വിളയാടി ഇ.ഡി; വേലി പണിത് വിളക്കൊയ്ത്ത്

MAY 21, 2025, 9:10 AM

വിസ്മയം വിതറിയ വേട്ടകളിലൂടെ വമ്പന്മാരെ അകത്താക്കിയതു വഴി സി.ബി.ഐയെയും എൻ.ഐ.എ യെയും പിന്നിലാക്കി ഹീറോ പരിവേഷമെടുത്തണിഞ്ഞഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) വിശ്വാസ്യത അടിക്കടി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണിപ്പോൾ. കള്ളപ്പണവും അഴിമതിയും കണ്ടെത്താൻ നിയോഗിക്കപ്പെട്ട ഇ.ഡി ഉദ്യോഗസ്ഥർ 'വേലിതന്നെ വിള തിന്നുന്നു' എന്ന ചൊല്ലിനെ അന്വർഥമാക്കി, കൈക്കൂലിക്കേസിലും അകപ്പെടുന്നു. കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങുന്ന കേസിൽ പ്രമുഖ ഇ.ഡി ഉദ്യോഗസ്ഥൻ കേരളത്തിലും പിടിയിലായി.

കൊച്ചി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാറാണ് കൈക്കൂലിക്കേസിൽ കുരുങ്ങിയത്.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി മാറി ഇ.ഡിയെന്ന ആരോപണം കുറേക്കാലമായി വ്യാപകമായിരുന്നു. ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇത്തരത്തിലാണ് ഇ.ഡിയുടെ പ്രവർത്തനമെന്ന ആരോപണം തള്ളിക്കളയാനാകുമായിരുന്നില്ല. സുപ്രീം കോടതിയിൽ നിന്ന് ഇ.ഡി നിരന്തരം വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയുമാണ്. തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് ഇ.ഡി ശീലമാക്കിയിരിക്കുന്നുവെന്നും നിരവധി കേസുകളിൽ ഈ പ്രവണത ബോധ്യമായെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തിയത് രണ്ടാഴ്ച മുമ്പാണ്.

ഛത്തീസ്ഗഢിലെ മദ്യഅഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓഖും ഉജ്ജൽ ഭുയാനും ഉൾപ്പെട്ട സുപ്രീംകോടതി ബഞ്ച്, ഇ.ഡി കള്ളക്കേസുകൾ ചുമത്തുന്നതായി നിരീക്ഷിച്ചത്. കേരളമുൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇ.ഡി. ചുറ്റിക്കറങ്ങുന്നത്. സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ, കുരുവന്നൂർ ബാങ്ക് തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി കേസ്, വിവാദമായ എമ്പുരാൻ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലൻ ഉൾപ്പെട്ട കേസ് എന്നിങ്ങനെ നീളുന്നു കേരളത്തിൽ ഇ.ഡി കൈകാര്യം ചെയ്യുന്ന കേസുകൾ. ഇതിൽ മിക്കതും രാഷ്ട്രീയ പ്രേരിതവും വ്യാജവുമാണെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. 

vachakam
vachakam
vachakam

ഭരണരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കാനും ബി.ജെ.പി ഇതര പാർട്ടി നേതാക്കളെ വേട്ടയാടാനും കെട്ടിച്ചമച്ചതാണ് കേസുകളിലേറെയുമെന്ന് അവർ കുറ്റപ്പെടുത്തുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ് കൈക്കൂലി കേസിൽ ഇ.ഡി ഉദ്യോഗസ്ഥർ നിരന്തരം പിടിയിലാകുന്ന സംഭവം. നിരവധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പലപ്പോഴും പിടിയിലായിട്ടുണ്ട്. ഇ.ഡി. ഷിംല യൂണിറ്റ് അസി. ഡയറക്ടർ വിശാൽദീപ്, മുംബൈ അസി. ഡയറക്ടർ സന്ദീപ് സിംഗ് യാദവ്, ഇംഫാൽ യൂണിറ്റിലെ സബ്‌സോണൽ ഓഫീസ് ഉദ്യോഗസ്ഥൻ നവൽ കിഷോർ മീണ, ബംഗ്‌ളൂരുവിലെ ഇ.ഡി ഉദ്യോഗസ്ഥൻ ചന്നകേശവലു എന്നിവർ ഇവരിൽ ചിലർ മാത്രം. സ്‌കോളർഷിപ്പ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് വർഷം പഴക്കമുള്ള കേസ് ഒഴിവാക്കാൻ 60 ലക്ഷം രൂപയാണ് ഇ.ഡി. ഷിംല യൂണിറ്റ് അസി. ഡയറക്ടർ വിശാൽദീപ് കൈക്കൂലി ആവശ്യപ്പെട്ടത്. 

