ഒരു നിയമസഭാ സമ്മേളനക്കാലത്താണ് കുറ്റങ്ങൾ അക്കമിട്ടു നിരത്തിയ പ്രതിപക്ഷ നിരയെ നമ്മുടെ ആരോഗ്യ മന്ത്രി വീണാ ജോർജ് ആ കിടിലൻ പ്രയോഗത്തിലൂടെ നേരിട്ടത്. അത് ഇപ്രകാരമായിരുന്നു: 'ഈ കപ്പൽ ആടിയുലയുകില്ല സർ. കാരണം ഇതിനൊരു കപ്പിത്താനുണ്ട്.' പിന്നീട് നവ കേരള സദസ് പത്തനംതിട്ടയിൽ പ്രവേശിച്ചപ്പോഴും വീണ ഇതാവർത്തിച്ചു. ഈ കപ്പൽ നവകേരളത്തിന്റെ തീരത്തടിയും. ഇതിനൊരു കപ്പിത്താനുണ്ട് കേട്ടോ, എന്ന് !
ക്യാപ്ടന്റെ സാന്നിധ്യത്തിലായിരുന്നു രണ്ടു വട്ടവും മന്ത്രി വീണ രണ്ടാം പിണറായി സർക്കാർ എന്ന പടുകൂറ്റൻ കപ്പലിന്റെ ശക്തിയെ കടലോളം വാഴ്ത്തിയത്. കപ്പിത്താന് ഈ പുകൾത്തൽ കേട്ട് രോമാഞ്ചമൊന്നും വന്നു കാണില്ല. കാരണം, കാരണഭൂതനായി തന്നെ വിശേഷിപ്പിച്ച തിരുവാതിര കേട്ട് പുഞ്ചിരിക്കാത്ത ആളാണ്. നാടിന്റെ അജയ്യൻ... നാട്ടാർക്കെല്ലാം സുപരിചിതൻ, തീയിൽ കുരുത്തൊരു കുതിരയെ... കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനെ... മണ്ണിൽ മുളച്ചൊരു സൂര്യനെ... മലയാള നാടിൻ മന്നനെ' എന്ന് പിന്നാലെ പാട്ടിറങ്ങി.
സമരധീര സാരഥിയെന്നും കാവലാളെന്നും ഫീനിക്‌സ് പക്ഷിയെന്നും പടനായകനെന്നുമെല്ലാം വിശേഷണം വന്നു. പിണറായി - ദ ലെജൻഡ്'; വാഴ്ത്തുപാട്ടിനു പിന്നാലെ മുഖ്യനെ പുകഴ്ത്തി 15 ലക്ഷം ചെലവിട്ട് ഡോക്യുമെന്ററിയും വന്നു. അങ്ങനെ രണ്ടാം ഭരണം നാലു വർഷവും പിന്നിട്ടു.
സർക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ചു റെക്കോർഡിട്ട പ്രതിപക്ഷത്തെ മൂക്കുകുത്തിച്ചാണ് തുടർഭരണമെന്ന റെക്കോർഡിലേക്ക് പിണറായി എൽ.ഡി.എഫിനെ നയിച്ചത്. അത് നിഷേധിക്കാനാവാത്ത സത്യവുമാണ്.
അതിനിടെ, എൽ.ഡി.എഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന് ബ്രാൻഡിങ് ചെയ്യുന്നതിനെതിരെ സി.പി.ഐ മുറുമുറുത്തു. എൽ.ഡി.എഫിന്റെ പ്രവർത്തനംകൊണ്ട് അധികാരത്തിൽ വന്ന സർക്കാരിനെ പിണറായി സർക്കാരെന്ന് വിളിക്കുന്നതിലായിരുന്നു വിമർശനം. മാർക്കറ്റിംഗിലൂടെ പ്രോഡക്ട് സെല്ലു ചെയ്യുന്നതു പോലെ കേരളമെന്ന ബ്രാൻഡിന്റെ നായകൻ താനാണെന്ന് അവതരിപ്പിച്ചാണ് പിണറായി രണ്ടാം വരവ് വന്നത്. ബംഗാളിൽ സി.പി.എം തകർന്നടിയുമ്പോഴാണ് പിണറായി നേടിയത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സി.പി.എമ്മിലെ ഏക ജയിച്ച നേതാവ്.
പാർട്ടിയും പോളിറ്റ് ബ്യൂറോയും സംസ്ഥാന സമിതിയുമെല്ലാം താനാകുന്ന തരത്തിലേക്ക് വളർച്ച. പുകഴ്ത്തിയതിനെല്ലാം കാര്യവും കാരണവും ഉണ്ടെന്നു സാരം. ഒൻപതാണ്ടത്തെ പിണറായിക്കാലം ചരിത്രമായ നിലയ്ക്ക് സി.പി.എമ്മിന് ഇനി ശേഷിക്കുന്ന സമയം അമൂല്യമാണ്. രണ്ടാം ഭരണത്തിന് വഴിവച്ചതെന്ന് പ്രതിപക്ഷം പറയുന്ന കാരണങ്ങളും ഘടകങ്ങളും ഇനി ആവർത്തിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നവരാണ് കേരളീയ സമൂഹം. കോവിഡും പ്രളയവും! കിറ്റ് വിതരണവും. പ്രകൃതിയുടെ വികൃതികൾ ഒരു നാടിന്റെ ജനകീയ സർക്കാരിന്റെ തെരഞ്ഞെടുപ്പിന് വിഷയവും കാരണവും ആയിക്കൂടാ.
എന്നാൽ, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അവസാന ലാപ്പിലേക്ക് പദമൂന്നുന്ന സർക്കാർ, കരുതലിന്റെ ദൃഷ്ടാന്തങ്ങളായി നിരത്തുന്ന വലിയ കാര്യങ്ങൾ ശ്രദ്ധിക്കാം. കെ-റെയിൽ ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകുക തന്നെ ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ അതിന് പാരവെച്ചത് കേരളത്തിലെ ബി.ജെ.പി നേതൃത്വമാണെന്ന് പരോക്ഷമായി പറയുന്നു. സാമ്പത്തിക വികസനവും സാമൂഹ്യ നീതിയും ഒരുമിച്ച് കൊണ്ടു പോകണം. കഴിഞ്ഞ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി വാർഷിക വേളകളിൽ പൊതുജനത്തിന് നൽകാറുണ്ട്. കൊവിഡ് കാലത്ത് പല മേഖലകളിലും തകർച്ചയുണ്ടായി. അതിനെ അതിജീവിച്ച് മുന്നേറുകയാണ്.
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയത് നേട്ടമാണ്. ദേശീയ പാതാ വികസനം സാധ്യമായത് ഇച്ഛാശക്തി ഒന്നു കൊണ്ട് മാത്രമാണ്. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയെല്ലാം സർക്കാറിന്റെ നേട്ടങ്ങളായി. യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പദ്ധതി നടപ്പിലാക്കി. വൈദ്യുതി, കാർഷിക, വ്യാവസായിക മേഖലയിൽ വൻ നേട്ടങ്ങളുണ്ടാക്കി. ആയുർവേദ ഗവേഷണ കേന്ദ്രം, കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി, മലയോര ഹൈവേ, വാട്ടർമെട്രോ എന്നിവ വൻ പദ്ധതികളാണ്. ഭവനരഹിതരില്ലാത്ത കേരളം പദ്ധതി സാക്ഷാത്കരിക്കാൻ നടപടി സ്വീകരിച്ചു.
വിഴിഞ്ഞം പദ്ധതിക്ക് കല്ലിട്ടത് യു.ഡി.എഫ് കാലത്താണെന്നും എന്നാൽ നൂറ് ശതമാനം പ്രവൃത്തികളും നടന്നത് എൽ.ഡി.എഫ് കാലത്താണെന്നും മുഖ്യമന്ത്രി അവകാശപ്പെടുന്നു. പി.എസ്‌സി വഴി നിയമനം സുതാര്യമാക്കിയെന്നും രാജ്യത്തെ ആകെ നിയമനങ്ങളിൽ 42 ശതമാനവും കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ സിൽവർ ലൈൻ നടപ്പാക്കാൻ കഴിയുകയുള്ളൂ. സാധാരണ നിലയിൽ ആരും അതിന് എതിര് നിൽക്കില്ല. രാജ്യം പുരോഗമിക്കേണ്ട കാര്യങ്ങളെ പറ്റി കേന്ദ്ര സർക്കാർ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എതിര് നിൽക്കേണ്ട കാര്യമില്ല. ഉത്തമവിശ്വാസത്തോടെയാണ് പദ്ധതി മുന്നോട്ടുവെച്ചത്. എന്നാൽ പദ്ധതി മുന്നോട്ടുവെച്ചു കഴിഞ്ഞപ്പോൾ നിർഭാഗ്യകരമായ അവസ്ഥയാണ് ഉണ്ടായത്. ആ പദ്ധതിക്ക് അംഗീകാരം നൽകില്ല എന്നായി. അതിനിടയാക്കിയത് ഇവിടെയുള്ള ചില ആളുകളാണ്. ഇപ്പോൾ ഇത് വേണ്ടെന്ന നിലപാട് എടുത്തു. പദ്ധതി വേണ്ട എന്നല്ല പറഞ്ഞത്. ഇപ്പോൾ വേണ്ട എന്നാണ് അവര് പറഞ്ഞത്. രാജ്യത്തിന്റെ വികസനമാണല്ലോ. കേന്ദ്രം അതിനൊപ്പം നിൽക്കുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ വികസന വിരുദ്ധരുടെ കാഴ്ചപ്പാടിന് ഒപ്പമാണ് കേന്ദ്രം നിന്നതെന്നും മുഖ്യമന്ത്രി പ്രോഗ്രസ് കാർഡ് മുന്നോട്ടു വച്ചു.
സർക്കാരിനെതിരായ ആരോപണങ്ങൾ ഒന്നൊന്നായി പാർട്ടി പത്രം വഴിയും സി.പി.എം നിഷേധിച്ചു.
പി.പി.ഇ കിറ്റ് വിവാദത്തിൽ ലോകായുക്തയിൽ സർക്കാർ വ്യക്തമായ മറുപടി കൊടുത്തു. എഐ കാമറ ഇടപാടിൽ വി.ഡി. സതീശന്റെ ആക്ഷേപങ്ങൾ കോടതിയിൽ തള്ളിപ്പോയി. കിഫ്ബി മസാല ബോണ്ട് റിസർവ് ബാങ്കിന്റെ അനുമതിയോടെയാണെന്ന് നിയമ പോരാട്ടം നടത്തി തെളിയിച്ചു. കെ-ഫോൺ ടെൻഡറിൽ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം കോടതിയിൽ തകർന്നു. അംബാനിക്കായി കെ.എഫ് സിയിൽ നിക്ഷേപം നിയമപരമായി തെളിഞ്ഞു എന്നിങ്ങനെ പോകുന്നു പ്രതിരോധങ്ങൾ.
ചില കണ്ണീർക്കഥകൾ
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പിനെത്തുടർന്ന് മൃഗങ്ങളെയും പക്ഷികളെയും മറ്റ് ജീവികളെയും കുറിച്ച് പോലും മുഖ്യമന്ത്രിക്ക് ആശങ്കയുണ്ട്. എന്നാൽ, കഴിഞ്ഞ അൻപത് ദിവസമായി കത്തുന്ന വെയിലിൽ സമരം ചെയ്യുന്ന ആശാ തൊഴിലാളികളെക്കുറിച്ച് അദ്ദേഹം ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. സമര നേതാക്കൾ പ്രതിഷേധിച്ച് മുടിച്ചറിച്ച ദിവസം പറഞ്ഞ വാക്കുകളാണിത്.
വിരമിക്കൽ ആനുകൂല്യങ്ങൾ, ഓണറേറിയം വർദ്ധനവ് എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പക്ഷെ ഈ സമരത്തെ സർക്കാരിനെതിരായ ഗൂഡലോചനയായി ആണ് എം.വി. ഗോവിന്ദൻ പോലും കണ്ടത്. സർക്കാരിന്റെ ഒൻപതാം വാർഷിക ദിനത്തിൽ സമരത്തിന്റെ നൂറാം ദിനം ആചരിച്ച് ആശാ സമരം കത്തിനിൽക്കുന്നു.
വന്യജീവികളെ തുരത്താൻ സർക്കാർ എന്തു ചെയ്തു?
കാട്ടുപന്നിക്കും കാട്ടാനയ്ക്കുംപുറമേ പുലിയും നരഭോജി കടുവകളുംകൂടി ഗ്രാമങ്ങളിലും നഗരങ്ങളിലുമിറങ്ങി ജനജീവിതത്തിന് കടുത്ത ഭീഷണിയുയർത്തുകയാണ്. പത്തുകൊല്ലത്തിനിടയിൽ വയനാട്ടിൽ ആറുപേരെയാണ് കടുവകൾ കൊന്നത്. വയനാടൻകാടുകളിൽ കടുവകൾ പെരുകുകയാണ്. നൂറ്റമ്പതിലധികം കടുവകളുണ്ടെന്നാണ് കണക്ക്. എവിടെയും എപ്പോഴും കടുവയോ പുലിയോ കാട്ടാനയോ പ്രത്യക്ഷപ്പെടാമെന്ന ഭീതി. വയനാടൻകാട്ടിൽനിന്ന് ആറളം വന്യജീവിസങ്കേതത്തിലൂടെ ആറളം ഫാം മേഖലയിൽ കടുവയിറങ്ങി ഭീതി വിതച്ചത് ഈയിടെ.വനം മന്ത്രിയുടെ സ്ഥിരം മറുപടിക്ക് വിലയിടിഞ്ഞു.
ആരോഗ്യ കേരളം മാതൃകയാണെന്ന് പറയുമ്പോഴും അനാസ്ഥ മൂലമുള്ള ആശുപത്രി മരണങ്ങൾ തുടർക്കഥയാണ്. ആരോഗ്യ സൂചകങ്ങളുടെ ഏത് അളവുകോൽ വച്ച് പരിശോധിച്ചാലും രാജ്യത്തെ ഏതൊരു സംസ്ഥാനത്തേക്കാളും ബഹുദൂരം മുന്നിലാണ് കേരളം എന്ന് പറയുമ്പോഴും
പരാതികൾക്ക് കുറവില്ല. സംസ്ഥാനത്ത് കുട്ടികളിലും കൗമാരക്കാരിലുമുൾപ്പെടെ രാസലഹരി മരുന്നുകളുടെ ഉപയോഗം ആശങ്കപ്പെടുത്തുന്ന നിലയിൽ വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ വർദ്ധന നാലിരട്ടിയിലേറെ. പിടികൂടിയവയിൽ ഏറ്റവുമധികം എം.ഡി.എം.എ. കിലോഗ്രാമിന് പതിനായിരത്തിലധികം രൂപയാണ് ഇതിന്റെ വില. എൽ.എസ്.ഡി, ബ്രൗൺഷുഗർ, ഹാഷിഷ്, ഹെറോയിൻ തുടങ്ങിയവയും പിടികൂടുന്നുണ്ട്.
ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വിൽപ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണമെന്നാണ് ആക്ഷേപം. ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളും വർദ്ധിക്കുകയാണ്. പൊലീസിനും എക്‌സൈസിനും തടയാവുന്നതിലും അപ്പുറമുള്ള വലിയ ശൃംഖലയാണ് ലഹരി മാഫിയയുടേത്. പലപ്പോഴും പിടികൂടപ്പെടുന്നത് ചെറുകിട വിൽപ്പനക്കാരും ഉപഭോക്താക്കളും മാത്രമാണ്. പോലീസ് കസ്റ്റഡിയിൽ മർദ്ദന മുറകൾ പീഡനങ്ങൾ എന്നിവ ആഭ്യന്തര വകുപ്പിനും വലിയ അപമാനം വരുത്തി വച്ച കാലമാണ് ഇത്.
200 കിലോമീറ്റർ മലയോര പാതയുടെ പ്രവൃത്തികൂടി 2026 ഫെബ്രുവരിയോടെ പൂർത്തിയാക്കാനാകും വിധം നിർമ്മാണം പുരോഗമിക്കുന്നതിനിടെ വ്യാപകമായി മണ്ണിടിച്ചിൽ സംഭവിച്ചതിനു കൂടി ഉത്തരം പറയേണ്ടി വരും സർക്കാർ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ. പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും.
ഈയിടെ നമ്മുടെ സോഷ്യലിസ്റ്റ് നേതാവ് തമ്പാൻ തോമസ് ഒരു പ്രസംഗത്തിൽ പറയുന്നതു കേട്ടു. മൂന്നാം വട്ടവും അധികാരത്തിൽ വരണം എന്ന ആഗ്രഹം പോലും ഫാസിസമാണെന്ന് ! ഒപ്പം ജനാധിപത്യ വിരുദ്ധവും. മോഡി സർക്കാരിനെക്കുറിച്ചായിരുന്നു ഈ നിരീക്ഷണം. ആ കാഴ്ചപ്പാട് ശരിയാണെന്ന് തോന്നുന്നില്ല. എത്ര വട്ടമായാലും, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർ ജനങ്ങൾക്കൊപ്പം ഉണ്ടാവുക എന്നതാണ് പ്രധാനം.
ആരാണ് ഭരിക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കുന്നത് വൻകിട പദ്ധതികളുടെ വലിപ്പം മാത്രം കണ്ടിട്ടല്ല. വാഴ്ത്തുപാട്ട് കേട്ടിട്ടുമല്ല. അവരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ എത്രമേൽ സ്പർശിച്ചു എന്നു കൂടി നോക്കിയിട്ടാണ്. കേടുപാടുകൾ തീർക്കാൻ ഇനിയും സമയമുണ്ട് എന്നർത്ഥം. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും.
പ്രിജിത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്