സർവകലാശാലകളുടെ മേലുള്ള സർവാധികാരം സ്വന്തമാക്കാൻ സംസ്ഥാന സർക്കാരുകളും ഗവർണർമാരും പരസ്പരം പോരാടുമ്പോൾ നിയമവും പാരമ്പര്യവും മറികടന്നുള്ള വിവേകത്തിന്റെ നേർവഴി തേടുന്നു സുപ്രീംകോടതി. യഥാർത്ഥ മാതൃത്വത്തിന്റെ അപരത്വ തർക്കം നിർദ്ധാരണം ചെയ്യാൻ കുശാഗ്ര ബുദ്ധി മാത്രമേ ശലോമോൻ രാജാവിനു വേണ്ടിവന്നുള്ളൂ. പക്ഷേ, വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപവത്കരണ വിഷയത്തിൽ പരമോന്നത കോടതിയുടെ ദൗത്യം അത്രയൊന്നും എളുപ്പമാകില്ലെന്ന സൂചനകളാണുള്ളത്.
ഗവർണർക്കു താൽക്കാലികമായെങ്കിലും സുപ്രീംകോടതി തിരിച്ചടി നൽകിയെന്ന ആഹ്ലാദത്തിലാണ് കേരളത്തിലെ ഇടതു സർക്കാർ. ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനത്തിന് സുപ്രീംകോടതി നിർദേശിച്ച സെർച്ച് കമ്മിറ്റി രൂപവത്കരണം ഗവർണറുടെ താൽപ്പര്യം മറികടന്നുള്ളതാണ്. റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായി സംസ്ഥാന സർക്കാരും ഗവർണറും നൽകുന്ന പട്ടികയിൽ രണ്ട് പേർ വീതം ഉൾക്കൊള്ളുന്ന അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനാണ് കോടതി ഉത്തരവ്. സെർച്ച് കമ്മിറ്റി നൽകുന്ന ലിസ്റ്റിൽ നിന്ന് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാ ക്രമത്തിലാണ് ചാൻസലറായ ഗവർണർ നിയമനം നടത്തേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സെർച്ച് കമ്മിറ്റി നൽകുന്ന ലിസ്റ്റിൽ നിന്നാണ് മുഖ്യമന്ത്രി മുൻഗണനാ ക്രമം നിശ്ചയിക്കേണ്ടത്. സെർച്ച് കമ്മിറ്റി അധ്യക്ഷന്റെ അംഗീകാരത്തോടെ കുറഞ്ഞത് മൂന്ന് പേരടങ്ങുന്ന ചുരുക്കപ്പട്ടിക അക്ഷരമാല ക്രമത്തിൽ തയ്യാറാക്കിയാണ് മുഖ്യമന്ത്രിക്ക് നൽകേണ്ടത്. മുഖ്യമന്ത്രിയുടെ ശിപാർശയിൽ ഗവർണർക്ക് എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയെ അറിയിക്കണം. ഏതെങ്കിലും കാര്യത്തിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ കാരണ സഹിതം അത് ഗവർണറെ ഉണർത്തണം. തർക്കം വന്നാൽ അന്തിമ തീരുമാനമെടുക്കുന്നത് സുപ്രീംകോടതിയായിരിക്കും.
സെർച്ച് കമ്മിറ്റി രണ്ടാഴ്ചക്കകം നിലവിൽ വരികയും വി.സി നിയമന പ്രക്രിയ ആറാഴ്ചയ്ക്കകം പൂർത്തീകരിക്കുകയും വേണമെന്നാണ് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ശിപാർശ തള്ളി താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി നിയമപരമായി ശരിയല്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. യു.ജി.സി നിർദേശങ്ങൾക്കനുസരിച്ചായിരുന്നു ഗവർണർ നടത്തിയ നിയമനമെന്ന അറ്റോർണി ജനറലിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇതോടെ വി.സി നിയമനത്തിൽ മുഖ്യമന്ത്രിക്കു മുൻതൂക്കം കൈവന്ന അവസ്ഥയാണുള്ളത്.
നേരത്തേ പശ്ചിമബംഗാളിൽ വി.സി. നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും കൊമ്പുകോർത്തപ്പോൾ സുപ്രീംകോടതി നിർദേശിച്ചത് ഇതേ രീതിയിലുള്ള സെർച്ച് കമ്മിറ്റിയായിരുന്നു. മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെയാണ് പശ്ചിമബംഗാളിലെ സെർച്ച് കമ്മിറ്റി അധ്യക്ഷനായി സുപ്രീംകോടതി നിയമിച്ചത്. കേരളത്തിലും ഈ മാതൃകയിലുള്ള കമ്മിറ്റി നിലവിൽ വരണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാറിന്റെ ആവശ്യം അംഗീകരിച്ചെങ്കിലും കോടതി വിധിയിൽ സർക്കാരിന് പൂർണ വിജയം അവകാശപ്പെടാനാകില്ല. സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള അധികാരം സർക്കാരിനാണെന്ന വാദം കോടതി അംഗീകരിച്ചില്ല.