മുംബൈയിലെ വി.എസ്. ഗോൾഡ് കമ്പനിയിലെ റെയ്ഡിൽ കണ്ടെത്തിയ സമ്പത്തിക ക്രമക്കേടുകളിൽ കേസ് ഒഴിവാക്കാൻ 25 ലക്ഷം രൂപ മുംബൈ അസി. ഡയറക്ടർ സന്ദീപ് സിംഗ് യാദവ് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ജ്വല്ലറി ഉടമയുടെ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചിട്ടി കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇംഫാലിലെ ഇ.ഡി. ഉദ്യോഗസ്ഥൻ നവൽ കിഷോർ മീണ പിടിയിലായത്. ബംഗ്‌ളൂരുവിലെ ഹോട്ടൽ മുതലാളിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ബംഗ്‌ളൂരുവിലെ ഇ.ഡി ഉദ്യോഗസ്ഥൻ ചന്നകേശവലുവിനെ സി.ബി.ഐ പൊക്കിയതോടെ പുറത്തുവന്ന വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വല്ലാതെ പ്രതിരോധത്തിലാക്കി. കേസുകളിൽ നിന്ന് പ്രതികളെ രക്ഷപ്പെടുത്തി മാത്രമല്ല പണം പിടുങ്ങൽ. 

നിരപരാധികൾക്കെതിരെ കള്ളക്കേസ് ചുമത്തിയും ഇ.ഡി. ഉദ്യോഗസ്ഥർ പണം തട്ടുന്നുവെന്ന വാർത്ത ശരി വയ്ക്കുന്നതായി ചന്നകേശവലുവിന്റെ അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങൾ. ഹോട്ടലിനെതിരെ യാതൊരു പരാതിയുമില്ലാതെയാണ് ചന്നകേശവലു റെയ്ഡ് നടത്തിയത്. തുടർന്ന് അനധികൃത പണമിടപാട് കണ്ടെത്തിയെന്നും രണ്ട് കോടി രൂപ തന്നാൽ കേസിൽ നിന്നൊഴിവാക്കിത്തരാമെന്നും ഹോട്ടൽ ഉടമയെ അറിയിച്ചു. ബി.ജെ.പിയും എൻ.ഡി.എയിലെ സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇ.ഡിയുടെ സാന്നിധ്യം കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കള്ളപ്പണ കേസുകളോ സാമ്പത്തിക ക്രമക്കേടുകളോ ഇല്ലാത്തതു കൊണ്ടല്ല, അത് കണ്ട ഭാവം നടിക്കാറില്ലത്രേ അവിടെ ഇ.ഡി ഉദ്യോഗസ്ഥർ. അഥവാ നിർബന്ധിതാവസ്ഥയിൽ അന്വേഷിക്കേണ്ടി വന്നാൽ കേന്ദ്ര ഭരണ കക്ഷിയെ പ്രതികൂലമായി ബാധിക്കാത്ത വിധം കാര്യങ്ങൾ അവസാനിപ്പിക്കും. 

vachakam
vachakam
vachakam

ഇതിന് മികച്ച ഉദാഹരണമായി മാറി കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച കൊടകര കുഴൽപ്പണ കേസ് സംബന്ധമായ ഇ.ഡി അന്വേഷണം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് കൊടകരയിൽ നിന്ന് മൂന്നര കോടി രൂപ കൊള്ളയടിച്ച കേസ് ഉയർന്നത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണത്തിനു വേണ്ടി കൊണ്ടുവന്ന കള്ളപ്പണമായിരുന്നു ഇതെന്ന് ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറിയടക്കം ബന്ധപ്പെട്ടവരുടെ മൊഴികളിൽ നിന്ന് വ്യക്തമായി. എന്നാൽ അതിന്റെ രാഷ്ട്രീയമാനത്തെക്കുറിച്ച് മിണ്ടാതെ കേവലം ഒരു ഹൈവേ കൊള്ളയെന്ന മട്ടിലാണ് കേസ് അന്വേഷിച്ച ഇ.ഡി കോടതിയിൽ കുറ്റപത്രം നൽകിയത്. ഇപ്പോൾ കൈക്കൂലി കേസിൽ അകപ്പെട്ട കൊച്ചി ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറായിരുന്നു കൊടകര കുഴൽപ്പണ കേസ് അന്വേഷിച്ചത്.

യു.പി.എ സർക്കാരിന്റെ അഴിമതിയും കള്ളപ്പണവുമായിരുന്നു 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യപ്രചാരണ വിഷയം. വിദേശ ബാങ്കുകളിൽ ഉൾപ്പെടെയുള്ള കള്ളപ്പണം പൂർണമായും തിരിച്ചെത്തിക്കുകയും അഴിമതി മുച്ചൂടും തുടച്ചുനീക്കി സംശുദ്ധ ഭരണം കാഴ്ചവെക്കുകയും ചെയ്യുമെന്ന വാഗ്ദാനവുമായാണ് മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അന്ന് അധികാരത്തിലേറിയത്. എന്നാൽ കള്ളപ്പണത്തിനും കൈക്കൂലിക്കും അറുതിവരുത്താൻ നിയുക്തരായ ഇ.ഡി ഉദ്യോഗസ്ഥർ തന്നെ ഒന്നിനു പിറകെ ഒന്നായി കൈക്കൂലി കേസിൽ പിടിയിലാകുന്നു. അന്വേഷണോദ്യോഗസ്ഥർ വിശ്വസ്തരും സത്യസന്ധരുമായെങ്കിലേ അഴിമതി നിർമാർജനം സാധ്യമാകൂ എന്ന വസ്തുത കോടതികൾ ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും സ്ഥിതി മാറുന്നില്ല. കേന്ദ്ര ഭരണ കക്ഷിയുടെ കളിപ്പാവയാകാതെ, സ്വതന്ത്രമായി ജോലി ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അവസരം നൽകപ്പെടുന്നുണ്ടോയെന്ന ചോദ്യവും ഉയരുന്നു.

വിരട്ടി വിജിലൻസ്

vachakam
vachakam
vachakam

കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാൻ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. കൈക്കൂലിയായി രണ്ടു ലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ രണ്ടു പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലാണ് ഉന്നത ഉദ്യോഗസ്ഥനിലേക്ക് അന്വേഷണമെത്തിയത്. ഇ.ഡി കൊച്ചി യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏറെക്കാലമായി കേന്ദ്ര ധനകാര്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. കേന്ദ്ര സർക്കാരിനു രാഷ്ട്രീയ താൽപര്യമുണ്ടായിരുന്ന നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ പോലും അന്വേഷണം അവസാനഘട്ടത്തിൽ ദുർബലമായതിനെ കുറിച്ചും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ കേസ് (പി.എം.എൽ.എ) ഒതുക്കി തീർക്കാൻ സംഘടിതമായി കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടർ ശേഖർകുമാറിനെതിരായ സൈബർ ഫൊറൻസിക് തെളിവുകൾ ആകും നിർണായകമാവുക. അറസ്റ്റിലായ കൈക്കൂലി റാക്കറ്റിലെ ഏജന്റ് വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാരിയർ എന്നിവരുടെ മൊഴികൾ ശേഖർകുമാറിന് എതിരാണെങ്കിലും വിജിലൻസിന്റെ പ്രോസിക്യൂഷൻ നടപടികൾ ശക്തമാക്കാൻ ഇതു പോരാ. ഇവരിൽനിന്നു പിടിച്ചെടുത്ത മൊബൈൽ, പെൻഡ്രൈവ് എന്നിവയടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പലതും ഫോർമാറ്റ് ചെയ്തു ഡേറ്റ മായ്ച്ച അവസ്ഥയിലായിരുന്നു. ഡേറ്റ വീണ്ടെടുക്കാനുള്ള സോഫ്റ്റ്‌വെയർ കേരള പൊലീസിന്റെ സൈബർ ഫൊറൻസിക് വിഭാഗത്തിന്റെ പക്കലുണ്ട്.

ഇതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ വിശദീകരണവുമായി ഇ.ഡി. രംഗത്തുവന്നിരുന്നു. പരാതിക്കാരൻ അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇ.ഡി പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയാണ് അനീഷെന്നും ഇയാൾ മാധ്യമങ്ങളെ ഉപയോഗിച്ച് വിചാരണ നടത്തുകയാണെന്നുമാണ് ആരോപണം. കൊട്ടാരക്കര ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അനീഷിനെതിരെ കേസെടുത്തത്. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് 24.73 കോടി രൂപ ഇയാൾ തട്ടിയെന്നാണ് കേസ്. 2024ലാണ് അനീഷിന്റെ പണമിടപാട് സംബന്ധിച്ച് ഇ.ഡി കേസെടുത്തത്. ഇയാളുടെ അച്ഛനും അമ്മയും കേസിൽ പ്രതികളാണെന്നും ഇ.ഡി പറഞ്ഞു.

പലതവണ സമൻസ് അയച്ചെങ്കിലും അനീഷ് ബാബു ഹാജരാകാൻ തയ്യാറായില്ലെന്നും ഇ.ഡി. ആരോപിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇ.ഡിക്കു മുന്നിൽ ഹാജരായെങ്കിലും ഉച്ചഭക്ഷണം കഴിക്കാനായി പോയ ആൾ പിന്നീട് വന്നില്ല. തുടർന്ന് ഇതുവരെ ഇ.ഡിയുടെ അന്വേഷണവുമായി അനീഷ് ബാബു സഹകരിച്ചിട്ടില്ല. കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും തള്ളിയിരുന്നു. കഴിഞ്ഞ മാർച്ച് 17ന് അനീഷ് ബാബുവിന്റെ ഹർജിയിൽ സുപ്രീംകോടതി ഇടപെടാൻ പോലും തയ്യാറായില്ല. ഇഡിയുടെ വാദങ്ങൾ ഇങ്ങനെ. ഇ.ഡി ഉദ്യോഗസ്ഥനെതിരായ ആരോപണത്തിൽ വിജിലൻസിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണെന്നും ഇ.ഡി കൂട്ടിച്ചേർത്തു. അനീഷ് ബാബുവിനെ ചൂണ്ടി പാപമുക്തി നേടാനാണ് തൽക്കാലം ഇ.ഡിയുടെ ശ്രമമെന്നു വ്യക്തം.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam