ആരെയും ത്രില്ലടിപ്പിക്കും ഈ ഉയരം കൂടിയ കെട്ടിട ഉടമയുടെ ജീവിതകഥ

OCTOBER 15, 2025, 7:21 AM

ആകാശത്തെ ചുംബിക്കാന്‍ ദുബായ് നഗരത്തെ പ്രാപ്തമാക്കിയത് ഈയൊരു കെട്ടിടമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു മനുഷ്യനുണ്ട്, മുഹമ്മദ് അലബ്ബാര്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് നഗരത്തിലെ ബുര്‍ജ് ഖലീഫ നിര്‍മിച്ച ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ഉടമയായ മുഹമ്മദ് അലബ്ബാറിന്റെ ജീവിതകഥ ആരെയും ത്രില്ലടിപ്പിക്കുന്ന ഒന്നാണ്.

ഒരു ചെറിയ തുറമുഖ പട്ടണത്തില്‍ നിന്ന് ഇന്ന് കാണുന്ന രീതിയില്‍ ആഡംബരത്തിന്റെയും നൂതനാശയങ്ങളുടെയും ഒരു ആഗോള കേന്ദ്രമായി ദുബായ് നഗരത്തെ പരിവര്‍ത്തനം ചെയ്ത ഒരു പേരുണ്ടെങ്കില്‍ അത് മുഹമ്മദ് അലബ്ബാറിന്റേതാണ്. ഇന്നും അതിന്റെ പുനര്‍ നിര്‍മ്മിതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടരുകയാണ്. ദുബായ് മാള്‍ മുതല്‍ ബുര്‍ജ് ഖലീഫ വരെ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പരിവര്‍ത്തനത്തിന്റെ അടയാളങ്ങളാണ്.

1956 ല്‍ ഒരു മത്സ്യബന്ധന തൊഴിലാളിയുടെ മകനായാണ് മുഹമ്മദ് അലബ്ബാര്‍ ജനിച്ചത്. ഒരു അറബി പായ്ക്കപ്പലിലെ കപ്പിത്താന്‍ ആയിരുന്ന പിതാവ് ഗള്‍ഫില്‍ ഉടനീളം ഈത്തപ്പഴവും മുത്തും വ്യാപാരം ചെയ്തിരുന്ന ആളായിരുന്നു. 
ഘടനയെയും സമയക്രമത്തെയും കുറിച്ചുള്ള ആദ്യകാല പാഠങ്ങള്‍ അലബ്ബാറില്‍ ചെറിയ പ്രായത്തില്‍ തന്നെ ബിസിനസിനോടുള്ള ആഭിമുഖ്യം വളര്‍ത്തി.

സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ വാഷിംഗ്ടണിലെ സിയാറ്റില്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടിയ അലബ്ബാര്‍ അവിടെവച്ച് തന്റെ ആഗോള കാഴ്ചപ്പാട് രൂപപ്പെടുത്തി. 1981-ല്‍ ദുബായിലേക്ക് തിരിച്ചെത്തിയ അദ്ദേഹം യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ ചേര്‍ന്നു. സമ്പദ്വ്യവസ്ഥ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വളരുന്നതെന്നും അവിടെവച്ച് അദ്ദേഹം പഠിച്ചു. അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി. ദുബായിലെ സാമ്പത്തിക വികസന വകുപ്പിന്റെ ആദ്യത്തെ ഡയറക്ടര്‍ ജനറലായി അദ്ദേഹം നിയമിക്കപ്പെട്ടു. ഇവിടെ വച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അദ്ദേഹം കണ്ടുമുട്ടിയത്. 

ആശയങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള അലബ്ബാറിന്റെ അഭിലാഷങ്ങളോട് പൊരുത്തപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഈ കണ്ടുമുട്ടല്‍ അലബ്ബാറിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി.

മരുഭൂമിയില്‍ നിന്ന് സ്വപ്നങ്ങള്‍ കെട്ടിപ്പടുത്ത മനുഷ്യന്‍

1997 ലാണ് അലബ്ബാര്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മാള്‍, ദുബായ് ഫൗണ്ടെയ്ന്‍, ആരെയും അമ്പരിക്കുന്ന അംബര ചുംബിയായ ബുര്‍ജ് ഖലീഫ എന്നിവ ഇമാര്‍ പ്രോപ്പര്‍ട്ടീസ് വികസിപ്പിച്ചു. അലബ്ബാറിനെ സംബന്ധിച്ച് ബുര്‍ജ് ഖലീഫയുടെ ഉയരം മാത്രമല്ല പ്രാധാന്യം അര്‍ഹിക്കുന്നത്. അച്ചടക്കത്തിന്റെയും നിര്‍വ്വഹണത്തിന്റെയും പിന്‍ബലമുള്ള ഒരു ദര്‍ശനത്തിന് ഒരു നഗരത്തെ പുനര്‍നിര്‍വചിക്കാന്‍ കഴിയുമെന്നതിന്റെ തെളിവായിരുന്നു അത്. 

മരുഭൂമിയിലെ ഹൈമനോകാലിസ് എന്ന പുഷ്പത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ടവറിന്റെ രൂപ കല്‍പന. ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ പ്രോപ്പര്‍ട്ടി കമ്പനികളിലൊന്നാണ് ഇമാര്‍. അതിന്റെ മൂല്യം ഏകദേശം നാല് ലക്ഷം കോടി രൂപയിലധികമാണ്. എന്നാല്‍, റിയല്‍ എസ്റ്റേറ്റില്‍ മാത്രം ഒതുങ്ങിനിന്നില്ല അലബ്ബാറിന്റെ അഭിലാഷങ്ങള്‍. 

2016-ല്‍ മിഡില്‍ ഈസ്റ്റില്‍ ആമസോണിന് എതിരാളിയായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ നൂണ്‍ ഡോട്ട് കോം അദ്ദേഹം ആരംഭിച്ചു. വിമര്‍ശകര്‍ ആദ്യം ഈ സംരംഭത്തെ കോടീശ്വരന്റെ മോഹമായി തള്ളികളഞ്ഞു. എന്നാല്‍ അലബ്ബാര്‍ വെല്ലുവിളികളെ അവസരങ്ങളാക്കികൊണ്ട് നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. തടസങ്ങളില്ലാതെ ഒരു സാമ്രാജ്യവും കെട്ടപ്പടുക്കാനാവില്ലെന്നതിന്റെ ഉദാഹരണം കൂടിയാണ് അലബ്ബാറിന്റെ ബിസിനസ് യാത്ര. ഇന്ത്യയില്‍  ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലതാമസവും നിയമപരമായ വെല്ലുവിളികളും സൂക്ഷമ പരിശോധനയും നേരിട്ടു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 834 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. എന്നാല്‍ ഇതിലൊന്നും തളരാതെ അലബ്ബാര്‍ തന്റെ യാത്ര തുടര്‍ന്നു. ദുബായ് നഗരത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വീണ്ടും മുന്നോട്ടുകുതിച്ചുകൊണ്ട്...

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam