കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ.നവീൻ ബാബുവിന്റെ ഒന്നാം മരണ വാർഷിക ദിനത്തിന്റെ ഓർമ്മകളായിരുന്നു ഇന്ന് (ബുധൻ) ചാനലുകൾ നിറയെ. അച്ചടി മാധ്യമങ്ങളിലും ആ ദുരന്ത സ്മരണയെക്കുറിച്ചുള്ള വാർത്തകളുണ്ട്. നമ്മുടെ നിയമപീഠങ്ങളുടെയും ക്രമസമാധാനപാലനത്തിന്റെയും അകത്തളങ്ങളിൽ നവീൻ ബാബുവിന്റെ വിധവയായ ഭാര്യയോടും രണ്ട് പെൺമക്കളോടും സാമാന്യ നീതിയുടെ കണിക പോലും പുലർത്തുന്നില്ലെന്ന തോന്നൽ ഇന്നത്തെ വാർത്തകളിൽ കാണാൻ കഴിയുന്നു.
നവീൻ ബാബുവിന്റെ കേസിൽ രണ്ട് കുറ്റപത്രങ്ങൾ നൽകിയിട്ടും കുടുംബത്തിന്റെ പരാതികളെ പരാമർശിക്കുന്ന അന്വേഷണങ്ങൾ നടന്നതായി കാണുന്നില്ല. മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കീഴ്‌ക്കോടതികളിലെ നിയമനടപടികൾ നീളുമെന്ന കാര്യവും ഇതേ വാർത്തകളിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. കോടതിയുടെ പരിഗണനയിൽ ആയിരുന്നിട്ടും ഈ കേസന്വേഷണത്തിലെ ഇതുവരെയുള്ള നെല്ലും പതിരും ചാനലുകൾ വേർതിരിച്ച് ജനങ്ങളെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, നവീൻ ബാബുവിന്റെ മരണവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പത്‌നി നടത്തിയ ഒരു പരാമർശം ശ്രദ്ധേയമാണ്. 'മനുഷ്യത്വമുള്ള' എല്ലാവരും തന്നെ ഞങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുവെന്ന് അവർ പറയുമ്പോൾ, ഇരയോടൊപ്പമാണെന്ന് പ്രഖ്യാപിച്ച പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ അന്നത്തെ അഭിപ്രായ പ്രകടനം പൊള്ളയായിരുന്നുവെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിക്കുകയും ചെയ്തു.
പേരിനൊരു 'തടവും' തടവ്കാരന്റെ 'തടവും'....
നവീൻ ബാബുവിന്റെ കേസിൽ പ്രതിസ്ഥാനത്തുള്ള പി.പി.ദിവ്യയെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ജയിലിലടച്ചുവെങ്കിലും പിന്നീട് ജാമ്യം കിട്ടി പുറത്തു വന്ന ഈ വനിതാ നേതാവിനെ സ്വീകരിക്കാൻ തടവറയ്ക്കു പുറത്തു കാത്തുനിന്നവരിൽ ഗോവിന്ദൻ മാഷിന്റെ ഭാര്യ ശ്യാമളയുമുണ്ടായിരുന്നു.
സ്വന്തം പാർട്ടിക്കാരായ തടവു പുള്ളികൾക്ക് വഴിവിട്ട പരോൾ അനുവദിക്കുന്നതും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പെരിയ ഇരട്ടകൊലക്കേസിലെ ഒന്നാം പ്രതിക്ക് 'ഉഴിച്ചിൽ പിഴിച്ചിൽ' ചികിത്സയ്ക്കായി പരോൾ അനുവദിച്ചതും വിവാദമായി മാറി. എന്നാൽ ഇതൊന്നും ഇടതുസർക്കാർ ഗൗനിച്ചതേയില്ല.
നീതി അകലെയാകുന്നതിൽ ഉത്കണ്ഠ
മാധ്യമ പ്രവർത്തകരോട് സംസാരിക്കാവേ നവീൻ ബാബുവിന്റെ കുടുംബം പ്രകടിപ്പിച്ച ഈ കേസിലെ കാലതാമസം നമ്മെ ആകുലപ്പെടുത്തേണ്ടതാണ്. കാരണം സർക്കാരിൽ ഫയലുകൾ തീർപ്പാക്കാൻ വർഷങ്ങൾ എടുക്കുന്നതുപോലെ നമ്മുടെ നീതി പീഠങ്ങൾക്കു ചുറ്റിലും പരാതിക്കാരുടെ കൂട്ട നിലവിളിയുയരുന്നുണ്ട്. കേരളാ ഹൈക്കോടതിയിൽ മാത്രം രണ്ടര ലക്ഷം കേസുകൾ വിധികാത്തു കിടക്കുന്നുണ്ട്. ചട്ട പ്രകാരമുള്ള ന്യായാധിപന്മാരുടെ എണ്ണത്തിൽ കേരളാ ഹൈക്കോടതിയിൽ അഞ്ചു പേരുടെ കുറവേ നിലവിലുള്ളു. എന്നിട്ടും കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ഉത്തരം കിട്ടാത്ത ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
വിധി കാത്തുകിടക്കുന്നതിൽ 15 കേസുകൾ 30 വർഷത്തിലേറെ പഴക്കമുള്ളവയാണ്. 1039 കേസുകൾക്ക് 20 വർഷത്തിലേറെയും 32,209 കേസുകൾക്ക് 10 വർഷത്തിലേറെയും പഴക്കമുണ്ട്. ജില്ലാ കോടതികളിൽ 10 വർഷത്തിലേറെ പഴക്കമുള്ള കേസുകളുടെ എണ്ണം 2,16,086 ആണ് കീഴ്‌ക്കോടതികളിലാകെ 18.05 ലക്ഷം കേസുകളാണ് വിധി കാത്തുകിടക്കുന്നത്. ഇതിൽ 12.10 ലക്ഷവും ക്രിമിനൽ കേസുകൾ. രാജ്യത്താകെ കെട്ടിക്കിടക്കുന്ന കേസുകൾ 5.8 കോടിയാണ്. 2024ലെ കണക്കുകളിൽ മാത്രം, 1,00,347 കേസുകൾ കെട്ടിക്കിടക്കുന്നു.
2025 ജൂൺ 30 വരെയുള്ള 53,982 കേസുകൾ ലഹരി, അക്രമ കേസുകളാണ്. ഈ കേസുകളുടെ വിചാരണ വൈകുന്നതുമൂലം ഇതേ കുറ്റകൃത്യങ്ങളിലെ പ്രതിസ്ഥാനത്തുള്ളവരിൽ 90 ശതമാനവും പൊതുസമൂഹത്തിൽ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്നു. തുടരെ കുറ്റകൃത്യങ്ങൾ നടത്തുകയും തുടരെ ജാമ്യം ലഭിക്കുകയും ചെയ്യുന്ന സ്ഥിരം ഗ്യാംഗുകളെ കയറൂരിവിട്ട അവസ്ഥയാണിപ്പോൾ. ജാമ്യത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കൊലക്കേസ്, പോക്‌സോ കേസ് പ്രതികളുമുണ്ട്. ഇവരുടെ ശരാശരി പ്രായം 25-28 വയസ്സാണ്.
10 വർഷം കൂടി ഇത്തരമാളുകൾ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും എല്ലാ സ്വാതന്ത്ര്യത്തോടും കൂടെ പൊതുസമൂഹത്തെ അസ്വസ്ഥരാക്കുകയും ചെയ്തിട്ടും നീതിദേവതയുടെ കണ്ണുകൾ തുറക്കാതെ പോകുന്ന സ്ഥിതിവിശേഷത്തിന്റെ ദുരിതമനുഭവിക്കുകയാണ് ജനങ്ങൾ.
നഗരത്തിൽ പാർപ്പിനെത്തുമ്പോൾ....
പ്രവാസികളും മക്കളെല്ലാം വിദേശത്തുള്ളവരുടെ മാതാപിതാക്കളും കേരളീയ നഗരങ്ങളിലെ ഒരു ഫ്‌ളാറ്റ് വാങ്ങാൻ ആഗ്രഹിക്കുക സ്വാഭാവികമാണ്. എന്നാൽ മിലിട്ടറിക്കാരുടെ ഭവന നിർമ്മാണ സൊസൈറ്റി സ്ഥാപിച്ച കൊച്ചി നഗര പ്രാന്തത്തിലുള്ള രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് താമസക്കാർ ഇറങ്ങിപ്പോയത് കണ്ണീരും കൈയ്യുമായിട്ടാണ്. നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ മാത്രമായ ഫ്‌ളാറ്റുകളിൽ നിന്നാണ് നിർമ്മാണത്തിലെ തകരാറുകൾ മൂലം താമസക്കാർ കുടിയൊഴുയേണ്ടി വന്നത്.
സൈന്യത്തിൽ നിന്ന് റിട്ടയർ ചെയ്തവർ അവരുടെ സമ്പാദ്യവും ബാങ്ക് വായ്പയും ചേർത്ത് സ്വന്തമാക്കിയ ഫ്‌ളാറ്റുകളിൽ നിന്ന് വാടക വീടുകളിലേക്ക് മാറേണ്ടി വന്നത് ഏറെയും മുതിർന്ന പൗരന്മാരായ താമസക്കാരായിരുന്നുവെങ്കിലും ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിനോ അനന്തര നടപടികൾക്കോ കേന്ദ്രസർക്കാർ മുതിർന്നിട്ടില്ല. ഫ്‌ളാറ്റും നഷ്ടപരിഹാരവും ലഭിക്കാൻ അർഹരായ താമസക്കാരിൽ പലരും, പുതിയ ഫ്‌ളാറ്റ് നിർമ്മിച്ചുവരുമ്പോഴേയ്ക്കും ജീവിച്ചിരിക്കുമോയെന്ന സന്ദേഹത്തിലുമാണ്.
തലസ്ഥാനവും കൊച്ചിയും സൂപ്പർ
ഫ്‌ളാറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ട നഗരങ്ങൾ തിരുവനന്തപുരവും കൊച്ചിയുമാണ്. നിർമ്മാണം പുരോഗമിക്കുന്ന മൂന്നിൽ രണ്ടു ഫ്‌ളാറ്റുകളും ഇതേ നഗരത്തിലുള്ളവയുമാണ്. കൊച്ചിയിൽ മാത്രം 2018 നുശേഷം 267 ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്. ഈ ഫ്‌ളാറ്റുകളിൽ 12021 കുടുംബങ്ങൾക്ക് താമസിക്കാനാകും. 180 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം എറണാകുളം ജില്ലയിൽ പുരോഗമിക്കുന്നു. ജില്ലയിലാകെ 20481 ഫ്‌ളാറ്റുകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 2018 നുശേഷം നിർമ്മാണം പൂർത്തിയാക്കി കൈമാറിയത് 195 ഫ്‌ളാറ്റ് സമുച്ചയങ്ങൾ.
ഇവിടെ താമസക്കാർ 10,189. 144 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇതിൽ 8340 ഫ്‌ളാറ്റുകൾ ഉൾപ്പെടുന്നു. കേരളത്തിൽ 2018നുശേഷം 1192 ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിർമ്മാണം പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്. ഇവയിൽ താമസമുള്ളത് 60693 താമസക്കാർ. ഫ്‌ളാറ്റുകളുടെ കാര്യത്തിൽ മൂന്നാം സ്ഥാനം കോഴിക്കോടിനും നാലാം സ്ഥാനം തൃശ്ശൂരിനുമാണ്. കേരളത്തിൽ 360 ഫ്‌ളാറ്റ് നിർമ്മാണക്കമ്പനികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി കണക്കുണ്ട്.
തട്ടിപ്പുകാർ ഓൺലൈനിലും, നിർമ്മിതിയിലും
കേരളത്തിലെ ഫ്‌ളാറ്റുകൾ വാടകയ്ക്ക് കൊടുക്കുന്ന പ്രവാസികളും, ഫ്‌ളാറ്റുകൾ ബുക്ക് ചെയ്യുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒഎൽഎക്‌സ് എന്ന സൈറ്റിൽ ഇപ്പോൾ കയറി നിരങ്ങുന്നവരിൽ ഭൂരിപക്ഷവും ഇടനിലക്കാരാണ്. വളരെ കുറച്ച് വീട്ടുടമകൾ മാത്രമേ ഈ വെബ്‌സൈറ്റിനെ ആശ്രയിക്കുന്നുള്ളൂ. നഗരങ്ങളിൽ 'പ്രൈവസി' ആവശ്യപ്പെടുന്ന താമസക്കാർ ഏറെയുണ്ട്. അപരിചിതരായാലും പരിചിതരായാലും വീട്/ഫ്‌ളാറ്റ് വാടകയ്ക്ക് നൽകുമ്പോൾ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.
വാടകക്കാർ ആരായാലും ഞങ്ങൾക്ക് പണം കിട്ടിയാൽ മതിയെന്നു കരുതിയവർക്ക് പറ്റിയ അമളികൾ ഈയിടെ വാർത്തകളിൽ കണ്ടു. പ്രത്യേകിച്ച് ഒന്നിൽ കൂടുതൽ യുവതികൾക്കോ, യുവാക്കൾക്കോ ഫ്‌ളാറ്റ് വാടകയ്ക്ക് കൊടുത്താൽ ഓരോരുത്തരിൽ നിന്നും കൂടുതൽ പണം കിട്ടുല്ലോയെന്നു കരുതിയ ഫ്‌ളാറ്റുടമകളിൽ ചിലർ അഭിമുഖീകരിക്കേണ്ടി വന്നത് ഇതേ താമസക്കാർ ചെന്നുപെട്ട മയക്കുമരുന്ന് പെൺവാണിഭക്കേസുകളിലാണ്.
ഇപ്പോൾ സോപ്പു പെട്ടികൾ പോലെ നിർമ്മിച്ചിട്ടുള്ള ചില ഫ്‌ളാറ്റുകളുടെ ഗുണനിലവാരം കൂടുതൽ അന്വേഷിച്ച് ഉറപ്പുവരുത്തിയില്ലെങ്കിൽ, നിങ്ങളുടെ 'ശിഷ്ടകാല വിശ്രമ' ത്തിനായി നിങ്ങൾ വാങ്ങിയ പാർപ്പിടം 'ശിക്ഷാകാല വിശ്രമ'മെന്ന രീതിയിലേക്കു മാറാം. കെട്ടിട നിർമ്മാണ രംഗത്തെ കരാർ പണികൾ സത്യസന്ധമായി ചെയ്യാത്തത് ഫ്‌ളാറ്റ് നിർമാതാക്കൾ അറിഞ്ഞിരിക്കണമെന്നില്ല. എന്നാൽ ഏതാനും വർഷങ്ങൾ കൂടി കഴിയുമ്പോൾ അടർന്നു വീഴുന്ന സിമന്റ് പ്ലാസ്റ്ററുകളും, തുരുമ്പെടുക്കുന്ന പൈപ്പ് ഫിറ്റിംഗുകളുമെല്ലാം നിങ്ങളുടെ ഉറക്കം കെടുത്തിയെന്നുവരാം. സൂക്ഷിക്കണേ.
ഇലക്ഷനു മുമ്പേയുള്ള കൊച്ചു കൊച്ചു ഭൂകമ്പങ്ങൾ
ഓരോ രാഷ്ട്രീയ പാർട്ടികളിലും തെരഞ്ഞെടുപ്പുകൾ ലാക്കാക്കിയുള്ള കൊച്ചു കൊച്ചു ഭൂകമ്പങ്ങൾ സംഭവിച്ചു തുടങ്ങി. യു.ഡി.എഫിൽ യൂത്തന്മാരുടെ ബഹളം തുടങ്ങിക്കഴിഞ്ഞു. ഭാരവാഹികളിലെ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാൻ യൂത്തു കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എ ഗ്രൂപ്പുകാരനെ അവരോധിച്ചതാണ് പുതിയ വിവാദം.
യൂത്തുകോൺഗ്രസ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കി, രാഹുൽ മാങ്കൂട്ടത്തിലിന്റെ പിൻഗാമിയായി വരുമെന്ന് പലരും കരുതി. ഐ ഗ്രൂപ്പുകാരനാണ് അബിൻ വർക്കി. സതീശനാകട്ടെ, ഈ വിവാദം വ്യക്തിപരമെന്നു പറഞ്ഞ് തടിയൂരിയപ്പോൾ കൊടിക്കുന്നിൽ സുരേഷ് എം.പി. അബിനെ പിന്തുണച്ചു. കോൺഗ്രസല്ലേ, തെരഞ്ഞെടുപ്പല്ലേ ഇനി എന്തെല്ലാം കാണാനിരിക്കുന്നു അല്ലേ?
വലിച്ച്, വലിച്ച് നീട്ടുന്ന ലാവ്‌ലിൻ
തന്റെ കളങ്കരഹിതരായ മക്കളെക്കുറിച്ച് മുഖ്യമന്ത്രി വാർത്താലേഖകരുടെ മുമ്പിൽ ഇരുന്ന് 'സാഭിമാനം' ഡയലോഗടിച്ചത് ഏതായാലും നന്നായി. ലൈഫ് മിഷൻ, ലാവ്‌ലിൻ, കരിമണൽ തുടങ്ങിയ അഴിമതിക്കഥകളുടെ 'ക്ലൈമാക്‌സ്' ഇപ്പോഴും മോദി സർക്കാരിന്റെ കക്ഷത്തിലാണ്. സുരേഷ് ഗോപിയുടെ തൃശ്ശൂർ വിജയം ആട്ടക്കഥ പോലും പിണറായിയും ബി.ജെ.പി.യും തമ്മിലുള്ള അന്തർധാരയുടെ ഫലമാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട്.
സുരേഷ് ഗോപിയുടെ കലുങ്ക് വിവാദങ്ങളും ഇതിനിടെ ഉയർന്നു കേൾക്കുന്നു. ഒരു 'തങ്കപ്പെട്ട' മനുഷ്യൻ ചെന്നുപെട്ട 'രാഷ്ട്രീയക്കുടുക്കിൽ' പിടഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നല്ലാതെ സുരേഷ് ഗോപിയുടെ വാക്കുകൾക്ക് മറ്റൊരു വിശേഷണവും നൽകിയിട്ട് കാര്യമില്ല.
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്