ഹിജാബിന്റെ മറവിൽ 'ചൊറി മാന്തി പുണ്ണാക്കാൻ' ശ്രമിക്കുന്നവർക്ക് പുലിനഖം തന്നെ സമ്മാനിച്ച വിദ്യാഭ്യാസ മന്ത്രിയെ കണ്ട് മൂക്കത്തു വിരൽവയ്ക്കുന്നു കേരളം. ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിനു നേരെ സ്‌നേഹമൊഴുക്കി വോട്ടുറപ്പിക്കാൻ പരസ്പരം മൽസരിക്കുന്ന മുന്നണികളുടെ നേതൃ നിരയിൽ മുമ്പനാകാനുള്ള മന്ത്രി വി ശിവൻകുട്ടിയുടെ തന്ത്രം ദയനീയമായി പാളുന്നതും ജനങ്ങൾ കാണുന്നു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം തീവ്രമാക്കാൻ എസ്.ഡി.പി.ഐ നടത്തുന്ന നീക്കത്തോട് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രതികരണമെന്തെന്നാണ് ഇനി അറിയാനുള്ളത്.
ഹിജാബ് അഥവാ ശിരോവസ്ത്രം ധരിച്ച് പഠനം തുടരാൻ പെൺകുട്ടികൾക്ക് സ്‌കൂൾ അധികൃതർ അനുമതി നൽകണമെന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന നടപ്പിലാക്കാൻ നിർദ്ദേശം നൽകണമെന്ന് എസ്്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് ആവശ്യപ്പെട്ടുകഴിഞ്ഞു. എസ്.ഡി.പി.ഐ ഉന്നമിടുന്നത് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളെയുമാണെന്നു വ്യക്തം. 'മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർത്ഥിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തു'മെന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അഭിലഷണീയമാണെന്ന് എസ്്.ഡി.പി.ഐ സാക്ഷ്യപ്പെടുത്തുന്നു.
മത പ്രീണനം എത്രയാകാം എന്നുള്ളതിന്റെ പരിധികളുടെയെല്ലാം ലംഘനമാണ് മന്ത്രിയുടെ പ്രസ്താവനയെന്നാണ് ബി.ജെ.പി ക്യാമ്പിൽ വിളങ്ങുന്ന മുൻ ഡി.ജി.പി ടി.പി സെൻകുമാർ പറഞ്ഞത്. 'കാരണം, ഇക്കാര്യത്തിൽ ഹൈക്കോടതി ഒരു നിർദേശം നൽകിക്കഴിഞ്ഞു. ഇനി ആ നിർദേശത്തിന് മുകളിൽ വിദ്യാഭ്യാസ മന്ത്രി പോകുമെന്നണോ പറയുന്നത് ? എല്ലാ കാര്യത്തിലും ഈ മന്ത്രി ആദ്യം പറയുന്ന കാര്യം മുല്ലാക്കയെയോ ബിഷപ്പിനെയോ കണ്ടാൽ കീഴ്‌മേൽ മറിക്കും.
വിദ്യാഭ്യാസത്തിന്റെ അഭാവം കുറച്ചധികം കാണുന്നുണ്ട് ! അതുകൊണ്ടാവാം ഹൈക്കോടതി പറഞ്ഞതൊന്നും മനസ്സിലാവാഞ്ഞത്.' കോടതി വിധി അനുസരിച്ച് ഈ കുട്ടിയുടെ മാതാപിതാക്കളും സ്‌കൂൾ മാനേജ്‌മെന്റും തമ്മിൽ ധാരണയായിട്ടുണ്ട്. ആ കുട്ടി സ്‌കൂൾ യൂണിഫോം ധരിക്കുമെന്നും നിയമങ്ങൾ പാലിക്കുമെന്നും. അത് തള്ളിക്കളഞ്ഞു നടപടിയെടുക്കാനുള്ള അധികാരം മന്ത്രിക്കില്ല.
കാര്യങ്ങൾ പഠിക്കാതെ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടാണ് സ്‌കൂളിന് നോട്ടിസ് അയച്ചതെന്ന് സ്‌കൂളിന്റെ അഭിഭാഷക അഡ്വ. വിമല പ്രതികരിച്ചു. ഒക്ടോബർ ഏഴിന് സ്‌കൂളിലെ ഒരു വിദ്യാർത്ഥിനി യൂണിഫോമിൽ അനുവദിക്കാത്ത രീതിയിൽ ശിരോവസ്ത്രം ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. ശിരോവസ്ത്രം അനുവദിക്കാനാവില്ലെന്ന് കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ഹിജാബ് ധരിച്ചു തന്നെയാണ് കുട്ടി വന്നത്.
