സാക്ഷാൽ രജിനികാന്തും കമൽഹാസനും പരീക്ഷിച്ചു പരാജയപ്പെട്ട മേഖലയിലേക്കാണ് വിജയ് സധൈര്യം കടന്നുകയറിയത്. നിലവിൽ തമിഴ്‌നാട്ടിൽ ശക്തരായ രാഷ്ട്രീയ എതിരാളികളില്ലാതെ ഭരിച്ചുകൊണ്ടിരിക്കുന്ന ഡി.എം.കെയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുകയായിരുന്നു വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ലക്ഷ്യം. 2026ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി വൻ തരംഗം സൃഷ്ടിക്കുമെന്ന കരുതിയിരുന്നപ്പോഴാണ് ഇടിത്തീയായി കുരൂരിലുണ്ടായ ദുരന്തം. അത് ദിനംതോറും പ്രശ്‌നങ്ങളിൽ നിന്നും പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തി വീണുകൊണ്ടിരിക്കുകയുമാണ്.
സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച തമിഴ്‌നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുടെ വരവ് ആരേയും അമ്പരപ്പിക്കുന്ന മട്ടിലായിരുന്നല്ലോ. എന്നാൽ മധുവിധുവിലേക്കു കടക്കും മുമ്പ് എല്ലാ ആവേശവും കെട്ടടങ്ങിയ മട്ടിലായിപ്പോയി. രാഷ്ടിയത്തിലെ അറുപഴഞ്ചൻ രീതികളും പൊള്ളയായ വാഗ്ദാനങ്ങളും പഴകിത്തുരുമ്പിച്ച മുഖങ്ങളും കുത്തിമറിയുന്നതിനിടയിൽ യുവത്വത്തിന്റെ ആവേശവുമായി അഭിനവ സ്റ്റൈയിൽ മന്നനായി വന്നവനാണ് ജോസഫ് വിജയ്...!
അഭ്രപാളിയിൽ നിസഹായർക്ക് തുണയായി എത്തുന്ന ചിന്ന ദളപതി! ആ അവതാരപുരുഷൻ തങ്ങളെ രക്ഷിക്കുമെന്ന വിശ്വാസമാണു എല്ലായിടത്തേയും സമ്മേളനങ്ങളിൽ ജനക്കൂട്ടമായി ആർത്തിരച്ചെത്തിയത്.
തമിഴ്‌നാടിന്റെ ദ്രാവിഡ പ്രത്യയശാസ്ത്രം തന്നെയാണു പിന്തുടരുന്നതെങ്കിലും, അസാധാരണ പിന്തുണ വിജയ് നേടിയത് തമിഴ്‌നാട്ടിലെ പരമ്പരാഗത രാഷ്ട്രീയപ്പാർട്ടികളെ അക്ഷരാർത്ഥത്തിൽ ഷോക്കടിപ്പിച്ചു കളഞ്ഞു. അതേസമയം, വിജയ്ക്ക് രാഷ്ട്രീയത്തിലും സംഘാടനത്തിലുമുള്ള പരിചയക്കുറവും പക്വതക്കുറവും ആണ് തിരിച്ചടിയായി മാറിയത്. ഇതേ പക്വതക്കുറവാണ് ആരാധകരായ ടിവികെ പ്രവർത്തകരും പിൻതുടർന്നത്.
ടിവികെയുടെ തീരുമാനം വിജയ്യുടേതു മാത്രമാണ്. പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസ് സ്ഥാനാർഥിയായി ഒരു തവണ എം.എൽ.എയായ എൻ. ആനന്ദാണു ജനറൽ സെക്രട്ടറി. രണ്ടാംനിര തീർത്തും ദുർബലം. കരൂർ ദുരന്തമുണ്ടായതിനു പിന്നാലെ, പ്രാദേശിക നേതാക്കളടക്കം ഫോൺ പോലും സ്വിച്ച് ഓഫ് ചെയ്തു സ്ഥലം വിട്ടുകളഞ്ഞു. എന്തിനേറെ, ജനറൽ സെക്രട്ടറി എൻ. ആനന്ദും ഡപ്യൂട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാറും ഒളിവിൽപോകുകയാണുണ്ടായത്.
വിജയ്യുടെ ഘോഷയാത്രയാണെങ്കിലും പ്രചാരണമാണെങ്കിലും ജനങ്ങളെ അകറ്റി നിർത്തിയാണെന്ന ആക്ഷേപം വളരെ ശക്തമാണ്.
വിവിധ യാത്രകൾക്കായി ഉപയോഗിക്കുന്നതു സ്വകാര്യ വിമാനമാണ്. ചുറ്റും സദാ ബൗൺസർമാരും കേന്ദ്രത്തിന്റെ വൈ കാറ്റഗറി സുരക്ഷയും ഉണ്ടാകും. പൊതുസമ്മേളനത്തിൽപോലും വിജയ്ക്ക് പ്രത്യേക റാംപുണ്ടാകും. അതിൽ ആവേശത്തോടെ തള്ളിക്കയറാൻ ചെല്ലുന്നവരെ നിഷ്‌ക്കരുണം താഴേക്കു തള്ളിയിടുന്ന സുരക്ഷാഭടന്മാർ മറുവശത്ത്. ദുരന്തമുണ്ടായി മൂന്നാം ദിവസം വിജയ് പുറത്തുവിട്ട വിശദീകരണ വീഡിയോ തന്നെ വിജയ്ക്ക് വിനയാകുകയായിരുന്നു. ഇതാ ഇപ്പോൾ മറ്റൊരു പ്രശ്‌നം കൂടി തലപൊക്കിയിരിക്കുന്നു.
2024 ഓഗസ്റ്റിലാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം പാർട്ടിയുടെ പതാകയും തീം സോങ്ങും പുറത്തു വന്നന്നത്. ആത്മവിശ്വാസത്തിന്റെ പ്രതീകമായ മഞ്ഞയാണ് പതാകയിലെ പ്രധാന നിറം. എന്നാലിപ്പോൾ ആ പതാകയെചൊല്ലിത്തന്നെ പുതിയ വിവാദം ഉണ്ടായിരിക്കുന്നു.
പതാകയിലുള്ള ചിഹ്നങ്ങൾക്കും പതാകയുടെ മഞ്ഞനിറത്തിനും എതിരെയാണ് വിവിധങ്ങളായ പരാതികൾ ഉയരുന്നത്. സ്‌പെയിനിന്റെ ദേശീയപതാക അതേപടി പകർത്തിയതാണെന്നും ഇത് സ്‌പെയിൻ ജനതയുടെ വികാരങ്ങളെ അവഹേളിക്കുന്നുവെന്നും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണ് ടിവികെയുടെ പതാക എന്നും ആരോപണമുന്നയിച്ച് സാമൂഹിക പ്രവർത്തകനായ സെൽവം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരിക്കുകയാണ്.
തീർന്നില്ല, മഞ്ഞയും ചുവപ്പും ചേർന്ന പതാകയിൽ വാകപ്പൂവിന് ഇരുവശങ്ങളിലുമായി രണ്ട് ആനകളെയും കാണാം. ഇത് ദേശീയ രാഷ്ട്രീയ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) ഔദ്യോഗിക ചിഹ്നമായി സാമ്യമുണ്ടെന്നും അരോപണമുണ്ട്. ഉപയോഗിച്ചിരിക്കുന്ന ആന കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി ഏറെ സാമ്യമുണ്ടെന്ന മറ്റൊരു ആരോപണവും ഉയരുന്നുണ്ട്.
പതാകയിൽ നിന്ന് ആനകളെ നീക്കണമെന്നു മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടി (ബി.എസ്.പി) ആവശ്യപ്പെട്ടുകഴിഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ബി.എസ്.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രമുഖ ബ്രാൻഡായ ഫെവികോൾ, മറ്റൊരു പ്ലൈവുഡ് കമ്പനി എന്നിവയുടെ ലോഗോയുമായി ടിവികെയുടെ ചിഹ്നത്തിനു സാമ്യമുണ്ടെന്നു മുമ്പേ തന്നെ പലരും പരിഹസിച്ച് രംഗത്തെത്തിയിരുന്നു. പതാകയിൽ ഉപയോഗിച്ചിരിക്കുന്ന പുഷ്പം വാകപ്പൂവ് അല്ലെന്നും വിമർശനമുണ്ട്.
എന്തായാലും ഇതുവരെ ചുറ്റുമുള്ള രാഷ്ട്രീയ പാർട്ടികൾക്കോ, നേതാക്കൾക്കോ പിടികൊടുക്കാതെ പാഞ്ഞുകൊണ്ടിരുന്ന വിജയ്യുടെ ടിവികെ പാർട്ടി കരൂർ ദുരന്തത്തിനുശേഷം തീർത്തും മരവിച്ച മട്ടിലായി. അവിടെ നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസം ബാക്കി നിൽക്കെ തമിഴ്‌നാട്ടിൽ ഇനി എന്തൊക്കെ സംഭവിക്കും..! ക്ലൈമാക്‌സ് എങ്ങിനെയിരിക്കും...! കാത്തിരുന്നു കാണുക തന്നെ...
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്