ക്രിസ്തുമസ് അല്ലേ, എന്തെങ്കിലും നല്ല കാര്യങ്ങൾ എഴുതണമെന്നു ചിന്തിച്ചിരുന്നു. പക്ഷെ, റീൽ ലൈഫിലും റിയൽ ലൈഫിലും മനുഷ്യപ്പറ്റില്ലാതെയാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്ന ഒരു ശരാശരി കേരളീയന്റെ അവസ്ഥയിലാണ് ഞാൻ. ശ്രീനിവാസന്റെ മരണമായിരുന്നു പോയവാരത്തിൽ നവമാധ്യമങ്ങളിലെ ചൂടേറിയ വാർത്തയും ചർച്ചയും. ശ്രീനിയുടെ വാഴ്ത്തു പാട്ടുകളെ അവിശ്വസിക്കേണ്ട കാര്യമില്ല. നന്മ ചെയ്യുന്നത് ആരും അറിയേണ്ടതില്ലെന്നു ചിന്തിച്ച ശ്രീനി തനിക്ക് മറ്റുള്ളവരിൽ നിന്ന് ലഭിച്ച ഔദാര്യങ്ങളുടെ കഥ മറച്ചുവച്ചതുമില്ല.
മമ്മൂട്ടി അതിരാത്രത്തിലെ നായക വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ശ്രീനിയുടെ വിവാഹം. കോഴിക്കോട്ട് വച്ചായിരുന്നു ഷൂട്ടിംഗ്. പിറ്റേന്ന് കല്യാണം. പതിവുപോലെ ഷൂട്ടിംഗ് പിറ്റേന്നാണെങ്കിലും തിരക്കഥ മുൻകൂട്ടി തയ്യാറാക്കുന്ന പതിവ് ഈ കൂത്തുപറമ്പുകാരനില്ല. അതുകൊണ്ടാകാം ഒരു ദിവസം കഴിഞ്ഞ് നടക്കേണ്ട കല്യാണത്തിനാവശ്യമായ താലിമാല തരപ്പെടുത്താൻ ശ്രീനിക്ക് കഴിയാതെ പോയത്. കല്യാണത്തിനു ക്ഷണിക്കാനല്ല ശ്രീനി മമ്മൂട്ടിയെ കാണാൻ പോയത്. രണ്ടായിരം രൂപ കടം ചോദിക്കാനാണ്. മമ്മൂട്ടി പണം കൊടുത്തു.
പക്ഷെ രഹസ്യമായി ശ്രീനി നടത്താൻ പോകുന്ന രജിസ്റ്റർ വിവാഹത്തിനെത്തുമെന്ന് മമ്മൂട്ടി ഭീഷണി മുഴക്കി. മമ്മൂട്ടി അന്ന് താരമായി കഴിഞ്ഞതുകൊണ്ട് തന്റെ 'രഹസ്യ വിവാഹം' പരസ്യമായി പോകുമെന്ന വേവലാതി ശ്രീനി മമ്മൂട്ടിയെ പറഞ്ഞു മനസ്സിലാക്കി. ഇക്കാര്യം ശ്രീനി പല തവണ അഭിമുഖങ്ങളിൽ പറഞ്ഞത് നാം കേട്ടിട്ടുണ്ട്. എന്നാൽ നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്ക് ചോറ്റാനിക്കരയിൽ വീട് വച്ചുകൊടുത്തതോ നടൻ അബ്ദു സലീമിനെ അടക്കം സാമ്പത്തികമായി സഹായിച്ചതോ ശ്രീനി ഇതുവരെ എവിടെയും പറഞ്ഞു കേട്ടിട്ടില്ല.
അതായിരുന്നു ശ്രീനിയെന്ന മനുഷ്യൻ. ഒരു രാഷ്ട്രീയപ്രവർത്തകൻ എങ്ങനെയായിരിക്കണമെന്നും എന്ത് പ്രവർത്തിക്കണമെന്നും, എങ്ങനെയാകരുതെന്നും കൃത്യമായും സരസമായും നിർവചിച്ച 'സന്ദേശവും' 'അറബിക്കഥ' യും കണ്ടിട്ടും നന്നാകാൻ വിസമ്മതിച്ച ചില രാഷ്ട്രീയ നേതാക്കളെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇപ്പോൾ 'വെള്ളം കുടിക്കുന്നതു' കണ്ട് മനസ്സ് നിറഞ്ഞായിരിക്കണം ശ്രീനി ഈ ലോകത്തുനിന്ന് കടന്നുപോയത്. കണ്ടനാട് എന്ന ഓണംകേറാമൂല ഗ്രാമത്തിന് കേരളത്തിന്റെ ഭൂപടത്തിൽ ഒരു സ്ഥാനമുണ്ടാക്കിക്കൊടുത്തു ശ്രീനി.
75 സെന്റിൽ അദ്ദേഹം നിർമ്മിച്ച ഹരിത ഭവനത്തിനു മുമ്പിൽ അദ്ദേഹം വാങ്ങിക്കൂട്ടിയ വിലപിടിച്ച കാറുകളുടെ ശേഖരമില്ല. പകരമുള്ളത് മലയാളി എങ്ങനെ ജീവിക്കണമെന്ന് ഹാസ്യ രൂപേണ നമ്മോടു പറഞ്ഞ പച്ചയായ ഒരു മനുഷ്യന്റെ ഓർമ്മകൾ മാത്രം.
പേ പിടിച്ച പട്ടികൾ പേ പിടിച്ച മനുഷ്യർ
കേരളത്തിൽ പേപ്പട്ടികളെ കൊന്നാൽ വിവരമറിയും. മൂന്നാറിലായാലും മലബാറിലെ ചക്കിട്ട പാറയിലായാലും പേപ്പട്ടികളെ കൊന്നതിന്റെ പേരിൽ സാധാരണക്കാരനായ പൗരൻ മുതൽ പഞ്ചായത്ത് പ്രസിഡന്റു വരെ കേസിൽപെട്ടു. പക്ഷെ വാളയാറിൽ മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നവരിൽ ചിലരെങ്കിലും അധികാരത്തിന്റെ തണലിലും പണത്തിന്റെ ബലത്തിലും ഇന്നും ജനമദ്ധ്യത്തിൽ നിയമ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് ജീവിക്കുന്നു. വീണ്ടും കള്ളനെന്നു മുദ്രകുത്തി ഒരു അതിഥിത്തൊഴിലാളിയെ തല്ലിക്കൊന്ന വാർത്ത നാം വാളയാറിൽ നിന്ന് കേൾക്കുന്നുണ്ട്. അയാളുടെ പേരും വിലാസവുമൊന്നും ഇവിടെ പ്രസക്തമല്ല. തല്ലിക്കൊല്ലാൻ കൂട്ടുനിന്നവരിൽ സ്ത്രീകളുമുണ്ടെന്നും ആ സംഘം ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയിൽപെട്ടവരാണെന്നും മാധ്യമങ്ങൾ പറയുന്നു. നിയമം കൈയിലെടുക്കുന്നത് കുറ്റകരമാണെന്നെല്ലാം അറിയാമെങ്കിലും മലയാളികളുടെ മനസ്സ് എന്തുകൊണ്ട് ഇത്ര ക്രൂരമായി മാറുന്നുവെന്ന ചോദ്യം ബാക്കിയാണ്.
ആദിവാസികളും അതിഥിത്തൊഴിലാളികളും ഇന്ന് കേരളത്തിൽ ചവിട്ടിമെതിക്കപ്പെടുകയാണ്. ആന വലിച്ചുകീറി കൊലപ്പെടുത്തിയ അഞ്ചു വയസ്സുള്ള ബാലന് വന്യജീവിയാക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരത്തുകയിൽ നിന്ന് 50,000 രൂപ അഡ്വാൻസായി സർക്കാർ നൽകിയെന്ന വാർത്തയ്ക്ക് ഒരു പിന്നാമ്പുറമുണ്ട്. ഈ ബാലൻ ഒരു അതിഥിത്തൊഴിലാളിയുടെ മകനായതുകൊണ്ടല്ലേ, ക്രൂരമായ ഈ അവഗണന? പേപ്പട്ടികൾ വീണ്ടും രംഗത്തിറങ്ങിയിട്ടും തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോഴും മൗനം പാലിക്കുകയാണ്. പഞ്ചായത്ത് വകുപ്പുമന്ത്രി എം.ബി.രാജേഷാകട്ടെ ഈ പ്രശ്‌നത്തിന് പരിഹാരം നിർദ്ദേശിക്കാതെ കേന്ദ്ര നിയമങ്ങളെ പഴിക്കുന്നു.
