നഴ്‌സുമാരുടെ പോരാട്ടം വിജയത്തിലേക്ക്; അമേരിക്കൻ മലയാളി സമൂഹത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ജാസ്മിൻ ഷാ

AUGUST 5, 2026, 1:11 PM

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിൽ 141 ദിവസമായി നടന്നുവന്ന നഴ്‌സുമാരുടെ സമരം ഒടുവിൽ ഒത്തുതീർപ്പിലെത്തി. മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ നഴ്‌സുമാർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിൽ ധാരണയായതോടെയാണ് സമരം പിൻവലിച്ചത്. സമരവിജയത്തിന് പിന്നിൽ കേരളത്തിന് പുറത്തുനിന്നും, പ്രത്യേകിച്ച് അമേരിക്കയിലെ മലയാളി സമൂഹത്തിൽ നിന്നുമുണ്ടായ ശക്തമായ പിന്തുണ നിർണായകമായിരുന്നുവെന്ന് യുഎൻഎ നേതാവ് ജാസ്മിൻ ഷാ പറഞ്ഞു.

സമരം അവസാനിച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചത്. അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ നേതാവ് ഫിലിപ്പോസ് ഫിലിപ്പ് ഉൾപ്പെടെ നിരവധി പ്രവാസി മലയാളികളും വിവിധ സംഘടനകളും സമരത്തിന് ശക്തമായ പിന്തുണ നൽകിയതായി ജാസ്മിൻ ഷാ പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ ഈ ഐക്യദാർഢ്യം സമരത്തിലുണ്ടായിരുന്ന നഴ്‌സുമാർക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേകിച്ച് പെൻസിൽവാനിയ ഇന്ത്യൻ അമേരിക്കൻ നഴ്‌സിംഗ് അസോസിയേഷന്റെ (PIANO) സ്ഥാപക പ്രസിഡന്റായ ബ്രിജിറ്റ് വിൻസെന്റ് നൽകിയ നിസ്വാർഥ പിന്തുണ അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. 'സമരത്തിന്റെ ഓരോ നിർണായക ഘട്ടത്തിലും ഞങ്ങളോടൊപ്പം ഉറച്ചുനിന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്,' എന്ന് ജാസ്മിൻ ഷാ പറഞ്ഞു.

vachakam
vachakam
vachakam

തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള ആശുപത്രി മാനേജ്‌മെന്റും തൃശ്ശൂർ എ.സി.പി രാജേഷും യുഎൻഎ പ്രതിനിധികളും പങ്കെടുത്ത ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്. സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ യാതൊരു പ്രതികാര നടപടിയും സ്വീകരിക്കില്ലെന്ന് മാനേജ്‌മെന്റ് ധാരണാപത്രത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. സമരത്തിൽ പങ്കെടുത്ത മുഴുവൻ നഴ്‌സുമാരെയും ഈ മാസം 30നകം ഘട്ടംഘട്ടമായി അവർ മുമ്പ് ജോലി ചെയ്തിരുന്ന സമാന വിഭാഗങ്ങളിലേക്ക് തിരിച്ചെടുക്കും.

ശമ്പളവർധനവ് ഉൾപ്പെടെയുള്ള മറ്റ് വിഷയങ്ങളിൽ തൊഴിൽവകുപ്പിന്റെ മധ്യസ്ഥതയിൽ മാനേജ്‌മെന്റും യൂണിയനും തമ്മിൽ തുടർചർച്ചകൾ നടത്തി പരിഹാരത്തിലെത്താനും ഇരുകക്ഷികളും ധാരണയായി.

സമരകാലത്ത് തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിന്റെ നിലപാടും അദ്ദേഹം അമേരിക്ക സന്ദർശിച്ചതും വ്യാപക ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അമേരിക്കയിലെ മലയാളികളിൽ വലിയൊരു വിഭാഗം നഴ്‌സുമാരാണെന്നും അവരുടെ അധ്വാനവും സംഭാവനകളും അമേരിക്കയിലെ നിരവധി ദേവാലയങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രവാസി മലയാളികൾ ചൂണ്ടിക്കാട്ടിയിരുന്നു.

vachakam
vachakam
vachakam

അമേരിക്കൻ സന്ദർശനത്തിന് ശേഷം ബിഷപ്പിന്റെ സമീപനത്തിൽ മാറ്റം ഉണ്ടായതായി തനിക്ക് അനുഭവപ്പെട്ടുവെന്ന് ജാസ്മിൻ ഷാ പറഞ്ഞു. 'ഒരുപക്ഷേ അമേരിക്കയിൽ മലയാളി നഴ്‌സുമാരുടെ പങ്കാളിത്തം കൊണ്ടുകൂടി പണിതുയർത്തിയ ദേവാലയങ്ങളും സഭയ്ക്കായി അവർ നൽകുന്ന വിലമതിക്കാനാകാത്ത സംഭാവനകളും നേരിൽ കണ്ടത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയിരിക്കാം എന്നാണെന്റെ വ്യക്തിപരമായ തോന്നൽ,' എന്നും  ജാസ്മിൻ ഷാ പ്രതികരിച്ചു.

കേരളത്തിലും വിദേശത്തുമുള്ള നഴ്‌സുമാരുടെ ഐക്യവും പ്രവാസി മലയാളികളുടെ പിന്തുണയും ഈ സമരവിജയത്തിന് വലിയ കരുത്തായിരുന്നുവെന്ന് ജാസ്മിൻ ഷാ വിലയിരുത്തി. 'ഇത് ശമ്പളവർധനവിനുവേണ്ടി മാത്രമുള്ള സമരമായിരുന്നില്ല. നഴ്‌സിംഗ് സമൂഹത്തിന്റെ ആത്മാഭിമാനത്തിനും തൊഴിൽമാന്യതയ്ക്കും വേണ്ടിയുള്ള കൂട്ടായ പോരാട്ടമായിരുന്നു,' എന്നും ജാസ്മിൻ ഷാ പറഞ്ഞു. സമരത്തിന്റെ വിജയത്തിൽ പങ്കാളികളായ എല്ലാ വ്യക്തികൾക്കും സംഘടനകൾക്കും അദ്ദേഹം ഒരിക്കൽക്കൂടി നന്ദി രേഖപ്പെടുത്തി.

ആഷാ മാത്യു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam