ന്യൂയോര്‍ക്ക്: ഓട്ടോ, ഇലക്ട്രോണിക്‌സ്, പ്രതിരോധ വ്യവസായങ്ങള്‍ എന്നിവയ്ക്കാവശ്യമായ മാഗ്നറ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന ഏര്‍പ്പെടുത്തിയ അധിക നികുതി ലോക സാമ്പത്തിക ക്രമത്തിന് നേരിട്ടുള്ള വെല്ലുവിളിയാണെന്ന മുന്നറിയിപ്പുമായി യുഎസ്. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. ചൈനയുടേത് ആഗോള വിതരണ ശൃംഖലയേയും വ്യവസായ അടിത്തറയേയും തകര്‍ക്കാനുള്ള ശ്രമമാണെന്നും ബെസന്റ് ഫോക്സ് ബിസിനസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചൈന ഇപ്പോള്‍ മുഴുവന്‍ സ്വതന്ത്ര ലോകത്തിന്റെയും വ്യവസായ ശൃംഖലയെ ലക്ഷ്യം വയ്ക്കുകയാണ്. അതിനെതിരെ തങ്ങള്‍ പ്രതികരിക്കും. ഈ വിഷയത്തില്‍ ഇന്ത്യയുള്‍പ്പെടുന്ന സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തും. യൂറോപ്യന്‍ രാജ്യങ്ങള്‍, ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ എന്നിവരുടെയെല്ലാം പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ബെസന്റ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്കെതിരെ 100 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ചതോടെയാണ് ചൈന-അമേരിക്ക സംഘര്‍ഷം രൂക്ഷമായത്.
നിലവില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതാമനം താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചൈനയുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യ. അതിനാല്‍ തന്നെ അമേരിക്കയുടെ പുതിയ പ്രതികരണങ്ങളില്‍ ഇതുവരെയും ഇന്ത്യ നിലപാട് അറിയിച്ചിട്ടില്ല. നിലവില്‍ അമേരിക്കയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകളും ഒരു ഭാഗത്ത് ഇന്ത്യ നടത്തുന്നുണ്ട്. അതിനാല്‍ തന്നെ 2 വന്‍ ശക്തികളെയും ഒരേസമയം അനുനയിപ്പിച്ച് നിര്‍ത്തുന്ന നയമാണ് ഇന്ത്യ നിലവില്‍ സ്വീകരിച്ചിരിക്കുന്നത്.
വരും ദിവസങ്ങളില്‍ ചൈന-യുഎസ് തര്‍ക്കം രൂക്ഷമായാല്‍ ഇന്ത്യയുടെ നിലപാട് മേഖലയിലെ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്നതാകുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്