പൊതുജനമേ കണ്ണുതുറന്നു കാണുമോ 'ഡെലുലു' എന്ന 'കുമ്പിടി' വേഷങ്ങൾ?

AUGUST 20, 2025, 10:24 AM

കേരളത്തിൽ മൊത്തം ഇപ്പോൾ 'കെ' മയമാണ്. കെ-റെയിൽ, കെ-ഫോൺ തുടങ്ങി 'കെ' യിൽ തുടങ്ങിയ പല നേട്ടങ്ങളെക്കുറിച്ചും ഭരിക്കുന്നവർ വാതോരാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഡിക്ഷണറിയിൽ പുതിയതായി ഉൾപ്പെടുത്തിയ ആറായിരം വാക്കുകളിൽ ഒന്നിനെപ്പറ്റി കേട്ടപ്പോൾ ഞെട്ടിപ്പോയി. ഡെലുലു (Delulu) എന്നതാണ് ആ പുതിയ വാക്ക്.

എന്തോന്നരപ്പീ എന്ന് തിരോവന്തരംകാരും 'എന്തോന്ന്' എന്നു കോട്ടയംകാരും 'ഇതെന്താപ്പാ ഇത്' എന്ന് കോഴിക്കോട്ടുകാരുമെല്ലാം ചോദിച്ചേക്കാവുന്ന ഈ പുതിയ വാക്കിനുമുണ്ട് ഒരു കെ ബന്ധം. പഴയ മിമിക്രി താരം സൈനുദ്ദീന്റെ ഡയലോഗ് കടമെടുത്താൽ 'ഇതെങ്ങനെ ഒത്തെടിയേ' എന്നുപോലും നാം അമ്പരന്നുപോകുന്ന കെ ബന്ധമാണത്. 2014ൽ പേരുകേട്ട പോപ്പ് സംഗീതഗ്രൂപ്പിന്റെ പേര് കെ പോപ്പ് എന്നായിരുന്നു. അവരാണ് ഡെലുലു എന്ന ഈ വാക്ക് ഉപയോഗിച്ചുതുടങ്ങിയത്.

ഇല്ലാത്തത് ഉണ്ടെന്ന് വിശ്വസിച്ചുകൊണ്ടുള്ള ഒരു തരികിട പരിപാടിയെ ഡെലുലു എന്ന് അവർ വിശേഷിപ്പിച്ചു. 2020കളിൽ സോഷ്യൽ മീഡിയ ഈ വാക്കുകൊണ്ട് പൊങ്കാലയിട്ടെങ്കിലും അതൊന്നും ഭാഷാ ശാസ്ത്രജ്ഞർ പരിഗണിച്ചില്ല. എന്നാൽ ഇപ്പോൾ delusion  എന്ന പദത്തിൽനിന്ന് ജന്മംകൊണ്ട ഡെലുലുവിന് ഇംഗ്ലീഷുകാർ അംഗീകാരം നൽകിക്കഴിഞ്ഞിരിക്കുകയാണ്.

vachakam
vachakam
vachakam

ഡെലുലുവും കേരളവും തമ്മിൽ?

വീണ്ടും വായനക്കാർ നെറ്റിചുളിക്കുന്നു. എന്താണ് ഹേ ഡെലുലുവും കേരം തിങ്ങും നമ്മുടെ നാടുമായുള്ള ബന്ധം? ഏറ്റവും പുതിയ തള്ള് കേട്ടില്ലേയെന്നാണ് എന്റെ മറുചോദ്യം. കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചുകഴിഞ്ഞുവെന്ന തദ്ദേശവകുപ്പിന്റെ അവകാശവാദമാണ് 'ഡെലുലു'വുമായുള്ള നമ്മുടെ ചങ്ങലച്ചിന്തകളുടെ പാലം. ശരിയാണ്, കേരളത്തിൽ ആൻഡ്രോയിഡ് ഫോണുകളും നെറ്റ് കണക്ഷനുകളുമെല്ലാം ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. സമ്മതിക്കുന്നു.

പക്ഷേ, കേരളത്തിലെ എല്ലാവരും ഡിജിറ്റൽ സാക്ഷരത നേടിയവരാണെന്നു പറയുന്നതിൽ ചെറിയൊരു തള്ളിന്റെ മണമില്ലേ?അന്താരാഷ്ട്രതലത്തിൽ പാസ്‌പോർട്ടെടുക്കുന്നവരുടെ എണ്ണം കണക്കാക്കുന്ന ഒരു സംരംഭമുണ്ട്. പേര്: ആർട്ടൺ ക്യാപ്പിറ്റൽ (Arton Capital).  ഇവരുടെ കണക്കനുസരിച്ച് കേരളത്തിൽ പാസ്‌പോർട്ട് സ്വന്തമാക്കിയവർ 1.3 കോടിയാണ്. നമ്മുടെ കൊച്ചു കേരളത്തിലെ ജനസംഖ്യയുടെ 31.6% പേരും പാസ്‌പോർട്ട് എടുത്തിട്ടുണ്ട്. കുറേക്കൂടി ലളിതമായി പറഞ്ഞാൽ കേരളത്തിലെ മൂന്നിലൊന്നുപേരും പാസ്‌പോർട്ട് എടുത്തവരാണ്.

vachakam
vachakam
vachakam

ഡിജിറ്റൽ സാക്ഷരതാ നേട്ടം പ്രഖ്യാപിക്കുവാനുള്ള മാധ്യമവാർത്തകൾ നേരത്തേതന്നെ വന്നുതുടങ്ങിയെന്നത് ഇക്കാര്യത്തിലുള്ള 'തള്ള് വീര'ന്മാരുടെ മുൻകരുതൽ വ്യക്തമാക്കുന്നുണ്ട്. 2025 ജൂൺ 21ന് മനോരമയിലാണ് ഈ വാർത്ത പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ 100 പേരിൽ 99 പേർക്കും ഇന്റർനെറ്റ് കണക്ഷനുണ്ടെന്നായിരുന്നു അന്നത്തെ അവകാശവാദം. ദേശീയതലത്തിൽ ഈ കണക്കനുസരിച്ച് 68 പേർക്കേ നെറ്റ് കണക്ഷനുള്ളൂ. 2025 മാർച്ച് 31 വരെയുള്ള കാലഗണനയനുസരിച്ചാണ് ഈ വാദം. 2023-24ൽ 100 പേർക്ക് 94, 2022ൽ 100ൽ 62 എന്ന ഫ്‌ളാഷ് ബാക്ക് കണക്കും വാർത്തയിലുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെ നഗര മേഖലകളിൽഉള്ളതിനെക്കാൾ ഇന്റർനെറ്റ് കണക്ഷനുകൾ (248) കേരളീയ ഗ്രാമങ്ങളിലുണ്ടത്രെ. രാജ്യത്താകെ 96.91 കോടി ഇന്റർനെറ്റ് കണക്ഷനുണ്ടെന്നും കേരളത്തിൽ 3.65 കോടി കണക്ഷനുകളുണ്ടെന്നും ഇതേ  വാർത്തയിൽ പറയുന്നു.


vachakam
vachakam
vachakam

പ്രസന്റ് സർ, കുട്ടിയാന സ്‌കൂളിൽ

യു.എൻ. നിബന്ധനയനുസരിച്ച് ഒരു ദേശം ഡിജിറ്റൽ സാക്ഷരത നേടണമെങ്കിൽ ജനസംഖ്യയിലെ 99.98 ശതമാനവും ഈ നൈപുണ്യം കൈവരിക്കേണ്ടതുണ്ട്. സർക്കാർ ഇതിനായി രണ്ട് പദ്ധതികളാണ് നടപ്പാക്കിയത്. ഒന്ന്: സ്‌കൂളുകളിൽ ഡിജിറ്റൽ വിദ്യാഭ്യാസം നൽകുക. കുട്ടിയാന 'പ്രസന്റ് സർ' എന്നുപറയുന്ന വിദ്യാലയങ്ങളും, 'കാറ്റേ നീ വീശരുതെന്ന്' വിലാപഗാനം പാടുന്ന കുഞ്ഞുങ്ങളുമെല്ലാമുള്ള വിദ്യാഭ്യാസ മേഖല ആ നേട്ടം കൈവരിച്ചുവെന്ന് വാദത്തിനായി സമ്മതിക്കാം. എന്നാൽ ശേഷിച്ച മുതിർന്നവരും മധ്യവയസ്‌കരുമായ ജനങ്ങളുടെ സ്ഥിതിയെന്താണ്? ഇങ്ങനെയുള്ളവർ 28 ലക്ഷമേയുള്ളൂവെന്നാണ് തദ്ദേശവകുപ്പിന്റെ കണക്ക്. അവരെ കമ്പ്യൂട്ടർ പഠിപ്പിക്കാൻ കുടുംബശ്രീക്കാരെ നിയോഗിച്ചുവത്രേ.

