കേരളത്തിൽ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. മുഖ്യമന്ത്രി കോഴിക്കോട്ടും കൊച്ചിയിലുമെല്ലാം ഓടിനടന്ന് കേക്ക് മുറിക്കുന്നു, ഒപ്പമുള്ള മന്ത്രിമാർക്ക് മധുരം പങ്കിടുന്നു. പ്രതിപക്ഷം കരിദിനമാചരിച്ചാണ് തിരിച്ചടിച്ചത്. ഇതിനിടെ സ്മാർട് റോഡുകളുടെ ഉദ്ഘാടനപരിപാടിയിൽ നിന്ന് മുഖ്യമന്ത്രി ജലദോഷം കാരണം വിട്ടുനിന്നത് മാധ്യമങ്ങൾ വാർത്തയാക്കി. സോഷ്യൽ മീഡിയയാകട്ടെ ഈ വിവാദം ഏറ്റെടുത്തതോടെ സംഗതി പുലിവാലായി.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മന്ത്രി മുഹമ്മദ് റിയാസ്, സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ ക്രെഡിറ്റ് അടിച്ചെടുത്തുവെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞുവെന്നായി ചാനലുകൾ.
ഇതോടെ, ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിറക്കി. മുഖ്യമന്ത്രി അനാരോഗ്യം മൂലമാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ഈ ലാസ്റ്റ് പ്രസ് നോട്ട്. ഇതോടെ പ്രശ്‌നം അവസാനിക്കുമായിരിക്കാം.
ആറര വർഷം നീണ്ട സ്മാർട് റോഡ്
2019 ൽ ആണ് സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ തുടക്കം. ബോബെയിലെ രണ്ടു കമ്പനികളായിരുന്നു ആദ്യം കരാറെടുത്തിരുന്നത്. എന്നാൽ ഇടയ്ക്കുവച്ച് അവർ പണി നിർത്തി. വെട്ടിപ്പൊളിച്ചിട്ട റോഡിലൂടെ കാൽനടയാത്ര പോലും അസാധ്യമായി. മഴക്കാലത്താകട്ടെ, പല റോഡുകളിലും ചെളി വെള്ളവും അഴുക്കുചാലുകളിലെ മാലിന്യവുമെല്ലാം വീടുകളിലേക്ക് ഒഴുകിയെത്തി. തലസ്ഥാനത്തെ സി.പി.എമ്മിന്റെ എണ്ണം പറഞ്ഞ നേതാക്കളിൽ ഒരാളായ കടകംപള്ളി സുരേന്ദ്രൻ പോലും റോഡ് നിർമ്മാണത്തിലെ മെല്ലെപ്പോക്കിനെ വിമർശിച്ചു.
തദ്ദേശവകുപ്പിന്റെ 20 കോടിയും കോർപ്പറേഷന്റെ 80 കോടിയും കേന്ദ്രത്തിന്റെ 80 കോടിയും ചെലവിട്ടായിരുന്നു സ്മാർട്ട് റോഡ് നിർമ്മാണം. പൊതുമരാമത്ത് വകുപ്പിനായിരുന്നു മേൽനോട്ടച്ചുമതല. സ്മാർട്ട് പദ്ധതി നീണ്ടതോടെ തിരുവനന്തപുരം കോർപ്പറേഷൻ കേട്ട പഴികൾക്ക് കണക്കില്ല. ഒടുവിൽ റോഡ് പണി കഴിഞ്ഞതോടെ 'ഇത് ഞമ്മടെ റോഡോ'ണെന്ന് മന്ത്രി റിയാസ് പൂർണ്ണമായും അവകാശപ്പെട്ടത് തദ്ദേശവകുപ്പിനെയും മേയറെയുമെല്ലാം അലോസരപ്പെടുത്തിയെന്നത് നേര്.
ഏഷ്യാനെറ്റ് ന്യൂസിന്റെ ലേഖകൻ ഡ്രൈവ് ചെയ്ത കാറിൽ സഞ്ചരിച്ചാണ് മരുമകൻ മന്ത്രി റോഡിന്റെ ഗുണഗണങ്ങൾ വിവരിച്ചത്. കൈരളി, മനോരമ, മാതൃഭൂമി തുടങ്ങിയ ചാനലുകളും സ്മാർട്ട് റോഡുകളുടെ ദൃശ്യ ഭംഗി മന്ത്രിയുടെ വാക്കുകളിലൂടെ ജനങ്ങളിലെത്തിച്ചു. എന്തെല്ലാം ആരോപണങ്ങളുണ്ടായാലും കേരളത്തിന് അഭിമാനിക്കാൻ പോന്നതാണ്. കേരളത്തിൽ ബി.എം.ആന്റ് ബി.സി. മോഡലിൽ നിർമ്മാണം പൂർത്തിയാക്കിയ 50 സ്മാർട്ട് റോഡുകളും 'ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ്' എന്ന ബോർഡ് ഈ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. റോഡിൽ എന്തെങ്കിലും അപാകത കണ്ടെത്തിയാൽ അറിയിക്കാനുള്ള ഫോൺ നമ്പറുകളും ഇതോടൊപ്പം രേഖപ്പെടുത്തിയത്, ഒരു പുതിയ ജനപക്ഷരീതിയായി കാണാം.
