പുതിയൊരു വർഷം പിറക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് രജതജൂബിലി പിന്നിട്ടു. യൗവനയുക്തമായ ഈ നൂറ്റാണ്ട് ഇനി ഊർജസ്വലമായ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. അനുഭവങ്ങളുടെ ബാല്യ കൗമാരങ്ങൾ പിന്നിട്ട് പക്വതയുടെ യുവത്വത്തിലൂടെ കടന്നുപോകേണ്ട കാലം. പ്രതീക്ഷകൾ ഏറെയുണ്ട്. പ്രതിസന്ധികളും കുറവല്ല. എങ്കിലും പ്രത്യാശയോടെ നാം മുന്നേറണം.
തദ്ദേശ തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ വ്യക്തമാകുന്ന ചില വസ്തുതകളുണ്ട്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും നിശ്ചയിക്കുന്ന അജണ്ടകളല്ല ജനവിധി നിശ്ചയിക്കുന്നതെന്നതാണത്. തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതുമുതൽ ഇങ്ങോട്ടുള്ള ദിനങ്ങൾ മാത്രം എടുത്താൽ മനസിലാക്കാവുന്ന ചില വസ്തുകളുണ്ട്. ജനകീയ പ്രശ്‌നങ്ങളല്ല ഇക്കാലത്ത് കൂടുതലും ചർച്ച ചെയ്യപ്പെട്ടത്. മാധ്യമങ്ങളിലെ സമയവും സ്ഥലവും ഏറെയും അപഹരിച്ചത് സെൻസേഷണൽ വിഷയങ്ങളാണ്.
രാഷ്ട്രീയ യോഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. വിലക്കയറ്റവും ജനജീവിതം ദുസഹമാക്കുന്ന മറ്റു പ്രശ്‌നങ്ങളും ഇവിടെ മുങ്ങിപ്പോയി. അധികാരഗർവും സാമ്പത്തിക ഞെരുക്കത്തിനിടയിലും നടക്കുന്ന ധൂർത്തും ആരും ശ്രദ്ധിക്കില്ല എന്നു കരുതിയവർക്കും തെറ്റി. ജനം ഇതെല്ലാം സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. കുറെയൊക്കെ തെറ്റിദ്ധരിപ്പിക്കാനായിട്ടുണ്ടാവും. പക്ഷേ എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാനാവില്ല എന്ന കാര്യം ഒരിക്കൽക്കൂടി വ്യക്തമാകുന്നു.
ദൃശ്യമാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും അഴിഞ്ഞാടിയ വർഷമാണു കടന്നുപോകുന്നത്. മാധ്യമങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടു. നഗ്‌നമായ പക്ഷംപിടിക്കലിനുപോലും മാധ്യമങ്ങളും ചില മാധ്യമപ്രവർത്തകരും തയ്യാറായി. മാധ്യമങ്ങൾ ഇത്രയേറെ അപമാനിക്കപ്പെട്ടൊരു കാലമുണ്ടോ എന്നു സംശയമാണ്. അത് അവർ വാങ്ങിക്കൂട്ടിയതുതന്നെ. അസത്യങ്ങളും അർധസത്യങ്ങളും വാചകക്കസർത്തിലൂടെ സത്യമെന്ന നിലയിൽ അവതരിപ്പിക്കുന്നവരെ ചിലരൊക്കെ പ്രശംസിച്ചെങ്കിലും ജനം അവരെയെല്ലാം നന്നായി വിലയിരുത്തി.
മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകളും സ്ഥാപിത താത്പര്യപ്രഘോഷണവുമൊക്കെ ജനം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ മുഖ്യധാരാ മാധ്യമങ്ങൾ അക്കാര്യത്തിൽ കുറെയൊക്കെ ശ്രദ്ധ പുലർത്തുന്നു. എന്നാൽ സമൂഹ മാധ്യങ്ങളിലൂടെയും മറ്റുമുള്ള സിറ്റിസൺ ജേർണലിസം ഇപ്പോഴും അപഖ്യാതി പരത്തുന്നതിനും കുറ്റവാളികളെ വെള്ള പൂശുന്നതിനും ശ്രമിക്കുന്നുണ്ട്.
കൃത്യമായ തെളിവുകൾ ഉള്ള കേസുകളിൽപോലും നടപടികൾ വൈകുന്നതും കുറ്റപത്രത്തിലെ പഴുതുകളിലൂടെ പലരും രക്ഷപ്പെടുന്നതും പതിവായിരിക്കുന്നു. മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ചാർജ് ചെയ്ത കേസ് തെളിവുകളുടെ അഭാവത്തിൽ തള്ളിപ്പോയി.
അന്വേഷണത്തിനായി പോലീസ് എത്തിയപ്പോൾ ഹോട്ടൽ മുറിയിൽ നിന്ന് ചാടിയോടിപ്പോയ നടന്റെ സിസിടിവി ദൃശ്യങ്ങൾ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നിപ്പോൾ ആ ഓട്ടം വരുത്തിവച്ച നാണക്കേടു മിച്ചം. ഫോറൻസിക് പരശോധനാ ഫലം ഷൈൻ ചാക്കോയ്ക്ക് അനുകൂലമായതാണ് ലഹരിക്കേസ് തള്ളിപ്പോകാൻ കാരണം. ആൾക്കൂട്ടവും അധികാരവും അക്രമാസക്തമാകുന്നതിന്റെ കഥകൾ ഏറെ കേട്ടുകൊണ്ടാണ് 2025നെ നാം കടത്തിവിടുന്നത്. 2018ൽ അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിനെ നാം മറന്നിട്ടുണ്ടാവില്ല. ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന മധു. എട്ടുവർഷത്തിനിപ്പുറം 2025 അവസാനിക്കുമ്പോൾ പാലക്കാട്ട് അട്ടപ്പളത്ത് മറ്റൊരു മനുഷ്യൻ സമാന സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. അതിഥിത്തൊഴിലാളി എന്ന് നാം വിളിക്കുന്ന ഒരാൾ. ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശി രാമനാരായണൻ ഭയ്യാർ.
മോഷണശ്രമം ആരോപിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം. രാമനാരായണൻ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു. പക്ഷേ കൈവശം മോഷണവസ്തുക്കളൊന്നും ഇല്ലായിരുന്നു. ആൾക്കൂട്ടം മൂന്നാം മുറ പ്രയോഗിച്ചു. അവസാനം ആ അതിഥി തൊഴിലാളി ചോര തുപ്പി മരിച്ചു. രാമനാരായണന്റെ ശരീരത്തിലാകെ അടിയേറ്റ പാടുണ്ടായിരുന്നു. സഹാനുഭൂതിയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പേരിൽ ഏറെ അഭിമാനം കൊള്ളുന്ന ഒരു സമൂഹത്തിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്നോർക്കണം.
ആദിവാസികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും നേരേ അതിക്രമം അഴിച്ചുവിട്ടാൽ ചോദിക്കാനും പറയാനും ആരും ഇല്ലെന്ന വിചാരമുണ്ട്. അത് തെറ്റാണെന്നു തെളിയിക്കേണ്ടത് ഭരണാധികാരികളും പോലീസുമൊക്കെയാണ്. കവിത ചൊല്ലിയതുകൊണ്ടോ പ്രസ്താവനായുദ്ധം നടത്തിയതുകൊണ്ടോ ആവേശപൂർവം പ്രതികരിച്ചതുകൊണ്ടോ മാത്രം യാതൊരൂ കാര്യവുമില്ല. ഇതുപോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പൊതുസമൂഹത്തിനത് മാതൃകയാകണം. മനുഷ്യൻ എന്നത് അത്ര വിലകുറഞ്ഞൊരു ജീവി അല്ലെന്നു ബോധ്യമാക്കണം.
കൈയിൽ കാശും കൈയൂക്കുമുണ്ടെങ്കിൽ എന്തുമാകാം എന്ന സ്ഥിതി കേരളത്തിൽ വളർന്നു വരുന്നുണ്ടോ? നിയമവും നീതിയുമൊക്കെ പണക്കൊഴുപ്പിനു മുന്നിൽ കൈകൂപ്പി നിൽക്കും എന്നൊരുതോന്നൽ സാധാരണ ജനങ്ങളുടെ മനസിൽ പതിയുന്നുണ്ട്. അതു നന്നല്ല. നീതി നിഷേധിക്കപ്പെട്ടാൽ അതു ചോദ്യം ചെയ്യാനും വാങ്ങിക്കൊടുക്കാനും ആളുണ്ടാവണം. എങ്കിലേ ജനങ്ങൾക്കു ജനാധിപത്യത്തിലും നിയമവാഴ്ചയിലുമൊക്കെ വിശ്വാസമുണ്ടാകൂ.
നിർഭാഗ്യവശാൽ ഇതൊക്കെ ചെയ്യേണ്ടവർ തന്നെയാണ് പല ക്രൂരതകൾക്കും ഒളിഞ്ഞും തെളിഞ്ഞും ഒത്താശ ചെയ്യുന്നത്. അല്ലെങ്കിൽ കൊടും കുറ്റവാളികൾ എങ്ങിനെ നമ്മുടെ സമൂഹത്തിൽ വിലസും.
കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്നവർക്കുപോലും ആവശ്യംപോലെ പരോളും ജയിലിൽ സകല സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് ഭരണകൂടം അറിയാതെയൊന്നുമല്ലല്ലോ. വാളയാറിൽ അതിഥി തൊഴിലാളിയെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ സംഭവം നടന്നതിന്റെ അടുത്തദിവസമാണ് എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഗർഭിണിയെ പോലീസ് മർദിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നത്. ആ സംഭവം നടന്നിട്ട് ഒന്നര വർഷമായി. കോടതി ഇടപെടലിനെത്തുടർന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. അതോടെ അതിക്രൂരമായൊരു പോലീസ് അതിക്രമത്തിന്റെ ചുരുളുകൾ അഴിഞ്ഞു.
എറണാകുളം നോർത്തിലെ ഒരു ടൂറിസ്റ്റ് ഹോം ഉടമയായ ബെൻജോ സമീപത്തെ ഒരു ലോഡ്ജിൽ ബഹളമുണ്ടാക്കിയ യുവാക്കളെ പോലീസ് മർദിച്ചതു മൊബൈലിൽ പകർത്തിയതാണു സംഭവത്തിന്റെ തുടക്കം. പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്ന് ആരോപിച്ച് ബെൻജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. അകത്താക്കാനുള്ള വകുപ്പ് ഉണ്ടാക്കാൻ പോലീസിനു പല വഴികളുമുണ്ടല്ലോ. ആരെങ്കിലുമൊക്കെ അതിനു പിന്നാലെ പോയാൽ ചിലപ്പോൾ പോലീസ് ആപ്പിലായെന്നു വരും.
ബെൻജോയെ പോലീസ് പിടിച്ചുകൊണ്ടുപോയന്ന് അറിഞ്ഞ് ഭാര്യ ഷൈമോൾ കുട്ടികളുമായി പോലീസ് സ്‌റ്റേഷനിലെത്തി. ഭർത്താവിനെ പോലീസ് മർദിക്കുന്നതു കണ്ട് തടസം പിടിക്കാനെത്തിയ ഭാര്യ ഷൈമോളെ അവിടുത്തെ ഇൻസ്‌പെക്ടർ കെ.ജി പ്രതാപചന്ദ്രൻ പിടിച്ചു തള്ളുകയും മുഖത്ത് അടിക്കുകയും ചെയ്തു. ഷൈമോൾക്ക് എതിരേയും കേസെടുത്തു. ബെൻജോയെ റിമാൻഡ് ചെയ്തു. ദമ്പതികൾ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. പതിവുപോലെ അന്വേഷണവും നടന്നു. സ്‌പെഷൽ ബ്രാഞ്ച് വിഭാഗം പോലീസുകാരെ സംരക്ഷിച്ചുകൊണ്ടുള്ള റിപ്പോർട്ടും നല്കി. അതോടെ അന്വേഷണം ആവിയായി.
എന്നാൽ പോലീസ് സ്‌റ്റേഷനിൽ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഷൈമോൾ കോടതിയെ സമീപിച്ചു. നിരന്തരമായ ആ നിയമയുദ്ധത്തിന് ഒടുവിൽ കോടതി ആവശ്യം അംഗീകരിച്ചു. അതോടെ 2024 ജൂൺ 30ന് എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിൽ നടന്ന സംഭവങ്ങൾ പുറത്തുവന്നു. അതിക്രമത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ. അതോടെ അധികാരികൾക്കും നിൽക്കക്കള്ളിയില്ലാതായി.
ഈ നിയമപോരാട്ടത്തിൽ ബൻജോ -ഷൈമോൾ ദമ്പതികൾക്ക് ഏറെ സഹിക്കേണ്ടിവന്നു. ഇവരെപ്പോലെ പോരാടാൻ ചിലരെങ്കിലും സമൂഹത്തിൽ ഇല്ലെങ്കിൽ എന്താവും സ്ഥിതി. അധികാരവും സ്വാധീനവും പണവും ഉള്ളവർ എന്ത് അതിക്രമം കാട്ടിയാലും രക്ഷപ്പെടാൻ വഴികളുണ്ടാവും. അപൂർവം ചിലർ മാത്രമാവും പിടികൂടപ്പെടുക. ഇനി പിടിയിലായാൽതന്നെ അവർ നിയമത്തിന്റെ പഴുതുകളിലൂടെയും സ്വാധീനത്താലും രക്ഷപ്പെടും. അട്ടപ്പാടിയിലെ മധുവിനോ പാലക്കാട്ട് ഡിസംബർ 17ന് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ രാമനാരായൺ ഭയ്യാറനോ അവരുടെ ബന്ധുക്കൾക്കോ ഇത്തരം പോരാട്ടങ്ങൾക്കൊന്നുമുള്ള കരുത്ത് ഇല്ല. ശബ്ദമില്ലാത്തവർ എന്നും നിശബ്ദതയിൽ തുടരുമ്പോൾ നീതിയും ന്യായവുമാണ് തുലാസിലാവുന്നത്.
തടവുകാരിൽനിന്നു പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിട്ടും ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ. വിനോദ്കൂമാറിനെതിരെ കേസെടുത്തിട്ട് നാലു ദിവസം കഴിഞ്ഞിട്ടും ഒരു സസ്‌പെൻഷൻപോലും ഉണ്ടായില്ല.
വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഡിഐജിക്ക് എതിരേ ഉള്ളത്. മേലുദ്യോഗസ്ഥനെ അറിയിക്കാതെ വിനോദ്കുമാർ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ സന്ദർശനം നടത്തിയതുമായി ബന്ധപ്പട്ട് മധ്യമേഖലാ ഡിഐജി ജയിൽ വകുപ്പിനു റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. ചില പ്രത്യേക കേസുകളിൽ തടവിൽ കഴിയുന്നവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായിരുന്നു ഈ സന്ദർശനങ്ങൾ എന്നും ആരോപണമുണ്ട്. ഛത്തീസ്ഗഢിൽനിന്നു തൊഴിൽ തേടി വാളയാറിലെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ് ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ടത്. രാമനാരാണന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഒരു പരിഷ്‌കൃത സമൂഹത്തിന് തികച്ചും അപമാനമാണെന്നു മാത്രമല്ല, ക്രൂരതയുടെ സമാനതകളില്ലാത്ത സംഭവംകൂടിയാണ്. മർദനമേൽക്കാത്ത ഒരു ഭാഗവും രാമനാരായണന്റെ ശരീരത്തിൽ ഇല്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ചവിട്ടേറ്റു വാരിയെല്ലുകൾ പൊട്ടി. പോസ്റ്റ്‌മോർട്ടിത്തിനുമുമ്പ് ശരീരം പൂർണമായി സ്‌കാൻ ചെയ്തിരുന്നു.
പുതിയ ഭാരതീയ ന്യായസംഹിത പ്രകാരം ആൾക്കൂട്ട കൊലപാത കേസിൽ പ്രതികൾക്കു വധശിക്ഷ വരെ ലഭിക്കാം. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തുവെങ്കിലും തുടർ നടപടികൾ എങ്ങിനെയൊക്കെ ആവും എന്നു കണ്ടറിയണം. സംഭവത്തിന്റെ വാർത്താ പ്രാധാന്യം കുറയുന്നതോടെ മധുവിനെപ്പോലെ രാമനാരായണനും വരാനിരിക്കുന്ന വാർത്തകൾക്കൊരു പിന്നാമ്പുറകഥയായി അവശേഷിക്കും.
