ലോകം ഉറ്റുനോക്കിയ അമേരിക്ക-ചൈന താരീഫ് യുദ്ധത്തിന് താല്‍ക്കാലിക വിരാമം കുറിച്ചിരിക്കുകയാണ്. ജനീവയില്‍ നടന്ന വ്യാപാര ചര്‍ച്ചകള്‍ക്ക് ശേഷം 90 ദിവസത്തേക്ക് പകരച്ചുങ്കം പിന്‍വലിക്കാന്‍ തീരുമാനമായതോടെയാണ് വ്യാപാരയുദ്ധത്തിന് താല്‍കാലിക വിരാമം ആയത്. കരാര്‍ പ്രകാരം, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി യുഎസും അമേരിക്കന്‍ ഇറക്കുമതിക്ക് മേലുള്ള തീരുവ 125 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ചൈനയും വെട്ടിക്കുറയ്ക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ലോകത്തിന്റെ വ്യാപാര-വിതരണ സംവിധാനങ്ങള്‍ ഇതോടെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിരുക്കുകയാണ്. വ്യാപാര യുദ്ധം അവസാനിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കും ലോകത്തിനും ആശ്വാസകരമാണ്. എങ്കിലും ഈ വിതച്ച ഈ വ്യാപാരയുദ്ധത്തില്‍ ആരാണ് വിജയിച്ചത് എന്നാണ് അപ്പോഴും ബാക്കിയാണ്. ഈ രണ്ട് രാജ്യങ്ങളില്‍ ആര്‍ക്കാണ് നേട്ടം ഉണ്ടായത്?
അധികാരത്തിലെത്തിയതോടെ ട്രംപ് നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ലോകമാകമാനം ബാധിച്ച പരിഷ്‌കാരമായിരുന്നു ഏപ്രില്‍ രണ്ടിന് പ്രഖ്യാപിച്ച ഉയര്‍ന്ന താരിഫ് നിരക്കുകള്‍. ആദ്യ പ്രഖ്യാപനത്തില്‍ തന്നെ 10 മുതല്‍ 90 ശതമാനം വരെയാണ് ലോക രാജ്യങ്ങള്‍ക്ക് അമേരിക്ക താരിഫ് ചുമത്തിയത്. എന്നാല്‍ അധികം വൈകാതെ തന്നെ എല്ലാവരെയും ഞെട്ടിച്ച് അധികമായി ചുമത്തിയ ഇറക്കുമതിത്തീരുവ 90 ദിവസത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചൈനയെ മാത്രം അതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ചൈനയ്ക്ക് തുടക്കത്തില്‍ പ്രഖ്യാപിച്ച 34 ശതമാനം തീരുവ ഓരോ ദിവസവും കൂട്ടി. അമേരിക്കയുടേയും ചൈനയുടേയും ഓരോ ദിവസത്തേയും താരിഫ് ഗയിം ലോകരാജ്യങ്ങള്‍ വളരെ താല്‍പര്യത്തോടെയാണ് വീക്ഷിച്ചുകൊണ്ടിരുന്നത്. ചൈനയ്ക്കുള്ള താരിഫ് 34 ശതമാനത്തില്‍ തുടങ്ങി 54 ഉം 145 ഉം അവസാനം 245 ശതമാനം വരെയും എത്തി. ചൈനയുണ്ടോ വിട്ടുകൊടുക്കുന്നു. മറുപടി താരിഫുകള്‍ അവരും കൂട്ടി 145 ശതമാനം വരെയെത്തിച്ചു. ഇത് പിന്നീട് ഇരു രാജ്യങ്ങളും കുറച്ച് 145ഉം 120ഉം ശതമാനത്തിലെത്തിച്ചിരുന്നു. ഇതാണിപ്പോള്‍ 90 ദിവസത്തേക്ക് പിന്‍വലിച്ചിരിക്കുന്നത്.
അമേരിക്കയുടെ താരീഫ് നിരക്കിനോട് മറ്റ് രാജ്യങ്ങള്‍ കരുതലോടെ പ്രതികരിച്ചപ്പോള്‍, ചൈന ചെയ്തത് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുക എന്ന തന്ത്രമായിരുന്നു. ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചുമല്ല വ്യാപാര കരാറുകള്‍ ഉണ്ടാക്കേണ്ടത് എന്ന് പ്രഖ്യാപിച്ച ചൈന ട്രംപിന്റെ വ്യാപാരയുദ്ധ നീക്കങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളും ഇറക്കി. ഈ രീതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചാല്‍ അടുത്തൊന്നും ഒരു വ്യാപാര കരാര്‍ ഉണ്ടാകില്ലെന്ന് പല വിദക്ധരും പ്രവചിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അത് സംഭവിച്ചിരിക്കുകയാണ്. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും ചൈനീസ് വൈസ് പ്രെമിയര്‍ ഹി ലിഫെങ്ങും ജനീവയില്‍ വെച്ച് നടത്തിയ രണ്ട് ദിവസത്തെ ചര്‍ച്ചയിലാണ് പുതിയ ധാരണകള്‍ ഉണ്ടായത്.
പരസ്പരമുള്ള സാമ്പത്തിക-വ്യാപാര സഹകരണത്തിന്റെ പ്രാധാന്യം തങ്ങള്‍ തിരിച്ചറിയുന്നതായും സുസ്ഥിരവും ദീര്‍ഘവും ഗുണകരവുമായ ബന്ധത്തിനായി സഹകരിക്കാന്‍ തീരുമാനിച്ചതായും ഇരു രാജ്യങ്ങളും ചേര്‍ന്ന് പുറത്തിയക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് ചൈനീസ് ഇറക്കുമതികള്‍ക്ക് 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറയ്ക്കാനും അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന 125 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കാനും തീരുമാനിച്ചത്.
പിന്‍വാങ്ങിയത് ചൈനയോ അമേരിക്കയോ?
താരീഫിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിക്കുകയാണെന്നും അതില്‍ മുന്‍പന്തിയില്‍ ചൈനയാണെന്നും പ്രഖ്യാപിച്ചാണ് ട്രംപ് അമേരിക്കന്‍ വിമോചന ദിനത്തില്‍ വ്യാപാര യുദ്ധം ആരംഭിച്ചത്. അതല്ലാതെ ഏതെങ്കിലും അന്താരാഷ്ട്ര പ്രതിഭാസങ്ങളല്ല ഇതിലേക്ക് വഴി തെളിയിച്ചത്. മറിച്ച് ട്രംപ് സ്വയം തീരുമാനിച്ച് സ്വയം പ്രഖ്യാപിച്ച് ആരംഭിച്ച യുദ്ധമായിരുന്നു ഇത്. അതേ യുദ്ധത്തിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണിപ്പോള്‍ ട്രംപ് ചൈനയ്ക്കുള്ള തീരുവ 30 ശതമാനമാക്കി കുറച്ചത്. അതുകൊണ്ട് തന്നെ ജനീവ കരാര്‍ താരിഫ്-വ്യാപാര യുദ്ധത്തില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍വാങ്ങലായും ചിലര്‍ വിലയിരുത്തി. ഈ താരിഫ് ഇടപാടുകള്‍ കൊണ്ട് അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്കും വൈകാതെ മാന്ദ്യത്തിലേക്കും പോകുമെന്ന തിരിച്ചറിവാണ് ട്രംപിനെ ഇത്തരമൊരു ഒത്തുതീര്‍പ്പിന് പ്രേരിപ്പിച്ചതെന്നായിരുന്നു പലരുടേയും വിലയിരുത്തല്‍. താരിഫ് വര്‍ധിപ്പിച്ചതിലൂടെ ചൈനയെ വരുതിയിലാക്കാമെന്നും സാമ്പത്തികമായി തകര്‍ക്കാമെന്നും കരുതിയ ട്രംപിന് തെറ്റിയെന്നും അത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാവുമെന്നും തിരിച്ചറിഞ്ഞതോടെയാണ് താരീഫ് യുദ്ധം അവസാമിപ്പിക്കാന്‍ തയ്യാറായതെന്നും ഒരു വിഭാഗം വാദിക്കുന്നു.
