തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിൽ പാര്‍ട്ടിക്ക് സംഭവിച്ച പോരായ്മകള്‍ നിരത്തിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശന്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സ്വയം വിമര്‍ശനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള പോസ്റ്റാണ് അതെന്നാണ് വിശദീകരണം. ഇത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുന്‍പ് തന്നെ പത്രസമ്മേളനം നടത്തി പരസ്യപ്പെടുത്തിയതാണെന്നും പുത്തലത്ത് വ്യക്തമാക്കി. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മാധ്യമങ്ങളുടെ തെറ്റായ പ്രചരണങ്ങള്‍
കാളപെറ്റുവെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുകയെന്ന പഴഞ്ചൊല്ല് മലയാളത്തിലുണ്ട്. അതിന് സമാനമായവിധത്തിലുള്ള പ്രചരണമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വന്ന പോസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രചരണങ്ങള്‍. ഭതെരഞ്ഞെടുപ്പ് രംഗത്തുവന്ന ചില പോരായ്മകള്‍' എന്ന പേരില്‍ ഞാന്‍ ചെയ്ത പോസ്റ്റിനെക്കുറിച്ചാണ് മാധ്യമ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. പാര്‍ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ (എം) നേതാവ് എന്ന നിലയിലുള്ള തലക്കെട്ട് വരെ പ്രസിദ്ധീകരിച്ചവരുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും, പാര്‍ടി സെക്രട്ടറി ഗോവിന്ദന് മാസ്റ്റര്‍ക്കും എതിരായുള്ളതാണെന്ന വ്യാഖ്യാനവും പലരും നടത്തുകയുണ്ടായി.
ഫേസ്ബുക്കില്‍ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിവ്യു റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി ഇതുവരെ 4 പോസ്റ്റുകളാണ് ചെയ്തിട്ടുള്ളത്. അഞ്ചാമതായി ഒന്ന് കൂടി ചെയ്യാനുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് റിവ്യുവിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ഭതെരഞ്ഞെടുപ്പ് രംഗത്തുവന്ന ചില പോരായ്മകള്‍' എന്ന പോസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടത്തിയ സ്വയം വിമര്‍ശനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നതാണ്. അതില്‍ നിന്നും വ്യത്യസ്തമായ യാതൊരു കാര്യവും അതിനകത്തില്ല.
പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച് ഈ സ്വയം വിമര്‍ശനങ്ങള്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മാസ്റ്റര്‍ പത്രസമ്മേളനത്തിലൂടെ പരസ്യപ്പെടുത്തിയതാണ്. പാര്‍ടി പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന് ദേശാഭിമാനി പത്രത്തില്‍ ഭതെരഞ്ഞെടുപ്പ് അവലോകനവും, വലതുപക്ഷ മാധ്യമങ്ങളും' എന്ന് ലേഖനത്തിലും ഈ സ്വയം വിമര്‍ശനങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അതാവട്ടെ ഏതെങ്കിലും വ്യക്തികള്ക്കെതിരായുള്ളതല്ല, പൊതുവായ വന്ന പോരായ്മകളെക്കുറിച്ചാണ്.
പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതും, പാര്‍ടിയിലുടനീളം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതുമായ സ്വയം വിമര്‍ശനങ്ങളാണ് ആ പോസ്റ്റിലുള്ളത്. അനുഭാവി യോഗങ്ങളില്‍ ഉള്‍പ്പെടെ ഇവ വിശദീകരിക്കുന്നുമുണ്ട്. പാര്‍ടി സംസ്ഥാന കമ്മിറ്റി നടത്തിയതും, പാര്‍ടി പി.ബി അംഗങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കുകയും ചെയ്ത സ്വയം വിമര്‍ശനം ഒരു പോസ്റ്റായി പ്രസിദ്ധീകരിക്കുന്നത് എങ്ങനെയാണ് പാര്‍ടിക്ക് എതിരായിത്തീരുക. ഈ പ്രചരണത്തിലൂടെ പാര്‍ടി നടത്തിയ സ്വയം വിമര്‍ശനത്തെ തമസ്ക്കരിക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.
വിമര്‍ശനവും, സ്വയം വിമര്ശനവുമെന്നത് സി.പി.ഐ (എം)ന്റെ സംഘടനാ രീതിയുടെ ഭാഗമാണ്. സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ ജനങ്ങളിലെത്തിക്കുന്നത് പാര്‍ടി പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം കൂടിയാണ്. ആ ഉത്തരവാദിത്വമാണ് ഈ പോസ്റ്റിലൂടെ നിര്‍വ്വഹിച്ചിട്ടുള്ളത്.
പാര്‍ടി സംസ്ഥാന കമ്മിറ്റി എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതിലെ അംഗം എന്ന നിലയില്‍ എന്റെ കൂടി ഉത്തരവാദിത്തില്‍ വരുന്നതാണ്. അതിന്റെ എല്ലാ ഗുണ ദോഷങ്ങളിലും ഞാനും പങ്കാളിയാണ്. പ്രവര്‍ത്തനങ്ങില്‍ സ്വയം വിമര്‍ശനം കൂടി കണ്ടെത്തുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി ചെയ്യുന്നത്. അതിലൂടെയാണ് ഉയര്‍ന്നുവരുന്ന പ്രതിസന്ധികളെ തരണം ചെയ്യാറ്. അത് മനസ്സിലാക്കാതെയാണ് ഇത്തരം പ്രചാരവേലകള്‍ ചില മാധ്യമങ്ങളും, ചില സുഹൃത്തുക്കളും നടത്തിയിട്ടുള്ളത്. അതുകൊണ്ട് ഈ ഫേസ്ബുക്ക് പോസ്റ്റ് പാര്ടിക്കെതിരായുള്ളതല്ല, പാര്‍ടി നയം വിശദീകരിച്ചുകൊണ്ടുള്ളതാണ് എന്ന് തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