കമ്മിറ്റി നിയമനം കോടതി ഏറ്റെടുക്കുകയാണുണ്ടായത്. താത്കാലിക വി.സി നിയമനം സർക്കാർ പട്ടികയിൽ നിന്നാകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഗവർണർ സമർപ്പിച്ച ഹർജിയിൽ തീർപ്പ് കൽപ്പിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഗവർണറുടെ താത്കാലിക വി.സി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഹർജി നൽകിയിരുന്നു. സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് നിയമിച്ച താത്കാലിക വി.സിമാരുമായി മുന്നോട്ട് പോകാനുള്ള ഗവർണറുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് കോടതി ഉത്തരവെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മുൻ ജസ്റ്റിസ് സുധാൻഷു ധൂലിയയെയാണ് സെർച്ച് കമ്മിറ്റി അധ്യക്ഷനായി സുപ്രീംകോടതി നിയോഗിച്ചത്. സെർച്ച് കമ്മിറ്റിയുടെ ഓരോ സിംറ്റിംഗിനും ജസ്റ്റിസ് സുധാൻഷു ധൂലിയക്ക് മൂന്ന് ലക്ഷം രൂപ വീതം ഓണറേറിയം നൽകണമെന്നും സെർച്ച് കമ്മിറ്റിയുടെ ഓഫീസിനായി തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. പശ്ചിമ ബംഗാൾ പ്രശ്‌നത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ, സെർച്ച് കമ്മിറ്റി പാനൽ തയ്യാറാക്കിയാൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്ന് നിർദേശിച്ചിരുന്നു. ഈ ഉത്തരവ് കേരളത്തിലും ബാധകമാകും. പാനൽ തയ്യാറായാൽ സെർച്ച് കമ്മിറ്റി അധ്യക്ഷൻ സുധാൻഷു ധൂലിയക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തേണ്ടിവരും.
സുപ്രീംകോടതിയുടെ ഇടപെലോടെ ഗവർണറുടെ ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമായ വി.സി നിയമനങ്ങൾക്ക് അറുതിയാകുകയും സർവകലാശാലകൾ നേരിടുന്ന ഭരണപ്രതിസന്ധിക്ക് താമസിയാതെ പരിഹാരമാകുകയും ചെയ്യുമെന്ന അവകാശവാദമാണ് ഇടതു മുന്നണി നേതാക്കൾ പങ്കുവയ്ക്കുന്നത്. ഗവർണർ സർക്കാർ പോരിനെ തുടർന്ന് സിൻഡിക്കേറ്റ് യോഗം ചേരാൻ സാധിക്കാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണ് ഇരു സർവകലാശാലകളും. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് നൽകാനാകുന്നില്ല. ജീവനക്കാരുടെ ശമ്പളവും മുടങ്ങി. സിൻഡിക്കേറ്റ് ചേർന്നാലേ ശമ്പള വിതരണമടക്കമുള്ള ബജറ്റ് വിഹിതം അനുവദിക്കാൻ കഴിയൂ എന്നതാണു നില.
സർവകലാശാലകളിലെ അധികാരത്തർക്കത്തിന് പരിഹാരം കാണുന്നതിനാണ് കോടതിയുടെ മേൽനോട്ടത്തിൽ സെർച്ച് കമ്മിറ്റി രൂപവത്കരിച്ചതെങ്കിലും ഇത് ഭരണകൂടത്തിന്റെ അധികാരത്തിലേക്കുള്ള ജുഡീഷ്യറിയുടെ കടന്നുകയറ്റമാണെന്ന വിമർശം ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസ വിദഗ്ധരാണ് സെർച്ച് കമ്മിറ്റിയിൽ വരേണ്ടതും അതിനെ നിയന്ത്രിക്കേണ്ടതും. വിദ്യാഭ്യാസ വിദഗ്ധനല്ലാത്ത മുൻ ന്യായാധിപനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാഭ്യാസ വിദഗ്ധനല്ലാത്ത ചീഫ് സെക്രട്ടറിയെ സെർച്ച് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചതായിരുന്നു
സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കാനുണ്ടായ ഒരു കാരണം. അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് ഗവർണറും യു.ജി.സിയുമെന്നു സൂചനകളുണ്ട്. സെർച്ച് കമ്മിറ്റിക്ക് സർക്കാരും ഗവർണറും സമർപ്പിക്കേണ്ട പട്ടിക സുപ്രീംകോടതിക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഇരു സർവകലാശാലകളിലേക്കുമായി എ.ഐ.ടി, എൻ.ഐ.ടി ഡയറക്ടർമാർ ഉൾപ്പെടെയുള്ള എട്ട് പേരുടെ പട്ടികയാണ് ഗവർണർ സമർപ്പിച്ചത്. പത്ത് പേരടങ്ങുന്ന പട്ടിക സർക്കാരും സമർപ്പിച്ചു.
താമസിയാതെ സെർച്ച് കമ്മിറ്റി അന്തിമ പാനൽ തയ്യാറാക്കി സ്ഥിരം വി.സി നിയമനത്തിനുള്ള നടപടി ക്രമങ്ങൾ കോടതി നിശ്ചയിച്ച സമയത്തിനകം തന്നെ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. പക്ഷേ, നിയമപോരാട്ടവും അനുബന്ധ വാക്‌പോരാട്ടവും അതോടെ നിലയ്ക്കുമെന്നു കരുതുന്നില്ല നിരീക്ഷകർ.
ജ്ഞാനസഭകൾ
ജ്ഞാനസഭയെന്ന പേരിൽ ഒരു സംഘപരിവാർ സംഘടന ഈയിടെ സംഘടിപ്പിച്ച വിദ്യാഭ്യാസസമ്മേളനം അതിലെ സർവകലാശാല വൈസ്ചാൻസലർമാരുടെ പങ്കാളിത്തം കൊണ്ട് വിമർശന വിധേയമായിരുന്നു. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അടക്കം പങ്കെടുത്ത് വിപുലമായ മുന്നൊരുക്കത്തോടെയാണ് ഈ സമ്മേളനം കൊച്ചിയിൽ ചേർന്നത്. ജ്ഞാനസഭയുടെ ലക്ഷ്യമെന്തായിരുന്നു എന്ന് സംഘാടകർ വിശദീകരിച്ചതോടെ ചില ഉത്ക്കണ്ഠകൾ ഉണർന്നു വന്നു. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയക്രമം രൂപപ്പെടുത്താൻ രാഷ്ട്രീയമായും അക്കാദമികമായുമുള്ള ഉന്നതർ ശാസ്ത്ര പിന്തുണയില്ലാത്ത നിരവധി പ്രചരണങ്ങൾ നടത്തിയിട്ടുണ്ട്. അവയെ സാധൂകരിക്കുന്നതിന് സർവകലാശാലകളടക്കമുള്ള അക്കാദമിക സ്ഥാപനങ്ങളെ ഉപയോഗിക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണ് ജ്ഞാനസഭയെന്ന സംശയം വ്യാപകമായി.
ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും മേഖലകളിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന നുണകളെ സാധൂകരിക്കുന്നതിന് സ്‌കൂളുകളിലെയും സർവകലാശാലകളിലെയും പാഠ്യപദ്ധതികളും ശാസ്ത്ര കോൺഗ്രസ് പോലുള്ള വേദികളും ഉപയോഗപ്പെടുത്തുന്നു. സംഘപരിവാർ മുമ്പേ തന്നെ പ്രചരിപ്പിക്കുന്നതും 1999-2004 ലെ വാജ്‌പേയ് മന്ത്രിസഭ തുടങ്ങിവയ്ക്കുകയും ചെയ്ത കാവിവൽക്കരണം ഭാരതീയ ജ്ഞാനവ്യവസ്ഥയെന്ന പുതിയ പേരിൽ അവതാരമെടുത്തിരിക്കുന്നു. 2020 ൽ ദേശീയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചപ്പോൾ അതിന്റെ കാതൽ കേന്ദ്രീകരണവും വാണിജ്യവത്ക്കരണവും വർഗീയവത്ക്കരണവുമായിരുന്നു.
ദേശീയ വിദ്യാഭ്യാസനയത്തിലെന്ന പോലെ ജ്ഞാനസഭയിലും ഉയർന്ന ആശയം വിദ്യാഭ്യാസത്തെ കൊളോണിയൽ സ്വാധീനത്തിൽനിന്ന് മോചിപ്പിക്കുകയെന്നതാണ്. ഒപ്പം ഭാരതീയ അറിവുകളും സിദ്ധാന്തങ്ങളും വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുകയും വേണം. ദേശീയ വിദ്യാഭ്യാസനയത്തിന് ശേഷമുള്ള കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചിട്ടുണ്ടെന്നും അതിന്റെ രണ്ടാംഘട്ടം തുടങ്ങാൻ സമയമായെന്നുമാണ് ജ്ഞാനസഭയുടെ സംഘാടകർ അവകാശപ്പെടുന്നത്.
