ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ മുടിചൂടാമന്നനാണ് കരൺ ഥാപ്പർ. അദ്ദേഹത്തിന്റെ മുന്നിൽ അഭിമുഖ സംഭാഷണത്തിനെത്തുന്നവർ അത് എത്ര ഉന്നതനായാലും അവരുടെ ഉള്ള് ഒന്ന് പുകയും. അമ്പെയ്യുന്നതുപോലുള്ള ചോദ്യങ്ങൾ കരണിൽ നിന്നും പാഞ്ഞുവരുമ്പോൾ ചിലർ വിയർക്കുകയും, മറ്റുചിലർ പതറുകയും ചെയ്യുന്നത് പതിവാണ്. സംഗതി അവസാനിപ്പിക്കുന്നതിനു മുമ്പു തന്നെ ചിലർ സ്ഥലം വിട്ടെന്നുമിരിക്കും.
ഇടയ്ക്കുവച്ച് ഇടച്ചിലുണ്ടാക്കി ഇറങ്ങിപ്പോകുന്നവരും കുറവല്ല. പൂർത്തിയാക്കിയ അഭിമുഖത്തിന്റെ പേരിലല്ല, അപൂർണമായവയുടെ പേരിലാണ് കരൺ ഥാപ്പർ എറെ ശ്രദ്ധേയനായത്. എന്നാൽ കരൺ ഥാപ്പർ മാത്രമല്ല ഇത്രയേറെ കുഴയ്ക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന പത്രപ്രവർത്തകൻ. എന്നാൽ ഇത്രയേറെ നാടകീയതയോടെ മുന്നിലിരിക്കുന്ന വിഐപിയെ വെല്ലുവിളിക്കുന്നത് അദ്ദേഹം മാത്രമായിരിക്കാം. എതിർവശത്ത് ഇരിക്കുന്ന വ്യക്തിയിലേക്ക് ഒരു ചോദ്യത്തിന്റെ ചാട്ടുളി എറിയുമ്പോൾ കണ്ണുകൾ ചുരുങ്ങുകയും ചുണ്ടുകൾ വിറയ്ക്കുകയും ചെയ്യുന്നു.
സിഎൻബിസിടിവി 18 നായി ഇന്ത്യ ടുണൈറ്റും, ദി ലാസ്റ്റ് വേഡും, സിഎൻഎൻഐബിഎന്നിനായി ഡെവിൾസ് അഡ്വക്കേറ്റും അവതാരകനായിരുന്നിട്ടുണ്ട്. മുൻ കരസേനാ മേധാവി ജനറൽ പ്രാൺ നാഥ് ഥാപ്പറിന്റെയും ബിമല ഥാപ്പറിന്റെയും ഇളയ മകനാണ് കരൺ ഥാപ്പർ. പരേതനായ പത്രപ്രവർത്തകൻ റേമേഷ് ഥാപ്പർ അദ്ദേഹത്തിന്റെ ബന്ധു ആയിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ കുടുംബവുമായും ഥാപ്പർ അകന്ന ബന്ധമുള്ളയാളാണ്. നെഹ്റുവിന്റെ അനന്തരവളും എഴുത്തുകാരിയുമായിരുന്ന നയൻതാര സഹ്ഗാൾ, അദ്ദേഹത്തിന്റെ അമ്മ ബിമല ഥാപ്പറിന്റെ സഹോദരൻ ഗൗതം സഹ്ഗാളിനെയാണ് വിവാഹം കഴിച്ചിരുന്നത്.
ഏതാണ്ട് രണ്ട് പതിറ്റാണ്ടുകളായി മുഖ്യധാരാ ഇന്ത്യൻ മാധ്യമങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നിട്ടും, ഥാപ്പർ തന്റെ പത്രപ്രവർത്തന സ്വാതന്ത്ര്യം നിലനിർത്തത്തുന്നതിനായി ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഈ കാലത്തിനോടിടയ്ക്ക് ചെയ്തിട്ടില്ല. ഒരളേയും ആവശ്യമില്ലാതെ വ്യക്തിപരമായി ആക്രമിക്കാറുമില്ല. ചോദ്യങ്ങൾ ഒന്നും വ്യക്തിപരമായി അല്ലെന്ന് അവർ മനസ്സിലാക്കുമെന്ന് ഥാപ്പർ കരുതുന്നു. ഇതുവഴി നേടിയെടുക്കുന്ന ശത്രുപക്ഷത്തെ അദ്ദേഹം തെല്ലും ഭയപ്പെടുന്നുമില്ല. തൊണ്ണൂറുകളുടെ തുടക്കത്തിൽ അദ്ദഹം ടെലിവിഷൻ അഭിമുഖം ചെയ്യാൻ തുടങ്ങിയപ്പോൾ, അത് ഒരുപക്ഷേ അസാധാരണമായ ഒരു അഭിമുഖ രീതിയായി പലർക്കും തോന്നിയിരിക്കാം.
