ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബാറ്ററികള്‍ക്കും ഇന്ത്യ നല്‍കുന്ന സബ്സിഡികള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യു.ടി.ഒ) പരാതി നല്‍കി ചൈന. ഈ സബ്സിഡികള്‍ ഡബ്ല്യു.ടി.ഒ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കാന്‍ കഴിയുന്നില്ലെന്നും ചൈന ആരോപിക്കുന്നു.
ദേശീയ പരിഗണനാ തത്ത്വങ്ങള്‍
ഇന്ത്യന്‍ വിപണിയില്‍ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതില്‍ പ്രധാനമാണ് 'പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്' (PLI) സ്‌കീമുകള്‍. ഇത്തരം സബ്സിഡികള്‍ നല്‍കുന്നത് ഡബ്ല്യു.ടി.ഒയുടെ 'ദേശീയ പരിഗണന' (National Treatment) തത്വങ്ങള്‍ ലംഘിക്കുന്നതായാണ് ചൈനയുടെ വാദം.
സംഘടനയിലെ അംഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ പോലെ പരിഗണിക്കണമെന്നാണ് ഗാട്ട് (GATT)കരാറിലെ ദേശീയ പരിഗണന തത്ത്വങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യങ്ങള്‍ക്ക് ഇറക്കുമതിക്ക് താരിഫ് ചുമത്താന്‍ കഴിയുമെങ്കിലും കസ്റ്റംസ് ക്ലിയറന്‍സിന് ശേഷം ആഭ്യന്തര നികുതികള്‍, നിയന്ത്രണങ്ങള്‍, സബ്സിഡികള്‍ തുടങ്ങിയവയിലൂടെ ഇവയോട് വിവേചനം കാണിക്കാന്‍ പാടില്ല.
വ്യാപാര ബന്ധം സമ്മര്‍ദ്ദത്തിലായേക്കും
വിദേശ ഉല്‍പ്പന്നങ്ങളേക്കാള്‍ ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഈ സബ്സിഡികള്‍ സൃഷ്ടിക്കുന്നതെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സബ്സിഡി നയങ്ങള്‍ പിന്‍വലിക്കണമെന്നും ഡബ്ല്യു.ടി.ഒ നിയമങ്ങള്‍ പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഡബ്ല്യു.ടി.ഒയുടെ തര്‍ക്ക പരിഹാര സംവിധാനത്തിലൂടെ ചൈനയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാകാന്‍ ഇന്ത്യ നിര്‍ബന്ധിതരാകുമെന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണി അതിവേഗം വളരുന്ന സാഹചര്യത്തില്‍, ഈ നിയമപരമായ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ട്. ആഗോള തലത്തില്‍ ഇലക്ട്രിക് വാഹന വിതരണ ശൃംഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക്, ഇന്ത്യന്‍ വിപണിയിലെ തടസങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്