ഛത്തീസ്ഗഡിൽ സംഭവിച്ചത് മറക്കരുതേ
തീർച്ചയായും റോഡുകൾ നമുക്ക് അനിവാര്യമാണ്. ഇന്ത്യയിൽ 670 ദേശീയ പാതകളുണ്ട്. 2025 മാർച്ച് 31 ലെ കണക്കനുസരിച്ച് ഇവയുടെ നീളം 146204 കിലോമീറ്റർ. 75 വർഷത്തിനുള്ളിൽ ദേശീയപാതകളുടെ നീളം ആറിരട്ടിയായിട്ടണ്ട്. ദേശീയ പാതകൾ ആറും എട്ടും വരികളായി പുനർ നിർമ്മിച്ചു വരികയാണ്. ഈ വികസനം 8852 കിലോ മീറ്ററിൽ പൂർത്തിയായി. 2028ൽ പൂർത്തിയാകേണ്ട വിവിധ പദ്ധതികൾക്കായി കേന്ദ്രം നീക്കിവച്ചിട്ടുള്ളത് 6.35 ലക്ഷം കോടിയാണ്. ചില റോഡുകൾ 4,6,8 വരികളാക്കി വരുന്നു.
ഇതിനുള്ള ചെലവ് 2.18 ലക്ഷം കോടി രൂപയാണ്. മഹാരാഷ്ട്ര (102), യു.പി.(90), ബീഹാർ (56), ആന്ധ്രാപ്രദേശ് (55), രാജസ്ഥാൻ (53), തമിഴ്‌നാട് (50), കേരളം (12) എന്നിങ്ങനെയാണ് ദേശീയ പാതകളുടെ എണ്ണക്കണക്ക്. കേരളത്തിലെ ദേശീയപാതകളുടെ നീളം 1858 കിലോമീറ്റർ മാത്രമാണ്. ഈ കണക്കുകൾ വെറുതെ ഉദ്ധരിച്ചതല്ല. റോഡ് നിർമ്മാണം വലിയൊരു ബിസിനസാണെന്ന് പറയാനാണ്. ഇപ്പോൾ ദേശീയ പാതകളുടെ നിർമ്മാണപദ്ധതികളിൽ ഏറെയും നേടിയെടുത്തത് അദാനി ഗ്രൂപ്പാണ്. ഈ ഗ്രൂപ്പ് പിന്നീട് പലർക്കായി ഉപകരാറുകൾ നൽകുകയാണ് പതിവ്.
ഛത്തീസ്ഗഢിൽ ഇങ്ങനെ പ്രധാനകരാർ കമ്പനിയിൽ നിന്ന് ഉപകരാറെടുത്ത ഒരു വിരുതൻ എൻ.ഡി.ടി.വി.യുടെ ഒരു പ്രാദേശിക ലേഖകനായ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയെന്ന കേസ്സുണ്ട്. മുകേഷിന്റെ ഹൃദയം കീറിമുറിച്ചായിരുന്നു വധം. കരൾ നാല് കഷണങ്ങളാക്കി മുറിച്ചും തലയിൽ മാത്രം 15ഓളം മുറിവുകളുണ്ടാക്കിയും സിനിമാസ്റ്റൈലിൽ നടന്ന ഈ കൊലപാതകം വലിയ മാധ്യമ ശ്രദ്ധയൊന്നും നേടിയില്ല.
ബീജാപ്പൂർ ജില്ലക്കാരനായിരുന്നു കൊല്ലപ്പെട്ട മുകേഷ് ചന്ദ്രാകർ. മുകേഷ് ദേശീയപാതാ നിർമ്മാണത്തിലെ ചില അപാകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എൻ.ഡി.ടി.വി.യിൽ നൽകിയ റിപ്പോർട്ടാണ്, സുരേഷ് ചന്ദ്രാകർ എന്നു പൊലീസ് പറയുന്ന പ്രതിയായ കരാറുകാരനെ ചൊടിപ്പിച്ചത്. സുരേഷിന്റെ കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹാവശിഷ്ടങ്ങൾ ഒളിപ്പിച്ചിരുന്നു. 2025 ജനുവരി ആദ്യവാരം അച്ചടി മാധ്യമങ്ങൾ മൂലയ്‌ക്കൊളിപ്പിച്ച ഈ വാർത്ത റോഡ് നിർമ്മാണത്തിലെ അഴിമതികളുടെ ആഴം വ്യക്തമാക്കുന്നുണ്ട്.
കൂരിയാട്, കുപ്പം, എടരിക്കോട്...
ബസ് സ്റ്റോപ്പുകളുടെ പേരുകളല്ല ഇത്. വികസനത്തിന്റെ പുതു പാതകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളാണിവ. ഇനിയുമുണ്ട് സ്ഥലപ്പേരുകൾ ഏറെ. രണ്ടു മാസങ്ങൾക്കു മുമ്പ് ഈ വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നു. പല സ്ഥലത്തും റോഡുകൾ വെട്ടിപ്പൊളിച്ചിരിക്കുന്നതു കണ്ടാൽ ആരുമൊന്നു കിടുങ്ങും. ഒറ്റ മഴ കൊണ്ടാണ് മലപ്പുറത്തെ പല സ്ഥലങ്ങളിലും റോഡ് ഇടിഞ്ഞു താഴ്ന്നത്. നദികളും തോടുകളും തടഞ്ഞും വയലുകൾ നികത്തിയും നടത്തുന്ന ദേശീയ പാതയുടെ നിർമ്മാണം അധികൃതർ കരാറുകരെ വിശ്വസിച്ചേൽപ്പിക്കുകയാണ്. മേൽപ്പാലങ്ങൾ ഒഴിവാക്കിയാൽ ലാഭം കൂടും.
അതുകൊണ്ട് ഏത് പാതാളമാണെങ്കിലും മണ്ണിട്ട് നികത്തി ആണി ബ്ലോക്കുകൾ (ഒരു പ്രത്യേകതരം സിമന്റ് ഇഷ്ടിക) നിരത്തി റോഡ് നിർമ്മിച്ചിരിക്കുകയാണിവിടെ, കോഴിക്കോട്ടെ ഒരു കരാർ കമ്പനിയാണത്രെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്. ശാസ്ത്രീയമായ യാതൊരു സർവേയും ഇവിടെ നടന്നിട്ടില്ല. മണ്ണ് പരിശോധനയുമില്ല. 35 അടി വരെ ഉയരത്തിൽ മണ്ണ് ചെത്തിയെടുത്ത് അവിടെയെല്ലാം പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചിരിക്കുകയാണ്. പണി നടക്കുന്ന പ്രദേശങ്ങളിൽ ആവശ്യമായ 'ഡൈവേർഷൻ ബോർഡുകൾ' പോലും കരാർ കമ്പനി സ്ഥാപിച്ചിട്ടില്ല. റോഡ് നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചിട്ടുള്ള ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതുമൂലം ഇരുചക്ര വാഹനങ്ങളും മറ്റും വൻ ഗർത്തങ്ങളിലേക്ക് വീണ് യാത്രക്കാർ മരിച്ചിട്ടും അധികൃതർ മൗനം പാലിച്ച ചരിത്രമാണുള്ളത്.
ഭൂമി ഏറ്റെടുക്കാതെ അവരുടെ വരാന്തവരെ റോഡിനായി ചെത്തിയെടുത്ത് ദേശീയപാത അതോറിറ്റിക്ക് ലാഭമുണ്ടാക്കി കൊടുക്കാനുള്ള വ്യഗ്രത മൂലം റോഡരികിലെ താമസക്കാർ ദുരിതത്തിലാണിവിടെ. ചില വീടുകളിലേക്ക് ചെളിവെള്ളം ഒഴുകിവരുന്നു. മറ്റ് ചില വീട്ടുകാർക്ക് വഴിയേ ഇല്ല. റോഡ് പണിക്കുവേണ്ടി ജനങ്ങളെ, തടവുകാരാക്കുന്നുവെന്നാണ് ജനങ്ങളുടെ പരാതി. ഹേമമാലിനിയുടെ കവിൾത്തടം പോലെയാണ് ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ റോഡുകളെന്ന് പണ്ടൊരു ബി.ജെ.പി. നേതാവ് പറഞ്ഞതോർക്കുന്നു. ഇങ്ങനെ റോഡുകളെല്ലാം മനോഹരമായാൽ, അതെല്ലാം വോട്ടാകുമെന്ന ബുദ്ധി ചില ഇടതു നേതാക്കൾക്കുണ്ട്.
