കാസർകോട്: സി.പി.ഐ.എം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശനം. പാർട്ടിയുടെ നിലവിലെ അവസ്ഥ പരിഗണിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കുന്നതാണ് നല്ലതെന്ന് യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പയ്യന്നൂരിലടക്കം ശക്തമായ സംഘടനാ നടപടികളിലൂടെ തിരുത്തൽ വരുത്തണമെന്ന ആവശ്യവും ഉയർന്നു. തളിപ്പറമ്പിൽ തെറ്റുപറ്റിയെന്ന വിലയിരുത്തൽ അണികളോട് വിശദീകരിക്കണമെന്നും, വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുത്തൽ വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിംഗ് യോഗത്തിൽ കടുത്ത വിമർശനമായി ഉയർന്നു വന്നു.
നേരത്തെ നടന്ന തൃക്കരിപ്പൂർ ഏരിയാകമ്മിറ്റി യോഗത്തിലും കണ്ണൂർ ജില്ലാ കമ്മിറ്റിക്കെതിരെ സമാനമായ രീതിയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. കണ്ണൂർ ജില്ലാകമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കിൽ അത് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നായിരുന്നു അംഗങ്ങളുടെ മുന്നറിയിപ്പ്.
പയ്യന്നൂരിലെ വിവാദമായ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തൃക്കരിപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായെന്നും, ഇതേക്കുറിച്ച് അണികളെ ബോധ്യപ്പെടുത്താൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ചയുണ്ടായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി തന്നെ സ്വയംവിമർശനമായി ഉന്നയിച്ചിരുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ നിലപാടുകളെ പാർട്ടി ശക്തമായി പ്രതിരോധിച്ചില്ലെന്ന ധാരണ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ടുവെന്നും, എന്നാൽ വെള്ളാപ്പള്ളിയുടെ പരാമർശങ്ങളെ പാർട്ടി പൂർണ്ണമായും തള്ളിപ്പറഞ്ഞിട്ടുള്ളതാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
