വിഘ്‌നം അകലാതെ ശബരി വിമാനത്താവള പദ്ധതി

DECEMBER 23, 2025, 1:13 PM

ആത്മീയതയെ ടൂറിസവുമായിണക്കുന്ന സംരംഭങ്ങൾക്ക് ഇന്ത്യയിലെമ്പാടും പുഷ്‌കല കാലമാണിത്. അതേസമയം,ശബരിമലയുമായി ബന്ധപ്പെട്ട ഏതൊരു വികസനവും അത് വിമാനത്താവളമായാലും ശബരി റെയിൽപ്പാത ആയാലും പലവിധ കാരണങ്ങളാൽ നടക്കാതെ വർഷങ്ങളോളം നീണ്ടുപോകുന്നതിനു നീതീകരണമില്ല. ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത് ഇത്തരത്തിലുള്ള ഏറ്റവും പുതിയ സംഭവമായി.

മറ്റേതൊരു സംസ്ഥാനത്തായിരുന്നെങ്കിലും സർക്കാർ ഖജനാവിന് വൻ സാമ്പത്തിക മുതൽക്കൂട്ടാവുന്ന ഈ പദ്ധതികൾ എന്നേ നടപ്പാവുമായിരുന്നു. ശബരിമലയിൽ വിമാനത്താവളം വരുമ്പോഴും എരുമേലിയിൽ വരെ ട്രെയിൻ എത്തുമ്പോഴും അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമാവും ഏറ്റവും കൂടുതൽ ജനങ്ങൾ പ്രകൃതി സുന്ദരമായ ഈ പ്രദേശത്തേക്കെത്തുക. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന തീർത്ഥാടന കേന്ദ്രമായി ശബരിമല അതോടെ മാറും. അതിന്റെ ഫലമായി മലയോര പ്രദേശങ്ങളുടെ സമഗ്ര വികസനം സാദ്ധ്യമാവും. ചെറുപ്പക്കാർക്ക് സ്വന്തം നാട്ടിൽത്തന്നെ വിവിധ തൊഴിലുകൾ ചെയ്ത് ജീവിക്കുവാൻ സാഹചര്യം ഉരുത്തിരിയുകയും ചെയ്യും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയെങ്കിലും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും അക്ഷന്തവ്യമായ വീഴ്ചകളാണ് തുടർച്ചയായി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കുറ്റമറ്റ രീതിയിൽ പദ്ധതികൾ നടപ്പാക്കുകയും ബാഹ്യമായ താത്പര്യങ്ങൾക്ക് മുൻഗണന നൽകാതെ ആത്മാർത്ഥതയോടെ മുന്നോട്ടു നീങ്ങുകയും ചെയ്താൽ ഈ പദ്ധതികൾ എന്നേ യാഥാർത്ഥ്യമാകേണ്ടതായിരുന്നു. വിമാനത്താവള പദ്ധതി അനിശ്ചിതമായി നീളാനുള്ള സാധ്യതയാണിപ്പോൾ തെളിഞ്ഞുവന്നിട്ടുള്ളത്. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ അപ്പീൽ പോകുമെന്നാണ് അധികൃതർ പറഞ്ഞിട്ടുള്ളതെങ്കിലും ഇതിനു സമയം ഏറെയെടുക്കുമെന്ന് ബന്ധപ്പെട്ടവർ തന്നെ സമ്മതിക്കുന്നു. ഡിപിആർ കേന്ദ്രത്തിന് സമർപ്പിച്ച് തത്ത്വത്തിലുള്ള അനുമതി കാത്തിരിക്കവെയാണ് വെള്ളിടിപോലെ ഇപ്പോഴത്തെ വിധി.

vachakam
vachakam
vachakam

2026ൽ പണി തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി ആഗോള അയ്യപ്പസംഗമത്തിൽ പറഞ്ഞിരുന്നെങ്കിലും ഇനി അത് നടക്കാനിടയില്ല. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയതോടെ അതിന് അടിസ്ഥാനമായ സാമൂഹികാഘാത പഠനവും റദ്ദായി. ഇനി പദ്ധതി നടത്തിപ്പ് ട്രാക്കിലെത്തിക്കാൻ സാമൂഹികാഘാത പഠനത്തിന് താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനുള്ള ടെൻഡർ മുതൽ തുടങ്ങണം. വിദഗ്ധ ടീമിനെ തിരഞ്ഞെടുത്ത് പഠനത്തിന് ഏൽപ്പിക്കണം. ഈ പഠനത്തിനുതന്നെ മാസങ്ങളെടുക്കും. അതിന്റെ റിപ്പോർട്ട് വന്നശേഷം വിദഗ്ധ സമിതി അതിൻമേൽ വിലയിരുത്തൽ നടത്തിയാലേ അന്തിമ വിജ്ഞാപനമാകൂ. ഇതാണ് ഭൂമി ഏറ്റെടുക്കലിനുള്ള അടിസ്ഥാന രൂപരേഖ.

അപ്പീൽ പോകുന്നതിനുപകരം നിലവിലെ കോടതി വിധി അംഗീകരിച്ച് വിസ്തൃതികുറച്ച് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ പദ്ധതിയുടെ സാങ്കേതികഘടകങ്ങൾ ആകെ മാറും. 3.5 കിലോമീറ്റർ വരുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയുമൊക്കെയായി സങ്കൽപ്പിച്ചിരുന്ന പദ്ധതി ചെറുതാക്കേണ്ടിവരും. 2263 ഏക്കർ ചെറുവള്ളി എസ്‌റ്റേറ്റും പുറത്ത് 307 ഏക്കർ സ്വകാര്യ ഭൂമിയുമാണ് നിലവിൽ ഏറ്റെടുക്കാൻ ഉദ്ദേശിച്ചത്. സ്വകാര്യഭൂമി റൺവേക്കും എസ്‌റ്റേറ്റുഭൂമി അനുബന്ധ കെട്ടിടങ്ങൾക്കും എന്നാണ് പറഞ്ഞത്. 2570 ഏക്കർ ഭൂമി പദ്ധതിക്ക് ആവശ്യമുണ്ടോയെന്ന അയന ട്രസ്റ്റിന്റെ ചോദ്യം അംഗീകരിച്ചാണ് ഇപ്പോഴത്തെ കോടതി നടപടി. അത്രയും ഭൂമി വേണമെന്ന് സർക്കാരിന് സ്ഥാപിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു പദ്ധതിക്കുവേണ്ട കുറഞ്ഞ ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്ന 2013ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമം പാലിക്കാനാണ് കോടതി നിർദേശിക്കുന്നത്.

രണ്ടാം വീഴ്ച

vachakam
vachakam
vachakam

ഇത് രണ്ടാം തവണയാണ് സാമൂഹികാഘാത പഠനവും പദ്ധതി അനുമതിയും റദ്ദാകുന്നത്. 2024 ഓഗസ്റ്റ് എട്ടിന് സർക്കാർ ആദ്യത്തെ വിജ്ഞാപനം റദ്ദാക്കിയിരുന്നു. അതിന് കാരണവും ഹൈക്കോടതിയിലെ കേസായിരുന്നു. ഭൂവുടമകളായ അയന ട്രസ്റ്റ് നൽകിയ ഹർജിയിൽ അന്നത്തെ സാമൂഹികാഘാത പഠനത്തിൽ പിഴവുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ ഉത്തരവിൽ തങ്ങളുടെ പേര് കാണിച്ചിട്ടില്ലെന്നുമായിരുന്നു ആക്ഷേപം. കേസ് ഹൈക്കോടതി പരിഗണിക്കവെ ഈ പിഴവ് അംഗീകരിച്ച സർക്കാർ ഉടൻ പഠനവും വിജ്ഞാപനവും റദ്ദാക്കി. പിന്നീട് കാര്യങ്ങൾ ഒന്നിൽനിന്ന് തുടങ്ങി. സാമൂഹികാഘാത പഠനവും തുടർന്ന് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും വന്നു. അതും ഇപ്പോൾ കോടതി നടപടിയിലൂടെ റദ്ദാക്കപ്പെട്ടിരിക്കുന്നു.

വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുപ്പിന്റെ ഭാഗമായുള്ള വൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പ് തുടങ്ങിയശേഷമാണ് ഹൈക്കോടതിയിൽ നിന്നുള്ള വിലക്കു വന്നിരിക്കുന്നത്. നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്നതിനു സ്ഥല മഹസർ ഉണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് റവന്യു സർവേ സംഘം കണക്കെടുക്കുന്നത്. ഈ മഹസർ പ്രകാരം നിർമാണങ്ങളുടെ മൂല്യം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗവും രാജകീയ വൃക്ഷങ്ങളുടെ മൂല്യം സാമൂഹിക വനവൽക്കരണ വിഭാഗവും മറ്റ് മരങ്ങളുടെയും കാർഷിക വിളകളുടെയും മൂല്യം കൃഷിവകുപ്പും ആണ് കണക്കാക്കുന്നത്.

വിമാനത്താവളത്തിനായി എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്‌റ്റേറ്റും സമീപ പ്രദേശങ്ങളും ഉൾപ്പെടുന്ന 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി, എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ സർക്കാർ ഏപ്രിൽ 25ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിന്റെ ഭാഗമായുള്ള അനുബന്ധ റിപ്പോർട്ടുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. വലിയ വിമാനത്താവളങ്ങൾക്കു പോലും 1200 ഏക്കറിൽ കുറയാതെ ഭൂമി മതിയാകുമെന്നിരിക്കെ 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് എന്തിനാണെന്ന് വ്യക്തത വരുത്താൻ സർക്കാരിനായില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്.

vachakam
vachakam
vachakam

അതേസമയം, ശബരിമല വിമാനത്താവളത്തിനു വേണ്ടി കുറച്ചധികം ഭൂമി ഏറ്റെടുക്കുന്നത് ഒരു തെറ്റല്ലെന്ന നിരീക്ഷണം പല വിദഗ്ധരും പങ്കുവയ്ക്കുന്നു. കാരണം, ഏതാനും വർഷം മുൻകൂട്ടി കണ്ടാൽ അവിടെ എത്തുന്നവർക്ക് താമസസൗകര്യം ഒരുക്കാൻ തന്നെ ഇത്രയധികം ഭൂമി വേണ്ടിവരും. എന്നാൽ ഇത് കാര്യകാരണ സഹിതം ഉന്നതരായ പ്രമുഖ വിദഗ്ദ്ധർ അടങ്ങുന്ന സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത സർക്കാരിനുണ്ടെങ്കിലും അതു ചെയ്തില്ല. അതിനാൽ ഹൈക്കോടതിയുടെ ഇടപെടൽ പ്രസക്തമാണെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഒരു പദ്ധതിയുടെ ഭാഗമായി കുറച്ചധികം സ്ഥലം സർക്കാരിന്റെ കൈയിൽ വരുന്നത് ഭാവിയിൽ ഗുണമല്ലാതെ ദോഷമൊന്നും വരുത്തില്ല. ഇത് വേണ്ടവിധത്തിൽ വ്യക്തമാക്കാൻ കഴിയാതെ പോയത് ഭരണ നടപടിയുടെ പരാജയമാണ്. സാമൂഹികാഘാത പഠനം നടത്തിയതിലും പാകപ്പിഴകൾ സംഭവിച്ചു. ഇതൊക്കെ പരിശോധിക്കേണ്ടതും തിരുത്തേണ്ടതുമായ ഭരണഘടനാപരമായ ചുമതലയാണ് ഹൈക്കോടതി നിർവഹിച്ചത്.

'വേറെയുണ്ട് സ്ഥലം '

നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു ചെറുവള്ളിയിൽ ഭൂമി ഏറ്റെടുക്കുന്നതിനു സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി രണ്ടാമതും റദ്ദാക്കിയതോടെ ജില്ലയിൽ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കൊടുമൺ പ്ലാന്റേഷൻ റവന്യു ഭൂമിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നു ശബരിമല വിമാനത്താവള ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടിയതോടെ പദ്ധതിക്കു പുതിയ വിഘ്‌നം ഉടലെടുത്തു. സർക്കാർ ഇനിയെങ്കിലും യാഥാർത്ഥ്യം ഉൾക്കൊണ്ടു ശബരിമല വിമാനത്താവളത്തിനു പ്ലാന്റേഷൻ ഭൂമി തിരഞ്ഞെടുക്കണമെന്നാണ് കമ്മിറ്റി പറയുന്നത്.

2015 മുതൽ ശബരിമല തീർത്ഥാടകർക്കായി ശബരി വിമാനത്താവളം എന്ന ആശയവുമായി സർക്കാർ മുന്നോട്ടു വന്നതാണ്. എന്നാൽ അന്നുമുതൽ നിയമക്കുരുക്കിലായി പദ്ധതി നീണ്ടു പോകുന്ന അവസ്ഥയാണ്. ജില്ലയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം കിടക്കുമ്പോൾ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമില്ലെങ്കിൽ പോലും സർക്കാർ കോടികൾ മുടക്കി ചെറുവള്ളിയിലെ സ്ഥലം അനുയോജ്യമാക്കിയെടുക്കാൻ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു.

കൊടുമൺ പ്ലാന്റേഷൻ ഭൂമി എല്ലാം കൊണ്ടും ശബരി വിമാനത്താവളത്തിന് അനുയോജ്യമാണ്. ഹൈക്കോടതി ഈ സ്ഥലം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനായി സർക്കാർ ഒരു ശ്രമവും നടത്തുന്നില്ല. ശബരിമല ക്ഷേത്രത്തോടു അടുത്തു കിടക്കുന്ന, പരിസ്ഥിതി പ്രശ്‌നങ്ങളില്ലാത്ത, വന്യജീവികളുടെ ജീവനു ഭീഷണിയില്ലാത്ത, പ്രധാന റോഡുകളുടെ അരികിലായി കിടക്കുന്ന ഈ ഭൂമി ഏതു വിധേനയും ഉപയോഗപ്പെടുത്താം. സ്ഥലം ഏറ്റെടുക്കൽ വിഷയങ്ങളോ, ആരെയും കുടിയൊഴിപ്പിക്കലോ, തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന പ്രശ്‌നങ്ങളോ ഇവിടെ ഉണ്ടാകുന്നില്ല.

വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമാണെന്നിരിക്കെ സർക്കാർ ഈ പദ്ധതി ഇവിടെ വരാതിരിക്കാൻ വേണ്ടി ഓരോ നടക്കാത്ത പദ്ധതിയുമായി രംഗത്തു വരികയാണ്. ഇതുതന്നെ ദുരൂഹത ഉണ്ടാക്കുന്നു. പ്ലാന്റേഷൻ എന്ന പൊതുമേഖലാ സ്ഥാപനം ഇപ്പോൾ തന്നെ വലിയ നഷ്ടത്തിലാണ്. ഇതു മറികടക്കാനായി വ്യത്യസ്ത കൃഷി രീതികൾ പ്ലാന്റേഷൻ അധികൃതർ പരീക്ഷിക്കുന്നുണ്ടെങ്കിലും അവയെല്ലാം പരാജയപ്പെടുകയാണ്. ഇത്തരത്തിലുള്ള യാഥാർത്ഥ്യം ഉൾക്കൊണ്ട് സർക്കാർ പ്ലാന്റേഷൻ ഭൂമിയിൽ പദ്ധതി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ്് കമ്മിറ്റി ആവശ്യപ്പെടുന്നത്.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam