ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിച്ചിരിക്കുകയാണ്. ഈജിപ്റ്റില്‍ നടന്ന ഉച്ചകോടിയില്‍ ഗാസ സമാധാന കരാര്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധത്തിന് ഔദ്യോഗിക പരിസമാപ്തിയായത്. അതേസമയം ഉച്ചകോടിയില്‍ നിന്ന് അവസാന നിമിഷം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പിന്‍മാറിയതും പിന്നീട് ഡ്രോണ്‍ ആക്രമണം നടന്നതും കരാറിലെ കല്ലുകടിയായി.
ഗാസ സമാധാന പദ്ധതി അംഗീകരിക്കുകയും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തതോടെ മിഡില്‍ ഈസ്റ്റില്‍ രണ്ട് വര്‍ഷത്തിന് ശേഷം സമാധാനത്തിന്റേയും ആശ്വാസത്തിന്റേയും പകല്‍ ഉദിച്ചെന്നായിരുന്നു ലോകം മുഴുവന്‍ ആശ്വസിച്ചത്. ഇസ്രായേലും ഹമാസും തമ്മിലുള്ള പുതിയ ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തിങ്കളാഴ്ച ഹമാസ് 20 ഇസ്രായേലി ബന്ദികളെ റെഡ് ക്രോസിന് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ബന്ദികളെ രണ്ട് ഘട്ടങ്ങളിലായാണ് വിട്ടയച്ചത്.
ആദ്യ ഘട്ടത്തില്‍, ഏഴ് ബന്ദികളെ രാവിലെയും രണ്ടാം ഘട്ടത്തില്‍ 13 പേരെ വൈകുന്നേരവും വിട്ടയച്ചിരുന്നു. രണ്ട് വര്‍ഷത്തെ കാരാഗ്രഹ വാസത്തിന് ശേഷം അവര്‍ നാട്ടിലേക്ക് മടങ്ങി. വെടിനിര്‍ത്തലിന്റെ മധ്യസ്ഥനായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗാസ സമാധാന ഉച്ചകോടിക്കായി ഈജിപ്തില്‍ എത്തിയിരുന്നു.
'യുദ്ധം അവസാനിച്ചു. ഇതൊരു മഹത്തായ ദിവസമാണ്. ഇതൊരു പുതിയ തുടക്കമാണ്,' വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. നിരായുധീകരണ പദ്ധതി ഹമാസ് പാലിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അതേസമയം പാര്‍ലമെന്റ് പ്രസംഗത്തില്‍ ഇസ്രായേലിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണ ട്രംപ് വീണ്ടും ഉറപ്പിച്ചു. 'ഇസ്രായേലിനും മുഴുവന്‍ മിഡില്‍ ഈസ്റ്റിനും ഇത് ഒരു ആവേശകരമായ പുതിയ അധ്യായം അടയാളപ്പെടുത്തുന്നുവെന്നായിരുന്നു ട്രംപിന്റെ ഭാഷ്യം. മേഖലയിലുടനീളം, മിഡില്‍ ഈസ്റ്റിനെ വളരെക്കാലമായി ബാധിച്ച അരാജകത്വത്തിന്റെയും ഭീകരതയുടെയും നാശത്തിന്റെയും ശക്തികള്‍ ഇപ്പോള്‍ ദുര്‍ബലപ്പെടുകയും ഒറ്റപ്പെടുകയും പരാജയപ്പെടുകയും ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്, ഉപദേഷ്ടാവ് ജാരെഡ് കുഷ്നര്‍, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരുള്‍പ്പെടെയുള്ള തന്റെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെയും ട്രംപ് പ്രശംസിച്ചു. ഇസ്രായേലിന്റെ പ്രതിരോധശേഷി അദ്ദേഹം എടുത്തുകാട്ടി. ഇസ്രായേലികള്‍ക്കും പലസ്തീനികള്‍ക്കും 'ദീര്‍ഘവും വേദനാജനകവുമായ പേടിസ്വപ്നം ഒടുവില്‍ അവസാനിച്ചു' എന്ന് ട്രംപ് പ്രഖ്യാപിച്ചു.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ നാള്‍ വഴി
2023 ഒക്ടോബര്‍ 7: തെക്കന്‍ ഇസ്രയേലില്‍ ഹമാസ് മിന്നലാക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. 1195 പേര്‍ക്കു പരുക്കേറ്റു. 251 പേരെ ഹമാസ് ബന്ദികളാക്കി.
ഒക്ടോബര്‍ 8: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേല്‍ ഗാസയിലേക്കുള്ള വൈദ്യുതി വിഛേദിച്ചു. ഇസ്രയേല്‍ വ്യോമാക്രമണവും ഉപരോധവും ശക്തമാക്കിയതോടെ ഗാസയില്‍നിന്ന് അഭയാര്‍ഥിപ്രവാഹം.
ഒക്ടോബര്‍ 14 : വടക്കന്‍ ഗാസയില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള ഇസ്രയേലിന്റെ അന്ത്യശാസനത്തെത്തുടര്‍ന്നു തെക്കന്‍ ഭാഗത്തേക്കു പാലസ്തീന്‍കാരുടെ കൂട്ടപ്പലായനം.
ഒക്ടോബര്‍ 24 : ഗാസയില്‍ മൂന്നില്‍രണ്ട് ആരോഗ്യകേന്ദ്രങ്ങളും അടച്ചു.
ഒക്ടോബര്‍ 28 : ജീവകാരുണ്യസഹായമെത്തിക്കാന്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന പ്രമേയം പാസാക്കി. വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നു.
നവംബര്‍ 23: ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിനിടെ 105 ബന്ദികളെ ഹമാസ് വിട്ടയച്ചു. 240 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
ഡിസംബര്‍ 1: ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചു. ഗാസയില്‍ മരണം 15,000 കടന്നു.
2024 ജനുവരി 2 : ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അല്‍ അരൂരി അടക്കം 4 പേര്‍ കൊല്ലപ്പെട്ടു.
ജനുവരി 21: ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 25,000 കടന്നു.
ഫെബ്രുവരി 14: കയ്‌റോയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടു.
മാര്‍ച്ച് 9: ഹമാസ് നേതൃനിരയിലെ രണ്ടാമനായ മര്‍വന്‍ ഈസ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
മാര്‍ച്ച് 25: ഗാസയില്‍ വെടിനിര്‍ത്തലും ജീവകാരുണ്യ സഹായമെത്തിക്കലും ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. 15 അംഗ സമിതിയിലെ 14 രാജ്യങ്ങളും അനുകൂലിച്ചു; യുഎസ് വിട്ടുനിന്നു.
ഏപ്രില്‍ 7: യുദ്ധം 6 മാസം പിന്നിട്ടതോടെ ഗാസയില്‍ 84% ആശുപത്രികളും തകര്‍ന്നു.
മെയ് 12: കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 35,000 കടന്നു.
ജൂലൈ 31: ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ ഇറാന്‍ സന്ദര്‍ശനത്തിനിടെ കൊല്ലപ്പെട്ടു.
ഓഗസ്റ്റ് 26: യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയില്‍ നടത്തിയ സമാധാന ചര്‍ച്ച പരാജയം.
സെപ്റ്റംബര്‍ 1: പാലസ്തീനില്‍ പോളിയോ വാക്‌സിനേഷനായി ദിവസവും പകല്‍ 8 മണിക്കൂര്‍ വെടിനിര്‍ത്തലിനു ഹമാസും ഇസ്രയേലും തയാറായതോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ വാക്‌സീന്‍ വിതരണം.
ന്മ സെപ്റ്റംബര്‍ 2: ബന്ദികളുടെ മോചനത്തില്‍ പരാജയപ്പെട്ടെന്നാരോപിച്ച് ഇസ്രയേലില്‍ പ്രക്ഷോഭം.
സെപ്റ്റംബര്‍ 17-18: ഇറാന്‍ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു ലബനനിലും സിറിയയിലും ഇസ്രയേല്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ മൂവായിരത്തോളം പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ചു.
സെപ്റ്റംബര്‍ 27: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല ലബനനിലെ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഒക്ടോബര്‍ 1: ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലാക്രമണം. ലബനനില്‍ ഇസ്രയേല്‍ കരമാര്‍ഗം ആക്രമണം തുടങ്ങി.
ഒക്ടോബര്‍ 7: യുദ്ധത്തിന് ഒരു വര്‍ഷം
ഒക്ടോബര്‍ 17: വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഹമാസ് മേധാവി യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടു.
നവംബര്‍ 6: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പുറത്താക്കി.
നവംബര്‍ 9: വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ മധ്യസ്ഥതയില്‍നിന്നു പിന്മാറുന്നുവെന്ന് ഖത്തര്‍.
നവംബര്‍ 27: ഇസ്രയേലും ലബനനിലെ ഹിസ്ബുല്ലയും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. യുഎസിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍.
ഡിസംബര്‍ 16: ഗാസയില്‍ മരണം 45,000 കടന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥശ്രമങ്ങള്‍ ഊര്‍ജിതമായി.
2025 ജനുവരി 8: ബന്ദികളെ കൈമാറുന്നതില്‍ ഹമാസ് പരാജയപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ജനുവരി 11: ട്രംപ് ചുമതലയേല്‍ക്കുന്ന 20നു മുന്‍പ് സമാധാനക്കരാറില്‍ ധാരണയിലെത്താന്‍ അവസാനഘട്ട ചര്‍ച്ച.
ജനുവരി 15: വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് ഖത്തര്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ജനുവരി 19: വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍. ഗാസ വിട്ടുപോയ ആയിരക്കണക്കിന് ജനങ്ങള്‍ തിരിച്ചു വരാന്‍ തുടങ്ങി.
ജനുവരി 27: ഹമാസ് ഒരു തടവുകാരനെ വിട്ടയച്ചതിനു ശേഷം, ഇസ്രയേല്‍ നെറ്റ്സരിം ഇടനാഴി തുറന്നു. സൈന്യം പിന്മാറ്റം തുടങ്ങി.
ഫെബ്രുവരി 9: കരാറിന്റെ ഭാഗമായി നെറ്റ്സരിം ഇടനാഴിയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്മാറുന്നു.
ഫെബ്രുവരി 10: ഇസ്രയേല്‍ കരാര്‍ ലംഘനം നടത്തിയെന്നു ആരോപിച്ച് തടവുകാരുടെ മോചനം ഹമാസ് നിര്‍ത്തിവച്ചു.
ഫെബ്രുവരി 13: രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്ന് തടവുകാരുടെ മോചനം ഹമാസ് പുനരാരംഭിച്ചു.
ഫെബ്രുവരി 22: ആറു തടവുകാരെ വിട്ടയച്ചു
ഫെബ്രുവരി 25: ഏതാനും തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി.
മാര്‍ച്ച് 1: കരാര്‍ നീട്ടാന്‍ ഹമാസ് തയാറായില്ല, ഇസ്രയേല്‍ ഗാസയ്ക്ക് നല്‍കിയിരുന്ന സഹായവും വൈദ്യുതിയും കുറച്ചു.
മാര്‍ച്ച് 18: വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ 'ഓപ്പറേഷന്‍ മൈറ്റ് ആന്‍ഡ് സ്വോര്‍ഡ്' എന്ന പേരില്‍ വ്യോമാക്രമണം നടത്തി. 400-ല്‍ അധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം വീണ്ടും വ്യാപിച്ചു.
മാര്‍ച്ച് 25: ഇസ്രയേല്‍ കരാക്രമണം കടുപ്പിച്ചു. ഇസ്രയേലില്‍ വലിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
ന്മ ജൂണ്‍ 12: ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച പുനരാരംഭിച്ചു.
ജൂണ്‍ 17: കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍
ജൂലൈ 22: ട്രംപിന്റെ സമാധാന ശ്രമങ്ങള്‍ക്ക് പ്രദേശിക തലത്തില്‍ പിന്തുണ
ജൂലൈ 30: ബന്ദികളുടെ മോചനത്തിന് പകരമായി രാജ്യാന്തര തലത്തില്‍ ഉറപ്പുകള്‍ ലഭിക്കമെന്ന് ഹമാസ്
ഓഗസ്റ്റ് 28: ബന്ദികളുടെ കൈമാറ്റം, ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം എന്നിവ ഉള്‍പ്പെടുത്തി സമാധാന പദ്ധതി നിര്‍ദേശിച്ച് ട്രംപ്
സെപ്റ്റംബര്‍ 3: ഗാസ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഗാസയില്‍ കൊല്ലപ്പെട്ട 64,232 പേരില്‍ 30 ശതമാനവും കുട്ടികള്‍.
സെപ്റ്റംബര്‍ 9: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി എത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിലെ ദോഹയില്‍ ഇസ്രയേല്‍ വ്യോമാക്രമണം.
സെപ്റ്റംബര്‍ 22: യുഎന്‍ പൊതുസഭ വാര്‍ഷികസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍, സൗദിയും ഫ്രാന്‍സും സംഘടിപ്പിച്ച ഉച്ചകോടിയില്‍ ബ്രിട്ടനടക്കം ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പിന്നാലെ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചു ഫ്രാന്‍സും പ്രഖ്യാപനം നടത്തി.
സെപ്റ്റംബര്‍ 26: യുഎന്‍ പൊതുസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റതിനു പിന്നാലെ ഭൂരുപക്ഷം രാജ്യങ്ങളുടെയും പ്രതിനിധികള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സെപ്റ്റംബര്‍ 29: വൈറ്റ് ഹൗസില്‍ ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിര്‍ണായക കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കിടെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ഫോണില്‍ വിളിച്ച നെതന്യാഹു, ഖത്തറിനെ ആക്രമിച്ചതില്‍ ക്ഷമാപണം നടത്തി. പിന്നാലെ നെതന്യാഹുവിന്റെ സാന്നിധ്യത്തില്‍ ഗാസ സമാധാനപദ്ധതി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 2: ഗാസയിലേക്ക് സഹായവുമായി എത്തിയ 40 ഫ്‌ലോട്ടിലകള്‍ (ചെറു കപ്പലുകള്‍) പിടിച്ചെടുത്ത് ഇസ്രയേല്‍ നാവിക സേന. സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ഉള്‍പ്പെടെ 46 രാജ്യങ്ങളില്‍നിന്നുള്ള 450 മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകര്‍ സെപ്റ്റംബര്‍ ആദ്യം ബാര്‍സിലോനയില്‍നിന്ന് ഗാസ ലക്ഷ്യമാക്കി പുറപ്പെട്ടത്.
ഒക്ടോബര്‍ 3: യുഎസ് പ്രാദേശിക സമയം ഒക്ടോബര്‍ 5ന് വൈകിട്ട് ആറിനു മുന്‍പ് സമാധാന പദ്ധതി അംഗീകരിക്കണമെന്നും അല്ലെങ്കില്‍ സര്‍വനാശമാണെന്നും ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഗാസയുടെ ഭരണം കൈമാറാമെന്നും തര്‍ക്കവിഷയങ്ങളില്‍ ചര്‍ച്ച വേണമെന്നും പിന്നാലെ ഹമാസ് പ്രതികരിച്ചു. ആക്രമണം നിര്‍ത്താന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ട്രംപ്.
ഒക്ടോബര്‍ 4: ഗാസയിലെ വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ടാങ്കുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് തുടര്‍ന്ന് ഇസ്രയേല്‍.
ഒക്ടോബര്‍ 6: ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാനപദ്ധതിയുടെ ആദ്യഘട്ട ചര്‍ച്ച ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടില്‍ ആരംഭിച്ചു. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത് 67,160 പലസ്തീന്‍കാര്‍
ഒക്ടോബര്‍ 7: ഗാസ യുദ്ധത്തിലേക്കു നയിച്ച ഹമാസിന്റെ തെക്കന്‍ ഇസ്രയേലിലെ ആക്രമണത്തിന് രണ്ടു വയസ്.
ഒക്ടോബര്‍ 8: ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും, ബന്ദികളെ മോചിപ്പിക്കും; ഈജിപ്തിലേക്ക് പോകുമെന്ന് ട്രംപ്.
ഒക്ടോബര്‍ 13: ഗാസയില്‍ ശേഷിച്ച 20 ബന്ദികളെ ഹമാസും 1968 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഗാസ സിറ്റിയിലെ സബ്ര പട്ടണത്തില്‍ ഹമാസും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പ്രമുഖ പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ സ്വാലിഹ് അല്‍ജാഫറാവി (28) കൊല്ലപ്പെട്ടു.
ബന്ദികൈമാറ്റത്തിനു പിന്നാലെ ഇസ്രയേലില്‍ എത്തി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ട്രംപ്. പിന്നാലെ ട്രംപ് ഈജിപ്തിലേക്ക്. ധാരണയായ ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ഈജിപ്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ ഒപ്പിട്ടു.
യുഎസ്, ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണു കരാര്‍ സാധ്യമായത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പങ്കെടുത്തില്ല. ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ട ചര്‍ച്ചയ്ക്കു തുടക്കമായെന്ന് ട്രംപ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്