ഒരിക്കൽ നരേന്ദ്ര മോദിയുമായി കരൺ ഥാപ്പർ അഭിമുഖത്തിനിരുന്നു. ആദ്യത്തെ ചോദ്യത്തോടെ തന്നെ മോദി വെള്ളം എടുത്തുകുടിച്ചു. പിന്നെ അരിശപ്പെട്ടിറങ്ങിപ്പോയി. എല്ലാംകൂടി 20 മിനിറ്റുപോലും എടുത്തില്ല ആ അഭിമുഖം. ചോദ്യോത്തര രീതി 2002ലെ ആ അഭിമുഖത്തിൽ ഗുജറാത്തു കലാപവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിന് മോദി ഇറങ്ങിപ്പോവുകയായിരുന്നു. ഡെറാഡൂണിലെ ഡൂൺ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ കരൺ സ്കൂൾ മാസികയായ ദി ഡൂൺ സ്കൂൾ വീക്കിലിയുടെ എഡിറ്റർഇൻചീഫ് ആയിരുന്നിട്ടുണ്ട്.
1977ൽ കാംബ്രിഡ്ജിലെ പെംബ്രോക്ക് കേളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും രാഷട്രീയ തത്ത്വശാസ്ത്രത്തിലും ബിരുദം നേടി. അതേ വർഷം തന്നെ കേംബ്രിഡ്ജ് യൂണിയന്റെ പ്രസിഡന്റായും തെരഞ്ഞെടുത്തിരുന്നു. ഓക്സ്ഫോർഡിലെ സെന്റ് ആന്റണീസ് കേളേജിൽ നിന്ന് രാഷ്ട്രാന്തരീയ ബന്ധങ്ങളിൽ ഡോക്ടറേറ്റും ഥാപ്പർ നേടിയിട്ടുണ്ട്.
ദ ടൈംസിലാണ് കരൺ ഥാപ്പറിന്റെ തുടക്കം. നൈജീരിയയിലെ ലഗോസിലായിരുന്നു ആദ്യ നിയമനം. 1981ൽ ടൈംസിന്റെ തന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള ലീഡർ റൈറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 1982 ൽ 'ലണ്ടൻ വീക്കെൻഡ് ടെലിവിഷനിൽ' ചേർന്നു. അവിടെ പതിനൊന്ന് വർഷത്തോളം ജോലിചെയ്യുകയുണ്ടായി. പിന്നീട് ഇന്ത്യയിലേക്ക് വന്ന അദ്ദേഹം 'ഹിന്ദുസ്ഥാൻ ടൈംസ് ടെലിവിഷൻ ഗ്രൂപ്പ്,' ഹോം ടിവി, 'യുനൈറ്റഡ് ടെലിവിഷൻ എന്നിവിടങ്ങളിൽ ജോലിചെയ്തു. 2001 ൽ കരൺ ഥാപ്പർ സ്വന്തം നിയന്ത്രണത്തിൽ 'ഇൻഫോടൈന്മെന്റ് ടെലിവിഷൻ' ആരംഭിച്ചു.
ബി.ബി.സി, ദൂരദർശൻ, 'ചാനൽ ന്യൂസ് ഏഷ്യ' എന്നിവക്ക് പരിപാടികൾ നിർമ്മിക്കുന്ന ടെലിവിഷനാണ് ഇൻഫോടൈന്മെന്റ് ടെലിവിഷൻ'. ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയക്കാരെയും പ്രശസ്തരായ വ്യക്തികളേയും തന്റെ സ്വതസ്സിദ്ധവും കടന്നാക്രമണ സ്വഭാവത്തോടെയമുള്ള ശൈലിയിലുടെ അഭിമുഖം നടത്തി ശ്രദ്ധിക്കപ്പെട്ട കരൺ ഥാപ്പർ കപിൽ ദേവ് (ആ അഭിമുഖത്തിൽ കപിലിന് കണ്ണുനീർ വന്നു), ജോർജ് ഫെർണാണ്ടസ്, ജയലളിത, മൻമോഹൻ സിംഗ്, ബേനസീർ ഭൂട്ടോ, പർവേസ് മുഷറഫ്, കോണ്ടലീസ റൈസ്, ദലൈ ലാമ, എന്നിവരുമായി നടത്തിയ അഭിമുഖങ്ങൾ പ്രത്യേകം ഓർമ്മിക്കപ്പെടുന്നവയാണ്. രാം ജത്മലാനിയുമായി ഡെവിൽ അഡ്വക്കറ്റ് എന്ന പരിപാടിയിലെ അഭിമുഖവും ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
എന്നാലിപ്പോൾ മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജിനോടൊപ്പം കരൺ ഥാപ്പറേയും രാജ്യദ്രോഹ കുറ്റത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നു. കാരണം അവ്യക്തം. ഇനിയെന്താണ് സംഭവിക്കുക എന്നത് കാത്തിരുന്നു കാണാം.
ജെ.ജി. കുഴിയാഞ്ഞാൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്