ബെംഗളൂരു: കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ചാമരാജനഗര്‍ ജില്ലയിലെ ഹാനൂര്‍ താലൂക്കിലുള്ള തോമിയാര്‍പാളയം സ്വദേശികളാണ് മരിച്ചത്. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയ സംഘവും വനപാലകരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ അവകാശപ്പെടുന്നു.
വനത്തിനുള്ളില്‍ മൃഗങ്ങളെ വേട്ടയാടി മാംസം വേര്‍തിരിക്കുകയായിരുന്ന സംഘത്തോട് കീഴടങ്ങാന്‍ വനപാലകര്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് വനപാലകര്‍ നടത്തിയ തിരിച്ചടിയിലാണ് മൂന്ന് പേരും കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ മൈസൂരുവിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ വനംവകുപ്പിന്റെ വാദം തള്ളി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഗ്രാമവാസികളും രംഗത്തെത്തി. വേട്ടയാടല്‍ ആരോപണം നിഷേധിച്ച് ശക്തമായ പ്രതിഷേധവുമായി എത്തിയ ഇവര്‍ ഹാനൂരിലെ കാവേരി വൈല്‍ഡ് ലൈഫ് സാങ്ച്വറി ഓഫീസ് ആക്രമിച്ചു തകര്‍ത്തു. ഓഫീസിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് വലിയ രീതിയിലുള്ള അക്രമ സംഭവങ്ങളാണ് ഗ്രാമവാസികള്‍ അഴിച്ചുവിട്ടത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയായി കൂടുതല്‍ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
