തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇരു മുന്നണി കേന്ദ്രങ്ങളും കല്യാണം ഉറപ്പിച്ചു കഴിഞ്ഞ വീട്ടിലേതുപോലെ തിരക്കിലാണ്. ഒരുക്കങ്ങൾ തകൃതി. എന്തിനെന്നറിയാത്ത പരക്കംപാച്ചിൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് മുന്നണികളിലേക്കുള്ള ഗൃഹപ്രവേശം. പാലുകാച്ചൽ. ഗൃഹനാഥന്മാർ പുതിയ പുതിയ ആലോചനകൾ വിലയിരുത്തുന്ന തിരക്കിൽ. വീടിന്റെ അടിത്തറ വിപുലപ്പെടുത്തുന്ന തിരക്കിൽ.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ സ്വപ്‌നം കാണുന്ന യു.ഡി.എഫ് അവരുടേത് ചെറിയ ലക്ഷ്യമല്ല. അടിത്തറ വിശാലമാക്കാൻ മത സാമുദായിക സംഘടനകളും കാലങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിന്നിട്ടുള്ള ബുദ്ധിജീവികളും മറുകണ്ടം ചാടുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ പ്രതീക്ഷ. കേരള കോൺഗ്രസ് (എം) നെ യു.ഡി.എഫിൽ എടുക്കുന്നത് ശക്തമായി ജോസഫ് ഗ്രൂപ്പ് എതിർത്തു കഴിഞ്ഞു.
ഇതിനൊക്കെ പുറമേ നവമാധ്യമ കാലത്ത് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർന്മാരെ വരെ ഉപയോഗിച്ച് മനസ്സുകളിൽ ഇനിയും യു.ഡി.എഫ് തരംഗം സൃഷ്ടിക്കാമെന്നാണ് കണക്കുകൂട്ടൽ. കേരള കോൺഗ്രസ് എം ലെ അസംതൃപ്തരായ ഒരു വിഭാഗത്തെ അടർത്തിയെടുക്കാമെന്ന മോഹവും നിലനിൽക്കുന്നു. എന്നാൽ കൊട്ടിഘോഷിച്ച യു.ഡി.എഫ് വിപുലീകരണ ശ്രമത്തിന് തുടക്കത്തിലെ തിരിച്ചടി കിട്ടിയെന്നാണ് സി.പി.എം നിലപാട്. അതിന് അവർ പറയുന്ന കാരണം എൻ.ഡി.എ ഘടകകക്ഷിയായ കാമരാജ് കോൺഗ്രസ് യു.ഡി.എഫിലേക്ക് വരുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും അവസാന നിമിഷം പിന്മാറിയ കഥയാണ്.
64 നിയമസഭാ സീറ്റിൽ കണക്ക് പ്രകാരം തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ ഇല്ല എന്ന കണക്കാണ് ഇടതുപക്ഷം നിരത്തുന്നത്. മറുവശത്ത് പി.വി. അൻവറിനെ യു.ഡി.എഫിന്റെ ഭാഗമാക്കാൻ നേരത്തെ തന്നെ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ ധാരണയിൽ എത്താൻ വൈകിയതിനാൽ അതു നീണ്ടു. ജനുവരിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ധാരണയായി. അടുത്ത തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായോ ബി.ജെ.പിയുമായോ പ്രദേശിക സർക്കാർ ഉണ്ടാക്കാൻ ഒരു ഉടമ്പടിയും പാടില്ലെന്നും യോഗത്തിൽ തീരുമാനമായതായി കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം, യു.ഡി.എഫിലേക്കില്ലെന്ന് വാർത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി വിഷ്ണുപുരം ചന്ദ്രശേഖരൻ. നിലവിൽ എൻ.ഡി.എ വൈസ് ചെയർമാനാണ്. തിരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചു. യു.ഡി.എഫ് പ്രവേശനം ചർച്ചയായി എന്നത് നിഷേധിക്കുന്നു. വിഷ്ണുപുരം ചന്ദ്രശേഖരനെ യു.ഡി.എഫിൽ എടുക്കണമെന്ന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അത് പുറത്തുവിടണം. എൻ.ഡി.എയിൽ അഭിപ്രായവ്യത്യാസമുണ്ട്.
