ഡൊണാൾഡ് ട്രംപിന്റെ മൂന്നു ദിവസം നീണ്ടുനിന്ന പശ്ചിമേഷ്യാ സന്ദർശനം ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്കു ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. അതിൽ പ്രധാനം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും വിദേശനയത്തിന്റെ മുഖ്യ ചാലകശക്തിയായി നിലനിന്ന സംസ്‌കാരങ്ങളുടെ സംഘർഷം (Clash of Civilisations) എന്ന ആശയം അമേരിക്ക ഉപേക്ഷിക്കുകയാണ് എന്നതാണ്. തൊണ്ണൂറുകളിൽ സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ലോകത്തിന്റെയും തകർച്ചയ്ക്ക് ശേഷം അമേരിക്കയുടെ മുന്നിലുള്ള ഒരേയൊരു ഭീഷണി ഇസ്ലാമും അതിന്റെ ലോകവീക്ഷണവുമാണ് എന്ന ചിന്തയാണ് സാമുവൽ ഹണ്ടിങ്ങ്ടൺ അടക്കമുള്ള പണ്ഡിതന്മാർ ആവിഷ്‌കരിച്ച ഈ സിദ്ധാന്തത്തിന്റെ പിന്നിലുള്ളത്. അതിനു ബലമേകുന്ന നിരവധി സംഭവങ്ങൾ അക്കാലത്തു നടക്കുകയും ചെയ്തു.
അമേരിക്കയുടെ അഭിമാനസ്തംഭമായിരുന്ന ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ആക്രമണം, അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുക്കുകയും ഉസാമ ബിൻ ലാദൻ അടക്കമുള്ള ഇസ്ലാമിക ഭീകരവാദികൾക്കു അഭയം നൽകുകയും ചെയ്ത സംഭവം, ആഫ്രിക്കയിലും അറബ് പ്രദേശങ്ങളിലും വ്യാപകമായി വന്ന ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഉദയവും വളർച്ചയും, ഏഷ്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അരങ്ങേറിയ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങൾ ഇതെല്ലാം ചൂണ്ടിക്കാട്ടിയത് ഇസ്ലാമും അതിന്റെ ആശയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്ന തീവ്രവാദ പ്രസ്ഥാനങ്ങളും ലോകസമൂഹത്തിനും രാജ്യങ്ങൾക്കും വൻഭീഷണിയായി ഉയർന്നു എന്ന വസ്തുതയാണ്. സിറിയയിലും മറ്റു പ്രദേശങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അടക്കമുള്ള പ്രസ്ഥാനങ്ങൾ അധികാരം സ്ഥാപിക്കുകയും അത്യന്തം ഗുരുതരമായ അതിക്രമങ്ങൾ പ്രദേശത്തെ ക്രിസ്ത്യാനികളും ദ്രുസുകളും കുർദുകളും അടക്കമുള്ളവരുടെ നേരെ നടത്തുകയും ചെയ്തു.
അതേസമയം ഗാസ മുതൽ തുർക്കി വരെയുള്ള പല പ്രദേശങ്ങളിലും ഇസ്ലാമിക പ്രസ്ഥാനങ്ങൾ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തി. അതായതു പാശ്ചാത്യ ജനാധിപത്യ സംവിധാനങ്ങളെയും രീതികളെയും പാരമ്പര്യത്തെയും വെല്ലുവിളിക്കുന്ന ഒരു ബദൽ ആഗോളശക്തിയായി ഇസ്ലാം ഉയർന്നുവരുന്നു എന്ന പ്രതീതിയാണ് തൊണ്ണൂറുകൾക്കു ശേഷമുള്ള ലോകരംഗം നൽകിയത്. ഇതൊരു പ്രതീതി മാത്രമായിരുന്നു എന്ന് പറയാനും വയ്യ. ഇസ്ലാം ഒരു സമഗ്രസിദ്ധാന്തവും അതിന്റെ ആശയങ്ങൾ മനുഷ്യരുടെ ആധ്യാത്മിക ജീവിതത്തെ മാത്രമല്ല, ഭൗതികരാഷ്ട്രീയ ജീവിതത്തെയും പൂർണമായി നിയന്ത്രിക്കുന്നതിന് ബാധ്യസ്ഥമാണ് എന്ന നിലപാട് പല ഇസ്ലാമിക പണ്ഡിതരും ഉന്നയിക്കുകയും ചെയ്തു.
അവരെ സംബന്ധിച്ച് ജനാധ്യപത്യവും അതിന്റെ മൂല്യസങ്കല്പങ്ങളും ഇസ്ലാമിക ജീവിതചര്യകളുമായി യോജിച്ചു പോകുന്നതായിരുന്നില്ല. ഇസ്ലാമും മറ്റു വിശ്വാസി സമൂഹങ്ങളും തമ്മിൽ യോജിപ്പിന്റെയും രമ്യതയുടെയും ഒരു അന്തരീക്ഷം സാധ്യമല്ല എന്ന ചിത്രമാണ് അതെല്ലാം കാഴ്ച വെച്ചത്. ഇത്തരമൊരു ഏറ്റുമുട്ടലിന്റെ അന്തരീക്ഷം ഇസ്ലാമിനോ ലോകസമൂഹത്തിനോ ഗുണം ചെയ്യുകയല്ല എന്ന് പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. വ്യത്യസ്ത വിശ്വാസങ്ങൾക്കു മേൽകൈയും അധികാരവുമുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്ന മുസ്ലിംകൾ അത്തരം രാജ്യങ്ങളിലെ നിയമക്രമത്തെ വെല്ലുവിളിക്കുന്ന അവസ്ഥ ആർക്കും ഗുണം ചെയ്യില്ല. അതിനാൽ പല ഇസ്ലാമിക പണ്ഡിതരും ഇസ്ലാമിക ഗ്രന്ഥങ്ങളുടെ തന്നെ അടിസ്ഥാനത്തിൽ ഇത്തരം ആശയങ്ങളെ ചെറുക്കുകയുണ്ടായി.
സൽമാൻ റുഷ്ദിയെപ്പോലുള്ള എഴുത്തുകാരും ഇത്തരം വിവാദങ്ങളിൽ സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. സൽമാൻ റുഷ്ദി സാത്താനിക് വെർസെസ് എന്ന പേരിൽ ഒരു നോവൽ എഴുതിയത് ഇസ്ലാമിക സമൂഹങ്ങളിൽ കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. അദ്ദേഹത്തെ വധിക്കാനായി ഇറാനിയൻ നേതാവ് ആയത്തുള്ള ഖൊമെയ്‌നി ആഹ്വാനം ചെയ്തു. വധശ്രമത്തിൽ നിന്നും തലനാരിഴയ്ക്കാണ് റുഷ്ദി രക്ഷപ്പെട്ടത്. പ്രവാചകനിന്ദയുടെ പേരിൽ പാരിസിലെ മാസികയുടെ ഓഫീസ് മുതൽ കേരളത്തിൽ മൂവാറ്റുപുഴയിലെ കോളേജ് അധ്യാപകൻ ജോസഫ് വരെ പലരും അക്രമങ്ങൾക്കു ഇരയായി.
തൊണ്ണൂറുകൾ മുതലുള്ള ലോകരംഗത്തെ പ്രധാന ചർച്ചാവിഷയം ഇസ്ലാം ഉയർത്തുന്ന ഭീഷണി തന്നെയായിരുന്നു. അതിനാൽ അമേരിക്കയും പാശ്ചാത്യ സഖ്യകക്ഷികളും അതിനെ നേരിടാനായി സൈനികശക്തി പ്രയോഗിക്കാൻ തന്നെ സന്നദ്ധരായി. അഫ്ഘാനിലും ഇറാക്കിലും സിറിയയിലും ലിബിയയിലും ഇസ്ലാമിക ശക്തികൾക്കെതിരെ എന്ന പേരിലാണ് പാശ്ചാത്യ സൈനിക കടന്നാക്രമണം നടന്നത്. ജോർജ് ബുഷ് ഒന്നാമനും രണ്ടാമനും അമേരിക്കയിൽ പ്രസിഡണ്ട് പദവിയിൽ ഇരുന്ന സമയത്താണ് സൈനിക നീക്കങ്ങളിൽ പലതും നടന്നത്. സൈനികശേഷി ഉപയോഗിച്ച് ഇസ്ലാമിക ഭീഷണിയിൽ നിന്നും ലോകത്തെ വിമുക്തമാക്കുക എന്നതായിരുന്നു അവർ നയിച്ച നവയാഥാസ്ഥിതിക ഭരണകൂടങ്ങളുടെ പൊതുനയം.
