തിരുവനന്തപുരം: സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ഥിനികള്‍ പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രിന്‍സിപ്പലിനെതിരെ നടപടി. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമീള ഇവാഞ്ചലിനെയാണ് നാഗര്‍കോവിലിലെ വടശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റിയത്. സംഭവം വലിയ രീതിയില്‍ വിവാദമായതോടെ കന്യാകുമാരി ജില്ലാ ഭരണകൂടം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിന് മത്സര പരീക്ഷകള്‍ക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകള്‍ക്ക് ശേഷമാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. രണ്ട് വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനൊപ്പം പരസ്യമായി മദ്യപിക്കുകയായിരുന്നു. മദ്യപിക്കുന്നതിനിടെ ഇവര്‍ നടത്തുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളിലുണ്ട്. മദ്യക്കുപ്പികളും ഭക്ഷണപായ്ക്കറ്റുകളും വ്യക്തമായി കാണാവുന്ന ഈ ദൃശ്യങ്ങള്‍ സഹപാഠികള്‍ തന്നെയാണ് ഫോണില്‍ പകര്‍ത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിലേക്ക് മദ്യം എങ്ങനെ എത്തിച്ചേര്‍ന്നു എന്നതിനെക്കുറിച്ചും പ്രത്യേക പരിശീലന ക്ലാസുകളുടെ സമയത്ത് അധ്യാപകരുടെ കൃത്യമായ മേല്‍നോട്ടം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും പോലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷിച്ചുവരികയാണ്. നിലവില്‍ പുറത്തുവന്ന പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലിനെതിരെ ഉടനടി സ്ഥലംമാറ്റ നടപടി സ്വീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം കുറ്റക്കാരായ വിദ്യാര്‍ഥിനികള്‍ക്കും മേല്‍നോട്ടത്തില്‍ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കുമെതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