നിലവില്‍ ചൈനയ്ക്കുള്ള 30 ശതമാനം താരിഫ് എന്നത് അവര്‍ പ്രതീക്ഷിച്ച സാഹചര്യം നോക്കുമ്പോള്‍ നേട്ടമാണ്. അതുകൊണ്ട് ഉണ്ടാകുന്ന അധിക ബാധ്യത എളുപ്പത്തില്‍ മറികടക്കാന്‍ ചൈനീസ് ഉത്പാദകര്‍ക്ക് സാധിക്കുകയും ചെയ്യും. തങ്ങള്‍ക്ക് താരതമ്യേനെ അനുകൂലമായ ഒരു വ്യാപാര കരാറിലെത്താന്‍ ചൈന കാര്യമായി ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല എന്നുള്ളതാണ് മറ്റൊരു യാഥാര്‍ഥ്യം. അവര്‍ തങ്ങളുടെ മാര്‍ക്കറ്റ് അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ക്കായി പൂര്‍ണമായി തുറന്നുകൊടുക്കുയോ അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളോ മരുന്നുകളോ വാങ്ങുമെന്ന് സമ്മതിക്കുകയോ തങ്ങളുടെ വന്‍കിട വ്യവസായങ്ങളെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ല. ചൈനയ്ക്ക് കാര്യമായി ഒന്നും നഷ്ടപ്പെടാതെയാണ് ഈ കരാറിന്റെ നേട്ടങ്ങള്‍ ലഭിച്ചത്. അതേസമയം അമേരിക്കയ്ക്ക് ചൈനയുമായുള്ള വ്യാപാര പ്രതിസന്ധി തുടര്‍ന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും പോലുള്ള അതിഭീകര അവസ്ഥകളായിരുന്നു നേരിടേണ്ടയിരുന്നതെന്ന് വിദക്ധര്‍ പറയുന്നു. അതിന് കാരണവും ഉണ്ട്, ചൈനയെ വ്യാപാരയുദ്ധം പ്രതിസന്ധിയിലാക്കിയെങ്കിലും അമേരിക്കയെ അത് ഗുരുതരമായ രീതിയിലായിരുന്നു ബാധിച്ചതെന്ന കാര്യം ജനീവയില്‍ ചര്‍ച്ചയ്ക്കെത്തിയ യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഉള്‍പ്പടെയുള്ളവരുടെ വാക്കുകകളില്‍ പ്രകടമായിരുന്നു.
താറീഫ് യുദ്ധം തുടര്‍ന്നതോടെ അമേരിക്കയിലെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ വന്‍ തോതില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് അമേരിക്കയുടെ തദ്ദേശീയ ഉത്പന്നങ്ങലുടെയും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവയുടെയും വില കുത്തനെ വര്‍ധിക്കാന്‍ കാരണമായി. വാള്‍മാര്‍ട്ട് ഉള്‍പ്പടെുള്ള ഭീമന്‍മാരുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങളില്ലാതായി. വന്‍കിട വ്യവസായങ്ങള്‍ അസംസ്‌കൃത വസ്തുക്കള്‍ കിട്ടാതെ പ്രതിസന്ധിയിലേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം അമേരിക്കയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇരു രാജ്യങ്ങളും ഒത്തുതീര്‍പ്പിലെത്തിയപ്പോള്‍ തന്നെ അമേരിക്കന്‍ ഓഹരി വിപണികളില്‍ അതിന്റെ പ്രതിഫലനമുണ്ടായി. നാസ്ദാക്ക് ഉള്‍പ്പടെയുള്ള വിപണികള്‍ വലിയ നേട്ടങ്ങളുണ്ടാക്കിയെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വ്യാപാരയുദ്ധം ചൈനയുടെ ഉദ്പാദന മേഖലയെയും കാര്യമായി ബാധിച്ച് തടങ്ങിയിരുന്നു. അമേരിക്ക ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിയതും വിയറ്റ്നാമിനെയും മെക്സിക്കോയെയും കൂടുതലായി ആശ്രയിക്കാന്‍ ശ്രമിച്ചതും ചൈനീസ് ഉത്പാദകരില്‍ ആശങ്കയുണ്ടാക്കി. ഉദ്പാദന മേഖലയില്‍ ഉണ്ടായ അനിശ്ചിതത്വം മറ്റ് മേഖലകളിലും പ്രതിഫലിച്ചു. അമേരിക്കയ്ക്ക് പകരം വിപണികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഭാഗികമായി വിജയിച്ചെങ്കിലും അതിന്റെ സ്ഥിരതയില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. തങ്ങളുടെ നിലപാടിലുറച്ച് നില്‍ക്കുന്നതിന് പകരം ചര്‍ച്ചകള്‍ക്ക് തയ്യാറാവാന്‍ ചൈനയെ പ്രേരിപ്പിച്ചതും ഇതൊക്കെ തന്നെയാണ്. ചര്‍ച്ചയുടെ ഭാഗമായി റെയര്‍ എര്‍ത്ത് മിനറല്‍സ് കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഉള്‍പ്പടെ അമേരിക്കയ്ക്കെതിരേ ഇക്കാലയളവില്‍ കൊണ്ടുവന്ന നടപടികള്‍ പിന്‍വലിക്കാനും ചൈന തയ്യാറായി.
അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ തന്നെ
താരിഫ് യുദ്ധത്തിന്റെ ഭാഗമായി അമേരിക്കന്‍ വന്‍കിട കമ്പനികള്‍ അവരുടെ ഉത്പാദനം ചൈനയില്‍ നിന്ന് മാറ്റുമെന്നായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. പ്രധാനപ്പെട്ട കമ്പനികളൊക്കെ തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ തുടര്‍ന്നു. ചൈനയിലെ ചിലവ് കുറവും മറ്റ് സൗകര്യങ്ങളുമാണ് അവരെ ചൈനയില്‍ തന്നെ തുടരാന്‍ പ്രേരിപ്പിച്ചത്. ഈ കമ്പനികള്‍ അവരുടെ പ്രവര്‍ത്തനം തിരിച്ച് അമേരിക്കയിലേക്ക് മാറ്റുമെന്നാണ് പ്രതിക്ഷിച്ചിരുന്നത്. ഇതിലൂടെ അമേരിക്കയില്‍ കൂടുതല്‍ തൊഴിലവരങ്ങളുണ്ടാകുമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. അതേസമയം ഈ യുദ്ധത്തില്‍ നേരിട്ട് പങ്കാളികളാവാത്ത വിയറ്റ്നാം, മെക്സിക്കോ, ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ഇതുകൊണ്ട് നേട്ടവും ഉണ്ടായി. ചില നിക്ഷേപങ്ങളും പദ്ധതികളും ഈ രാജ്യത്തേക്ക് എത്താന്‍ വ്യാപാരയുദ്ധം കാരണമായി.
അവകാശവാദങ്ങള്‍
വ്യാപാരയുദ്ധത്തിലൂടെ അമേരിക്ക അവകാശപ്പെടുന്ന പ്രധാന നേട്ടം നിര്‍ണായകമായ ചില മേഖലകളില്‍ (ഉദാഹരണം മരുന്നുകള്‍) ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാന്‍ സാധിച്ചു എന്നതാണ്. അതേസമയം ഇത് ശാശ്വതമാണോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. റെയര്‍ എര്‍ത്ത് മിനറല്‍സ് കയറ്റുമതിയില്‍ ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണം അവര്‍ ഒഴിവാക്കാന്‍ തയ്യാറായി എന്നതും അമേരിക്കയ്ക്ക് നേട്ടമായി അവകാശപ്പെടാം. അമേരിക്കന്‍ വ്യവസായങ്ങള്‍ക്ക് ഇത് നിര്‍ണായകമാണ് താനും.
അതോടൊപ്പം ചൈനയുടെ സാങ്കേതികവിദ്യാ വളര്‍ച്ചയുടെ വേഗം കുറയ്ക്കാനും വ്യാപാരയുദ്ധം കാരണമായി എന്ന് പറയപ്പെടുന്നു. എന്നാല്‍ എല്ലാ വ്യാപാരയുദ്ധത്തെയും താരിഫിനെയും അതിജീവിച്ച് അമേരിക്ക ഉള്‍പ്പടെയുള്ള ലോകത്തിന്റെ ഫാക്ടറിയായി തങ്ങളിപ്പോഴും തുടരുന്നുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്