എന്നാൽ അത്തരം നയങ്ങൾ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും അത് ബോധ്യപ്പെട്ടു. അമേരിക്കൻ സൈന്യം നിയന്ത്രണത്തിൽ കൊണ്ടുവന്ന ഇറാഖ്, അഫ്ഘാനിസ്ഥാൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ ഒരിടത്തും ജനാധിപത്യം പുനഃസ്ഥാപിക്കാനോ നീതിപൂർവകമായ ഒരു ഭരണക്രമം നടപ്പിലാക്കാനോ അവർക്കു കഴിഞ്ഞില്ല. ആയിരക്കണക്കിന് സൈനികരുടെ ജീവൻ അവിടങ്ങളിൽ ബലിയർപ്പിക്കേണ്ടി വന്നു. കോടാനുകോടി ഡോളറാണ് ആയുധങ്ങളായും സഹായധനമായും കൈക്കൂലിയായും ഈ രാജ്യങ്ങളിലേക്ക് ഒഴുകിയത്. അത്തരം അന്താരാഷ്ട്ര ഇടപെടലുകൾ അമേരിക്കയ്ക്ക് വമ്പിച്ച നഷ്ടക്കച്ചവടമായാണ് കലാശിച്ചത് എന്ന വിലയിരുത്തലിലാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും രാഷ്ടീയമാധ്യമ നേതാക്കളും ചെന്നെത്തിയത്.
പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഇത്തരം ഇടപെടലുകളുടെ വിനാശകരമായ സ്വഭാവം സംബന്ധിച്ച ചർച്ചകൾ ഉയർന്നുവന്നിരുന്നു. അതിനോടുള്ള ജനകീയ പ്രതിഷേധം പലനിലയിൽ ഉയർന്നുവന്നു. ഇടതുപക്ഷക്കാരുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രസ്ഥാനവും ഡൊണാൾഡ് ട്രംപിന്റെ അമേരിക്കാ ഫസ്റ്റ് മുദ്രാവാക്യവും അതിന്റെ ഭാഗമായി ഉയർന്നുവന്നതാണ്. അമേരിക്കയുടെ ലക്ഷ്യം ലോകനേതൃത്വമല്ല, അമേരിക്കൻ ജനതയുടെ ഉന്നതിയാണ് എന്നാണു ട്രംപ് പ്രഖ്യാപിച്ചത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അമേരിക്കയുടെ മുൻ ഭരണാധികാരികളുടെ തെറ്റായ നയങ്ങളിലുള്ള ജനവിരോധം ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
എന്നിരുന്നാലും ട്രംപിന്റെ ഒന്നാം ഭരണത്തിൽ കൃത്യമായ ഒരു ബദൽ നയം ഉയർന്നുവന്നിരുന്നില്ല. ഇസ്ലാം വിരുദ്ധ പ്രസ്താവനകളാണ് അദ്ദേഹം അന്നൊക്കെ നടത്തിയത്. മുസ്ലിംകളെ അമേരിക്കയിൽ കടത്തുകയില്ല എന്നുപോലും ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ യുദ്ധനയങ്ങൾക്കു പൂർണപിന്തുണ നൽകി. ജൂതർക്ക് മാത്രമല്ല, ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും പുണ്യസ്ഥലമായ ജെറുസലേം ഇസ്രായേൽ തലസ്ഥാനമാക്കാനുള്ള നെതന്യാഹുവിന്റെ നീക്കങ്ങൾക്കു അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നും ഏകപക്ഷീയമായി പിൻവാങ്ങി. ഫലസ്തീനെതിരെ ഐക്യരാഷ്ട്രസഭയിലും ലോകവേദികളിലും നിലപാട് സ്വീകരിച്ചു.
എന്നാൽ ഈ നയങ്ങൾ അമേരിക്കയ്ക്ക് ഗുണത്തേക്കാളേറെ ദോഷം വരുത്തിവെച്ചു എന്ന ബോധ്യം ഇപ്പോൾ ട്രംപ് ഭരണകൂടത്തിലും ഉയരുന്നുണ്ട്. അതാണ് ട്രംപിന്റെ പശ്ചിമേഷ്യാ സന്ദർശനത്തിൽവ്യക്തമാവുന്ന ഒരു കാര്യം. അദ്ദേഹം സൗദി അറേബ്യ, ഖത്തർ, ഐക്യ അറബ് എമിരേറ്റ്‌സ് എന്നീ ഇസ്ലാമിക രാജ്യങ്ങൾ മാത്രമാണ് ഇത്തവണ സന്ദർശിച്ചത്. സാധാരണ ഏതൊരു അമേരിക്കൻ പ്രസിഡണ്ട് പശ്ചിമേഷ്യയിൽ പോകുമ്പോഴും ആദ്യം സന്ദർശിക്കുക ഇസ്രായേൽ ആയിരിക്കും. പതിറ്റാണ്ടുകളായി അതാണ് പതിവ്. അമേരിക്കയുടെ അറബ് നയം രൂപീകരിക്കുന്നതിൽ ഇസ്രായേലിന്റെ പങ്ക് എല്ലാകാലത്തും വ്യക്തമായി കാണാവുന്നതായിരുന്നു.
എന്നാൽ ഇത്തവണ ട്രംപ് എല്ലാ പതിവുകളും തെറ്റിച്ചു. നെതന്യാഹുവിനു അദ്ദേഹം നൽകിയ കടുത്ത സന്ദേശം ലോകം കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു. ഇസ്രായേൽ തങ്ങൾക്കു ഒരു ബാധ്യതയാകുന്നു എന്ന ബോധ്യം അമേരിക്കയിലെ മുഖ്യധാരയിൽ വ്യാപകമാണ്. ട്രംപിന്റെ സന്ദർശന വേളയിൽ ന്യൂയോർക്ക് ടൈംസ് അന്താരാഷ്ട്ര വിദഗ്ദ്ധൻ തോമസ് ഫ്രീഡ്മാൻ എഴുതിയ ലേഖനം അതു വെട്ടിത്തുറന്നു പറയുന്നു. ഇസ്രായേൽ ഭരണകൂടം നമ്മുടെ സുഹൃത്തല്ല എന്നാണ് അതിന്റെ തലക്കെട്ട്. ഇതേ നിലപാട് മറ്റു പല മാധ്യമങ്ങളും അക്കാദമിക വിദഗ്ദ്ധരും സ്വീകരിക്കുന്നുണ്ട്.
അതിന്റെ മറ്റൊരു ഭാഗമാണ് വിവിധ ഇസ്ലാമിക രാജ്യങ്ങളുമായും സംഘടനകളുമായും ട്രംപ് ഭരണകൂടം കെട്ടിപ്പടുക്കുന്ന പുത്തൻ ബന്ധങ്ങൾ. ഇറാനുമായി വീണ്ടും ആണവചർച്ച അദ്ദേഹം ആരംഭിച്ചിരിക്കുന്നു. മുൻ ഐ.എസ് നേതാവായ സിറിയയിലെ പുതിയ ഭരണാധികാരിയെ അദ്ദേഹം മുക്തകണ്ഠം പുകഴ്ത്തി. ഹമാസുമായി നേരിട്ട് ചർച്ച നടത്തി അമേരിക്കൻ തടവുകാരനെ വിമോചിപ്പിച്ചു. യമനുമായി പുതിയ കരാറുകളിൽ ഏർപ്പെട്ടു. അഫ്ഘാനുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നു.
അതായതു ഇസ്ലാം വിരുദ്ധതയുടെ വായ്ത്താരി ഒഴിവാക്കി ഫലപ്രദമായ ആഗോള ബന്ധങ്ങൾ സ്ഥാപിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. അതിൽ അദ്ദേഹത്തിന് നേട്ടവും കൈവന്നു എന്നാണ് ഇത്തവണത്തെ സന്ദർശനഫലം കാണിക്കുന്നത്. സൗദിയുമായുള്ള വമ്പൻ ആയുധക്കരാർ അടക്കം ഈ മൂന്നു രാജ്യങ്ങളുമായി രണ്ടുലക്ഷം കോടി ഡോളറിന്റെ വ്യാപാരനിക്ഷേപ ഉടമ്പടികളിലാണ് അദ്ദേഹം ഒപ്പിട്ടത്. നേരത്തെ ജോ ബൈഡൻ നാലുകൊല്ലം കൊണ്ട് നേടിയതിന്റെ ഇരട്ടി നേട്ടങ്ങൾ ഒരൊറ്റ സന്ദർശനം കൊണ്ട് ട്രംപ് നേടി. അമിത ആദർശാത്മകതയ്ക്കു മേൽ പ്രായോഗികതയുടെ വിജയംഎന്നാണ് അതിനെ വിശേഷിപ്പിക്കേണ്ടത്.
എൻ.പി. ചെക്കുട്ടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്