പട്ടികജാതി ഫണ്ട് തട്ടിപ്പ്:  സംസ്ഥാനം അന്വേഷണം അട്ടിമറിച്ചു; കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി

JULY 26, 2025, 7:07 AM

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികളിലായി സംസ്ഥാനത്തെ പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച കോടികള്‍ അര്‍ഹര്‍ക്ക് നല്‍കാതെ ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും കൈക്കലാക്കിയതു സംബന്ധിച്ച് സമഗ്രാന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ കുമ്മനംരാജശേഖരന്‍, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യക്തമായ തെളിവുകളുണ്ടായിട്ടും സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം അട്ടിമറിക്കുകയാണെന്ന് കുമ്മനം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ 6600 കോടി രൂപയാണ് സംസ്ഥാനം വകമാറ്റിചെലവഴിച്ചതും ഉപയോഗിക്കാതെ നഷ്ടപ്പെടുത്തിയതും. അര്‍ഹരായവര്‍ക്ക് സഹായം നല്‍കാതെ വ്യാജരേഖകളുണ്ടാക്കി പട്ടികജാതി ഫണ്ട് സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്കും ചില ഉദ്യാഗസ്ഥരുടെ അക്കൗണ്ടുകളിലേക്കുമാണ് പോയത്. പരാതികളുയര്‍ന്നപ്പോള്‍ പോലീസ് ചില കേസുകളെടുത്തെങ്കിലും പ്രതികളുടെ അറസ്റ്റോ തുടര്‍ നടപടികളോ ഉണ്ടായില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് വലിയതോതില്‍ ഫണ്ട് വെട്ടിപ്പും അഴിമതിയും നടന്നത്. മൈക്രോ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അനുവദിച്ച ഫണ്ട്  അനര്‍ഹരുടെ അക്കൗണ്ടിലേക്കാണ് പോയത്. വായ്പയൊന്നും എടുക്കാത്ത വ്യക്തികള്‍ക്ക് ഈ പദ്ധതിയുടെ പേരിലുള്ള സബ്‌സിഡി പണം അനുവദിച്ചു എന്ന വളരെ ഗുരുതരമായ കുറ്റവും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉണ്ടായി. ഇതിലൂടെ 5.79 കോടിരൂപയാണ് അപഹരിച്ചത്. 

വ്യാജ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് തിരുവനന്തപുരം കോപര്‍പ്പറേഷനില്‍ നിന്നും വന്‍തുക കൈക്കലാക്കി. എസ്‌സി വനിതാ ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ച പദ്ധതികളില്‍ നിന്നാണ് ഇത്തരത്തില്‍ വ്യാജരേഖകളുണ്ടാക്കി കോടികള്‍ തട്ടിച്ചത്. കൊല്ലം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളിലും കാസര്‍കോട് നഗരസഭയിലും ചില ബ്ലോക്ക്, പഞ്ചായത്ത് മേഖലകളിലും ഇത്തരത്തില്‍ പണം തട്ടിച്ചിട്ടുണ്ട്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഇതു സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടും നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാരണം പണം തട്ടിച്ചത് സിപിഎം നേതാക്കളോ അവരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ആണ്. ഡിവൈഎഫ്‌ഐയുടെ ഉന്നത നേതാവിന്റെ പിതാവിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്തതായും നേതാക്കള്‍ പറഞ്ഞു. 

vachakam
vachakam
vachakam

പട്ടികജാതി വിഭാഗങ്ങളോട് സംസ്ഥാന സര്‍ക്കാരിന്റെത് ക്രൂരമായ സമീപനമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പട്ടികജാതിവിഭാഗങ്ങളുടെ ഫണ്ട് തട്ടിപ്പിന്റെ പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പട്ടികജാതി വിഭാഗങ്ങളുടെ വിവാഹ വായ്പാസഹായവും പഠനസഹായവുമാണ് കൂടുതല്‍ തട്ടിയെടുത്തിരിക്കുന്നത്. വ്യക്തമായ തെളിവുകളുണ്ടായിട്ടും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പേരിനുമാത്രം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. ഫലത്തില്‍ കേസ് അട്ടിമറിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സികളെ സമീപിക്കുന്നതെന്നും കുമ്മനം പറഞ്ഞു. 

അടുത്തദിവസം ദില്ലിയിലെത്തി കേന്ദ്ര പട്ടികജാതി കമ്മീഷനും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും കേന്ദ്ര പട്ടികജാതി വികിസനവകുപ്പ് മന്ത്രിക്കും പരാതി നല്‍കും. സംസ്ഥാനമൊട്ടാകെ നടന്ന കോടികളുടെ അഴിമതിയാണിത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണ് വേണ്ടതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam