ഈജിപ്തിൽ കൈറോ നഗരത്തിനടുത്തുള്ള സുഖവാസ കേന്ദ്രമാണ് ശരമൽ ഷെയ്ഖ് എന്ന കടലോര പ്രദേശം. അത്യന്തം പ്രകൃതിസുന്ദരം. അവിടെയാണ് കഴിഞ്ഞ ദിവസം ഗാസ യുദ്ധം നിർത്തുന്നതിനുള്ള ഉടമ്പടിയിൽ വിവിധ രാജ്യങ്ങൾ ഒപ്പുവെച്ചത്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ഗുട്ടെറാസും നാറ്റോ സെക്രട്ടറി ജനറലും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്റ് മക്രോണും അടക്കം വിവിധലോകരാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും തലവന്മാർ വേദിയിലുണ്ടായിരുന്നു.
അവരൊക്കെയും വേദിയിൽ വന്ന കാലിൽ നിന്നു. പിന്നെയാണ് നാടകത്തിലെ പ്രധാന നടൻ അതായതു ഹീറോ പ്രത്യക്ഷപ്പെടുന്നത്. പഴയ എംജിആർ സിനിമാമോഡലിൽ നായകൻ ട്രംപ് പ്രത്യക്ഷനായി. നേരെ പ്രസംഗം തുടങ്ങുകയും ചെയ്തു. രണ്ടു വർഷമായി നടക്കുന്ന ഗാസയിലെ ഇസ്രായേലി ആക്രമണങ്ങൾക്കു അറുതിയുണ്ടാക്കുന്ന ഉടമ്പടിയുടെ ഒപ്പിടൽ ചടങ്ങിൽ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുക്കുകയുണ്ടായില്ല. ഹമാസിനെയോ പാലസ്തീൻ അതോറിറ്റിയെയോ പരിപാടിയിൽ പങ്കെടുപ്പിച്ചുമില്ല. രേഖകളിൽ ഒപ്പുവെച്ചത് യു.എസ്, തുർക്കി, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ ഭരണാധികാരികളാണ്.
ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒഴികെ ആർക്കും ഒരു റോളും ഉണ്ടായിരുന്നുമില്ല. ഈജിപ്ത് പ്രസിഡന്റ് അൽ സിസി എല്ലാവരെയും സ്വാഗതം ചെയ്തു. വേദി ട്രംപിനു കൈമാറി. അത്രതന്നെ. കരാർ ഒപ്പിടലും തുടർന്നു രാഷ്ട്രനേതാക്കളുടെ സമ്മേളനവും രണ്ടു പരിപാടികളായാണ് നടന്നത്. ഇരുവേദികളിലും ട്രംപ് ഒഴികെ ആർക്കും ഒരു റോളും ഉണ്ടായിരുന്നില്ല. അദ്ദേഹം എന്തൊക്കെയോ അവകാശവാദങ്ങൾ ഉന്നയിച്ചു. തുടർന്ന് നാലു രാഷ്ട്രനേതാക്കളും രേഖകളിൽ ഒപ്പുവെച്ചു. അതോടെ എല്ലാവരും പിരിഞ്ഞു. നേരെ ട്രംപിന്റെ പ്രസംഗവേദിയിലേക്ക് എത്തി.
അവിടെ യഥാർത്ഥത്തിൽ നടന്നത് ആഗോളനേതാക്കളെ അപമാനിക്കുന്ന ഒരു പരിപാടിയായിരുന്നു എന്നു അതു വീക്ഷിച്ച ആർക്കും കാണാവുന്നതായിരുന്നു. സാധാരണനിലയിൽ ഒരു വേദിയിൽ പ്രത്യക്ഷരാകുന്ന രാഷ്ട്രത്തലവന്മാർക്കു വലിപ്പച്ചെറുപ്പമില്ലാതെ ഒന്നോ രണ്ടോ വാക്കുകൾ എങ്കിലും പറയാൻ അവസരം ലഭിക്കും. എന്നാൽ ഈജിപ്തിലെ ചടങ്ങിൽ ഗാസ യുദ്ധവുമായി നേരിട്ടു ബന്ധപ്പെട്ട ഇരു വിഭാഗങ്ങളുടെയും നേതാക്കൾ ഉണ്ടായില്ലെന്നു മാത്രമല്ല, അതിനു ദൃക്‌സാക്ഷ്യം വഹിക്കാനായി ക്ഷണിച്ചു വരുത്തിയ രാഷ്ട്രത്തലവന്മാർ മരപ്പാവകളെപ്പോലെ വെറുതെ നിൽക്കേണ്ട അവസ്ഥയും വന്നു. ആകെ മൊത്തം ഒരു ട്രംപ്‌ഷോ എന്ന നിലയിലാണ് പരിപാടികൾ നടന്നത്. അതുകൊണ്ടു തന്നെ, തങ്ങൾ ഏതോ മാവിലായിക്കാരാണ് എന്നൊരു മട്ടിലാണ് എല്ലാ രാഷ്ട്രനേതാക്കളും പെരുമാറിയതും.
സമാധാന ചർച്ചകളിൽ പ്രധാന പങ്കു വഹിച്ച തുർക്കിയുടെയോ ഖത്തറിന്റെയോ നേതാക്കൾക്കുപോലും സംസാരിക്കാൻ അവസരം കിട്ടാത്ത ചടങ്ങിൽ അപ്രതീക്ഷിതമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെ ഏതാനും വാക്കുകൾ പറയാനായി ട്രംപ് ക്ഷണിച്ചത് അതിനേക്കാൾ കൗതുകകരമായ സംഗതിയായിരുന്നു. കാരണം ഗാസയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പാകിസ്ഥാന് ഒരുറോളും ഉണ്ടായിരുന്നില്ല. അതിനാൽ പിൻനിരയിൽ ക്ഷണിക്കപ്പെട്ട മറ്റു ചില അതിഥികൾക്കൊപ്പം നിന്ന ശരീഫ് ട്രംപിന്റെ പെട്ടെന്നുള്ള ക്ഷണംകേട്ട് ശരിക്കും അത്ഭുതപ്പെട്ടുപോയി.
പ്രസംഗത്തിനിടെ ട്രംപ് മൈക്കിനു മുമ്പിൽ നിന്ന് മാറി ശരീഫിനെ സംസാരിക്കാനായി ക്ഷണിക്കുകയായിരുന്നു. എന്താണ് പറയേണ്ടത് എന്നൊരു മുന്നാലോചനയും ഇല്ലാതെ സാധാരണനിലയിൽ അന്താരാഷ്ട്രവേദികളിൽ രാഷ്ട്രത്തലവന്മാരുടെ പ്രസംഗം പതിവില്ല. അതൊക്കെ വളരെ ശ്രദ്ധയോടെ നയതന്ത്രജ്ഞന്മാർ മുൻകൂട്ടി ചർച്ച ചെയ്തു തീരുമാനിക്കുന്നതാണ്. എന്നാൽ ട്രംപിന് അത്തരം മര്യാദകളൊന്നും ബാധകമല്ല. അതിനാൽ അദ്ദേഹം വിളിച്ചപ്പോൾ അല്പം പകച്ചുപോയ നിലയിലാണ് ഷഹബാസ് ശരീഫ് മൈക്കിനു മുന്നിലെത്തിയത്. ഓർക്കാപ്പുറത്ത് ഹെഡ്മാസ്റ്റർ വേദിയിലേക്ക് വിളിച്ച നാലാം ക്‌ളാസ് വിദ്യാർത്ഥിയുടെ പരുങ്ങൽ ലോകം ശരിക്കും നോക്കിക്കണ്ടു.
എന്നാൽ ട്രംപ് തന്നെ വിളിച്ചത് എന്തിനെന്നു ഷരീഫ് ശരിക്കും തിരിച്ചറിഞ്ഞു. അദ്ദേഹത്തിനുവേണ്ടത് പുകഴ്ത്തലാണ്. പുകഴ്ത്തലിന്റെ ആഗോള ഏജൻസി എന്ന നിലയിലാണ് ട്രംപ് നോബൽ സമ്മാനസമിതിയെ കണ്ടത്. അതിനാൽ ഇത്തവണ സമാധാനത്തിനുള്ള നോബൽ സമ്മാനം തനിക്കു കിട്ടണം എന്നദ്ദേഹം പല തവണ ഒളിഞ്ഞും തെളിഞ്ഞും ആവശ്യപ്പെട്ടതാണ്. യു.എൻ ജനറൽ അസംബ്ലിയിൽ അദ്ദേഹം ഇത്തവണ ചെയ്ത പ്രസംഗം പ്രധാനമായും തനിക്കു എന്തുകൊണ്ട് നോബൽ സമ്മാനം ലഭിക്കണം എന്ന വിഷയത്തെക്കുറിച്ച് ഉള്ളതായിരുന്നു. ഇന്ത്യാപാകിസ്ഥാൻ യുദ്ധം അടക്കം ലോകത്തെ ഏഴു സംഘർഷങ്ങൾ താൻ ഇടപെട്ടു ഒഴിവാക്കി എന്നാണദ്ദേഹം പറഞ്ഞത്.
അടുത്ത സുഹൃത്താണ് എന്നൊക്കെ അവകാശപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പരസ്യമായി കൈവിടും എന്ന് ട്രംപ് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങളിൽ അമേരിക്കയടക്കം മൂന്നാമതൊരു കക്ഷിയുടെയും മധ്യസ്ഥത സ്വീകാര്യമല്ല എന്നത് ഇന്ത്യയുടെ ദീർഘകാല നയമാണ്. അതിൽ മാറ്റം വരുത്താൻ മോദി ഒറ്റയ്ക്ക് വിചാരിച്ചാൽ സാധ്യമല്ല. ട്രംപിന്റെ വിളിപ്പുറത്താണ് മോദി എന്നു വന്നാൽ ആർ.എസ്.എസ് പോലും അദ്ദേഹത്തോടു പൊറുക്കില്ല. അതിനാൽ ട്രംപിന്റെ ഇടപെടൽ അല്ല യുദ്ധം നിർത്താൻ കാരണമെന്നു മോദിക്കുപോലും പരസ്യമായി പറയേണ്ടി വന്നു.
അതിന്റെ ഫലമായാണ് ശരമൽ ഷെയ്ഖ് വേദിയിൽ പാകിസ്ഥാനു വലിയ സ്വീകരണം കിട്ടിയത്. ട്രംപിന്റെ ഉള്ളിലിരിപ്പു കണ്ടറിഞ്ഞ ഷെരീഫാകട്ടെ അദ്ദേഹത്തെ പുകഴ്ത്തുന്നതിൽ ഒരു പിശുക്കും കാണിച്ചതുമില്ല. ഗാസയിൽ സമാധാനം കൊണ്ടുവന്നതും ട്രംപ്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം തടഞ്ഞതും ട്രംപ്. സമാധാന നൊബേലിനു ലോകത്തു ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ അത് ഈ മഹാത്മാവിനാണ് എന്നാണ് ശരീഫ് തൊട്ടടുത്തു നിൽക്കുന്ന ട്രംപിനെ ചൂണ്ടിക്കൊണ്ടു ലോകത്തോടു പ്രഖ്യാപിച്ചത്. ട്രംപ് പരമാനന്ദതുന്ദിലനായി എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ. അദ്ദേഹത്തിനു നോബൽ കൊടുക്കണം എന്നു പാകിസ്ഥാൻ ശുപാർശ പറഞ്ഞ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.
അത് പരിഗണിക്കാതെ സമ്മാനം വെനസ്വേലയിലെ ഏതോ വനിതയ്ക്കു നൽകിയ നോബൽ സമ്മാന സമിതിയോടുള്ള ഈർഷ്യയും അദ്ദേഹം മറച്ചുവെച്ചില്ല. സത്യത്തിൽ ശരമൽ ശരീഫിൽ നടന്ന സമാധാന സമ്മേളനം പോലെ രസകരമായ ഒരു കാഴ്ച ലോകം സമീപകാലത്തൊന്നും കണ്ടിട്ടുണ്ടാവില്ല. ഗാസയിലെ സമാധാനത്തെക്കുറിച്ചു ആർക്കും കാര്യമായി ഒന്നും പറയാനുണ്ടായിരുന്നില്ല. ട്രംപ് ഒഴിച്ച് ആകെ സംസാരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രിയ്ക്കും ഗാസയെക്കുറിച്ചു ഒരക്ഷരം പറയാനുണ്ടായിരുന്നില്ല.
അല്ലെങ്കിൽ ഗാസയെക്കുറിച്ചു ആർക്കാണ് ചിന്ത? അവരുടെ ജീവിതം ആർക്കും ഒരു വിഷയമല്ല. അതിന്റെപേരിൽ ട്രംപിന് നോബൽ സമ്മാനം കൊടുക്കാത്ത വിഷയം മാത്രമാണ് ലോകനേതാക്കളുടെ വേദിയിൽ ചർച്ചാവിഷയമായത്. ഇങ്ങനെയുള്ള നേതാക്കൾ ഉണ്ടായിട്ടു ലോകത്തിന് എന്തുകാര്യം എന്നൊരു ചോദ്യം മാത്രമാണ് ഈ പരിപാടികൾ കണ്ടശേഷം മനസ്സിൽ അവശേഷിച്ചത്.
എൻ.പി. ചെക്കുട്ടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്