കുമ്മാട്ടി...........

AUGUST 30, 2025, 12:46 AM

കുമ്മാട്ടി മുഖങ്ങൾ മിനുക്കിവെയ്ക്കുന്ന കുമ്മാട്ടി സംഘത്തെ കുറിച്ചുള്ള റിപ്പോർട്ട്. അതിലെ ചിത്രങ്ങൾ വർഷങ്ങൾക്കിപ്പുറം, എന്നെ ഓർമിപ്പിച്ച ഒരു കുമ്മാട്ടി കഥ.

കുമ്മാട്ടികൾ, ഓണത്തപ്പന്റെ കൂടെ വിട്ട ശിവന്റെ ഭൂതഗണങ്ങൾ എന്ന് ഐതിഹ്യം. തൃശൂരിലെ ചില ഗ്രാമങ്ങളിൽ ഓണക്കാലത്തു കുമ്മാട്ടി കളിച്ചിരുന്നു.

കൊയ്ത്തും മെതിയും കഴിഞ്ഞ് നെൽകറ്റയൊഴിഞ്ഞ മുറ്റവും നിറയുന്ന അറയും ഓണനാളുകളിൽ സമൃദ്ധി നൽകിയിരുന്ന മലയാളിയുടെ ഓണക്കാലം. പുല്ലിലും പൂക്കൾ വിരിയുന്ന കാലം, തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും തൊടി നിറയും. ചെമ്പരത്തിയും തെച്ചിയും കാശിത്തുമ്പയും മന്ദാരവും രാജമല്ലിയും പവിഴമല്ലിയും അതിരിടുന്ന ഇല്ലിമുളവേലികളും മണം പരത്തി, മുല്ലയും പിച്ചകവും പടരുന്ന മരങ്ങളും തൊടിയിൽ പാറുന്ന ഓണത്തുമ്പികളും ഓണാവധിയിൽ ഊഞ്ഞാലാടിയും മുറ്റത്തും തൊടിയിലും ഓടിക്കളിച്ചു രസിക്കുന്ന കുട്ടികളും ആ കാലഘട്ടത്തിന്റെ നേർചിത്രം.

vachakam
vachakam
vachakam

കുമ്മാട്ടികളുടെ ഐതിഹ്യം അറിഞ്ഞിട്ടൊന്നുമല്ല. ഓണാഘോഷത്തിനു പോക്കറ്റ് മണി ഉണ്ടാക്കാൻ കുമ്മാട്ടി കളിക്കുന്ന നിർധനരായ കുട്ടികൾ ഞങ്ങളുടെ ഗ്രാമത്തിലും അന്നുണ്ടായിരുന്നു. ഓണത്തിന് അടുത്തുള്ള ടാക്കീസിൽ ഒരു പടം കാണുക, ഇടവേളയിൽ കൊറിക്കാൻ ഒരു പൊതി കപ്പലണ്ടി, ഇതിനുള്ള പൈസ കണ്ടെത്തലാണ് ലക്ഷ്യം. പഠനം ഒരു വിഷയമേയല്ലവർക്ക്. ഒരു ചടങ്ങിനായി സ്‌കൂളിൽ പോകുക. പല കൊല്ലങ്ങൾ തോൽക്കുക. എല്ലു മൂക്കുമ്പോൾ കൂലിപ്പണിക്കു പോകുക. ഇതാണ് ക്രോണോളജി.

അവർക്കു ഓണത്തിന് കുമ്മാട്ടികളി, പുലികളി ഇവയൊക്കെ വട്ടചിലവിന് തുക കണ്ടെത്താൻ ഉള്ള മാർഗ്ഗങ്ങളായിരുന്നു. സ്വന്തമായി സമ്പാദിക്കാനും ചിലവാക്കാനും വളരെ നേരത്തെ തന്നെയവർ പഠിച്ചു കഴിയും. നമ്മളെ പുസ്തകം ശാസ്ത്രവും ഭാഷയും ചരിത്രവും പഠിപ്പിക്കും. ഇവരെ ജീവിതം പഠിപ്പിക്കും. ചുരുക്കത്തിൽ, അവർ നമ്മളെക്കാൾ മുൻപ് 'ലൈഫ് സ്‌കിൽസ് ' പഠിക്കും. അതിനു ടീച്ചറും കോച്ചിങ്ങും ഓൺലൈൻ ആപ്പും ഒന്നും വേണ്ട.

ഞങ്ങളുടെ അടുത്ത വീട്ടിലെ ഒരു കുട്ടിയും, അവന്റെ കൂട്ടുകാരും കുമ്മാട്ടി കളിക്കാൻ കോപ്പു കൂട്ടി. അവർ കുമ്മാട്ടിക്കളിയുടെ പാട്ടു പഠിച്ചു.

vachakam
vachakam
vachakam

തലേദിവസം അവൻ വീട്ടിൽ വന്നു. ഞങ്ങൾ വീട്ടുമുറ്റത്തു കളം വരച്ചു, തുട്ട് കളങ്ങളിൽ തട്ടിത്തെറിപ്പിക്കുന്ന ഇട്ടായി (വട്ടുക്കളി) കളിക്കുകയാണ്.

'നീയ്യ്... കളിക്കാൻ വരണില്ലേ?', ഞാൻ ചോദിച്ചു.
'ഏയ്... ഇല്ല, കൊറെ പണീണ്ട്. നാളെ ഞങ്ങള് കുമ്മാട്ട്യായി വരും, എന്താ തര്വാ?', എന്റെ നേർക്ക് ചോദ്യമെറിഞ്ഞു.

ഒറ്റക്കാലിൽ ഞൊണ്ടി തുട്ട് തട്ടിത്തെറിപ്പിക്കുന്ന ഞാൻ, കാൽ നിവർത്തി നേരെ നിന്നു. ഞാനൊരു നമ്പർ ആലോചിക്കും മുൻപ്, അവനിങ്ങോട്ടിട്ടു.
'രണ്ടു ഉറുപ്പിയ തര്വോ?
പിന്നെ രണ്ടു നേന്ത്രപ്പഴം, കായവറുത്തതും. '

vachakam
vachakam
vachakam

'ങേ... രണ്ടു ഉറുപ്പിയോ?', അവന്റെ ഡിമാൻഡ് കേട്ടു എന്റെ കണ്ണുത്തള്ളി. ഒരു നാലാം ക്ലാസ്‌കാരിക്കു അന്നു കാലത്ത്, അതു വളരെ വലിയ തുകയാണ്.
'മുഖമൂടിം ചെണ്ടയും കോലും വാങ്ങണ്ടെ?, നിനക്ക് ഒന്നും അറീല്യ', ഞാൻ പൂവ്വാ, നിക്ക് കുമ്മാട്ടിപ്പുല്ലു പറിക്കണം', അവൻ ധൃതി കൂട്ടി, കളത്തിൽ കിടക്കുന്ന തുട്ട് ഊക്കിൽ തട്ടിത്തെറുപ്പിച്ച് അവൻ ശക്തി തെളിയിച്ചു.

എന്നെയൊരു മരമണ്ടിയാക്കിയത് എനിക്കത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും സ്‌കൂളിലെ കേട്ടെഴുത്തിന് സ്ലേറ്റിൽ ദിവസവും 'മൊട്ട ' വാങ്ങിക്കുന്ന അവന്റെ അറിവുകൾ, പ്ലാനിങ്ങ് ഇവയൊക്കെ കേട്ട് ഞാൻ ഒന്നുകൂടി അപ്‌ഡേറ്റ് ആകേണ്ടതുണ്ടെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.

'നീ മാത്രല്ലാ... വേറെ കുട്ടികളൊക്കെ വരില്ലേ? എല്ലാവർക്കും കാശു കൊടുക്കണം. പിന്നെ നേന്ത്രപഴവും കായവറുത്തുപ്പേരിയും അമ്മ തരും. '
'കാശു അത്ര പറ്റില്ല. ഒരു അമ്പതു പൈസ തരാം, ഞാൻ പറഞ്ഞു.
'ഔ, നീയത് ഒരുറുപ്പിക ആക്കടീ...', ഞാൻ ആലോചിച്ചു, ഡീൽ ആക്കും മുമ്പെ അവൻ
കൂട്ടുകാരോടൊപ്പം, ദേഹത്തു വെച്ചുക്കെട്ടുന്ന പച്ചപർപ്പടകപ്പുല്ലു പറിക്കാൻ ഓടിക്കളഞ്ഞു.

