വിശ്വസംസ്‌കാര വേദിയിൽ അശ്വമേധം നടത്തുന്ന ആർഷ ദർശന മൂല്യങ്ങളെ അമേരിക്കൻ ഭൂമികയിൽ സംരക്ഷിച്ചു പ്രചരിപ്പിക്കുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി സമ്മേളനം വമ്പിച്ച കലാസാംസ്‌കാരിക പരിപാടികളോടെ ന്യൂജേഴ്‌സി അറ്റ്‌ലാന്റിക് സിറ്റിയിൽ സമാപിച്ചു.
കെ.എച്ച്.എൻ.എ. എന്ന യാഗാശ്വത്തെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കേണ്ട നേതൃത്വത്തെ കണ്ടെത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായപ്പോൾ പ്രവാസികളിൽ രണ്ടാം തലമുറയും പിന്നിട്ടു മൂന്നാം നിരയിലുള്ള യുവത്വത്തിന്റെ പ്രസരിപ്പുള്ള ഒരു നവ നിര എഴുപതു ശതമാനത്തോളം ജനപിന്തുണയോടെ അഭിമാന വിജയം കൈവരിച്ചു. അനുദിനം നവീകരണത്തിന് വിധേയമാകുന്ന ഹൈന്ദവ ധർമ്മത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും പ്രതീക്ഷയും പുതുതലമുറയെ ഏൽപ്പിച്ചതിലൂടെ അമേരിക്കയിലുള്ള ആബാലവൃദ്ധം മലയാളി ഹിന്ദുക്കളെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുക എന്ന ദൗത്യമാണ് അവരിൽ നിക്ഷിപ്തമാകുന്നത്.
പ്രാദേശികവും ജാതീയവുമായ വിവേചനങ്ങൾക്കതീതമായി ഹിന്ദു സമൂഹത്തെ നയിക്കാനുള്ള നിയോഗം ഏറ്റെടുത്തിരിക്കുന്നത് അമേരിക്കൻ മലയാളി നേതൃനിരയിൽ സുപരിചിതനായ ഫ്‌ളോറിഡയിൽ നിന്നുള്ള ടി. ഉണ്ണികൃഷ്ണനാണ്. അവധാനതയോടെയുള്ള ഇടപെടലുകളും സൗമ്യമായ പെരുമാറ്റവും കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കി പ്രസിഡന്റ് പദവിലെത്തിയ അദ്ദേഹം ഇൻഡോ അമേരിക്കൻ യുവാക്കളിൽ അവർ ആർജ്ജിച്ചെടുത്ത സാങ്കേതിക മികവിനോടൊപ്പം ഭാരതീയ മൂല്യ സങ്കല്പങ്ങൾ സന്നിവേശിപ്പിക്കുന്ന ഒരു സമഗ്ര പദ്ധതി വിഭാവനം ചെയ്യുന്നതായി സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധമായി വ്യക്തമാക്കിയിരുന്നു.
സംഘടനാ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കാൻ നിയുക്തയായ സെക്രട്ടറി സിനു നായർ സ്ത്രീ ശക്തിയുടെ വിനീത സാന്നിധ്യവും പൊതു പ്രവർത്തന രംഗത്തെ മഹനീയ മാതൃകയും കെ.എച്ച്.എൻ.എ. യുടെ ആദ്യ വനിത സെക്രട്ടറിയും.
വിശ്വസ്തതയും സുതാര്യതയും ഉറപ്പുവരുത്തുന്ന ഫിനാൻസ് മാനേജ്മന്റ് ഏതൊരു സംഘടനയുടെയും അനിവാര്യതയാണ്. അക്കാര്യം തിരിച്ചറിഞ്ഞ ജനവിധിയിലൂടെ ട്രഷറർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഒർലാണ്ടോയിലെ അറിയപ്പെടുന്ന സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് ആയ അശോക് മേനോനാണ്.
നേതൃനിരയിൽ സഹായികളായി വൈസ് പ്രസിഡന്റായി ന്യൂജേഴ്‌സി ഹിന്ദു കൂട്ടായ്മയുടെ അമരക്കാരനായ സഞ്ജീവ് കുമാറും, ജോയിന്റ് സെക്രട്ടറിയായി സൗത്ത് ഫ്‌ളോറിഡ ഹിന്ദു അസോസിയേഷൻ പ്രസിഡന്റായിരുന്ന ശ്രീകുമാർ ഹരിലാലും, ജോയിന്റ് ട്രഷററായി ദേശീയ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായ അപ്പുകുട്ടൻ പിള്ളയും വൻ ഭൂരിപക്ഷത്തിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണന്റെ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സാധാരണ മത്സര രംഗത്തുണ്ടാകുന്ന വീറും വാശിയും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിസ്മരിക്കപ്പെടുകയും ഒരേ കുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒത്തൊരുമയോടെ മുന്നോട്ടു പോകുന്നതുമാണ് പതിവ്. എന്നാൽ അത്തരത്തിലുള്ള ഏതെങ്കിലും മുറിവുകൾ അവശേഷിക്കുന്നുവെങ്കിൽ സാന്ത്വന സ്പർശവുമായി അതൊക്കെ പരിഹരിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം സംഘടനയുടെ ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുകയും സംഘടനയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതുമായ ട്രസ്റ്റി ബോർഡിനാണ്.
സംഘടനാപരമായി ഭാരിച്ച ചുമതലകൾ നിർവഹിക്കാനുള്ള ട്രസ്റ്റി ബോർഡിന്റെ അധ്യക്ഷ പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ന്യൂയോർക്കിലെ ഹൈന്ദവ സംഘടനാ രംഗത്ത് ദീർഘകാല പരിചയ സമ്പത്തും നിലവിൽ ട്രസ്റ്റി ബോർഡ് അംഗവുമായ വനജ നായരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മാതൃസഹജമായ സമീപനത്തോടെ സംഘടനക്കുള്ളിലെ നിസ്സാര തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ചു മുന്നോട്ടുപോകാൻ വനജ നായർക്ക് കഴിയുമെന്ന അംഗങ്ങളുടെ വിശ്വാസം അവർ നേടിയ ചരിത്ര ഭൂരിപക്ഷം സാക്ഷ്യപ്പെടുത്തുന്നു.
വരവ് ചെലവ് കണക്കുകളുടെ ഓഡിറ്റിംഗ് സംഘടനയുടെ തെരഞ്ഞെടുപ്പ് അധികാരകൈമാറ്റം തുടങ്ങി വിവിധ ചുമതലകൾ നിർവഹിക്കാനുള്ള ട്രസ്റ്റി ബോർഡിന്റെ സെക്രട്ടറിയായി വിജയിച്ചത് കെ.എച്ച്.എൻ.എ. യുടെ ദീർഘകാല സഹയാത്രികനും മുൻ ജനറൽ സെക്രട്ടറിയും അമേരിക്കൻ ഔഷധ നിർമ്മാണ രംഗത്തെ ഗവേഷകനും സംരംഭകനുമായ ഡോ: സുധിർ പ്രയാഗയാണ്.
ട്രസ്റ്റി ബോർഡിലേക്കെത്തിയ മറ്റ് അംഗങ്ങൾ അരവിന്ദ് പിള്ള(ഷിക്കാഗോ), രതീഷ് നായർ (മെരിലാൻഡ്), ഗോവിന്ദൻകുട്ടി നായർ (കാലിഫോർണിയ), സതീഷ് അമ്പാടി (ഫിനിക്‌സ്), രഘുവരൻ നായർ (ന്യൂയോർക്ക്), സുരേഷ് നായർ (മിനിസോട്ട), ശ്രീജിത്ത് ശ്രീനിവാസൻ (ഫിനിക്‌സ്), മധു ചെറിയേടത്തു (ന്യൂജേഴ്‌സി), സനിൽ ഗോപിനാഥ് (ഡി.സി), സത്യജിത് നായർ (ടെക്‌സാസ്), തങ്കം അരവിന്ദ് (ന്യൂജേഴ്‌സി), ബിജു പിള്ള (ടെക്‌സാസ്), ബാബുരാജ് ധരൻ (കാലിഫോർണിയ).
ഡയറക്ട് ബോർഡിലേക്ക് വിജയിച്ചവർ പ്രസന്നൻ പിള്ള (ഷിക്കാഗോ), രമണി പിള്ള (ഹ്യൂസ്റ്റൺ), സുജിത്കുമാർ അച്യുതൻ (ഫ്‌ളോറിഡ), രഞ്ജിത്ത് പിള്ള (ന്യൂജേഴ്‌സി), സുനിൽ പൈൻഗോൾ
(ഡിട്രോയിറ്റ്), ഗോപൻ നായർ (ഫ്‌ളോറിഡ), രാധാകൃഷ്ണൻ നായർ (ഷിക്കാഗോ), രവീന്ദ്രൻ നായർ (ഹ്യൂസ്റ്റൺ), വീണ പിള്ള (കണക്ടികട്), അനിത മധു (ടെക്‌സാസ്), അനഘ വാര്യർ (ഫ്‌ളോറിഡ), ജിഷ്ണുറാം നായർ (ഇല്ലിനോയിസ്), അരവിന്ദ് കണ്ണൻ (ന്യൂജേഴ്‌സി), കല ഷാഹി (ഡി.സി), അഭിലാഷ് ജയചന്ദ്രൻ (യൂത്ത് പ്രതിനിധി - ന്യൂയോർക്ക്), ഡോ: നിഷ പിള്ള (ന്യൂയോർക്ക്,എക്‌സ് ഒഫീഷ്യയോ).
സംഘടനാ തർക്കങ്ങളുടെ പരിഹാര വേദിയായ എത്തിക്‌സ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻ ട്രസ്റ്റി ചെയർമാനും, സെക്രട്ടറിയും മലയാളി ദേശീയ സംഘടനകളിലെ നിറസാന്നിധ്യവുമായ സുധ കർത്താ (ഫിലാഡൽഫിയ), മുൻ ട്രഷററും വിവിധ പ്രൊഫഷണൽ സംഘങ്ങളിൽ നേതൃപദവികൾ അലങ്കരിച്ചയാളും ട്രസ്റ്ററി മെമ്പറുമായിരുന്ന ഗോപാലൻ നായർ (ഫിനിക്‌സ്), മുൻ പ്രസിഡന്റായിരുന്ന രാമദാസ് പിള്ള (കാലിഫോർണിയ) എന്നിവരും വിജയം വരിച്ചു.
ധർമ്മ പ്രചാരണ രംഗങ്ങളിലും യുവജന സമുദ്ധാരണ സംരംഭങ്ങളിലും വയോധിക സംരക്ഷണ പദ്ധതികളിലും ഇതര ഭാരതീയ സംഘടനകളുമായി കൈകോർത്തുകൊണ്ടു കെ.എച്ച്.എൻ.എ. യുടെ കർമ്മ പരിപാടികൾ പുനർക്രമീകരിക്കുക എന്നതായിരിക്കും പുതിയ ടീമിന്റെ ലക്ഷ്യമെന്ന് നിയുക്ത പ്രസിഡന്റ് ഉണ്ണികൃഷ്ണനും സെക്രട്ടറി സിനു നായരും ട്രസ്റ്റി ചെയർ പേഴ്‌സൺ വനജ നായരും കാലാവധി പൂർത്തിയാക്കിയ പ്രസിഡന്റ് ഡോ: നിഷ പിള്ളയിൽ നിന്നും പതാക ഏറ്റുവാങ്ങിക്കൊണ്ട് സംയുക്തമായി പ്രസ്താവിച്ചു.
സുരേന്ദ്രൻ നായർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്