ലഹരി പരിശോധനയ്ക്കിടെ പോലീസിനെ ആക്രമിച്ചു ഗ്രേഡ് എസ്‌ഐക്കു പരക്കേറ്റ സംഭവം കൊല്ലത്തു നടന്നത് അടുത്തനാളിലാണ്. ദുബായിൽനിന്നു നെടുമ്പാശേരിയിലെത്തിയ യുവാവിനെ ഡിസംബർ 19 വെള്ളിയാഴ്ച പുലർച്ചെ ആറംഗസംഘം തോക്കുചൂണ്ടി കാറിൽ തട്ടിക്കൊണ്ടുപോയി. ഇയാളുടെ ഫോണും ബാഗും തട്ടിയെടുത്ത ശേഷം വഴിയിൽ ഉപേക്ഷിച്ചു കടന്നു എന്നാണ് പരാതി. സംഭവത്തിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടോ എന്നു പോലീസ് സംശയിക്കുന്നു. കേരളത്തിലെ അന്തർദേശീയ വിമാനത്താവളത്തിൽനിന്നുപോലും ഒരാളെ തോക്കൂചൂണ്ടി തട്ടിക്കൊണ്ടുപോകാൻ സാധിക്കും എന്നു വരുമ്പോൾ കേരളത്തിലെ ക്രമസമാധാനനിലയെക്കുറിച്ച് എങ്ങിനെ ആശങ്കപ്പെടാതിരിക്കും.
നടിയെ അപമാനിച്ച കേസിലെ വിധി വന്നത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂർധന്യത്തിലാണ്. വിധി വലിയ വിവാദങ്ങൾക്കു വഴി തുറന്നു. തെളിവുകളുടെ അഭാവമാണ് പ്രതികൾക്കു ശിക്ഷ കുറഞ്ഞുപോയതിനു കാരണമെന്നു വിമർശനമുണ്ട്. പോലീസ് തയ്യാറാക്കുന്ന കുറ്റപത്രത്തിലെ വിശദാംശങ്ങളും പ്രോസിക്യൂഷന്റെ വാദമുഖങ്ങളുമാണ് ഏതു കേസിന്റെയും വിധിപ്രസ്താവത്തെ സ്വാധീനിക്കുന്നത്. കേന്ദ്ര സർക്കാരുമായി നിലവിൽ കേരളം പല കാര്യങ്ങളിലും പോരാട്ടത്തിലാണ്. പിഎം ശ്രി പദ്ധതി പോലുള്ളവയുടെ കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട ഗവർണർ സർക്കാർ പോര് പപ്പാതി പങ്കിട്ടെടുത്ത് തത്കാലം ഒത്തുതീർപ്പിലായി. തർക്കം സൂപ്രീംകോടതി വരെ എത്തിക്കഴിഞ്ഞാണ് ഈ സമവായം.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ഭരണസമിതികൾ ചുമതലയേൽക്കുന്നതെന്നു സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിലും വികസന പദ്ധതികളിലും പ്രതിഫലിക്കും. അടിസ്ഥാന വികസനം യാഥാർത്ഥ്യമാകാൻ തദ്ദേശ സ്ഥാപനങ്ങൾ ശക്തിപ്പെടേണ്ടതുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പു ഫലം വ്യക്തമായ പല സൂചനകളും നൽകുന്നുണ്ട്. രാഷ്ട്രീയകക്ഷികളും നേതാക്കളും അതു വിലയിരുത്തും. ന്യായീകരണംകൊണ്ടു കാര്യമില്ല. വോട്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ എല്ലാവരും തിരിച്ചറിയട്ടെ.
അധികം വൈകാതെ കേരളം നിയമസഭാ തെരഞ്ഞെടുപ്പു നേരിടും. അതിനുള്ള അണിയറ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. അധികാര രാഷ്ട്രീയം ആവേശമുളവാക്കുന്നതാണ്. അതുപക്ഷേ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഉള്ള മാർഗമായി മാറരുത്. വിവിധ രാഷ്ട്രീയകക്ഷികളെയും നേതാക്കളെയുമൊക്കെ ജനം വിലയിരുത്തുന്നുണ്ട്. ജനകീയ വിഷയങ്ങളിൽ പാർട്ടികളുടെയും നേതാക്കളുടെയും നിലപാട് പ്രധാനമാണ്. വാചകക്കസർത്തുകൊണ്ടുമാത്രം ജനത്തെ പാട്ടിലാക്കാമെന്ന കാലം കഴിഞ്ഞു. എന്താണ് നടക്കുന്നതെന്നു ജനം തിരിച്ചറിയുന്നുണ്ട്. യാഥാർത്ഥ ്യങ്ങളുടെ കണ്ണു മൂടിക്കെട്ടി അധികകാലം മുന്നോട്ടു പോകാനാവില്ല.
സെർജി ആന്റണി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