അന്നും രാത്രിയിൽ, പതിവുപ്പോലെ അച്ഛനോടു പകൽവിശേഷങ്ങൾ മുഴുവൻ പറഞ്ഞുകേൾപ്പിച്ചു. അടുത്ത വീട്ടിലെ കുട്ടിയും കൂട്ടുകാരും നാളെ കുമ്മാട്ടി കളിക്കുമെന്നും അവർക്ക് മറ്റുള്ളവരെക്കാൾ കുറച്ചു പൈസ കൂടുതൽ കൊടുക്കണം എന്നും പറഞ്ഞുവെച്ചു. പതിവ് ചെറുചിരിയോടെ എന്റെ അച്ഛൻ കേട്ടുനിന്നു. എന്റെ സന്തോഷത്തിനു കൂടെ ചേർന്നു. കുറച്ചു ചില്ലറ പൈസ കയ്യിൽ തന്നു. അതു ഉമ്മറത്തെ ചെറുത്തിണ്ണമേൽ പരത്തിവെച്ചു, ഞാനെണ്ണി തരം തിരിച്ചു. ഒരു വലിയ കാര്യം ചെയ്ത ഗൗരവത്തിൽ നടന്നു. ഒരു വേൾഡ് ബാങ്ക് സി.ഇ.ഒ യെ വെല്ലുവിളിക്കുന്ന മുഖഭാവം അപ്പോൾ എനിക്ക് ഉണ്ട്‌ട്ടോ.

കുമ്മാട്ടി വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞു. വൈകിയും ഞങ്ങൾ അക്ഷമരായി കാത്തിരുന്നു. എന്റെ കൈച്ചുരുളിൽ ചില്ലറപ്പൈസ ഭദ്രമായി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്.

ഗേറ്റിൽ നിന്നും നീളൻ നടപ്പാതയുടെ അറ്റത്ത് തുറക്കുന്ന തുറസ്സായ മുറ്റവും മുറ്റത്തേയ്ക്ക് നീളൻ ചവിട്ടുപ്പടികളുമുള്ള വീടായതുകൊണ്ട് ഞങ്ങളുടെ മുറ്റത്തു പിള്ളേർ സെറ്റ് മുഴുവൻ ഒത്തുകൂടി. റെഡ് ഓക്‌സൈഡ്‌ന്റെ മങ്ങിയ ചുവപ്പുപ്പടികളിൽ ഗാലറിയിൽ ഇരിക്കുന്നപ്പോലെ ഞങ്ങൾ കുട്ടികളിരുന്നു. മുറ്റത്ത് ചൂടു കുറഞ്ഞ ഓണവെയിൽ പരന്നു. ഓണക്കോടിയുടെ പുതുമണം പരസ്പരം ഉടുപ്പുകൾ മണത്തു ആസ്വദിച്ചു.

ദൂരെ നിന്ന് ചെണ്ടയുടെ താളം വഴികൾ താണ്ടി കടന്നുവന്നു.
'ദാ.. വരുന്നുണ്ട് ', ഞങ്ങളിൽ ആവേശം തിരത്തല്ലി. കളിക്കാർ മുറ്റത്തു വന്നു നിരന്നു. ഓണാഘോഷം ഓരോ അണുവിലും തുടിച്ചു. ചെണ്ട ഉറക്കെയുറക്കെ കൊട്ടിത്തുടങ്ങി.

കുമ്മാട്ടി, ദേഹം നിറയെ പച്ചപ്പുല്ല് കൊണ്ടു പൊതിഞ്ഞിട്ടുണ്ട്. കുമ്മാട്ടിപ്പുല്ലിന്റെ കടുത്ത പച്ചനിറത്തിൽ ഓണാഘോഷം നിറഞ്ഞുതൂവി. ഇത്രയും ഓർഗാനിക്കായ ഒരു നിറവും ആഘോഷവും പിന്നെ മറ്റൊരിക്കലും കണ്ടിട്ടില്ല.  

കുമ്മാട്ടി മുഖമൂടിയായി, കട്ടി ചട്ടപേപ്പറിൽ കരി കോറിയും മറ്റു കടും നിറങ്ങൾ തേച്ചുപ്പിടിപ്പിച്ചും നല്ലൊരു ഭൂതത്തിന്റെ മുഖരൂപത്തിലാക്കിയിട്ടുണ്ട്. സ്ഥിരമായി കാണാത്ത മുഖങ്ങളെല്ലാം ദേവകൾക്കും അസുരന്മാർക്കും ഭൂതങ്ങൾക്കും പ്രേതങ്ങൾക്കും പതിച്ചു കൊടുത്തിട്ടുള്ള ഞങ്ങൾ കുട്ടികൾക്ക് അതൊരു മികച്ച കുമ്മാട്ടിമുഖം തന്നെയെന്നതിൽ തർക്കമില്ല.

മുഖത്തു വെച്ചുക്കെട്ടിയ മുഖമൂടിയുടെ അയഞ്ഞു തൂങ്ങുന്ന ചരടുകൾ വലിച്ചു മുറുക്കി, കണ്ണിന്റെ ദ്വാരം കൃത്യമാക്കി കാഴ്ചയ്ക്ക്, കുമ്മാട്ടി നന്നായി തത്രപ്പെടുന്നുണ്ട്.

കൈയിൽ, ചുവന്ന ചായം തേച്ച രണ്ടു നീണ്ട വടികൾ പിടിച്ചിട്ടുണ്ട്. അതുയർത്തി തട്ടിയാണ് കളിക്കുക. ശരീരം മുഴുവൻ വെച്ചുക്കെട്ടിയ പുല്ലു ചൊറിഞ്ഞു കുമ്മാട്ടി എരിപ്പൊരി കൊള്ളുന്നുമുണ്ട്.

ദയാലുവായ കുമ്മാട്ടിയുടെ പല അമാനുഷിക കഴിവുകളും കൂട്ടത്തിലുള്ള കുട്ടികൾ ഈണത്തിൽ പാടും. അതിന് താളത്തിൽ ചുവടുവെച്ചു വടികൾ കൂട്ടിത്തട്ടി കുമ്മാട്ടി കളിക്കും.

പാട്ടിന്റെ ചില വരികൾ ഇങ്ങനെ.
'തള്ളേ, തള്ളേ എങ്ങോട്ട് പോണു?'
'ഭരണിക്കാവിൽ നെല്ലിന് പോണു.'

'അവിടത്തെ തമ്പ്രാൻ എന്തു പറഞ്ഞു?'
'തമ്പ്രാൻ അപ്പോൾ തല്ലാൻ വന്നു, കുത്താൻ വന്നു.'
പാട്ടിന്റെ വരികളിൽ, സമൂഹത്തിലെ അനീതികൾ വിവരിക്കുന്നുണ്ട്.

'കൈതയെനിക്കൊരു പൂവും തന്നു.'
'പൂ കൊണ്ടോയ്...പശൂന് കൊടുത്തു.'
'പശുവെനിക്കു പാലും തന്നു ', എന്നു തുടങ്ങി, പ്രകൃതിസ്‌നേഹവും മൃഗസ്‌നേഹവും വരികളിൽ നിറഞ്ഞുതുളുമ്പും.

'കുണ്ടൻ കിണറ്റിൽ കുറുവടി വീണാൽ കുമ്പിട്ടെടുക്കും കുമ്മാട്ടി.'
'മാനത്തു നിൽക്കണ വാളൻപുളിങ്ങ എത്തിച്ചു പൊട്ടിക്കും കുമ്മാട്ടി'.

'അമ്പോ..ഈ കുമ്മാട്ടി ചില്ലറക്കാരൻ അല്ലാട്ടോ.'
കുമ്മാട്ടിയുടെ കഴിവുകൾ കേട്ടു, ഞങ്ങൾ കുമ്മാട്ടി ആരാധകരായി മാറിക്കൊണ്ടിരിക്കുന്നു.

കളി മുന്നോട്ടു പോകും തോറും താളം മുറുകും. എല്ലാവരും കൈയടിച്ചും തലയാട്ടിയും കളിക്കാരെ പ്രോത്‌സാഹിപ്പിക്കുന്നു.

പെട്ടെന്നു കുമ്മാട്ടിയുടെ മുഖത്തു ആകെയൊരു പരിഭ്രമം ഇരച്ചുക്കയറി. കുമ്മാട്ടിയുടെ പരവേശം കണ്ട്,  ഇതെന്തു പറ്റി?, ഞങ്ങൾ പരസ്പരം ചോദിച്ചു. അവൻ എങ്ങനെയോ വേഗത്തിൽ കളി തീർത്തു.

കുമ്മാട്ടിയുടെ അമ്മ, അവന്റെ കൈയിലുള്ള വടിയേക്കാൾ വലിയ വടിയുമായി എന്റെ വീടിന്റെ ഇടതുവശം മറഞ്ഞു നിന്നിരുന്നു. എതിർവശം തിരിഞ്ഞു ഇരിക്കുന്ന ഞങ്ങൾ അവരെ കണ്ടിരുന്നില്ല. ഞങ്ങളുടെ നേരെ നോക്കി കളിക്കുന്ന കുമ്മാട്ടി, തന്റെ അമ്മയുടെ കൈയിലെ വടി കണ്ട നേരമാണ് കളിയുടെ ഗതി മാറിയത്.

