ക്രൂഡ് ഓയില്‍ എന്ന കറുത്ത സ്വര്‍ണ്ണം കണ്ടുപിടിച്ചതോടെയാണ് ലോകത്തിന്റെ ഗതി മാറിയത്. വാഹനങ്ങളിലും വിമാനങ്ങളിലും കപ്പലുകളിലും ഇന്ധനമായി മാത്രമല്ല, വ്യവസായ ആവശ്യങ്ങള്‍ക്കും ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക്, രാസവളം, മരുന്നുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയില്‍ എല്ലാം ഉപയോഗിക്കുന്ന വസ്തുക്കളും ഇതില്‍ നിന്ന് സംസ്‌കരിച്ച് എടുക്കുന്നതാണ്.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ് ക്രൂഡ് ഓയിലിനെ ബ്ലാക്ക് ഗോള്‍ഡ് എന്ന് വിളിക്കുന്നത്. കണ്ടെത്തിയ രാജ്യങ്ങളെല്ലാം സാമ്പത്തികമായി കരുത്താര്‍ജിച്ചു. ക്രൂഡ് ഓയില്‍ കൂടുതല്‍ കൈവശമുള്ളവര്‍ ശക്തരായി മാറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്.
അമേരിക്ക കറുത്ത പൊന്നിന്റെ നിലവറ
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം അമേരിക്കയാണ്. ഓരോ ദിവസവും 21.1 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ആണ് അമേരിക്ക ഉല്‍പ്പാദിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റിലേയും ലാറ്റിന്‍ അമേരിക്കയിലേയും പോലെ കുഴിച്ചെടുക്കുന്നല്ല അമേരിക്കയിലെ ക്രൂഡ് ഓയില്‍. പാറകള്‍ പൊട്ടിച്ച് എടുക്കുന്ന ഷെയ്ല്‍ എണ്ണയാണ്. അത്യാധുനിക യന്ത്ര സാമഗ്രികള്‍ കൈവശമായതോടെയാണ് അമേരിക്കക്ക് വഴി എളുപ്പമായത്. 2018 ന് ശേഷമാണ് അമേരിക്ക ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
ടെക്സാസിലാണ് അമേരിക്കയില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. നോര്‍ത്ത് ഡക്കോട്ട, ന്യൂ മെക്സിക്കോ, ഒക്കലഹോമ , അലാസ്‌ക എന്നീ സംസ്ഥാനങ്ങളിലും അമേരിക്ക ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യവും അമേരിക്കയാണ്. ഉല്‍പ്പാദിപ്പിക്കുന്നതില്‍ സിംഹ ഭാഗവും അമേരിക്ക ആഭ്യന്തരമായി ഉപയോഗിക്കുകയാണ്. കൂടാതെ ഇറക്കുമതി ചെയ്തും ഉപയോഗിക്കുന്നുണ്ട്.
സൗദിയുടെ ക്രൂഡ്
രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യ ഉല്‍പ്പാദിപ്പിക്കുന്നത് ഓരോ ദിവസവും 11 മില്യണ്‍ ബാരല്‍ എണ്ണയാണ്. അമേരിക്കയെ സംബന്ധിച്ച് ഇത് കുറവാണെങ്കിലും ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യം സൗദി അറേബ്യയാണ്. ഉല്‍പ്പാദിപ്പിക്കുന്നതിന്റെ വലിയൊരളവ് കയറ്റുമതി ചെയ്യുകയാണ് സൗദി. ചൈന, ഇന്ത്യ, ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് സൗദിയുടെ പ്രധാന കയറ്റുമതി.
റഷ്യ, കാനഡ, ഇറാഖ്, യുഎഇ
ക്രൂഡ് ഓയില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യം റഷ്യയാണ്. ഓരോ ദിവസവും 10 മില്യണ്‍ ബാരലാണ് റഷ്യ ഉല്‍പ്പാദിപ്പിക്കുന്നത്. സൈബീരിയന്‍ മേഖലയിലാണ് റഷ്യയുടെ കൂടുതല്‍ ക്രൂഡ് ഉല്‍പ്പാദനവും. കൂടാതെ ആര്‍ട്ടിക് മേഖലയിലും. യൂറോപ്പിലേക്കും ഏഷ്യയിലേക്കുമാണ് റഷ്യയുടെ കയറ്റുമതി ഉണ്ടായിരുന്നത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പ് റഷ്യയുടെ എണ്ണ എടുക്കുന്നില്ല.
പ്രതിദിനം 4.6 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ആണ് കാനഡ ഉല്‍പ്പാദിപ്പിക്കുന്നത്. അമേരിക്കയെ പോലെ ഷെയ്ല്‍ എണ്ണയാണ് ഇവരുടേതും. അമേരിക്കയിലേക്കാണ് കാനഡയുടെ കൂടുതല്‍ എണ്ണയും കയറ്റുമതി ചെയ്യുന്നത്. 4.5 മില്യണ്‍ ബാരല്‍ എണ്ണയാണ് ഇറാഖ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. ബസറ മേഖലയില്‍ നിന്നാണ് പ്രധാനമായും ഇവരുടെ ഉല്‍പ്പാദനം. യുഎഇ 3.7 മില്യണ്‍ ബാരല്‍ ഉള്‍പ്പാദിപ്പിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്