ആര്യന്മാരാണ് ഇന്ത്യയുടെ ആദിമ ജനത, ലോകത്തുള്ള എല്ലാ വിജ്ഞാനവും പുരാതന ഭാരതത്തിലുണ്ടായിരുന്നു, ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ഗോളാന്തര യാത്രകൾക്കനുയോജ്യമായ വിമാനങ്ങൾ ഇന്ത്യ കണ്ടെത്തിയിരുന്നു തുടങ്ങിയ പ്രചരണങ്ങളിലൂടെ പുരാതന ഇന്ത്യയെക്കുറിച്ച് മിഥ്യാഭിമാന ബോധം പ്രചരിപ്പിക്കുകയും അത് രാഷ്ട്രീയാധികാരം നേടുന്നതിനുള്ള മാർഗമാക്കുകയും ചെയ്യുകയാണ് ഹിന്ദുത്വ വാദികളുടെ ഒരു തന്ത്രം. വാസ്തുശാസ്ത്രത്തെ ആർക്കിടെക്ചറുമായും രസായനവിദ്യയെ ലോഹവിജ്ഞാനവും രസതന്ത്രവുമായും ആയുർവേദത്തെ ജനിതകശാസ്ത്രവുമായും ചേർത്ത് വ്യാഖ്യാനിച്ച് പുരാണ കെട്ടുകഥകൾക്ക് ശാസ്ത്രത്തിന്റെ മിഥ്യാവരണം നൽകുന്നതിനുള്ള ശ്രമവുമുണ്ട്.
ഗണപതിയുടെ പ്ലാസ്റ്റിക്ക് സർജറിയും ഗാന്ധാരിയുടെ ടെസ്റ്റ് ട്യൂബ് ശിശുപ്രസവത്തിന്റെ കഥയും ഉദാഹരണങ്ങൾ. ഇന്ത്യയിൽ രാമേശ്വരത്തിനും ശ്രീലങ്കയിൽ മാന്നാർ ദ്വീപിനുമിടയിൽ സമുദ്രാന്തർഭാഗത്ത് ഉയർന്ന് കാണപ്പെടുന്ന ചുണ്ണാമ്പ് കല്ല് നാടയെ രാമസേതു എന്ന് വിളിച്ച് അതിനെ വാനരസേനയുടെ എൻജിനീയറിങ് വൈദഗ്ദ്ധ്യമായി അവതരിപ്പിക്കുന്നതും ഭാരതീയ ജ്ഞാന വ്യവസ്ഥയുടെ ഭാഗമാണ്. കേവലമായ പുരാണകഥകളെ വാസ്തവചരിത്രമോ ശാസ്ത്രമോ ആയി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്. ജ്യോതിഷം എന്ന കപടശാസ്ത്രത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമം ന്യൂകയർ പ്രൊഫസർ കൂടിയായിരുന്ന മുരളീ മനോഹർ ജോഷിയുടെ കാലം മുതൽ തുടങ്ങിയതാണ്. വേദഗണിതമാണ് മറ്റൊരുദാഹരണം.
പാഠ്യപദ്ധതിയിൽ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും വരുത്തിയാണ് സംഘപരിവാർ സ്ഥാപിത ലക്ഷ്യം നേടിക്കൊണ്ടിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മുഖ്യമായും ഐ.ഐ.ടികൾ കേന്ദ്രീകരിച്ചാണിത് തുടങ്ങിയത്. ഏ ഫീൽഡ് ഗൈഡ് ടു പോസ്റ്റ് ട്രൂത്ത് ഇന്ത്യ എന്ന പുസ്തകത്തിൽ മീര നന്ദ ഇത് സംബന്ധിച്ച് വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.
പശുവിന്റെ മൂത്രം അടിസ്ഥാനമാക്കിയുള്ള പഞ്ചഗവ്യ ഗവേഷണങ്ങൾ, നഗരങ്ങൾ വാസ്തുശാസ്ത്രമനുസരിച്ച് രൂപകൽപന ചെയ്യാനുള്ള പദ്ധതികൾ, യജ്ഞങ്ങളിലെ രാസപ്രവർത്തനങ്ങൾ പഠിക്കാനുള്ള ഗവേഷണം, മന്ത്രങ്ങളുടെ ശബ്ദരാജിക്ക് 'യന്ത്ര'ങ്ങളുടെ ജ്യാമിതീയ പാറ്റേണുകളുമായുള്ള ബന്ധവും സ്വാധീനവും പഠിക്കൽ, തുടങ്ങിയ നിരവധി പദ്ധതികൾ വിവിധ ഐ.ഐ.ടികളിൽ ആരംഭിച്ചതായി അവർ ചൂണ്ടിക്കാട്ടുന്നു. 'യന്ത്ര'ങ്ങളെന്നാൽ പൂജിച്ച തകിടുകളും ഏലസ്സുകളും മറ്റുമല്ലാതെ റോബോട്ടുകളല്ലെന്നത് വിദഗ്ധർക്കിടയിൽ ചിരിയും സഹതാപവുമുണർത്തുന്നു.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്