കേരളത്തിലെ മാറിമറിയുന്ന ജനസംഖ്യയുടെ പ്രായഭേദങ്ങളെക്കുറിച്ച് സർക്കാരിന്റെ കരുതൽ എത്രത്തോളമുണ്ട്? 2011ൽ 12.6 ശതമാനവും 2021ൽ 16.5 ശതമാനവും വയോജനങ്ങളെന്നാണ് കണക്ക്. 2036ൽ 22.8%, 2051ൽ 30% എന്നിങ്ങനെയുള്ള വയോജനസംഖ്യയുടെ പ്രൊജക്ഷൻ ഔദ്യോഗിക രേഖകളിൽപോലും എഴുതിവച്ചിട്ടുണ്ട്. രാജ്യം ഇന്ന് ഊറ്റംകൊള്ളുന്ന യുവജനങ്ങളുടെ എണ്ണത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് 25 വർഷത്തിനുള്ളിൽ ദേശീയ വയോജനസംഖ്യ 34.7 ശതമാനമായി ഉയരും.
പ്രായമായവർക്ക് അനായാസം നടക്കാനുള്ള നടപ്പാതകളോ, അവർക്ക് പേപ്പട്ടികൾ, കാട്ടുമൃഗങ്ങൾ, മോഷ്ടാക്കൾ, സാമൂഹ്യവിരുദ്ധർ എന്നിവരിൽനിന്ന് പൂർണമായ സുരക്ഷയോ ഉറപ്പുനല്കാൻ നമുക്ക് കഴിയുന്നില്ല.

സർക്കാർ ആശുപത്രികളിലെ ഒ.പി. വിഭാഗത്തിൽ വൃദ്ധ ജനങ്ങൾക്കായി പ്രത്യേക ക്യൂ ഏർപ്പെടുത്തിയത് നല്ല കാര്യമാണെങ്കിലും സിക്സ്റ്റി പ്ലസുകാർക്ക് നൽകിയിരുന്ന റെയിൽവേയുടെ യാത്രാ സൗജന്യംപോലും കോവിഡിനുശേഷം കേന്ദ്ര സർക്കാർ പുനഃസ്ഥാപിച്ചിട്ടില്ല. 1037 രൂപയുടെ പലചരക്കു സാധനങ്ങൾ വാങ്ങുമ്പോൾ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ ആ ഉപഭോക്താക്കളിൽനിന്ന് കുത്തിപ്പിടിച്ചുവാങ്ങുന്നത് 58.74 രൂപയുടെ നികുതിയാണ്! സ്വാതന്ത്ര്യദിനത്തിൽ ജി.എസ്.ടി. നിരക്ക് കുറയ്ക്കാൻ ദീപാവലി വരെയുള്ള 'നല്ല സമയം' നോക്കിയിരിക്കുന്നവർ, ബ്ലേഡ് കമ്പനിയേക്കാൾ കൂടുതൽ നികുതി ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്നത് എങ്ങനെ ന്യായീകരിക്കാൻ കഴിയും?

പരിഷ്‌കാരങ്ങളിലെ പണക്കിലുക്കങ്ങൾ

എല്ലാം ഡിജിറ്റലാക്കിയതോടെ ബാങ്കുകളുടെ ലാഭം കുതിച്ചുയരുകയാണ്. ഒരു സ്വകാര്യ ബാങ്ക് മിനിമം ബാലൻസ് അര ലക്ഷം രൂപയാക്കിയതിനെ റിസർവ് ബാങ്ക് ന്യായീകരിച്ചതിന്റെ പൊരുളെന്ത്? തിരക്ക് കൂടുമ്പോൾ നിരക്ക് കൂട്ടുന്ന റെയിൽവേയും ഊബർ പോലുള്ള അന്താരാഷ്ട്ര ടാക്‌സി കമ്പനികളും യുവാക്കളെന്നോ വൃദ്ധരെന്നോ എന്ന പ്രായഭേദം നോക്കാതെ കൊച്ചു പിച്ചാത്തിയുമായി പിടിച്ചുപറിക്കാൻ ഒരുങ്ങുന്നവരല്ലേ? ഇവരെ നിയന്ത്രിക്കേണ്ടതല്ലേ? ഉറ്റവരുടെ വീട്ടിൽ പോകാൻ പ്ലാനിടുന്ന ഒരു ശരാശരി കുടുംബത്തിന് അവരുടെ യാത്രാ ചെലവുപോലും കണക്കുകൂട്ടാൻ കഴിയാതെ വരികയല്ലേ?

ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഭരണകൂടത്തിനും മറ്റ് ഏജൻസികൾക്കും ഉപഭോക്താക്കളുടെ ബാങ്കുകളിൽനിന്ന് അനായാസം പണം പിടുങ്ങാനാകുന്നവിധം സജ്ജീകരിക്കുന്നതിനു പിന്നിലെ സാമ്പത്തികശാസ്ത്രം എന്താണ്? റേഷൻ കിട്ടാൻ കൈവിരലടയാളം ഡിജിറ്റലായി രേഖപ്പെടുത്തണമെന്ന സർക്കാർ നിബന്ധന വൃദ്ധജനങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് ആരും ചിന്തിക്കുന്നതേയില്ല.

എന്നാൽ സുലഭമായി മദ്യം ഡോർ ഡെലിവറിയായി എത്തിക്കാൻ ഒരുക്കത്തിലാണത്രേ കേരളത്തിലെ ബിവറേജസ് കോർപറേഷൻ. അര വയർ നിറയ്ക്കാനുള്ള റേഷനരി മേടിക്കാൻ പാവങ്ങൾ റേഷൻ കടകളിൽ 'ഇ പോസ്' സംവിധാനത്തിന്റെ കനിവുകാത്ത് ക്യൂ നിൽക്കണം. എന്നാൽ മദ്യം ടുമാറ്റോയോ സ്വിഗ്ഗിയോ വീട്ടിലെത്തിച്ചുതരും! ആഹാ, എന്തൊരു ഡിജിറ്റൽ സൗകര്യം അല്ലേ?

തേങ്ങയോ, തേങ്ങാക്കുല അല്ലപിന്നെ!

ഡെലുലു എന്ന പദത്തിൽനിന്നാണ് ഈ ആഴ്ചക്കുറിപ്പ് തുടങ്ങിയത്. ആ പദത്തിലേക്കുതന്നെ തിരിച്ചുപോകാം. കേരളമെന്ന പേരുപോലും ഈ ന്യൂജെൻ വാക്കിന്റെ ചമയമണിഞ്ഞുകഴിഞ്ഞു. കാരണം കേരത്തിന്റെ നാട് എന്നുപറഞ്ഞാണ് നമ്മുടെ നാട് കേരളമായത്. എന്നാൽ ഇപ്പോൾ നാളികേര ഉല്പാദനത്തിൽ നമുക്ക് മൂന്നാം സ്ഥാനമേയുള്ളൂ. ഒന്നാം സ്ഥാനം കർണാടകയും രണ്ടാം സ്ഥാനം തമിഴ്‌നാടും അടിച്ചുമാറ്റിക്കഴിഞ്ഞു. അപ്പോൾ ഇല്ലാത്തതു ഉണ്ടെന്നു വിശ്വസിച്ചുകൊണ്ട് മലയാളികൾ നമ്മുടെ നാടിനെ കേരളമെന്നു വിളിക്കുന്നു!

കേരളത്തിന്റെ കടവും ഡെലുലുവും!

കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നേ ധനമന്ത്രി എപ്പോഴും പറയൂ. പകരം അദ്ദേഹം ഉപയോഗിക്കുന്ന പദം സാമ്പത്തിക ഞെരുക്കമെന്നാണ്! എന്തായാലും 'ദമ്പിടി' കൈവശമില്ലെങ്കിൽ പിന്നെ എന്തു പറയാനണ്ണാ എന്നല്ലേ നമുക്ക് ബാലഗോപാലൻ സാറിനോട് ചോദിക്കാനാവൂ.
ഈ അവസ്ഥയ്ക്കുകാരണം ധനവിനിയോഗത്തിന്റെ കടിഞ്ഞാൺ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണവകുപ്പ് കൈയടക്കിയെന്നതുകൊണ്ടാണെന്ന് ചിലർക്ക് പരാതിയുണ്ട്. ഇങ്ങനെ ഖജനാവിന്റെ താക്കോൽ മുഖ്യമന്ത്രിയുടെ കൈവശമെത്താൻ ഭരണപരിഷ്‌കാര കമ്മീഷന്റെ സെന്തിൽ കമ്മിറ്റി വഴിയൊരുക്കിയതായും സെക്രട്ടറിയേറ്റിലെ പരദൂഷണക്കാർ പറയുന്നു.

2024-25ൽ എല്ലാ വകുപ്പുകളുടെയും പദ്ധതി വിഹിതം 50 ശതമാനം വെട്ടിക്കുറച്ചതും 'വകമാറ്റി ചെലവഴിക്കൽ' എന്ന ധൂർത്തിന് സർക്കാരിന് ചളിപ്പില്ലാതായതും നമ്മുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. ഓണം വരുമ്പോൾ കാണംവിറ്റും ഓണമുണ്ണണമെന്നു പറയുന്ന മലയാളികൾ ഒരു കാര്യം ഓർമിച്ചോളൂ: 7 വർഷം കഴിയുമ്പോൾ പിണറായിയുടെ ഒന്നും രണ്ടും സർക്കാരുകൾ കടമെടുത്തതിൽ പകുതിയും തിരിച്ചടച്ചേ പറ്റൂ. ഇപ്പോൾ എല്ലാ ചൊവ്വാഴ്ചതോറും കൃത്യമായി നൽകുന്ന കടപ്പത്ര ലേല പരസ്യത്തിലൂടെ സമാഹരിക്കുന്ന തുകയുടെ 98%വും നാം നമ്മുടെ നിലവിലുള്ള കടത്തിന്റെ മുതലും പലിശയും തീർക്കാനാണത്രേ വിനിയോഗിക്കുന്നത്!

കേന്ദ്ര സർക്കാരിന്റെ സമീപനങ്ങൾ ഇത്തരം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടാകാം. അങ്ങനെയെങ്കിൽ, സർക്കാരിന്റെ ഓണം റിലീസായി കേന്ദ്രത്തിന്റെ ജനദ്രോഹ, ഫെഡറൽ വിരുദ്ധ നയങ്ങൾക്കെതിരെ ഒരു ധവളപത്രമോ പുഷ്പചക്രമോ നമുക്ക് പ്രതീക്ഷിക്കാമോ? ഓണത്തിന് ടി.വി. വാങ്ങിയാൽ ബെൻസ് ഓടിച്ച് വീട്ടിൽ പോകാമെന്ന ഓണപ്പരസ്യംപോലെയാകരുത്. കണ്ടിപ്പാ, ഒരു രജനിപടംപോലെ, നമുക്ക് ഈ റിലീസ് പ്രതീക്ഷിക്കാം.

അടുത്തയാഴ്ച അത്തമാണ്. പതിവുപോലെ തൃപ്പൂണിത്തുറയിൽ ജയറാം ചെണ്ടകൊട്ടും, പിഷുവെന്ന പിഷാരടി 'ലോകതള്ള്' പറയാൻ വരും. അത്തം കഴിഞ്ഞ് 10 നാൾ കഴിഞ്ഞാൽ ഓണം, പിന്നെ തിരോന്ത്വരത്തെ ഓണത്തള്ള്, മാധ്യമങ്ങളിൽ അതിനുമുമ്പേ സർക്കാരിന്റെ 'ഓണത്തള്ള്' തുടങ്ങുമായിരിക്കാം. ഇങ്ങനെ തള്ളിമറിച്ചാൽ മതിയോ അണ്ണാ എന്നു ചോദിക്കരുത്. തൽക്കാലം രാംരാജിന്റെ പരസ്യത്തിൽ പറയുന്നതുപോലെ 'വിശേഷമുണ്ട്' എന്നപോലെയുള്ള ആ'വസ്ത്രവിസ്മയം' അരയിൽനിന്നു പോകാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാകുന്നത് നല്ലതാണ്.

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam