രാജാവ് നഗ്നനാണെന്നു വിളിച്ചു പറയാൻ അപാര ചങ്കൂറ്റവും തന്റേടവുമുള്ള ഒരേയൊരാളെ ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിപ്പുള്ളു. അത് മഹനീയ മാന്യ ശ്രീമാൻ ജോൺ ബ്രിട്ടാസ്. അതേ, സഖാക്കളെ ആലിലക്കുഴിയിൽ പൈലിയുടെയും അന്നമ്മയുടെയും മകനായി പുലിക്കുരുമ്പയിൽ ഭൂജാതനായ ബ്രിട്ടാസ് തന്നെ..!
ദില്ലിയിലെ ജെ.എൻ.യു.വിൽ എം.ഫിൽ. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ആ വീറും വീര്യവും വീരസ്യവും അണപൊട്ടിയൊഴുകുന്നത് നാം കൺകുളിർക്കെ കണ്ടിട്ടുള്ളതുമാണ്. ദേശാഭിമാനിയുടെ ഡെൽഹി ബ്യൂറോ ചീഫായപ്പോഴും തുടർന്നു ആകാശവാണിയുടെ ഡൽഹി നിലയത്തിൽ വാർത്താ വായനക്കാരനായപ്പോഴും ആ വീരസ്യം ലാസ സുന്ദര ഭാവത്തിൽ പീലിവിടർത്തിയാടുന്നതും നാം കണ്ടിട്ടുണ്ട്.
കൈരളി ചാനലിന്റെ മനേജിങ്ങ് ഡയറക്ടറും എഡിറ്ററുമായപ്പോഴും ഇത്തരം വീരസ്യത്തിന്റെ കൊടുമുടിയിൽ കയറുന്നതും നാം കണ്ടിട്ടുണ്ടെങ്കിലും ഇത്രക്ക് കേമനാണെന്നാരും നിരീച്ചില്ല. ഇതിപ്പോ വിശ്വപൗരൻ തരൂരാശനേയും കടത്തിവെട്ടുന്ന ലൈനിലല്ലേ രാജാവിന്റെ അല്ല രാഹുലിന്റേയും പ്രിയങ്കയുടേയും കള്ളത്തരം കൈയോടെ പിടിച്ചത്.
പാർലമെന്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെ ജർമനി സന്ദർശിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, പ്രധാന മന്ത്രിയുടെ ചായ സത്കാരത്തിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധി, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ ചെയ്തികൾ ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണ്. അതിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചതോടെ അവരുടെയൊക്കെ തൊലി ഉരിഞ്ഞുപോയില്ലേ..? താമസിയാതെ എല്ലും പല്ലും നഖവും കൊഴിഞ്ഞുപോയെന്നും വരാം..! അമ്മാതിരി വീക്കല്ലേ വീക്കിയത്. എങ്ങിനെ കിട്ടുന്നടവേ ചാൾസ് ശോഭരാജിൽ മാത്രം കണ്ടിട്ടുള്ള ഇത്ര ധൈര്യം.
പിണറായി വിജയനും നരേന്ദ്ര മോദിക്കുമിടയിലെ പാലം എന്ന 'ചീത്തപ്പേര്' പുറമേക്കെങ്കിലും മായ്ക്കാനാണ് ബ്രിട്ടാസ് ഒരോന്ന് വിളിച്ചുകൂവുന്നതെന്നും പാപം കെ.വി തോമസിനെ മലർത്തിയടിക്കാനുള്ള മാമാപ്പണി തനിക്കറിയാമെന്നും കാണിക്കാനാണ് ഈ കോപ്രായങ്ങളത്രയും കാണിച്ചു കൂട്ടുന്നതെന്ന് ബാലരാമന്മാരിലാരെങ്കിലും പറഞ്ഞാൽ അത് തികച്ചും ബാലിശമെന്നേ പറയാനാകു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും പഞ്ചായത്തു തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയവും മറച്ചുവെയ്ക്കാൻ ബ്രിട്ടാസ് തന്നാലായത് ചെയ്യുന്നതൊക്കെ ഏത് അണ്ണാർക്കണ്ണനും ചെയ്യുന്നതല്ലേ.
പിന്നെ, ചോര നീരാക്കി ഏറെ നാളത്തെ പഠനത്തിനും റിസേർച്ചിനും ശേഷം വ്യക്തമായ തെളിവോടെ രാഹുൽ ഗാന്ധി വോട്ടുകൊള്ളയെക്കുറിച്ച് പലവട്ടം പറഞ്ഞിട്ടും ഒരക്ഷരം മിണ്ടാതെ ഒട്ടകപ്പക്ഷിയെപ്പോലെ തല മണലിൽ താഴ്ത്തിയതെന്തിന് എന്നൊന്നും ബ്രിട്ടാസിനോട് ആരും ചോദിക്കരുത്. കാരണം ഗാന്ധിജിയെ നിലനിർത്തേണ്ടതും വോട്ട് കൊള്ള അവസാനിപ്പിക്കേണ്ടതും രാഹുലിന്റേയും പ്രിയങ്കയുടേയും മാത്രം സ്വകാര്യ ആവശ്യമാണല്ലോ.
ബംഗാളിൽ കമ്മ്യൂണിസ്റ്റ് പക്ഷത്തുള്ള പത്രം വോട്ടുചോരിയെക്കുറിച്ചും രാഹുൽ ഗാന്ധിയുടെ സാഹസത്തെക്കുറിച്ചും ഒന്നാം പേജിൽ വലിയ അക്ഷരത്തിൽ വാർത്ത കൊടുത്തപ്പോൾ ഇവിടെ ദേശാഭിമാനിയും കൈരളിയും അതൊന്നും കണ്ടഭാവം നടിക്കാതെ രാഹുലിനെ പരിഹസിച്ച കഥയൊക്കെ ബ്രിട്ടാസ് തല മണലിൽ പൂഴ്ത്തിയതു കൊണ്ട് ആരും കണ്ടിട്ടില്ല. കേട്ടിട്ടില്ല എന്നോർക്കണം.
എന്തായാലും ബ്രിട്ടാസ് തറപ്പിച്ചു പറയുന്ന മറ്റൊരു കാര്യം കോൺഗ്രസ് ഇനിയെങ്കിലും കണക്കിലോ, സയൻസിലോ എടുക്കണം. ജനാധിപത്യവിരുദ്ധമായ ബില്ലുകൾ പാസാക്കുന്ന സർക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്നത് പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും കോൺഗ്രസുകാരുടെ മുഖത്തു നോക്കി പറയാൻ ഇന്നുവരെ ആരെങ്കിലും ധൈര്യപ്പെട്ടിട്ടുണ്ടോ..? താമസിയാതെ ആർഎസ്പിയെ ആർഎസ്എസ് ആക്കിമറ്റാൻ പ്രേമചന്ദ്രൻ നടത്തുന്ന ചാരപ്പണി പുറത്തുകൊണ്ടുവന്നത് ചെറിയകാര്യമാണോ..?
അതിന് രാഹുലിനെ വിമർശിക്കുന്ന ബ്രിട്ടാസ് ഒരിക്കലും മോദിയെ വിമർശിക്കുന്നില്ല എന്നല്ലല്ലൊ പറയേണ്ടത്. അത് മലോകർക്കു മുഴുവൻ അറിയാവുന്ന കാര്യമല്ലേ..? മാന്യതയുള്ള ആരും മോദിയെ വിമർശിക്കില്ലെന്നു തരൂരിൽ നിന്നും ബ്രിട്ടാസ് പഠിച്ചെടുത്ത പാഠമാണ്. അത് വിശ്വ പൗരനിലേക്കുള്ള ആദ്യ പടിയാണ്.
രാജാവ് നഗ്നനാണ് എന്നു വിളിച്ചു പറയുന്ന ഈ കുട്ടിത്ത മനസുള്ള ബ്രിട്ടാസ് വെറും പൊട്ടാസ് ആണെന്നു പറയുന്നത്..., കോൺഗ്രസ്കാരാ നിങ്ങളുടെ നാശത്തിനാണ് എന്നെങ്കിലും ഓർത്താൽ നിങ്ങൾക്കും നിങ്ങളുടെ സന്തതി പരമ്പരകൾക്കും കൊള്ളാം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
