തൃശ്ശൂർ: ഹൃദയഭിത്തി തകർന്ന് അതീവ സങ്കീർണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്. ഹൃദയാഘാതം വന്ന് ഹൃദയത്തിന്റെ ഭിത്തി തകർന്ന് രക്തസമ്മർദം വളരെ കുറഞ്ഞ് കാർഡിയോജനിക് ഷോക്ക് എന്ന അവസ്ഥയിൽ ആയിരുന്നു രോഗി എത്തിയത്. ലോകത്തിലെ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളിൽ പോലും ഈ അവസ്ഥയിലെത്തുന്ന രോഗികളിൽ 90 മുതൽ 95 വരെ ശതമാനത്തേയും രക്ഷപ്പെടുത്താൻ സാധിക്കില്ല.
ശസ്ത്രക്രിയ നടത്തി തകർന്ന ഹൃദയ ഭിത്തി അടയ്ക്കാൻ ശ്രമിച്ചാൽ ഹൃദയാഘാതം മൂലം നശിച്ച പേശികൾ തകർന്ന് അവസ്ഥ കൂടുതൽ സങ്കീർണമാകും. അതിനാൽ കാത്ത് ലാബ് വഴി നൂതന ചികിത്സ നൽകിയാണ് രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. മൂന്ന് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം രോഗി പരിപൂർണ സുഖം പ്രാപിച്ചു വീട്ടിലേയ്ക്ക് മടങ്ങി. സങ്കീർണ ശസ്ത്രക്രിയയിലൂടെ രോഗിയെ രക്ഷിച്ചെടുത്ത മെഡിക്കൽ കോളേജിലെ എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കുറുമല സ്വദേശിയായ 67 വയസുകാരനെ ക്രിസ്മസ് ദിനത്തിൽ ശക്തമായ നെഞ്ചുവേദനയെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ചത്. പരിശോധന നടത്തിയ ഡോക്ടർമാർ അദ്ദേഹത്തിന് ഹാർട്ട് അറ്റാക്ക് ആണെന്ന് കണ്ടെത്തി. തുടർ പരിശോധനയിൽ ഹൃദയാഘാതം കാരണം ഹൃദയത്തിന്റെ ഭിത്തി തകർന്നതായി കണ്ടെത്തി. ഹൃദയത്തിന്റെ രണ്ടു വെൻട്രിക്കിളുകൾക്കിടയിലുള്ള ഭിത്തിയായ വെന്ററിക്കുലാർ സെപ്റ്റം തകർന്നു രക്തം ഒഴുകിയിരുന്നു. ഇത് മൂലം രക്തസമ്മർദം വളരെ കുറഞ്ഞ് കാർഡിയോജനിക് ഷോക്ക് എന്ന അവസ്ഥയിൽ ആയിരുന്നു.
സങ്കീർണ ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാൽ രോഗിയെ രക്ഷപ്പെടുത്താനുള്ള അവസാന മാർഗം എന്ന രീതിയിൽ ഓപ്പറേഷൻ അല്ലാതെ കാലിലെ രക്തകുഴലൂടെ ഒരു കത്തീറ്റർ ഹൃദയത്തിലേക്ക് കടത്തി വിസിആർ ഒക്ലുഡർ ഉപയോഗിച്ച് തകർന്ന ഭാഗം അടയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ഈ ചികിത്സ അത്യന്തം ശ്രമകരവും അപകടം പിടിച്ചതുമാണ്. മാത്രമല്ല ഇത് വളരെ വിരളമായി ചെയ്യുന്ന ഒന്നായതിനാൽ ആവശ്യമുള്ള വില കൂടിയ ഉപകരണങ്ങൾ സംഘടിപ്പിക്കുക എന്നതായിരുന്നു മറ്റൊരു പ്രശനം. സർക്കാരിന്റെ ചികിത്സാ സ്‌കീമുകൾ ഉപയോഗിച്ചാണ് ഇത് പരിഹരിച്ച് 4 മണിക്കൂർ നീണ്ട ചികിത്സ പൂർത്തിയാക്കിയത്.
ഒരാഴ്ചക്ക് ശേഷം രോഗിയെ ആൻജിയോഗ്രാം നടത്തി ഹാർട്ട് അറ്റാക്കിന് കാരണമായ രക്തകുഴലിന്റെ ബ്ലോക്ക് നീക്കി. വളരെ അപൂർവമായി മാത്രമേ ഈ തരത്തിലുള്ള രോഗികൾ രക്ഷപെടാറുള്ളു. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സ തികച്ചും സൗജന്യമായാണ് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയത്.
തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അശോകൻ, സൂപ്രണ്ട് ഇൻ ചാർജ് ഡോ. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് എന്നിവരുടെ ഏകോപനത്തിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, കാർഡിയോളജി ഡോക്ടർമാരായ ഡോ. മുകുന്ദൻ, ഡോ. പ്രവീൺ, ഡോ ആന്റണി, ഡോ. സഞ്ജീവ്, ഡോ. അമൽ, ഡോ. അശ്വിൻ, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ബാബുരാജ്, അനസ്‌തേഷ്യ ഡോക്ടർമാരായ ഡോ. അമ്മിണിക്കുട്ടി, ഡോ. നജി നീരക്കാട്ടിൽ, ഡോ. മുഹമ്മദ് ഹനീൻ എന്നിവർ ചേർന്നാണ് ഈ ചികിത്സ നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
