ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) യുടെ 2026-27
വർഷങ്ങളിലേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. രാജു പള്ളത്ത് (ന്യൂജേഴ്‌സി) ആയിരിക്കും അടുത്ത രണ്ടു വർഷങ്ങളിൽ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുക. അനിൽ ആറന്മുള (ഹൂസ്റ്റൺ) ജനറൽ സെക്രട്ടറി, ജയൻ ജോസഫ് (ന്യൂജേഴ്‌സി) ട്രഷറർ, അനിൽ ജേക്കബ് മറ്റത്തിക്കുന്നേൽ (ഷിക്കാഗോ), വൈസ് പ്രസിഡന്റ്, ഡോ. സിമി ജെസ്റ്റോ (ഷിക്കാഗോ), ജോയിന്റ് സെക്രട്ടറി കവിത മേനോൻ (കാനഡ), ജോയിന്റ് ട്രഷറർ എന്നിവരായിരിക്കും മറ്റു ഭാരവാഹികൾ.
ഡിസംബർ ഇരുപത്തിയാറിനു ചേർന്ന അഡൈ്വസറി ബോർഡാണ് പുതിയ ഭരണ സമിതിക്കു രൂപം നൽകിയത്. മുൻ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ അഡൈ്വസറി ബോർഡ് ചെയർമാൻ മുൻ സെക്രട്ടറി ഷിജോ പൗലോസ് പ്രസിഡന്റ് ഇലെക്ട് എന്നീ പദവികൾ വഹിക്കും.
ഇന്ത്യ പ്രസ് ക്ലബ്ബിന്റെ രൂപീകരണം മുതൽ സജീവ അംഗമായ രാജു പള്ളത്ത് ന്യൂയോർക്ക് ചാപ്റ്ററിന്റെ മുൻ സെക്രട്ടറി, മുൻ ദേശീയ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രസിഡന്റ് ഇലെക്ട് ആയി പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ നാൽപ്പതു വർഷമായി ന്യൂജേഴ്‌സിയിൽ താമസിക്കുന്ന രാജു പള്ളത്ത് ഏഷ്യാനെറ്റ് ടീവി പ്രൊഡക്ഷനിലൂടെയാണ് മാധ്യമരംഗത്തെത്തുന്നത്. പാനാസോണിക് കമ്പനിയുടെ സർവീസ് എഞ്ചിനീയർ ആയിരുന്ന രാജു സിംഗപ്പൂരിൽ നിന്നുമാണ് അമേരിക്കയിലെത്തിയത്.
അമേരിക്കയിൽ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ഏഷ്യാനെറ്റ് ജനപ്രിയ പരിപാടിയായിരുന്ന യൂഎസ് വീക്കിലി റൗണ്ട് അപ്പിന്റെ പ്രോഗ്രാം ഡയറക്ടറും പ്രൊഡ്യൂസറും ആയി വിജയകരമായി പ്രവർത്തിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിൽ പ്രക്ഷേപണം ചെയ്തിരുന്ന അമേരിക്കൻ കാഴ്ചകൾ, അമേരിക്കൻ കിച്ചൻ മുതൽ നാലു സെഗ്‌മെന്റുകളുടെ പ്രൊഡ്യൂസറായിരുന്നു രാജു. ഇപ്പോൾ ഡിഷ് നെറ്റ്‌വർക്ക്, സ്ലിങ് ടീവി എന്നിവയുടെ നാഷണൽ റീട്ടെയ്‌ലർ ആണ്.
ന്യൂജേഴ്‌സിയിലെ സാംസ്‌കാരിക സംഘടനയായ 'കാഞ്ച് 'ന്റെ അഡൈ്വസറി ബോർഡ് മെംബറായും പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയാണ് സ്വദേശം.
ജനറൽ സെക്രട്ടറി അനിൽ ആറന്മുള 2010 മുതൽ ഇൻഡ്യാ പ്രസ് ക്ലബിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഐ.പി.സി.എൻ.എ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹൂസ്റ്റൻ ചാപ്റ്റർ രൂപീപകരണത്തിന് മുൻകയ്യെടുത്തവരിൽ ഒരാളാണ്. ചാപ്റ്ററിന്റെ ആദ്യ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
39 വർഷമായി ഹൂസ്റ്റനിൽ താമസിക്കുന്ന അനിൽ 1990 മുതൽ 'മലയാളംപത്ര'ത്തിലൂടെ അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതനാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ മുൻ പ്രസിഡന്റ്, കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
നേർകാഴ്ച ന്യൂസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്. ഹൂസ്റ്റനിലെ പ്രശസ്തമായ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ സ്ഥാപകരിൽ ഒരാളും മുൻ പ്രസിഡന്റുമാണ് അനിൽ ആറൻമുള.
ട്രഷറർ ജയൻ ജോസഫ് കഴിഞ്ഞ 22 വർഷമായി ന്യൂജേഴ്‌സിയിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ്. കഴിഞ്ഞ ഇരുപതു വർഷത്തിലധികമായി അമേരിക്കൻ ഐടി മേഖലയിൽ തന്റെ പ്രാഗൽഭ്യം തളിയിച്ച ജയൻ മുപ്പത്തിയഞ്ചു വർഷത്തിലധികമായി ന്യൂജേർസിയിലാണ്. തന്റെ സാങ്കേതിക പരിജ്ഞാനത്തിനുമപ്പുറം തികഞ്ഞ ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് ജയൻ.
കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാഞ്ച്)യുടെ പ്രസിഡന്റ് ട്രസ്റ്റീ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള ജയൻ 1990കളിൽ തന്റെ സ്‌കൂൾ വിദ്യാഭ്യാസകാത്ത് അമേരിക്കയിലേക്ക് കുടിയേറിയതാണ്. മൂന്ന് വർഷങ്ങളായി 24USA ന്യൂസ് ടീമിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ജയൻ നൂറിലധികം സ്റ്റോറികൾ 24USA ക്കായി ചെയ്തുകഴിഞ്ഞു.
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനിൽ മറ്റത്തിക്കുന്നേൽ 2019 മുതൽ ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഷിക്കാഗോ ചാപ്റ്റർ അംഗമാണ്. 2006ൽ ഷിക്കാഗോയിലെത്തിയ കോട്ടയം കല്ലറ സ്വദേശിയായ അനിൽ 2008 ൽ ക്‌നാനായ വോയിസ്, കേരളവോയിസ് എന്നീ ഓൺലൈൻ പോർട്ടലുകളുടെ തുടക്കത്തിനും വളർച്ചക്കും സുപ്രധാന പങ്കു വഹിച്ചു. 2009 ൽ ഓൺലൈൻ ലൈവ് സ്ട്രീമിങ്ങിന് തുടക്കം കുറിച്ചുകൊണ്ട് മലയാളികളുടെ സാമൂഹിക പരിപാടികളുടെ ലൈവ് സ്ട്രീമിങ്ങ് സേവനങ്ങളുടെ മുൻഗാമിയായി മാറി. 2010 മുതൽ കെവി ടിവി എന്ന ഐപി ടിവി ചാനലിന്റെ തുടക്കത്തിനും സുപ്രധാന പങ്കു വഹിച്ചു.
കൈരളി ടിവിയിലൂടെ മുഖ്യധാര മീഡിയാ പ്രവർത്തനം ആരംഭിക്കുകയും 2018 മുതൽ ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ ആയി പ്രവർത്തിക്കുകയും ചെയ്തു. Broadcast Media, Digital Media & Print Media എന്നിങ്ങിനെ മാധ്യമ പ്രവർത്തനത്തിന്റെ വിവിധ മേഖലകളിലും തന്റെ കഴിവും പ്രഗൽഭ്യവും തെളിയിച്ചിട്ടുണ്ട്. ഇരുപതിൽ പരം വർഷങ്ങളായി കീബോർഡ് ആർട്ടിസ്റ്റ് ആയി സുപരിചിതനായ അദ്ദേഹം, ഈ അടുത്തകാലത്ത് ക്രിസ്തീയ ഭക്തിഗാന മേഖലയിൽ ഗാനരചയിതാവായും സംഗീത സംവിധായകനായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നേഴ്‌സിങ്ങിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള അനിൽ, യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി ഹോസ്പിറ്റലിൽ സൈക്കിയാട്രിക് ഡിപ്പാർട്ട്‌മെന്റിൽ നേഴ്‌സ് എഡ്യൂക്കേറ്റർ ആയി ജോലി ചെയ്യുന്നു.
ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പി.ആർ.ഓ, ഷിക്കാഗോ കെ.സി.എസ് ബോർഡ് മെമ്പർ, ഷിക്കാഗോ മലയാളീ അസോസിയേഷൻ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഡോ. സിമി ജെസ്റ്റോ ഏഷ്യാനെറ്റ് , ഫ്‌ളവേഴ്‌സ് ചാനലുകളിലെ ചിക്കാഗോയിൽ നിന്നുള്ള അവതാരകയായി മാധ്യമ രംഗത്ത് ചുവടുറപ്പിച്ചയാളാണ്. കൈരളി ടിവിയിലെ ഓർമ്മസ്പർശം എന്ന സംഗീത പരിപാടിയുടെ പ്രധാന ആങ്കറായി ശ്രദ്ധിക്കപ്പെട്ടതിന് ശേഷം ഏഷ്യാനെറ്റിൽ യുഎസ് വീക്കിലി റൗണ്ടപ്പിന്റെ പ്രധാന അവതാരകയായി അഞ്ചു വർഷത്തോളം പ്രവർത്തിച്ചു.
ഷിക്കാഗോയിലെ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിൽ നേഴ്‌സിങ് ഇന്നോവേഷൻ ആൻഡ് റിസേർച് സെന്റെറിന്റെ സീനിയർ സിസ്റ്റം ഡയറക്ടറായി പ്രവർത്തിക്കുന്ന ഡോ. സിമി ജെസ്റ്റോ മൂന്ന് ഫെല്ലോഷിപ്പുകളും രണ്ടു ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ആരോഗ്യ രംഗത്തെ നേതൃത്വ പാടവത്തിന് ലഭിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ അമേരിക്കൻ കോളേജ് ഓഫ് ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവ്‌സിന്റെ ഫെല്ലോഷിപ്പ് ഡോ. സിമി ജെസ്റ്റോയുടെ ഏറെ ശ്രദ്ധ്യമായ നേട്ടമാണ് ഇത് കൂടാതെ The National Academies of Practice (NAP), The American Association of Nurse Practitioners (FAANP) എന്നിവയുടെ ഫെല്ലോഷിപ്പുകൾ സിമി ജെസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്.
നഴ്‌സിങ് രംഗത്തെ കഴിവിനും നേതൃപാടവത്തിനും നിരവധി പുരസ്‌കാരങ്ങൾ സിമി ജെസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രസിഡന്റായി സേവനം ചെയ്യുന്നു.
കവിത മേനോൻ കനേഡിയൻ നിയമത്തിലും സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദമുള്ള, സാമൂഹിക പ്രവർത്തന മേഖലയിൽ 9 വർഷത്തിലേറെ പരിചയമുള്ള വ്യക്തിത്വമാണ്. രജിസ്റ്റേർഡ് സോഷ്യൽ വർക്കറായും, കപ്പിൾ കൗൺസിലിംഗിൽ വൈദഗ്ദ്ധ്യം നേടിയ സൈക്കോതെറാപ്പിസ്റ്റായും, ലൈസൻസുള്ള സാമ്പത്തിക ഉപദേഷ്ടാവായും സേവനമനുഷ്ഠിക്കുന്ന ഒരു ഡൈനാമിക് പ്രൊഫഷണലാണ് കവിത കെ മേനോൻ.
റേഡിയോ മാംഗോ, ഏഷ്യാനെറ്റ് ടിവി യുഎസ്എ, ജനംടിവി യു എസ എ എന്നിവയിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, പബ്ലിക് റിലേഷൻസ് എന്നിവയുൾപ്പെടെ ക്രോസ്മീഡിയയിൽ 15 വർഷത്തിലേറെയായി പ്രവർത്തിച്ചിട്ടുള്ള കവിത ഒരു മികച്ച വോയ്‌സ് ആർട്ടിസ്റ്റ്, നാടക പ്രേമി,എന്നിവക്കു പുറമെ പരിചയസമ്പന്നയായ എംസി കൂടിയാണ്.
2005 മുതൽ കോർപ്പറേറ്റ്, വിനോദ പരിപാടികൾ അവതരിപ്പിക്കുന്നു.
കനേഡിയൻ ഹിന്ദു ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഡയറക്ടർ ബോർഡ് അംഗവും ഡിജിറ്റൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ (ഡിപിസിഐ) വൈസ് പ്രസിഡന്റുമാണ്. ഇത് സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലുടനീളം കവിതയുടെ മികവ് തെളിയിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