ഘടകകക്ഷികളെ വേണ്ടവിധം മാനിക്കാത്തതിൽ അതൃപ്തിയുണ്ട്. എന്നാലത് പരിഹരിക്കാനുള്ള കരുത്ത് തനിക്കുണ്ട്. എൻ.ഡി.എയിൽ നിന്ന് അവഗണന നേരിട്ടുവെന്നാണ് സി.കെ. ജാനു പ്രതികരിച്ചത്. യു.ഡി.എഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണിയാണ്. ആദിവാസികൾക്ക് നല്ലത് ചെയ്തത് യു.ഡി.എഫ് സർക്കാരുകളാണെന്നും ജാനു വ്യക്തമാക്കി. ചുരുക്കത്തിൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് യു.ഡി.എഫിന്റെ കുടക്കീഴിൽ ചേക്കേറാൻ ശ്രമിക്കുകയാണ് ഇവരെല്ലാം. തദ്ദേശ തെരഞ്ഞെടുപ്പിലെ തരംഗം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്ന പ്രതീക്ഷയാണ് ഇത്തരക്കാരെ നയിക്കുന്നത്.
തോറ്റതിന് കാരണം
മർമ്മത്തിൽ തൊടുന്ന ഒരു ചോദ്യമേ ഉള്ളൂ എന്തുകൊണ്ട് നമ്മൾ തോറ്റു എന്നത്. അതിന് കൃത്യമായ ഉത്തരം പൊതുസമൂഹത്തിൽ നൽകിയെങ്കിൽ മാത്രമേ അടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഇടതുപക്ഷത്തിന് കഴിയൂ. സ്വയം വിമർശനം എന്ന പരിച ഇടതുപക്ഷം എടുത്തണിഞ്ഞു കഴിഞ്ഞു. തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രന് വിമർശനം വന്നതെങ്ങനെ എന്ന് ചിന്തിക്കുമ്പോഴാണ് സി.പി.എമ്മിന്റെ ഒരു തിരിച്ചറിവുകൾ ബോധ്യപ്പെടുക. ആര്യക്കെതിരെ ഉയർന്ന ആരോപണങ്ങൾ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് ഭരണം ലഭിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീക്കിയെന്ന് സി.പി.എമ്മിന് ഇപ്പോൾ ബോധ്യപ്പെടുന്നു. ആര്യക്കും ഭർത്താവിനെതിരെ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ നൽകിയ കേസ് ഇപ്പോൾ ഉയർന്നുവന്നത് എങ്ങനെ എന്ന് ആലോചിച്ചാൽ കീഴടങ്ങലിന്റെ ഒരു ചിത്രം വ്യക്തമാകും.
ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണസമിതിക്ക് എതിരാക്കിയെന്നായിരുന്നു പ്രധാനവിമർശനം. ശബരിമല വിവാദവും ഇടതു മുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണമായെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. ഇതേസമയം, സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും നേരത്തെ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ് യു.ഡി.എഫ്. സ.ിപി.എം ആകട്ടെ ആകെ ആശയ കുഴപ്പത്തിലാണ്.
സാധാരണഗതിയിൽ എല്ലാവർഷവും മാർച്ച് മാസത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ചേർക്കൽ ജനുവരിയിലെ പൂർത്തിയാക്കാൻ ആണ് പാർട്ടിയുടെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സി.പി.എം, പതിവിന് വിരുദ്ധമായി അംഗത്വം പുതുക്കൽ നടപടികൾക്ക് വേഗം കൂട്ടുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ജനുവരി ഒന്നു മുതൽ മെമ്പർഷിപ്പ് പുതുക്കൽ നടപടികൾക്ക് തുടക്കമിടാൻ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം. ഇതു സംബന്ധിച്ച സർക്കുലർ കീഴ്ഘടകങ്ങൾക്ക് ലഭിച്ചു. സാധാരണ മാർച്ച് മാസത്തിലാണ് അംഗത്വം പുതുക്കൽ തുടങ്ങുക എന്നാൽ ജനുവരി 15നകം പുതിയ അംഗങ്ങളെ ചേർക്കുകയും നിലവിലുള്ളത് ചെയ്യണമെന്നാണ് നിർദ്ദേശം.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി നന്നായി പ്രവർത്തിക്കാത്ത ബ്രാഞ്ച് സെക്രട്ടറിമാർ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ചിലെ പൂർണ്ണ അംഗങ്ങൾ എന്നിവരെ സംബന്ധിച്ച വിവരങ്ങൾ വാർഡ് കമ്മിറ്റികൾ ചേർന്നു ജില്ലാ ഘടകത്തിന് ഈ മാസം അവസാനം കൈമാറണം. നടപടിക്ക് വിധേയരാകുന്നവരെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബന്ധപ്പെട്ട ഘടകങ്ങളിൽ നിന്നും മാറ്റി നോക്കണം. കാർ നൽകുന്ന റിപ്പോർട്ടുകൾ സംഘടനാ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. ജനുവരി 15ന് ശേഷം നിയമസഭാ യൂത്ത് കമ്മറ്റികളും രൂപീകരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റത് എങ്ങനെയെന്ന് ആഴത്തിൽ വിലയിരുത്താൻ സി.പി.ഐ.എം. ഏരിയാതലത്തിൽ വിശദമായ പരിശോധന നടത്തി 22 ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ജില്ലാ സെന്ററുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടിയുടെ കാരണം തിരയുകയാണ് സി.പി.ഐ.എം. എന്തുകൊണ്ട് പാർട്ടി തോറ്റു എന്നത് വിലയിരുത്തുന്നതിനാണ് 22ചോദ്യങ്ങൾ സംസ്ഥാന നേതൃത്വം കീഴ് ഘടകങ്ങൾക്ക് നൽകിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ഓരോ ഏരിയയിലും എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തി?, വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു ചേർക്കുന്ന പ്രവർത്തനം കാര്യക്ഷമം ആയിരുന്നോ?, പാർട്ടിക്കും മുന്നണിക്കും ലഭിക്കുമെന്ന് കരുതിയ വോട്ടുകൾ എത്ര എണ്ണം ചെയ്യാതെ പോയി ? എത്ര വാർഡുകളിൽ നവമാധ്യമഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നവമാധ്യമങ്ങൾ വഴി നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെ? പ്രത്യേക പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എത്ര ദേശാഭിമാനി പത്രം ചേർത്തു? എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ താഴെത്തട്ടിൽ പാർട്ടി നേരിട്ട പോരായ്മകൾ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്.
2020ലെയും ഇത്തവണത്തെയും തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും താരതമ്യം ചെയ്യാനും നിർദ്ദേശമുണ്ട്. യു.ഡി.എഫിന്റെ പ്രവർത്തനം വിലയിരുത്താനും ബി.ജെ.പിയുടെ നില എന്താണെന്ന് വ്യക്തമാക്കാനും റിവ്യൂ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. എസ്.ഡി.പി.ഐ വെൽഫെയർ പാർട്ടി എന്നീ വർഗീയ സംഘടനകളുടെ പ്രവർത്തനം പരിശോധിക്കാനും നിർദ്ദേശമുണ്ട്. ഓരോ ഏരിയയിലും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച പ്രധാനപ്പെട്ട ഘടകങ്ങൾ, എന്തായിരുന്നു സി.പി.ഐ.എമ്മിന്റെ ദൗർബല്യം, ക്ഷേമ പെൻഷൻ വർദ്ധനവ് അടക്കമുള്ള പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടി ഘടകങ്ങൾ എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങളും റിവ്യു റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
പ്രിജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
