റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജ്മദ് വനത്തില്‍ നടന്ന അതിരൂക്ഷമായ പോരാട്ടത്തിലാണ് സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറിയും പരമോന്നത കമാന്‍ഡറുമായ ബസവരാജു എന്ന നമ്പാല കേശവ റാവുവിനെ സുരക്ഷാ സേന ബുധനാഴ്ച വധിച്ചത്.
1.5 കോടി രൂപ ഇനാമാണ് ബസവരാജുവിന്റെ തലയ്ക്ക് പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും മാരകമായ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ചിലതിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു ഇയാള്‍. സമീപകാലത്ത് മാവോയിസ്റ്റുകള്‍ക്കേറ്റ ഏറ്റവും നിര്‍ണായകമായ പ്രഹരങ്ങളിലൊന്നാണിത്.
എഞ്ചിനീയറിംഗില്‍ ബിരുദം
1955 ല്‍ ആന്ധ്രാപ്രദേശിലെ ജിയന്നപേട്ട് ഗ്രാമത്തില്‍ ജനിച്ച കേശവ റാവു, എന്‍ഐടി വാറങ്കലില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം 1980 കളുടെ തുടക്കത്തിലാണ് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പില്‍ ചേര്‍ന്നത്. 1987-ല്‍ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലത്തില്‍ (എല്‍ടിടിഇ) നിന്ന് ഗറില്ലാ യുദ്ധ പരിശീലനം നേടിയ ഇയാള്‍ ഐഇഡി സ്‌ഫോടനങ്ങള്‍ നടത്തുന്നതില്‍ വിദഗ്ധനായിരുന്നു.
2010 ല്‍ ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്തതിനും 2013 ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 27 പേരുടെ മരണത്തിനിടയാക്കിയ ജീറാം ഘാട്ടിയില്‍ ആക്രമണത്തിലും ബസവരാജുവിന് മുഖ്യ പങ്കുണ്ടായിരുന്നു.
2003 ല്‍ അലിപിരിയില്‍ അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെ വധിക്കാന്‍ നടത്തിയ ബോംബ് സ്‌ഫോടനത്തിന് പിന്നിലും ഇയാളായിരുന്നു.
2018 ല്‍ മുപ്പല ലക്ഷ്മണ റാവു എന്ന ഗണപതിയുടെ പിന്‍ഗാമിയായി ബസവരാജു സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. വര്‍ഷങ്ങളായി ഇന്റലിജന്‍സ് ഏജന്‍സികളുടെ കെണികള്‍ സമര്‍ത്ഥമായി ഒഴിവാക്കിക്കൊണ്ട്, ഭൂഗര്‍ഭ ഒളിത്താവളങ്ങളില്‍ നിന്ന് പ്രസ്ഥാനത്തിന്റെ തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നാരായണ്‍പൂര്‍, ബിജാപൂര്‍, ദന്തേവാഡ എന്നിവിടങ്ങളിലെ കാടുകള്‍ നിറഞ്ഞ ട്രൈ-ജംഗ്ഷനില്‍ മുതിര്‍ന്ന മാവോയിസ്റ്റ് കമാന്‍ഡര്‍മാരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ആഴ്ചകളോളം ഏകോപിപ്പിച്ച ഇന്റലിജന്‍സ് വിവര ശേഖരണത്തെ തുടര്‍ന്നാണ് ബസവരാജിനെതിരായ ആക്രമണം സേന നടത്തിയത്.
ഓപ്പറേഷന്‍ കാഗര്‍
'ഓപ്പറേഷന്‍ കാഗര്‍' എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന ഈ ഓപ്പറേഷന്‍ മെയ് 19 ന് ഛത്തീസ്ഗഢ് പോലീസിന്റെ സംയുക്ത ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ടീമുകള്‍ ആരംഭിച്ചു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെയും (എസ്ടിഎഫ്) സിആര്‍പിഎഫിന്റെയും പിന്തുണയോടെയായിരുന്നു നടപടി. 50 മണിക്കൂര്‍ നീണ്ടുനിന്ന വലിയ ഏറ്റുമുട്ടലില്‍ ബസവരാജുവും ഉന്നത മാവോയിസ്റ്റ് കമാന്‍ഡര്‍മാരും അടക്കം 30 ലധികം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്ന് ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, തന്ത്രപരമായ രേഖകള്‍ എന്നിവയുടെ ഗണ്യമായ ശേഖരം കണ്ടെടുത്തു. മധ്യേന്ത്യയിലെ മാവോയിസ്റ്റ് ലോജിസ്റ്റിക്കല്‍, കമാന്‍ഡ് ഘടനയ്ക്ക് ഗുരുതരമായ പ്രഹരമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സേനയെ അഭിനന്ദിച്ചു.
ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി (ഡികെഎസ്ഇസഡ്‌സി), പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ) എന്നിവയിലെ നിരവധി മുതിര്‍ന്ന തലത്തിലുള്ള മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചുറ്റുമുള്ള കാടുകളില്‍ പരിക്കേറ്റവരെയും രക്ഷപ്പെട്ടവരെയും കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്