കഥ ഇതുവരെ: കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതതുമായി ബന്ധപ്പെട്ട് ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിലാണ് റിപ്പോർട്ടർ റോബിൻസ്. കൂടുതൽ അന്വേഷണങ്ങൾക്കായി അവൻ കെനിയായിൽ എത്തി. അവിടത്തെ ദരിദ്ര്യാവസ്ഥ ഭയാനകമായിരുന്നു. അതിനിടെ അയാളും സംഘവും വനമഹോത്സവത്തിൽ പങ്കെടുക്കാൻ റോഡ് മാർഗം ടാൻസാനിയായിലേക്കൊരു യാത്ര നടത്തുമ്പോൾ വിചിത്രമായ ചില അനുഭവങ്ങളുണ്ടായി. തുടർന്നു വായിക്കുക.
കെനിയാട്ട നാഷണൽ ഹോസ്പിറ്റലിന്റെ മുൻവശത്തെ ഗേറ്റിലൂടെ ആംബുലൻസ് കയറി. മഴ പെയ്തപോയതിന്റെ ഗന്ധം നിറഞ്ഞ വായുവിലൂടെ സൈറൺ മുഴക്കി വണ്ടി നിന്നു. ഹോസ്പിറ്റലിന്റെ എമർജൻസി വിങ്ങ്. മുന്നിൽ തന്നെ ഡോ. ആരൺ ചിറോട്ടിച്ചും സംഘവും കാത്തുനിന്നിരുന്നു. ഡോക്ടർ പറഞ്ഞിരുന്ന തിങ്കളാഴ്ച അന്നായിരുന്നു. ദരിദ്ര്യനായ കിബേറ്റിന്റെ സഹോദരികൾക്കുള്ള ശസ്ത്രക്രിയക്കുവേണ്ട ഒരുക്കങ്ങൾ പൂർത്തിയായി.
ആംബുലൻസ് നിശ്ചലമായ നിമിഷം, വാതിൽ തുറന്നു. ശീതള വായുവിൽ നിറയെ ഓക്‌സിജൻ സിലിണ്ടറിന്റെ ശബ്ദം, മോനിറ്ററിന്റെ ബീപ്പ്, പാരാമെഡിക്കൽ സ്റ്റാഫിന്റെ തിടുക്കം. അകത്ത് പരസ്പരം ചേർന്ന ഒരു ശരീരത്തിൽ കുടുങ്ങിപ്പോയ രണ്ട് കുട്ടികൾ. സയാമീസ് ഇരട്ടകൾ. ഒന്ന് ഉറങ്ങുന്നതുപോലെ, മറ്റൊന്ന് വേദനയോടെ കണ്ണുകൾ പൊത്തികിടക്കുന്നു.
അവരെ വേഗം തന്നെ കൊണ്ടിറക്കി. കുഞ്ഞുങ്ങളെ കിടത്തിയിരുന്ന സ്‌ട്രെച്ചർ ഹൈറിസ്‌ക് വാർഡിലേക്കുള്ള വഴിയിലേക്കു തള്ളിക്കൊണ്ടപോയി.
സ്റ്റാഫ് എല്ലാവരും ഓടിയെത്തി. നഴ്‌സുമാർ, ജൂനിയർ ഡോക്ടർമാർ, ടെക്‌നീഷ്യൻമാർ. മിക്കവരും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അപൂർവ്വ കേസാണ് മുന്നിൽ കിടക്കുന്നത്. ഒരു സീനിയർ നേഴ്‌സ് ഇരട്ടകളുടെ നെഞ്ചിൽ കൈവെച്ചു നോക്കി. വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു:
''ഡോക്ടർ... ഇവരുടെ ശ്വാസം...?''
ഡോ. ആരൺ അതിന് മറുപടി പറയാതെ കുഞ്ഞുങ്ങളുടെ നെഞ്ചിൽ സ്‌റ്റെതസ്‌കോപ്പ് അമർത്തി നോക്കി.
കുഴപ്പമൊന്നുമില്ല സിസ്റ്റർ..., ശ്വാസം വിടാൻ പോലും അവൾക്ക് പേടിയാണെന്നു തോന്നുന്നു.
ഓപ്പറേഷനു മുമ്പുള്ള പരീക്ഷണങ്ങളിൽ നിന്നും ഇരുവരുടേയും കരൾ, ഡയഫ്രം കുടൽ എന്നീ ആന്തരീകാവയവങ്ങൾ ഒട്ടിച്ചേർന്നവയാണെന്നു കണ്ടു. അമേരിക്കയിൽ നിന്നുമെത്തിയ വിദഗ്ദ്ധ ഡോക്ടറുമായി, ഡേ. ആരന്റെ നേതൃത്വത്തിലുള്ള സംഘം ദീർഘമായ ചർച്ച നടത്തി.
ഹൃദയവും ഗാൾ ബ്ലാഡറും പ്രത്യേകമുണ്ടായിരുന്നത് വിജയ സാധ്യത വർദ്ധിപ്പിച്ചു. നെഞ്ചല്ല്, ഹൃദയകവച ചർമ്മം എന്നിവയും ഒട്ടിച്ചേർന്നിരുന്നു. പിത്തരസനാളിയും വൻകുടലും രണ്ടുപേർക്കു കൂടി ഒന്നേ ഉണ്ടായിരുന്നുള്ളൂ.
അതിലൊരാളുടെ വളർച്ച അല്പം കുറവായിരുന്നു. അവളാണ് എപ്പോഴും ഭയപ്പെട്ടിരുന്നതും.
മെഡിക്കൽ സംഘം ഗൗണും, ഗ്ലൗസും, മുഖാവരണവും അണിഞ്ഞ് ശസ്ത്രക്രിയയുടെ ഭാഗമായി മാറി. എല്ലാം പ്രതീക്ഷിച്ചതു പോലെ മുന്നോട്ടു പോയി.
കളിതമാശകൾ പലതും പറഞ്ഞ് ഡോക്ടർമാർ അവരെ സമാധാനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. വൻകുടലിന്റെ ചേർന്നഭാഗവും പിത്തരസനാളി മുഴുവനായും അവൾക്കു നൽകുവാൻ ഡോക്ടർമാർ തീരുമാനിച്ചു. അതുകൊണ്ടു തന്നെ മറ്റേകുട്ടിയുടെ കുടൽ നീളം കുറഞ്ഞതായി. അവൾക്കുവേണ്ടി പ്ലാസ്റ്റിക് നിർമ്മിത ക്രിത്രിമ പിത്തരസനാളിയും സംഘടിപ്പിച്ചു.
16 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയയ്ക്കു ശേഷമാണ് ഇരുവരും ജീവിതത്തിൽ ആദ്യമായി രണ്ടു കട്ടിലുകളിൽ ഉറങ്ങിയത്. അവരുടെ അമ്മ ആ സമയമത്രയും മുട്ടിൽ നിന്നും പ്രാർത്ഥിക്കുകയായിരുന്നു. മകൻ കിബേറ്റ് അമ്മയെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
44 അംഗ വൈദ്യ സംഘം ഒമ്പതു ഘട്ടമായാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ആ നീണ്ട മണിക്കൂറുകൾ ആശങ്കയുടേതായിരുന്നു..! ഇപ്പോൾ ഇരുവരുടേയും ഹൃദയവും കരളും വൃക്കകളും സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങി.
60 മില്ലീലിറ്റർ രക്തം മാത്രമാണ് ശസ്ത്രക്രിയക്കിടയിൽ അവർക്ക് നഷ്ടമായത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ അളവായിരുന്നു അത്. 47 മണിക്കൂർ പിന്നിട്ടപ്പോൾ ഇരുവർക്കും ബോധം തെളിഞ്ഞു. കൃത്രിമ ശ്വാസോഛ്വാസ ഉപകരണങ്ങൾ എടുത്തുമാറ്റി. പിന്നെ ചിരിയും കരച്ചിലുമായി. അവരുടെ അമ്മ ഇരുവരേയും മാറിമാറി ചുംബിച്ചു. അവരുടെ കണ്ണുകൾ ഈറനണിഞ്ഞു.
അപ്പോഴേക്കും ഡോ. ആരണും സംഘവും അങ്ങോട്ടു വന്നു. അതോടെ ആ അമ്മ ദീർഘമായോന്നു ശ്വാസം വിട്ടു. എന്നിട്ട് ഈശ്വരന്റെ മുന്നിലെന്നവണ്ണം ഡോക്ടർമാരുടെ സംഘത്തിനു മുന്നിൽ മുട്ടുകുത്തി ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് പറഞ്ഞു:
'എന്നെ രക്ഷിച്ചു... എന്റെ കുഞ്ഞുങ്ങളെ രക്ഷിച്ചു... എങ്ങിനെ നന്ദി പറയണമെന്നിനിക്കറിയില്ല... ഹെന്റെ പൊന്നു തമ്പുരാക്കന്മാരേ..!'
ഡോക്ടർ ആരോൺ അവരെ മെല്ലെപിടിച്ചെഴുന്നേൽപ്പിച്ചു.
'അമ്മേ, എല്ലാം ഈശ്വരാനുഗ്രഹം. ദൈവത്തോടാണ് നന്ദി പറയേണ്ടത്.'
ഇതിനിടെ പലവട്ടം റോബിൻസ് ആശുപത്രിയുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയുടെ പുരോഗതി അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ബോധം തെളിഞ്ഞ വാർത്ത ഡോ. ആരോൺ ആദ്യം അറിയിച്ചത് റോബിസിനെ ആയിരുന്നു.
*****
രാത്രിയുടെ അവസാന നിഴൽ പോലും പൂർണ്ണമായി പിരിയുന്നതിന് മുമ്പ്, ടൊയോട്ട ലാൻഡ് ക്രൂയിസർ ചുവന്ന മണ്ണ് തുപ്പിക്കൊണ്ട് ടാൻസാനിയൻ അതിരുകൾ കടന്നു. എൻജിന്റെ ഗർജ്ജനം കാടിന്റെ നിശ്ശബ്ദതയിൽ ഒരു മുന്നറിയിപ്പുപോലെ പടർന്നു. ഡ്രൈവർ കലേബിന്റെ മുഖത്തെ ഗൗരവം തെല്ലും കുറഞ്ഞിട്ടില്ല.
അതീവ ശ്രദ്ധയോടെ തന്റെ ഓർമ്മയിൽ നിന്നും വഴി വായിച്ചെടുക്കുന്ന മിടുക്കൻവണ്ടിയെ കൃത്യമായി നിയന്ത്രിച്ചു. ഇടയ്ക്ക് കുരങ്ങുകളുടെ കുരച്ചിലും ദൂരെയെവിടെയോ ആനകളുടെ ചുവടൊച്ചയും. കാട് അപ്പോഴും ഉണർന്നു തന്നെയിരിക്കുകയാണ്.
പിന്നിലെ സീറ്റിൽ, റോബിൻസ് നോട്ട്ബുക്ക് കൈയിൽ മുറുകെ പിടിച്ചു. ഓരോ വളവിലും അവൻ ചരിത്രം മണത്തു. അവന്റെ അരികിൽ, കണ്ണടയ്ക്ക് പിന്നിൽ ആഴത്തിലുള്ള ചിന്തകളുമായി ഗിച്ചാരു.
''ഇത് വെറും സമ്മേളനം അല്ല,'' ഗിച്ചാരു താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു, ''ഇത് ഒരു പോരാട്ടത്തിന്റെ വേദിയാണ്.''
വണ്ടി വിശാലമായ തുറസ്സിലെത്തി. അവിടെയാണ് വനമഹോത്സവം..!
മരക്കൊമ്പുകളും വലിയ പച്ചിലകളും പച്ചക്കൊടികളും കൊണ്ട് അലങ്കരിച്ച സമ്മേളനസ്ഥലം. മസായ് ശൈലിയിലെ ചുവന്നകറുപ്പ് വസ്ത്രങ്ങൾ ധരിച്ച യുവാക്കൾ പ്രവേശനവാതിലിൽ. സ്ത്രീകൾ നിറമുള്ള കംഗകൾ അണിഞ്ഞ്, ചെറു താളവാദ്യങ്ങളോടെ നിലയുറപ്പിച്ചിരിക്കുന്നു. അത് ഭൂമിയെ തട്ടുന്ന താളം. വായുവിൽ മണ്ണിന്റെയും ഇലകളുടെയും ചൂടുള്ള ഗന്ധം.
വേദി ആ നാടിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്നതായിരുന്നു. വലിയ ബാവോബിന്റെ നിഴലിൽ. അവിടെയാണ് അവൾ വംഗാരി മാതായി. കാടിന്റെ പ്രിയപുത്രി. അവളുടെ സാന്നിധ്യം തന്നെ ഒരു പ്രതിരോധം. വാക്കുകളില്ലാതെ തന്നെ കാടിനെ കാക്കുന്ന ഒരമ്മ. അടുത്ത നിമിഷം, കൈയടികൾ കാടിനെ കീറിപ്പൊളിച്ചു.
വേദിയിലേക്ക് നടന്ന് കയറുന്നത് എൻഗൂഗി വാ തിയോംഗോ. കെനിയൻ എഴുത്തുകാരൻ.
വാക്കുകൾ ആയുധമാക്കുന്ന മനുഷ്യൻ. അദ്ദേഹത്തെക്കുറിച്ച് വേദിയിലെ അവതാരികയുടെ വിവരണം:
'ദാരിദ്ര്യത്തിന്റെ മൂർച്ചയേറിയ അസ്ത്രം പൊള്ളുന്ന അക്ഷരങ്ങളാക്കിമാറ്റിയ കെനിയൻ എഴുത്തുകാരൻ. വിശ്വസാഹിത്യത്തേയും പോസ്റ്റ് കൊളോണിയൻ തിയറിയേയും സമ്പന്നമാക്കിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യന്റെ രചനകൾ കാണുമ്പോൾ എനിക്കോർമ്മ വരുന്നത് വിശ്വസാഹിത്യകാരനായ കാഫ്കയുടെ വാക്കുകളാണ്.'
'അത്, നമ്മേ മുറിവേൽപ്പിക്കാനും കുത്തിപ്പരിക്കേൽപ്പിക്കാനും അവയ്ക്കു കഴിയണം. തലയ്ക്കടിച്ച് നമ്മെ ഉണർത്തുകയും ഒരു ദുരന്തം പോലെ നമ്മെ പിടികൂടുകയും വേണം. നമ്മുടെ ഉള്ളിൽ മഞ്ഞുകട്ടയായി ഉറഞ്ഞുപോയ കടലിനെ വെട്ടിപ്പിളർക്കുന്ന മഴു ആകണം ഒരു നല്ല പുസ്തകം.
കാഫ്കയുടെ നിർവചനങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ളവയാണ് എൻഗൂഗി വാ തിയോംഗോയുടെ രചനകൾ. നല്ലൊരു കയ്യടിയോടെ അദ്ദേഹത്തെ നമുക്ക് പ്രസംഗവേദിയിലേക്ക് ക്ഷണിക്കാം.'
വലിയ ഹർഷാരവത്താൽ മുഖരിതമായ അന്തരീക്ഷം. എന്നാൽ, അദ്ദേഹം സംസാരിച്ചു തുടങ്ങുമ്പോൾ, കാറ്റ് പോലും കേൾക്കാൻ നിൽക്കുന്നതുപോലെ തോന്നി.
''കാട് ഇല്ലെങ്കിൽ,'' അവന്റെ ശബ്ദം ഗൗരവത്തോടെ മുഴങ്ങി, ''ചരിത്രവും ഇല്ല. ഭാഷയും ഇല്ല. മനുഷ്യനും ഇല്ല.''
റോബിൻസ് ആ നിമിഷം തിരിച്ചറിഞ്ഞു ഇത് വെറും വനമഹോത്സവമല്ല. ഇത് രണ്ട് ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്ന ഭൂമി. ഇവിടെ വാക്കുകൾ വെടിയുണ്ടകളാകും. നിശ്ശബ്ദത പോലും സംശയാസ്പദം.
കാടിന്റെ ഉള്ളിൽ, ടാൻസാനിയൻ സൂര്യൻ പതുക്കെ ഉയർന്നുപൊങ്ങുകയാണ്.
വനമഹോത്സവത്തിലെ ആ സെക്ഷൻ അവസാനിച്ചപ്പോൾ, കൈയടികൾ പതുക്കെ കാടിന്റെ ഉള്ളിലേക്ക് ലയിച്ചു. മൈക്ക് ഓഫ് ചെയ്തു.
വേദിയുടെ പിൻവശം.
ബാവോബിന്റെ കട്ടിത്തറയിൽ നിന്ന് അല്പം മാറി, സൂര്യപ്രകാശം തുളച്ച് കയറാൻ കഴിയാത്തത്ര സാന്ദ്രമായ ഒരു പച്ചക്കൂടാരം. അവിടെ വംഗാരി മാതായി. അവരുടെ ചുവടുകൾ ശബ്ദമില്ലാത്തത് പോലെ തോന്നി. പിന്നാലെ എൻ ഗൂഗി വാ തിയോംഗോ കണ്ണുകളിൽ ചിന്തകളുടെ തീപ്പൊരി, കൈയിൽ പഴകിയ ഒരു ഫയൽ. അവരുടെ മുന്നിൽ പ്രൊഫസർ സൈമൺ ഗിച്ചാരു.
വംഗാരി ഗിച്ചാരുവിനെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു:
'പ്രൊഫസർ ഇങ്ങോട്ടു വരുന്നുണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ നമുക്കൊരുമിച്ചു പോരാമായിരുന്നില്ലെ?'
'അല്ല, നിങ്ങളെ കാണാൻ ആഗ്രഹിക്കുന്ന വേൾഡ് ടൈംസ് പത്രത്തിലെ റിപ്പോർട്ടർ മിസ്റ്റർ റോബിൻസിനു വേണ്ടിയാണ് ഞങ്ങൾ ഇവിടെ വന്നത്.'
'ഓ..അതുശരി.' റോബിൻസിനു നേരെ തിരിഞ്ഞ് അയാളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു:
'ഹായ് നിങ്ങൾ ഇന്ത്യാക്കാരനാണോ..?'
'അതേ, കേരളമാണ് സ്വദേശം.' റോബിൻസ് പറഞ്ഞു.
അവളുടെ കണ്ണുകളിൽ അത്ഭൂതം മാത്രമല്ല, ആത്മീയമായ സന്തോഷവും ഉണ്ടായിരുന്നു.
'നിങ്ങൾ ഈ മഹോത്സവത്തിന്റെ വേരറിഞ്ഞ് വന്നവനാണ്.''
എൻഗൂഗിയും ഗിച്ചാരുവും പഴയ പരിചയക്കാരാണ്. അവർ തമ്മിൽ സൗഹൃദം പുതുക്കി.
''ലോകം അടുത്തകാലത്തായാണ് 'വേൾഡ് ഫോറസ്റ്റ് ഡേ'യെ കുറിച്ച് സംസാരിക്കുന്നത്,'' വംഗാരി തുടർന്നു, ശബ്ദം ഉരുക്കുപോലെ ഉറപ്പുള്ളത്,
''പക്ഷേ ഐക്യരാഷ്ട്രസഭ പോലും ചിന്തിക്കും മുമ്പ് 1947ൽ ഇന്ത്യയിൽ, ഡൽഹിയിൽ, ഡോ.എം.എസ്. രൺധാവ വനമഹോത്സവം ആരംഭിച്ചു.''
അവൾ വിരൽ കൊണ്ട് മണ്ണിൽ ഒരു വൃത്തം വരച്ചു.
''ഇവിടെ നിന്നല്ല. അവിടെ നിന്നാണ് ഈ പ്രസ്ഥാനം തുടങ്ങിയത്.
നാട്ടിലെ കുട്ടികളോട് മരങ്ങൾ സംസാരിക്കണം എന്ന് പഠിപ്പിച്ച മനുഷ്യൻ.''
റോബിൻസിന്റെ നെഞ്ചിൽ എന്തോ കുത്തിക്കയറുംപോലെ. താൻ ഇവിടെ വരുന്നതിനു മുമ്പ് ചരിത്രം മനസിലാക്കാത്തതിന്റെ കുറ്റബോധം അയാൾക്കുണ്ടായി.
''സോറി...അത്, ഞങ്ങൾ പലരും മറന്ന ചരിത്രമാണ്,'' അയാൾ പറഞ്ഞു.
''മറക്കൽ അതൊരു തരം കൊലപാതകം ആണ്.''
എൻഗൂഗി ഇടപെട്ടു.
അവന്റെ ശബ്ദം കനംകൂടി.
''ഇപ്പോൾ നിങ്ങൾ അറിയേണ്ടത് മറ്റൊന്നാണ് ആഫ്രിക്കയിലെ ദാരിദ്ര്യം.''
റോബിൻസ് അറിയാൻ ആഗ്രഹിച്ച വിഷയം.
എൻഗൂഗി മുന്നോട്ട് ചുവടുവച്ചു.
''ഇവിടെ ദാരിദ്ര്യം വിശപ്പിന്റെ മാത്രം കഥയല്ല. ഇത് ഭൂമിയിൽ നിന്നുള്ള വേർപാടാണ്. കാട് പോയി. വെള്ളം പോയി. ഭാഷ പോയി. അവസാനംമനുഷ്യൻ തന്നെ അനാവശ്യമായി.''
ഗിച്ചാരു തലകുലുക്കി.
''ഒരു ഗ്രാമത്തിൽ മരം മുറിക്കുമ്പോൾ,'' അയാൾ പറഞ്ഞു,
''അവിടെ ആദ്യം വീഴുന്നത് പത്രപ്രവർത്തകനാണ്. കാരണം സത്യം പറയാൻ ഒരാൾ കുറയണം. പത്രപ്രവർത്തനം ഇവിടെ അപകടകരമാണ്. സത്യം അച്ചടിക്കുന്നത് ചിലപ്പോൾ റിപ്പോർട്ടർ മരണവാറണ്ട് ഒപ്പിടുന്നതുപോലെയാണ്.'
റോബിൻസ് ശബ്ദം തീരെ താഴ്ത്തി ചോദിച്ചു:
''ഇതൊക്കെ ലോകം അറിയുന്നില്ലേ?''
എൻഗൂഗി ചിരിച്ചു. അതൊരു തീപ്പൊരി ചിരിയായിരുന്നു.
''ലോകം അറിയാൻ അനുവദിക്കപ്പെടുന്നത്ര മാത്രം അറിയുന്നു.
പത്രങ്ങൾ പരസ്യങ്ങളാൽ മൂടപ്പെടുന്നു.
ദാരിദ്ര്യം 'സ്റ്റാറ്റിസ്റ്റിക്‌സ്' ആക്കി മാറ്റുന്നു.''
വംഗാരി മാതായി കൈ ഉയർത്തി.
''അതുകൊണ്ടാണ്,'' അവർ പറഞ്ഞു,
''നിങ്ങൾക്ക് ഇവിടെ പ്രാധാന്യമുള്ളത്, റോബിൻസ്. ഇന്ത്യക്കാരൻ. പുരാതന കാടുകളുടെ രാജ്യത്തു നിന്നു വരുന്നവൻ. നിങ്ങളോട് കാട് എന്തെന്ന് വിശദീകരിക്കേണ്ടതില്ല.'' അവർ റോബിൻസിന്റെ കണ്ണുകളിൽ നോക്കി.
''പക്ഷേ നിങ്ങൾ എഴുതുന്നത് നിങ്ങളെ തന്നെ പിന്തുടരും.
ഇവിടെ, വാക്കുകൾക്ക് നിഴൽ ഉണ്ടാകും. അത് മറക്കേണ്ട..!''
അപ്പോൾ കാറ്റ് ശക്തമായി. ഇലകൾ കൂട്ടത്തോടെ കുലുങ്ങി. കാട് ആ സംഭാഷണം കേൾക്കുന്നുണ്ടെന്ന പോലെ.
വംഗാരി മാതായിയുടെ കണ്ണുകൾ നിമിഷം കൊണ്ട് കഠിനമായി.
അപ്പോൾ, അവർ പറഞ്ഞു, ''നിങ്ങളുടെ ദൗത്യം എഴുതൽ മാത്രമല്ല. ഒരു ജനതയെ രക്ഷിക്കാൻ കൂടിയാകണം.''
ഒരു നിമിഷത്തെ നിശ്ശബ്ദത. ദൂരെയെവിടെയോ ഒരു പക്ഷി ശക്തിയായി ചിറകടിച്ച് പെട്ടെന്ന് പറന്നു. അത് ദിശതെറ്റി പറക്കുകയാണോ..?
എൻഗൂഗി പതുക്കെ പറഞ്ഞു:
''ഈ കാട് സാക്ഷിയാണ്. പക്ഷേ സാക്ഷികളെ കൊന്ന ചരിത്രം ആഫ്രിക്കയ്ക്ക് പുതിയതല്ല.'
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