ആനപ്പിണ്ടങ്ങളുടെ 'ആന' ക്കലി
ആനയെ പേടിക്കാം, ആനപ്പിണ്ടത്തെ എന്തിന് പേടിക്കണമെന്ന ബനാന ടോക്കെല്ലാം മാറ്റിയെഴുതാൻ കാലമായി. നടൻ ശ്രീനിവാസന്റെ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാനെത്തിയ മുഖ്യമന്ത്രിയെ മകൻ ധ്യാൻ ശ്രീനിവാസൻ അപമാനിച്ചുവെന്ന നവമാധ്യമങ്ങളിലെ കൊലവിളിക്കും മലയാളികൾ സാക്ഷ്യം വഹിക്കേണ്ടിവന്നു. മൃതദേഹത്തിനരികിൽ ഇരുന്ന ശ്രീനിയുടെ മരുമകൾ എഴുന്നേറ്റ് ആദരം പ്രകടിപ്പിച്ചപ്പോൾ എഴുന്നേൽക്കേണ്ട ഇരിക്കൂ എന്ന് ആംഗ്യം കാണിക്കുന്നുണ്ട് മുഖ്യമന്ത്രി. മുഖ്യൻ കാണിച്ച മര്യാദ ഏതായാലും സൈബർ സഖാക്കൾ കാണിച്ചില്ല. സഭ്യതയുടെ അതിരുകൾ ലംഘിക്കുന്ന വിധത്തിൽ ധ്യാൻ ശ്രീനിവാസനെ 'പോരാളി ഷാജിമാർ' നവമാധ്യമങ്ങളിൽ വെട്ടിക്കീറി.
ശ്രീനിവാസൻ മരിച്ചു കിടക്കുമ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ സൈബറിടങ്ങളിൽ പങ്കുവച്ചതിന് മമ്മൂട്ടിയെയും കൂളിംഗ് ഗ്ലാസ് ധരിച്ച് മരണവീട്ടിലെത്തിയതിന് പൃഥ്വീരാജിനെയും സൈബർ മനോരോഗികൾ തെറിവിളിച്ചത് ഷെയർ ചെയ്യാൻ പോലും നിരവധി ആളുകളുണ്ടായെന്നത് വിചിത്രമായി. സൈബറിടങ്ങളിലാകുമ്പോൾ ഒളിഞ്ഞിരുന്ന് കല്ലെറിയാൻ എളുപ്പമാണ്. ഈ സൈബർ ഭീരുക്കളെ കണ്ടെത്തി ശിക്ഷിക്കാൻ നമ്മുടെ ക്രമസമാധാനപാലകർക്ക് കഴിയണം.
വിവാദ സ്വാമിയും ശ്രീനിവാസനും
വലിയ മതവിശ്വാസിയോ മതവിരോധിയോ ആയിരുന്നില്ല ശ്രീനിവാസൻ. എന്നാൽ മതങ്ങളിലെ കള്ളക്കരടുകളെ ചൂണ്ടിക്കാണിക്കാൻ അദ്ദേഹം ധീരത കാണിച്ചിരുന്നു. 'ചിന്താവിഷ്ടയായ ശ്യാമള' യിലെ ചില രംഗങ്ങളിലൂടെ മതങ്ങളിലെ ചില 'നടപ്പുരീതി'കൾ ശരിയല്ലെന്ന് ശ്രീനി വിളിച്ചു പറഞ്ഞു. തന്റെ മൃതദേഹ സംസ്‌ക്കാരം ഏതു രീതിയിലായിരിക്കണമെന്നൊന്നും ആ കലാകാരൻ എഴുതിവച്ചിരുന്നില്ല. എന്നാൽ ഭാര്യ വിമല ടീച്ചറിന്റെ ആഗ്രഹാനുസാരമാണ് ശ്രീനിയുടെ അന്ത്യചടങ്ങുകൾ ഹൈന്ദവാചാര പ്രകാരമാക്കിയത്. എന്നാൽ ഈ ചടങ്ങുകളിലേക്ക് 'യഥാർത്ഥ തിരക്കഥ' യിൽ ഇല്ലാത്ത ഒരു വിവാദ സ്വാമി കടന്നുവന്നതിനെക്കുറിച്ച് നവമാധ്യമങ്ങളിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. മൂന്നു മാസം മുമ്പു വരെ തമിഴ്‌നാട്ടിലെ ഒരു ജയിലിൽ ആയിരുന്നു ഈ ആ 'സാമി' യെന്ന് വാർത്തകളുണ്ട്.
എന്തായാലും ജീവിച്ചിരിക്കുമ്പോൾ ശ്രീനിവാസനെതിരെ 'ട്രോളാൻ' ധൈര്യം കാണിക്കാതിരുന്ന സഖാക്കൾ ആ പ്രതിഭയുടെ കാലശേഷം കിട്ടിയ അവസരം മുതലാക്കുകയാണ്. അച്ഛൻ കമ്മ്യൂണിസ്റ്റും അമ്മ കോൺഗ്രസുകാരിയുമായതുകൊണ്ട് ഞാൻ രണ്ടും കെട്ടവനായി എന്ന് സധൈര്യം പൊതുവേദിയിൽ ഏറ്റുപറഞ്ഞിരുന്ന ശ്രീനി എന്നും താൻ വ്യാപരിക്കുന്ന സിസ്റ്റത്തോട് എക്കാലത്തും ചിരിയോടെ കലഹിച്ചിട്ടുണ്ട്. സാമ്പത്തികമായ അച്ചടക്കം ആ നടനുണ്ടായിരുന്നില്ല. കാൾ ഷീറ്റും മറ്റും സജ്ജീകരിക്കാനോ, ഉദ്ഘാടനങ്ങൾക്കോ പൊതുചടങ്ങുകൾക്കോ പോയി പണം വാങ്ങാനോ ഒരു മാനേജരെയും അദ്ദേഹം നിയോഗിച്ചിരുന്നില്ല.
താൻ കബളിപ്പിക്കപ്പെടുന്നതിൽ പോലും കോമഡി കണ്ടെത്തി കബളിപ്പിച്ചവരെ അഭിനന്ദിച്ചിരുന്നു ശ്രീനി. മീശമാധവനിലെ പട്ടാളക്കാരൻ പുരുഷുവിനെ അവതരിപ്പിച്ച ജെയിംസ് ശ്രീനിയുടെ സന്തത സഹചാരിയായിരുന്നു. ശ്രീനിയിൽ നിന്ന് ഒരാൾ 50,000 രൂപ കടം വാങ്ങിയിരുന്നു. ശ്രീനി പഠിച്ച പണിയെല്ലാം നോക്കിയിട്ടും ഒരു ധനാഢ്യൻ കൂടിയായ എതിർകക്ഷി പണം തിരികെ നൽകിയില്ല. ഒടുവിൽ ശ്രീനി പണം മടക്കിവാങ്ങാൻ ജെയിംസിനെ ഏൽപ്പിച്ചു. പണം മടക്കിക്കിട്ടിയാൽ പകുതി തുകയായിരുന്നു ജെയിംസിനുള്ള ശ്രീനിവാസന്റെ വാഗ്ദാനം. എല്ലാ ദിവസവും ശ്രീനിയെ തേടിയെത്തിയിരുന്ന ജെയിംസിനെ കുറെ നാളുകളായി കാണാതായി. ഒടുവിൽ ഒരു ഹോട്ടലിനു പുറത്തുവച്ച് ജെയിംസിനെ ശ്രീനി പിടികൂടി.
എന്തേ കാണാത്തതെന്നും, കടം നൽകിയ തുക തിരിച്ചുവാങ്ങിയോയെന്നും ശ്രീനി ചോദിച്ചപ്പോൾ ജെയിംസിന്റെ മറുപടി: ''പണം തിരികെ കിട്ടിയാൽ പകുതി എനിക്കു തരാമെന്നു പറഞ്ഞിരുന്നില്ലേ? ആ പകുതി കിട്ടി. അത് ഞാനെടുത്തു. ഇനി തന്റെ പകുതി തുക തരാമെന്നു പറഞ്ഞിട്ടുണ്ട്. അത് കിട്ടുമ്പോൾ തരാം'' ജെയിംസിന്റെ ആ വിചിത്ര മറുപടി കേട്ട് ശ്രീനി പൊട്ടിച്ചിരിച്ചുകൊണ്ട് ജെയിംസിനെ കെട്ടിപ്പിടിച്ചുവെന്നാണ് കഥ.
പൊന്നിനും കൊള്ളമുതലിനും വിലയേറുന്നു
സ്വർണ്ണത്തിന് വില ഒരു ലക്ഷം രൂപയും കടന്നതോടെ ശബരിമല കൊള്ളയുടെ മൂല്യം വർധിക്കുന്നതിൽ സി.പി.എം. അമ്പരപ്പിലാണ്. 'സ്വാമി തിന്തകത്തോം, അയ്യപ്പൻ തിന്തകത്തോം' എന്ന ഭക്തരുടെ ഏറ്റുപറച്ചിൽ എല്ലാ ശബരിമല തീർത്ഥാടകനെയും പുളകം കൊള്ളിക്കാറുണ്ട്. ഈ ജപമന്ത്രത്തിന്റെ യഥാർത്ഥ അർത്ഥം 'സ്വാമി നിന്റകത്ത്, അയ്യപ്പൻ നിന്റകത്ത് ' എന്നാണെന്ന് തിരിച്ചറിഞ്ഞ് പോറ്റിയും സ്വർണ്ണം കട്ടവനും ജപം ജീവിതത്തിൽ പകർത്തിയതുകൊണ്ടാകാം, ഈ കൊള്ള നിർബാധം നടന്നുവെന്ന് വാദിക്കുന്നവരുണ്ട്. അവരെ അയ്യപ്പൻ തന്നെ രക്ഷിക്കട്ടെ ഡി മണി എന്ന ദാവൂദ് മണി ശബരിമലയിലെ 5 പഞ്ചലോഹ വിഗ്രഹങ്ങൾ കോടികൾ കൊടുത്ത് വാങ്ങിയെന്ന പ്രചാരണമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
പോറ്റിയും മണിയും ഒരു സി.പി.എം ഉന്നതനും മാത്രമാണ് ഈ കച്ചവടത്തിന് സാക്ഷ്യം വഹിച്ചതത്രെ. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥർ ശബരിമല കൊള്ളയിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിൽ നിന്ന് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ തടയുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വെളിപ്പെടുത്തിയിട്ടുണ്ട്. ആ രണ്ട് ഉദ്യോഗസ്ഥരും ഈ ശ്രമത്തിൽ നിന്ന് പിന്മാറുന്നില്ലെങ്കിൽ അവരുടെ പേരുകൾ പുറത്തുവിടുമെന്ന് സതീശൻ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
സ്വർണ്ണവില ഇനിയും കൂടുമെന്നും ഡോളറിനെതിരെ രൂപയുടെ വില കുറയുമെന്നും വിപണികളിൽ സൂചനയുണ്ട്. മറ്റേതൊരു സംസ്ഥാനത്തെക്കാൾ കേരളത്തിൽ വിലക്കയറ്റം രൂക്ഷമാണ്. എന്നിട്ടും, പണഞെരുക്കം കൊണ്ട് വിപണിയിൽ ഇടപെടാൻ മടിക്കുന്ന സർക്കാർ ലോക മലയാളി സഭയ്ക്കായി 10 കോടി രൂപ നീക്കിവച്ചു കഴിഞ്ഞു. ജനവികാരം മനസ്സിലാക്കി ഭരണശൈലി മാറ്റിപ്പിടിക്കാൻ സി.പി.എം. ഇനിയും സന്നദ്ധരായിട്ടില്ലെന്നല്ലേ ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്?
ആശാ സമരക്കാരുടെ മുതുപ്‌രാക്ക് ഭരണകക്ഷിക്ക് ഏറ്റോ? അയ്യപ്പ ശാപം ഈ ഭരണത്തിനു മേൽ വീഴുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിക്കുവാൻ, രാഷ്ട്രീയ കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ നക്ഷത്രം പിറക്കട്ടെ. അത്ര ഹാപ്പിയല്ലാത്ത ഒരു ക്രിസ്മസ് നേർന്നുകൊണ്ട് കടമെടുക്കാനോ കടം കിട്ടാനോ യാതൊരു വഴിയുമില്ലാത്ത പുതുവർഷത്തിലേക്ക് നമുക്ക് ഓടിയെത്താം.
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