കുട്ടിയുടെ പിതാവ് മറ്റാളുകളെയും കൂട്ടിയെത്തി സ്‌കൂളിൽ ബഹളമുണ്ടാക്കുകയും ചെയ്‌തെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു. എസ്.ഡി.പി.ഐ യുടെ പ്രാദേശിക നേതാക്കളായിരുന്നു അവരെന്ന് പി.ടി.എ ഭാരവാഹികൾ കണ്ടെത്തി. സ്‌കൂൾ യൂണിഫോം എന്താകണം എന്ന് തീരുമാനിക്കേണ്ടത് സ്‌കൂൾ മാനേജ്‌മെന്റാണെന്ന് അഡ്വ. വിമല പറയുന്നു. സ്‌കൂൾ മാനേജ്‌മെന്റും രക്ഷിതാവും തമ്മിൽ വിഷയം സൗഹൃദപരമായി പരിഹരിച്ചിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് പത്രസമ്മേളനം നടത്തി, തനിക്ക് കുട്ടിയെ സ്‌കൂളിൽ നിന്ന് കൊണ്ടുപോകുവാൻ താല്പര്യമില്ലെന്നും കുഞ്ഞിനെ ഈ സ്‌കൂളിൽ തുടർന്നും പഠിപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. തന്റെ കുഞ്ഞിന്റെ പേര് പറഞ്ഞ് വർഗീയത ആളികത്തിക്കാൻ താൻ അനുവദിക്കില്ല എന്നും അദ്ദേഹം തുറന്നു പറയുകയുണ്ടായി.
കുട്ടിയെ സ്‌കൂളിൽ നിന്ന് പറഞ്ഞു വിട്ടു എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തീർത്തും തെറ്റാണ്. കുട്ടി ഹിജാബ് ധരിച്ച് ഹാജരാവുകയും ആർട്‌സ് ഡേയിൽ പങ്കെടുക്കുകയും ചെയ്യുന്ന വിഷ്വൽസ് ലഭ്യമാണ്. കുട്ടിയോട് സ്‌കൂൾ അപമര്യാദയായി പെരുമാറുകയോ കുട്ടിയെ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. കേരള ഹൈക്കോടതിയുടെയും കർണാടക ഹൈക്കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് പൂർണ്ണമായും തെറ്റാണെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാതെയാണ് നിലപാടെടുത്തത്. അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലെ കണ്ടെത്തലുകൾ വസ്തുതകൾക്ക് വിരുദ്ധമാണ്.
സ്‌കൂളിലെ കുട്ടികളിൽ തുല്യതയും മതേതരത്വവും ഐക്യവും വളർത്തുന്നതിനാണ് യൂണിഫോം കോഡ് കർശനമായി പാലിക്കുന്നത് എന്ന് മാനേജ്‌മെന്റ് വിശദീകരിച്ചു. ലിംഗഭേദമില്ലാത്ത യൂണിഫോമുകൾ (ജെൻഡർ ന്യൂട്രൽ യൂണിഫോംസ്) നിർദ്ദേശിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലുള്ള ചെറിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. എല്ലാ രക്ഷിതാക്കളിൽ നിന്നും സ്‌കൂളിന്റെ കോഡ് ഓഫ് കണ്ടക്ടിനെക്കുറിച്ച് എഴുതി വാങ്ങുന്ന ഡിക്ലറേഷനുകൾ ഉണ്ട്. കൂടാതെ, ഹിജാബ് ധരിച്ച് സ്‌കൂളിൽ ചെല്ലാൻ നിർബന്ധിക്കപ്പെടുന്നതിൽ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞ് മറ്റ് മുസ്ലീം രക്ഷിതാക്കൾ വന്ന് പരാതി പറഞ്ഞതിന്റെ ദൃശ്യങ്ങളും സ്‌കൂൾ മാനേജ്‌മെന്റിന്റെ പക്കലുണ്ട്.
വരുമോ ദിഗംബരരും ?
കേരളം ഒരു ശരിയത്ത് രാജ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് മുൻ ഡി.ജി.പി സെൻകുമാർ പറയുന്നു. പല സ്ഥലത്തും ഇത്തരം വാർത്തകൾ ഉണ്ടാകുന്നു. ഇവർ പതുക്കെ പിടി മുറുക്കുകയാണ്. ഇവരുടെ മുന്നിൽ കമഴ്ന്നു കിടന്നു കാലു നക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. മതവിശ്വാസം അനുസരിച്ചു അവരവരുടെ ഇഷ്ടമനുസരിച്ചുള്ള വേഷം ധരിക്കാനാണെങ്കിൽ ചില ജെയിൻ കമ്മ്യൂണിറ്റികൾക്ക് (ദിഗംബരർ) ആകാശമാണ് അവരുടെ വേഷം. അവർ നഗ്‌നരായി സ്‌കൂളിൽ വന്നാൽ മന്ത്രി ശിവൻകുട്ടി സമ്മതിക്കുമോ ? അതും അവരുടെ മത അവകാശമാണ്. മതം പറയുന്നു അവർ നഗ്‌നരായി വരണം എന്ന്. അവരും ന്യുനപക്ഷങ്ങളാണ്. അവർക്കു വേണ്ടി അത് അനുവദിക്കാൻ പറ്റുമോ ?
അതൊന്നും അനുവദിക്കുന്ന ഒരു സാഹചര്യം ഇല്ല. കാരണം അതിനെല്ലാം കാരണങ്ങൾ വ്യക്തമായുള്ള നിയന്ത്രണങ്ങളുണ്ട്. കേരളത്തിലെ രണ്ടു പ്രമുഖ മുന്നണികളും ഒരുപോലെ പ്രണയിക്കുന്ന പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിലെ പുരുഷന്മാരും ശിരോവസ്ത്രം ധരിക്കാറുള്ളതിനാൽ ശിവൻകുട്ടിക്കും ശിരോവസ്ത്രമണിഞ്ഞ് അവരുടെയാകെ സ്‌നേഹ ഭാജനമാകാമായിരുന്നില്ലേയെന്ന സംശയം പ്രസക്തം. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എം.എൽ.എമാർ നിയമസഭയിൽ സംഘർഷം സൃഷ്ടിച്ചപ്പോൾ മേശപ്പുറത്തു കയറിനിന്നു നടത്തിയ ശിവ താണ്ഡവത്തിന്റെ ബലത്തിൽ വിദ്യാഭ്യാസ മന്ത്രിയായ ആളെന്നാണ് ശിവൻകുട്ടിയെ കേരള സമൂഹം അടയാളപ്പെടുത്തിയിട്ടുള്ളത്.
അക്ഷന്തവ്യമായ നാക്കു പിഴകളിലൂടെയും അക്ഷരത്തെറ്റുകളിലൂടെയും മാധ്യമങ്ങൾക്കു മുന്നിൽ തുടരെത്തുടരെ അപഹാസ്യനായി മാറിയ അദ്ദേഹത്തിന്റെ ചുമലിൽ താരതമ്യേനെ ഭാരം കുറഞ്ഞ മറ്റേതെങ്കിലും വകുപ്പ് വച്ചുകൊടുക്കാൻ മുഖ്യമന്ത്രി മനസിരുത്താത്തതെന്തെന്ന ചോദ്യം വീണ്ടുമുയരുകയാണിപ്പോൾ ഹിജാബ് വിവാദം വഴി. കർണാടകയിൽ ഉണ്ടായ ഹിജാബ് വിഷയത്തിലെ വിധി നിലനിൽക്കുന്നു. അതിനെതിരെ ഹർജിക്കാർ സുപ്രീം കോടതിയിൽ പോയി. അവിടെ രണ്ടു ജഡ്ജിമാരും രണ്ട് വ്യത്യസ്ത അഭിപ്രായം പറഞ്ഞതിനാൽ ആ കേസിൽ ഇതുവരെ വിധി ആയിട്ടില്ല. അതുകൊണ്ട് കർണാടക ഹൈക്കോടതി വിധി നിലനിൽക്കുകയാണ്. അതിൽ കൃത്യമായി പറയുന്നുണ്ട് ഹിജാബ് / നിക്കാബ് ഇതൊന്നും മതപരമായ നിർബന്ധം അല്ല എന്ന്.
അതായത് സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കാം. ഈ വിഷയത്തിൽ കേരള ഹൈക്കോടതിയുടെ വിധിയുമുണ്ട്. തിരുവനന്തപുരം തിരുവല്ല ക്രൈസ്റ്റ് നഗർ സീനിയർ സെക്കണ്ടറി സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾ നൽകിയ സമാന ഹർജ്ജിയിൽ ആയിരുന്നു അത്.
മതത്തിന്റെ അവകാശങ്ങൾ അനിയന്ത്രിതമായുള്ള കാര്യങ്ങളല്ല. നിയന്ത്രിതമായുള്ള അവകാശങ്ങളാണ് അതെല്ലാം. എല്ലാം അനിയന്ത്രിതമായ സ്വാതന്ത്ര്യങ്ങൾ അല്ല എന്ന് ഭരണഘടനയുടെ അനുച്ഛേദം 25 മുതൽ വായിച്ചാൽ മനസിലാകും. പള്ളുരുത്തി സ്‌കൂളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് എസ്.ഡി.പിഐ ആയിരുന്നെന്ന കാര്യം വ്യക്തം.
എന്നിട്ടും എസ്.ഡി.പി.ഐയെ കുറ്റപ്പെടുത്താൻ തയ്യാറാകാതെ ഹൈബി ഈഡൻ എം.പി നടത്തിയ ഉരുണ്ടുകളിയും ശിവൻകുട്ടിയെ അനുകരിക്കുന്ന വിധത്തിലായെന്ന ആരോപണം ഉയരുന്നുണ്ട്. ആർ.എസ്.എസുകാരും ബി.ജെ.പിക്കാരും വന്നു പ്രശ്‌നം ഉണ്ടാക്കി എന്നാണ് എം.പി കണ്ടെത്തിയത്.
കന്യാസ്ത്രീകൾ എന്തുകൊണ്ട് ശിരോവസ്ത്രം ധരിച്ചിരിക്കുന്നു എന്ന എസ്.ഡി.പി.ഐ ഉന്നയിക്കുന്ന അടുത്ത ചോദ്യവും ഖണ്ഡിക്കുന്നു സെൻകുമാർ. കന്യാസ്ത്രീകൾക്ക് അവരുടെ യൂണിഫോം ആണതെന്ന കാര്യം എസ്.ഡി.പി.ഐക്കു മനസിലാകില്ല.
കന്യാസ്ത്രീകൾ ആ സ്‌കൂളിലെ വിദ്യാർത്ഥികൾ ആയിരുന്നു എങ്കിൽ ആ സ്‌കൂളിലെ നിയമം അനുസരിച്ചുള്ള യൂണിഫോം മാത്രമേ അവർ ധരിക്കാൻ പാടുള്ളു, ധരിക്കുമായിരുന്നുള്ളു. യൂണിഫോം എന്നത് വസ്ത്രത്തെ സംബന്ധിക്കുന്നതാണ്. കുരിശുമാലയോ കുങ്കുമപ്പൊട്ടോ ഒന്നും ബാധകമല്ല. നെറ്റിയിലെ നിസ്‌കാര തഴമ്പ് മാറ്റിക്കൊണ്ട് വരാൻ പറയാൻ പറ്റുമോ ? അത് മാറ്റാൻ പറയാൻ ആർക്കും പറ്റില്ല. കാരണം യൂണിഫോമിന്റെ ഭാഗമല്ല.
പോലീസിലും പട്ടാളത്തിലുമെല്ലാമുണ്ട് ഡ്രസ്സ് കോഡ്. ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച കേണൽ സോഫിയ ഖുറേഷി പത്രസമ്മേളനത്തിനെത്തിയത് ഹിജാബ് ധരിച്ചോ നിക്കാബ് ധരിച്ചോ അല്ല. കരസേനയുടെ യൂണിഫോമിൽ ആണ്. ഇസ്ലാം ജന്മമെടുത്ത സൗദി അറേബ്യയിൽ പോലുമില്ലാത്ത മത നിയമങ്ങളാണ് കേരളത്തിലും ഇന്ത്യയിലും നടപ്പാക്കാൻ ചിലർ ശ്രമിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ പുരോഗമനപരമായ നിലയിലേക്ക് പോകുമ്പോൾ കേരളത്തെ ആറാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാൻ തീവ്രവാദികൾ ഒാരോരോ പരീക്ഷണങ്ങൾ നടത്തുന്നു. വിജയിച്ചാൽ അടുത്തതിലേക്ക് പോകും. അതിനുള്ള വഴി തെളിക്കുന്നു ഇരു മുന്നണികളുടെയും രാഷ്ട്രീയ ഇച്ഛാശക്തി.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്