ഇതൊക്കെ എങ്ങനെ ഇങ്ങനെ....?

MARCH 26, 2026, 3:42 AM

ഞാൻ ഏറെ ആലോചിച്ചു. സത്യം പറഞ്ഞാൽ ആലോചിച്ച് വശംകെട്ടു!

ആലോചിക്കുന്നതോ വളരെ ലളിതമായ ഒരു കാര്യം : ഇതൊക്കെ എങ്ങനെ ഇങ്ങനെ ആയി?
തെരഞ്ഞെടുപ്പാണ് കാര്യം. ഒട്ടേറെ പണവും പരിശ്രമവും പെടാപ്പാടും ഉപയോഗിച്ചാണ് കാര്യം നടക്കുന്നത്. നാട് ഭരിക്കാനുള്ള ആളുകളെ തിരഞ്ഞെടുക്കുകയാണ് പൗരന്റെ ചുമതല. തെരഞ്ഞെടുക്കപ്പെടാൻ തയ്യാറായി ഒരുപാട് ആളുകൾ ഉണ്ട്. തെരഞ്ഞെടുക്കേണ്ട രീതി എന്തെന്ന് നല്ല നിശ്ചയമുണ്ട്. അതിനുള്ള സംവിധാനങ്ങളൊക്കെ കാലം കൊണ്ട് കറ തീർന്നിരിക്കുന്നു. പിന്നെ എന്താണ് വിഷമം!

അതാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത്. എവിടെയാണ് സംഗതി കുഴയുന്നത്? 
ജയിലിൽ പോകേണ്ട കുറ്റവാളികളും കമന്നുവീണാലും കാൽപ്പണം കൂലി ആവശ്യപ്പെടുന്നവരും അറ്റ കയ്യിന് ഉപ്പു തേക്കാത്തവരും സ്‌കൂളുകളിലോ കലാലയങ്ങളിലോ പോയിട്ടില്ലാത്തവരും, അക്ഷര വൈരികൾ പോലും, തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ വന്നുചേരുന്നു!

vachakam
vachakam
vachakam

നമ്മളെ ഭരിക്കാൻ ആരെ എങ്ങനെ തെരഞ്ഞെടുക്കണമെന്ന് നമുക്ക് ഇപ്പോഴും നിശ്ചയമില്ല എന്ന് തീർച്ച! എന്നാലോ, ആരും വേണ്ട, സ്വയം നന്നായി ഭരിക്കാമെന്നു വെച്ചാൽ അതിനു നമുക്ക് ഒട്ടും കഴിവും ഇല്ല.

ഒരു ജോലിക്ക് ഒരാളെ നിശ്ചയിക്കുമ്പോൾ നമുക്ക് ചില അടിസ്ഥാന ധാരണകൾ ഉണ്ട്. കൃഷിക്ക് നിശ്ചയിക്കുന്ന ആൾക്ക് കന്നു പൂട്ടാൻ അറിയണം, മാല കെട്ടാൻ പോകുന്നവർക്ക് നൂലും പൂവും തമ്മിൽ മാറി പോകരുത്, അരി വെക്കാൻ പോകുന്നവർക്ക് തിളച്ച വെള്ളം പച്ചവെള്ളത്തിൽ നിന്ന് തിരിച്ചറിയാൻ കഴിവുണ്ടാവണം, പത്രമാഫീസിൽ പണിയെടുക്കുന്നവർക്ക് അക്ഷരം അറിഞ്ഞിരിക്കണം....

പക്ഷേ, എം.എൽ.എയും മന്ത്രിയും ഒക്കെ ആകാൻ പോകുന്നവർക്ക് അക്ഷരം അറിഞ്ഞിരിക്കണം എന്ന നിയമം ഇപ്പോഴും ഇല്ല. ഇന്ത്യൻ പൗരനായ പ്രായപൂർത്തിയായ ആർക്കും ആവാം. അതിനാൽ പോലീസു മന്ത്രിക്കും മോഷ്ടാവ് ആകാൻ വിരോധമില്ല, അല്ലെങ്കിൽ മറിച്ചും!

vachakam
vachakam
vachakam

ഇപ്പോൾ എനിക്ക് തോന്നുന്ന ഒരു കാര്യം ജനാധിപത്യത്തിന്റെ നടത്തിപ്പിന് എന്തിനാണ് രാഷ്ട്രീയ കക്ഷികൾ എന്നാണ്. ഏത് കക്ഷിയും ഒരുകൂട്ടം ആളുകളാണ്. അവരുടെ നേരായ താൽപര്യങ്ങൾ അവർക്കെ അറിയൂ. പാർട്ടി ടിക്കറ്റ് പലപ്പോഴും വിൽക്കപ്പെടുന്നു! അതു വാങ്ങിയവർ അത് മുതലാക്കാൻ ആദ്യം ശ്രമിക്കും.

എത്ര ടൺ കടലാസ് ആണ്,  എത്ര അറബിക്കടൽ മഷിയും പെയിന്റുമാണ്, എത്ര ഫ്‌ളാഷ് ബോർഡുകൾ ആണ് ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി പരിസരമലിനീകരണം സൃഷ്ടിക്കുന്നത് എന്നാർക്കും അറിയില്ല! ശബ്ദമലിനീകരണമോ പറയുകയും വേണ്ട!! തുടർന്നുള്ള കച്ചവടത്തിൽ ഇതിനൊക്കെയുള്ള മുതൽമുടക്കും അതിന്റെ ലാഭവും മുതലാവണ്ടേ?

സ്വതന്ത്രനായി ഇലക്ഷന് നിന്നാൽ തോൽക്കാൻ എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. പാർട്ടി ടിക്കറ്റ് ഒരു അയോഗ്യതയാണ് എന്ന് പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷന് എന്തുകൊണ്ട് സാധിക്കുന്നില്ല? അത് കഴിയാതിരിക്കെ, ആ ടിക്കറ്റിൽ വരുന്നവർ യോഗ്യതയുള്ളവരാണ് എന്ന് ഉറപ്പാക്കാൻ എന്തുകൊണ്ട് പറ്റുന്നില്ല?

vachakam
vachakam
vachakam

ഒരിക്കൽ കൊടൈക്കനാൽ വാനനിരീക്ഷണാലയത്തിന്റെ അടുത്ത അഞ്ചു കൊല്ലത്തെ ചെലവുകൾ നിജപ്പെടുത്താൻ എത്തിയ തെരഞ്ഞെടുക്കപ്പെട്ട ഭരണകർത്താക്കളിൽ സയൻസ് എലിമെന്ററി സ്‌കൂളിൽ പഠിച്ച പരിചയം പോലും ആർക്കും ഉണ്ടായിരുന്നില്ല. അവർ ആദ്യമായി അന്വേഷിച്ചത് ഇവിടെ സുഖവാസ കേന്ദ്രങ്ങൾ എവിടെയൊക്കെയാണ് എന്നാണ്!

ചതി കൊണ്ടുമാത്രം എത്തിപ്പെടാവുന്ന മഹാ സ്ഥാനങ്ങളാണ് ലക്ഷ്യം. സാമാജികരാവുക, മന്ത്രി ആവുക, മുഖ്യമന്ത്രി ആവുക.... ഇങ്ങനെ പോകുന്നു മോഹങ്ങൾ. ഇതിനു വല്ലതിനും എനിക്ക് കഴിവുണ്ടോ എന്ന്  ചോദിക്കാൻ ജനായത്ത ഭരണത്തിൽ ആരെങ്കിലും തയ്യാറായതായി ഇതുവരെ കേട്ടിട്ടുണ്ടോ?

ഇങ്ങനെ അക്ഷര വൈരികൾ ഭരണാധികാരികളായി വരുമ്പോൾ അവരുടെ അജ്ഞത മുതലെടുത്ത് ഭരണ യന്ത്രത്തിന്റെ ചില അവയവങ്ങൾതന്നെ വിഷ ജീവികളായും തീരുന്നു.  ഇല്ല, പരാതി പറയാൻ എനിക്ക് എന്താ അവകാശം? ഞാനും കൂടി വോട്ട് ചെയ്തല്ലേ തിരഞ്ഞെടുക്കുന്നത്?
അപ്പോൾ ഈ ക്രമത്തിലെ, അഥവാ അക്രമത്തിലെ, ഏറ്റവും വലിയ മണ്ടൻ ആരാണ്?

തീർച്ചയായും ഞാൻ തന്നെ!

സി. രാധാകൃഷ്ണൻ 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam