ബെംഗളൂരു: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു. ബെംഗളൂരുവിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന സിവില്‍ എന്‍ജിനീയറായ സുമന്ത് ജെയിന്‍, ഭാര്യയും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ പദ്മാവതി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ കടുത്ത വാക്കുതര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്.
തര്‍ക്കത്തിനിടെ കോപാകുലനായ സുമന്ത് പദ്മാവതിയുടെ മുഖത്തടിക്കുകയും തുടര്‍ന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു. പിന്നീട് ഭാര്യയെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ജീവനില്ലെന്ന വിവരം സുമന്ത് തിരിച്ചറിയുന്നത്. ഭാര്യയുടെ മരണത്തോടെ പരിഭ്രാന്തനായ ഇയാള്‍ ഉടന്‍ തന്നെ അമ്മയെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയും ആത്മഹത്യാ സന്ദേശം അയക്കുകയും ചെയ്തു.
മകന്റെ സന്ദേശം കണ്ട അമ്മ ഉടന്‍ തന്നെ വിവരം വീടുടമസ്ഥനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് ഹാളിലെ സീലിങ് ഫാനില്‍ സുമന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പദ്മാവതിയുടെ മൃതദേഹം മുറിക്കുള്ളിലും ആയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാജഗോപാല്‍ നഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ പദ്മാവതിയുടെ മരണത്തിലെ കൃത്യമായ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
