയവും സാമ്പത്തികവുമാണ്. മിക്ക രാജവാഴ്ചകളും വളരെ മുമ്പേ അവരുടെ ആഭരണങ്ങളെ സാമ്പത്തിക സംവിധാനത്തില്‍ നിന്ന് വേര്‍തിരിച്ചു. എന്നാല്‍ ഇറാന്റെ ചരിത്രവും വിപ്ലവങ്ങളും ഉപരോധങ്ങളും ആഗോള സാമ്പത്തിക സംവിധാനങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനവും ചേര്‍ന്നപ്പോള്‍, ഈ പാരമ്പര്യേതര കരുതല്‍ ശേഖരം രാജ്യത്തിന് അനന്യമായ ശക്തിയായി മാറി. വിദേശ സര്‍ക്കാരുകള്‍ക്ക് ഇവ മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ കഴിയില്ല; ആഗോള വിപണികള്‍ക്ക് അവയുടെ മൂല്യം കുറയ്ക്കാനും സാധ്യമല്ല.
അവസാനം, ഇറാന്റെ കിരീടാഭരണങ്ങള്‍ റിയാലിനെ നേരിട്ട് സ്ഥിരപ്പെടുത്തുന്നില്ലെങ്കിലും, അവ ഒരു ശക്തമായ ഓര്‍മ്മപ്പെടുത്തലാണ്
രാജ്യത്തിന്റെ കറന്‍സിക്ക് പിന്നില്‍ യഥാര്‍ത്ഥ മൂല്യത്തിന്റെ ഒരു അടിത്തറ ഇന്നും നിലനില്‍ക്കുന്നു എന്നത്. ഉപരോധങ്ങളും അസ്ഥിരതകളും നിറഞ്ഞ ലോകത്ത്, ഇറാന്‍ തെരഞ്ഞെടുത്ത ഈ അസാധാരണ മാര്‍ഗം, സാമ്പത്തിക പ്രതിരോധത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപൂര്‍വവും കൗതുകകരവുമായ അധ്യായങ്ങളിലൊന്നായി ഇപ്പോഴും നിലനില്‍ക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