പൊതുമരാമത്ത് വകുപ്പ് കിഫ്ബിയുടെ സഹായത്തോടെ 511 റോഡ് നിർമ്മാണപദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത് ഈ രാഷ്ട്രീയലാക്കോടെയാണ്. ഇതിനുവേണ്ടി 32,000 കോടി രൂപയും കിഫ്ബി അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രാവച്ചമ്പലം-കൊടിനട റോഡ്, വഴയിലയിലേക്കുള്ള റോഡ്, വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം, കൊട്ടാരക്കര ബൈപാസ്, കുട്ടിക്കാനം ചപ്പാത്ത് മലയോര ഹൈവേ, മലയോരപാതയുടെ മറ്റ് റീച്ചുകൾ, തീരദേശ ഹൈവേ, അങ്കമാലി-കൊച്ചിൻ എയർപോർട്ട് ബൈപാസ്, മൂവാറ്റുപുഴ-പെരുമ്പാവൂർ ബൈപാസുകൾ എന്നിവയെല്ലാം ഈ പദ്ധതികളിൽ ഉൾപ്പെടും.
2018ലെ ഇടതു പ്രകടനപത്രികയിൽ ടോൾ പിരിക്കില്ലെന്ന് പറഞ്ഞിരുന്നു. അതെല്ലാം മറന്നേക്കൂ എന്നു പറഞ്ഞുകൊണ്ട് ജി.പി.എസ്.വഴി ചുങ്കം പിരിക്കാനുള്ള ഒരുക്കവും അണിയറയിൽ തുടങ്ങിയിട്ടുണ്ട്, ധനമന്ത്രി നിഷേധിക്കുമെങ്കിലും. 2018 ഡിസംബർ 14ന് മുൻമന്ത്രി ജി.സുധാകരനാണ് കേരളത്തിലെ ടോൾ പിരിവ് അവസാനിപ്പിച്ചത്. 15 വർഷത്തിലധികമായി 'നിത്യ ടോൾ' പിരിച്ചിരുന്ന 16 പാലങ്ങളിലെ ടോൾ പിരിവാണ് മന്ത്രി നിർത്തിവച്ചത്. ഇപ്പോഴാകട്ടെ, പാർട്ടി മാറി. നയവും മാറി. ടോൾ പിരിവ് മാത്രമല്ല, മറ്റെന്തെല്ലാം പിരിക്കാമെന്ന് ചില സർക്കാർ ഏമാന്മാർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയുമാണ്.
ലാലേട്ടൻ തുടരും, പക്ഷെ സർക്കാരോ?
രണ്ടാം പിണറായി സർക്കാരിന് വീണു കിട്ടിയ സിനിമാപ്പേരാണ് തുടരും. അതുകൊണ്ട് ഇടതു ഭരണത്തെക്കാൾ പിണറായി തുടരുമെന്ന ക്യാച്ച് ലൈനാണ് ഇപ്പോൾ സർക്കാർ പരസ്യങ്ങൾക്കുള്ളത്.
ഇന്ന് (ബുധൻ) മോഹൻലാലിന്റെ അറുപത്തിയഞ്ചാം പിറന്നാളാണ്. ആകെ 'പെട്ടുപോയ' ഏതോ ഒരു കഷ്ട കാലത്തിൽ നിന്ന് ലാലിനെ രക്ഷിച്ചെടുത്തത് സംവിധായകൻ തരൂൺ മൂർത്തിയാണ്. ലാലിന്റെ ബന്ധു കൂടിയായ നിർമ്മാതാവ് രഞ്ജിത്തും 'തുടരും' ചിത്രത്തിന്റെ തിയറ്റർ കളക്ഷൻ 225 കോടി കവിഞ്ഞതിൽ സന്തോഷവാനാണ്. ഈ ചിത്രത്തിന്റെ പേരിൽ ഒരു 'പരസ്യ കോലാഹലം' സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണ് ഇടതു ഭരണം.
24ന് ക്ഷേമപെൻഷനും കുടിശ്ശികയിൽ ഒരു തവണയും കൂടി കൊടുക്കാൻ പോകുകയാണ് ഭരണകൂടം. ഇതിനിടെ ആശാ സമരം 100 ദിനങ്ങൾ പിന്നീട്ടു. സമരം ചെയ്യുന്ന ആശമാരോട് ഒരു തരത്തിലും സർക്കാർ വിട്ടു വീഴ്ച കാണിക്കുന്നില്ല. തൊഴിലാളികളുടെ സർക്കാർ എന്ന വിളിപ്പേര് ഓർമ്മിച്ചെങ്കിലും അവരോട് അനുകമ്പ കാണിച്ചു കൂടേയെന്ന് പലരും ചോദിക്കുന്നുണ്ട്. പക്ഷെ കണ്ണ് തുറക്കേണ്ടവർ തുറക്കുന്നതേയില്ല. കഷ്ടം!
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്