കളി കഴിഞ്ഞയുടനെ, അവന്റെ അമ്മ വടിയുമായി മുറ്റത്തേക്ക് ചാടി വീണു.
'നിന്നെ ഞാൻ...രാവിലെ വീട്ടീന്ന് പോയതാ, അവൻ തെണ്ടി നടക്ക്വാ, നീ വീട്ടിലേക്കു വാ.' അവന്റെയമ്മ കൈയിലെ വടി തലങ്ങും, വിലങ്ങും ആഞ്ഞുവീശി, അസ്സൽ ചുട്ടപെട തുടങ്ങി.
'അയ്യോ... പാവം',  ഞങ്ങളുടെ കണ്ണുനിറഞ്ഞു.

'സാരല്യ, പിള്ളേർ അല്ലേ?
അവനെ തല്ലേണ്ട, ചേട്ടത്തി.' എന്റെയമ്മ ഇടപ്പെട്ടു, വടി പിടിച്ചു വാങ്ങി, വെള്ളക്കൊടി വീശി രംഗം തണുപ്പിച്ചു. അവർ അടി നിർത്തി.

ഈ തക്കം നോക്കി, കുമ്മാട്ടി ചാടി, ജീവനും കൊണ്ടോടി, മുറ്റം കടന്നു, ഗേറ്റു കടന്നു റോഡിലേക്ക് കുതിച്ചു.
ചെണ്ടക്കാരൻ കുട്ടികൾ പിന്നാലെ പാഞ്ഞു. പോകുന്ന പോക്കിൽ കുമ്മാട്ടി വിളിച്ചുപ്പറഞ്ഞു.

'കാശു വാങ്ങിച്ചോട്ടോ... പിന്നെ പഴോം, ഉപ്പേരീം. '
കുമ്മാട്ടിയുടെ പിറകെ പേടിച്ചോടിയ ചെണ്ടക്കാർ തിരിച്ചു വന്നു. കാശും പഴവും കായുപ്പേരി കടലാസ്സിൽ പൊതിഞ്ഞതും കൈപ്പറ്റി, ഊർന്നിറങ്ങുന്ന പഴയ നിക്കർ വലിച്ചു കയറ്റി. അവരുടെ കണ്ണുകൾ തിളങ്ങി.

കളിയുടെ രസവും സസ്‌പെൻസും നാടകീയാന്ത്യവും ഞങ്ങൾ കൂട്ടുകാർ പറഞ്ഞു ചിരിച്ചു.
പിറ്റേ ദിവസം അവൻ കളിക്കാൻ വന്നപ്പോൾ ഞങ്ങൾ ചോദിച്ചു.
'നിനക്കിന്നലെ ശരിക്കു അടി കിട്ടി...ല്ലെ?'
'എന്നാലെന്താ...? ഇതൊന്നു എണ്ണി തര്വോ?', ചില്ലറ തൂങ്ങുന്ന പോക്കറ്റിൽ പിടിച്ചു, ഒരു കിഴിയാക്കി, ഞങ്ങളെ കാണിച്ചവൻ ചോദിച്ചു. കിഴിയുടെ വലിപ്പം കണ്ടു പിള്ളേർ സംഘം വാ പൊളിച്ചു.

'ആ... വരൂന്ന്, നമുക്ക് കാശെണ്ണാം.' ഉത്സാഹത്തോടെ ചവിട്ടുപ്പടികൾ ഓടിക്കയറി ഞങ്ങൾ ഇറയത്തെത്തി.

ഉമ്മറത്തെ സിമന്റു തിണ്ണയിൽ നിരത്തി. നാണയങ്ങൾ തിളങ്ങി കിലുകിലാരവം മുഴക്കി. ഞാൻ നാണയങ്ങൾ പെറുക്കിയെണ്ണി.

' ങ്ഹാ... ഏഴര ഉറുപ്പിക, കൊള്ളാലോ', അഭിനന്ദനം ഒഴുകി. ഞങ്ങളവനെ വലിയ സംരഭകൻ              (enterpreneur) എന്ന മട്ടിൽ ആരാധനയോടെ നോക്കി. ഞാൻ കണ്ട ആദ്യ സംരംഭകൻ, ഞാനറിഞ്ഞഅതിജീവനത്തിന്റെ ആദ്യപാഠം.

ജോയ്‌സ് വർഗീസ്, കാനഡ)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam