ഫ്‌ളോറിഡ: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്ക് കരുത്തേകുക എന്നത് ഫോമയുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. 'വിദ്യാധനം സർവധനാൽ പ്രധാനം' എന്ന പഴഞ്ചൊല്ലിന്റെ ഊർജം ഉൾക്കൊണ്ട് ഇവിടുത്തെ മലയാളി വിദ്യാർത്ഥികൾക്കായി 'വിദ്യാജ്യോതി' ഫോമാ 2026-28 എന്ന പേരിൽ ദീർഘവീക്ഷണത്തോടെ സുതാര്യമായ ഒരു സ്‌കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്ന കാര്യം ടീം പ്രോമിസ്' ഉറപ്പുനൽകുന്നുവെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഫോമാ സ്ഥാപക നേതാവുമായ മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) വ്യക്തമാക്കി.
''വിദ്യാജ്യോതി ഫോമയുടെ കൂട്ടായ്മയുടെ ശക്തിയാണ്. അംഗസംഘടനകളുമായി ചേർന്നുള്ള ഒരു മാച്ചിംഗ് ഫണ്ട് മാതൃകയിലാണ് ഈ പദ്ധതി പ്രവർത്തിക്കുക. ഫോമായുടെ അംഗസംഘടനകൾ സംഭരിക്കുന്ന പണത്തിന് ആനുപാതികമായി ഫോമാ ദേശീയ തലത്തിൽ നിന്ന് തുല്യമായ തുക ചേർക്കും. ആർ.വി.പിമാർ, നാഷണൽ കമ്മിറ്റി അംഗങ്ങൾ, സമൂഹത്തിലെ ഉദാരമതികളായ വ്യക്തിത്വങ്ങൾ തുടങ്ങി എല്ലാവരും ചേർന്ന് 'വിദ്യാജ്യോതി' ശക്തിപ്പെടുത്തും. നിങ്ങൾ ഒരു ഡോളർ നൽകുമ്പോൾ, അത് രണ്ട് ഡോളറിന്റെ ശക്തിയായി നമ്മുടെ കുട്ടികളിലേക്ക് എത്തും...'' മാത്യു വർഗീസ് പറഞ്ഞു.
അക്കാദമിക് മികവ് സ്‌കോളർഷിപ്പിനുള്ള യോഗ്യതാ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായിരിക്കും. മറ്റ് മാനദണ്ഡങ്ങൾ ഇതുസംബന്ധിച്ച് രൂപീകരിക്കുന്ന കമ്മിറ്റിയായിരിക്കും നിശ്ചയിക്കുക. ഓരോ ഡോളറിന്റെയും വിനിയോഗം സൃഷ്ടിപരമായിരിക്കണമെന്നാണ് 'ടീം പ്രോമിസി'ന്റെ കാഴ്ചപ്പാട്.
വിദ്യാജ്യോതി ഫണ്ടിലെത്തുന്ന പണം കൃത്യമായി രേഖപ്പെടുത്തിയിരിക്കും. ടീം പ്രോമീസ് ഫോമായുടെ ഭരണ സമിതിയിലെത്തിയാൽ ആദ്യം രൂപീകരിക്കപ്പെടുന്ന കമ്മിറ്റികളിലൊന്ന് വിദ്യാജ്യോതി സ്‌കോളർഷിപ്പ് സംബന്ധിച്ചായിരിക്കും.
അതിലൂടെ പ്രസ്തുത പദ്ധതി ടീം പ്രോമീസിന്റെ കാലാവധി തീരുന്നതുവരെ തടസ്സമില്ലാതെ മുന്നോട്ട് പോകും. 'വിദ്യാജ്യോതി' ഫോമായുടെ ഒരു സ്ഥിരം പദ്ധതിയാക്കി മാറ്റുകയും ചെയ്യാം. പദ്ധതിയുടെ വിശദവിവരങ്ങൾ ടീം പ്രോമീസ് അധികാരത്തിലെത്തുന്ന പക്ഷം പുറപ്പെടുവിക്കുന്നതാണ്.
ഫോമാ നാഷണൽ കമ്മിറ്റിയും അംഗസംഘടനകളും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്ന ഒരു പദ്ധതിയാണിത്. ഹൈസ്‌കൂൾ പൂർത്തിയാക്കി പുതിയ തലത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പുകൾ, മെന്ററിംഗ്, സ്‌കിൽ ഗൈഡൻസ്, കരിയർ ഗൈഡൻസ്, നേതൃത്വ വികസന വർക്ക്‌ഷോപ്പുകകൾ എന്നിവ ഉൾപ്പെടുത്തി ഒരു ദീർഘകാല വിദ്യാഭ്യാസ പ്രോജക്ടായി ഈ സംരംഭത്തെ വളർത്തിയെടുക്കാനും ആലോചനയുണ്ട്.
നമ്മുടെ മക്കളെ മികച്ച വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിച്ച് അവരുടെ ഭാവിക്ക് വെളിച്ചമേകുന്ന പാത ഒരുക്കുക എന്നതാണ് വിദ്യാജ്യോതിയുടെ ദൗത്യമെന്നും അത് ഫോമായുടെ വളർച്ചയുടെ പാതയിൽ ഒരു സുപ്രദാന നാഴികക്കല്ലാവുമെന്നും ഫോമായുടെ 2026'28 ഭരണ സമിതിയിലേയ്ക്ക് മാത്യു വർഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറൽ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
